വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2 ദൈവത്തെക്കുറിച്ച്‌ പരിജ്ഞാനം നേടുക

2 ദൈവത്തെക്കുറിച്ച്‌ പരിജ്ഞാനം നേടുക

2 ദൈവത്തെക്കുറിച്ച്‌ പരിജ്ഞാനം നേടുക

“ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.

പ്രതിബന്ധം: ദൈവമില്ല എന്നു ചിലർ പറയുന്നു. മറ്റുചിലരാകട്ടെ ദൈവം കേവലമൊരു ശക്തിയാണെന്നു വിശ്വസിക്കുന്നു. ഇനി, ദൈവം ഒരു വ്യക്തിയാണെന്നു വിശ്വസിക്കുന്ന ആളുകൾതന്നെയും അവനെയും അവന്റെ ഗുണങ്ങളെയും കുറിച്ച്‌ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്‌ പഠിപ്പിക്കുന്നത്‌.

എങ്ങനെ മറികടക്കാം? ദൈവത്തെക്കുറിച്ച്‌ മനസ്സിലാക്കാനുള്ള ഒരു വഴി അവൻ സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുന്നതാണ്‌. “ലോകസൃഷ്ടിമുതൽ (ദൈവത്തിന്റെ) അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ്‌ വെളിവായിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ പറഞ്ഞു. (റോമർ 1:20) പ്രകൃതിയെ അടുത്തുനിരീക്ഷിക്കുന്നതിലൂടെ സ്രഷ്ടാവിന്റെ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച്‌ വളരെ കാര്യങ്ങൾ നമുക്ക്‌ മനസ്സിലാകും.—സങ്കീർത്തനം 104:24; യെശയ്യാവു 40:26.

എന്നാൽ ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ പരിജ്ഞാനം നേടുന്നതിന്‌ ഒരു വ്യക്തി ദൈവവചനമായ ബൈബിൾ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. കണ്ണുമടച്ച്‌ മറ്റുള്ളവരുടെ വിശ്വാസത്തോട്‌ അനുരൂപപ്പെടുന്നതിനുപകരം, കാര്യങ്ങൾ സ്വയം വിലയിരുത്തിവേണം നാം നമ്മുടെ വിശ്വാസത്തെ രൂപപ്പെടുത്താൻ. ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക: “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) ദൈവത്തെക്കുറിച്ച്‌ ബൈബിൾ വെളിപ്പെടുത്തുന്ന ചില വസ്‌തുതകൾ ശ്രദ്ധിക്കുക.

ദൈവത്തിന്‌ ഒരു പേരുണ്ട്‌. ദൈവത്തിന്റെ പേര്‌ ബൈബിളിന്റെ മൂലകൃതിയിൽ ആയിരക്കണക്കിനു സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. പല ഭാഷാന്തരങ്ങളിലും സങ്കീർത്തനം 83:18-ൽ ഈ പേര്‌ കാണാം: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”

ദൈവത്തിന്‌ വികാരങ്ങളുണ്ട്‌. ഈജിപ്‌റ്റിന്റെ അടിമത്തത്തിൽനിന്നു മോചിതരായ ഇസ്രായേല്യർ തങ്ങളുടെ വിമോചകനായ യഹോവയുടെ ജ്ഞാനോപദേശങ്ങൾ പലപ്പോഴും തള്ളിക്കളഞ്ഞു. അവരുടെ അനുസരണക്കേട്‌ അവനെ “ദുഃഖിപ്പിച്ചു.” അവരുടെ പ്രവൃത്തികൾ “യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.”—സങ്കീർത്തനം 78:40, 41.

യഹോവ നമ്മെ ഓരോരുത്തരെയുംകുറിച്ച്‌ ചിന്തയുള്ളവനാണ്‌. യേശു തന്റെ ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞു: “ഒരു നാണയത്തുട്ടിനു രണ്ടുകുരുവികളെ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ്‌ അറിയാതെ നിലത്തു വീഴുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും നിങ്ങൾ വിലയേറിയവരല്ലോ.”—മത്തായി 10:29-31.

ഏത്‌ ജനതയിലും സംസ്‌കാരത്തിലും പെട്ടവരായാലും ദൈവം എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നു. “ഭൂതലത്തിലെങ്ങും അധിവസിക്കാനായി (ദൈവം) ഒരു മനുഷ്യനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്ന്‌ ഏഥൻസിലെ ഗ്രീക്കുകാരോടു സംസാരിക്കവെ പൗലോസ്‌ പറയുകയുണ്ടായി. “(ദൈവം) നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്നും അവൻ കൂട്ടിച്ചേർത്തു. (പ്രവൃത്തികൾ 17:26, 27) അപ്പൊസ്‌തലനായ പത്രോസും ഇങ്ങനെ പറഞ്ഞു: ‘ദൈവം പക്ഷപാതമുള്ളവനല്ല, ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണ്‌.’—പ്രവൃത്തികൾ 10:34, 35.

അനുഗ്രഹങ്ങൾ: ചിലർ ‘ദൈവത്തെ സംബന്ധിച്ചു തീക്ഷ്‌ണതയുള്ളവരാണ്‌; എന്നാൽ പരിജ്ഞാനപ്രകാരമുള്ളതല്ല’ ആ തീക്ഷ്‌ണത. (റോമർ 10:2) ബൈബിൾ ദൈവത്തെ സംബന്ധിച്ചു പറയുന്ന സത്യങ്ങൾ മനസ്സിലാക്കിയാൽ നിങ്ങൾ വഴിതെറ്റിക്കപ്പെടുകയില്ല. മാത്രമല്ല, ‘ദൈവത്തോട്‌അടുത്തു ചെല്ലാനും’ നിങ്ങൾക്കു സാധിക്കും.—യാക്കോബ്‌ 4:8. (w09 5/1)

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിലെ “ദൈവത്തെക്കുറിച്ചുള്ള സത്യം എന്ത്‌?” എന്ന ഒന്നാമത്തെ അധ്യായം കാണുക.

[അടിക്കുറിപ്പ്‌]

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[6-ാം പേജിലെ ചിത്രം]

ദൈവത്തെക്കുറിച്ച്‌ മനസ്സിലാക്കാനുള്ള ഒരു വഴി അവൻ സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുന്നതാണ്‌