വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണമാണോ സന്തോഷത്തിനു നിദാനം?

പണമാണോ സന്തോഷത്തിനു നിദാനം?

പണമാണോ സന്തോഷത്തിനു നിദാനം?

സോണിയ ജനിച്ചുവളർന്നത്‌ സ്‌പെയിനിലാണ്‌. കുട്ടിക്കാലത്ത്‌ അമ്മയോടൊപ്പം സോണിയയും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക്‌ പോകാറുണ്ടായിരുന്നു. മുതിർന്നപ്പോൾ ലണ്ടനിലേക്കു ചേക്കേറിയ അവർ ഒരു ബോണ്ട്‌ ബ്രോക്കറായി ജോലി ചെയ്യാൻതുടങ്ങി.

സോണിയയ്‌ക്ക്‌ തന്റെ ജോലി വളരെ ഇഷ്ടമായിരുന്നു. വലിയ തുകകളുടെ ഇടപാടുകളാണ്‌ അവർ നടത്തിയിരുന്നത്‌. അവർക്ക്‌ ധാരാളം പണം സമ്പാദിക്കാനായി. സോണിയ ദിവസവും 18 മണിക്കൂർ ജോലി ചെയ്യുമായിരുന്നു. ചില ദിവസങ്ങളിൽ വെറും രണ്ടോ മൂന്നോ മണിക്കൂറാണ്‌ അവർക്ക്‌ ഉറങ്ങാൻ കിട്ടിയിരുന്നത്‌. ജോലി വിട്ടൊരു ജീവിതം സോണിയയ്‌ക്ക്‌ ഇല്ലായിരുന്നു. പെട്ടെന്നാണ്‌ എല്ലാം കീഴ്‌മേൽ മറിഞ്ഞത്‌. സോണിയയ്‌ക്ക്‌ ഗുരുതരമായ ഒരു സ്‌ട്രോക്കുണ്ടായി. സമ്മർദപൂരിതമായ ജീവിതശൈലിയായിരിക്കാം അതിനു വഴിവെച്ചത്‌. സോണിയയ്‌ക്ക്‌ അപ്പോൾ 30 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

അവരുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയി. സംസാരശേഷിയും നഷ്ടപ്പെട്ടു. സോണിയയ്‌ക്ക്‌ സംസാരശേഷി വീണ്ടെടുക്കാനാകുമെന്ന കാര്യത്തിൽ ഡോക്‌ടർമാർക്ക്‌ യാതൊരു ഉറപ്പുമില്ലായിരുന്നു. അവരെ പരിചരിക്കാനായി ഉടനെതന്നെ അമ്മ ഇംഗ്ലണ്ടിലേക്ക്‌ തിരിച്ചു. സോണിയയ്‌ക്ക്‌ നടക്കാമെന്നായപ്പോൾ അമ്മ അവരോടു പറഞ്ഞു: “ഞാൻ യോഗങ്ങൾക്കായി രാജ്യഹാളിലേക്കു പോകുകയാണ്‌. നിന്നെ ഇവിടെ തനിച്ചാക്കി പോകാൻ എനിക്ക്‌ സാധിക്കില്ല. അതുകൊണ്ട്‌ നീയും എന്റെ കൂടെ വരണം.” സോണിയ സമ്മതിച്ചു. പിന്നീട്‌ എന്താണുണ്ടായത്‌?

“അവിടെ കേട്ടതെല്ലാം സത്യമാണെന്ന്‌ എനിക്കു തോന്നി. അതെല്ലാം എന്നെ ഏറെ ആകർഷിച്ചു,” സോണിയ ഓർക്കുന്നു. “രാജ്യഹാളിലേക്കു ചെന്ന എന്നെ എല്ലാവരും സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. അവരിൽ ഒരാൾ എന്നെ ബൈബിൾ പഠിക്കാൻ സഹായിക്കാമെന്നു പറഞ്ഞു. സന്തോഷത്തോടെ ഞാൻ അതിന്‌ സമ്മതിച്ചു. പഴയ പരിചയക്കാരൊന്നും എന്നെ കാണാൻ വന്നിരുന്നില്ല, പക്ഷേ എന്റെ പുതിയ സുഹൃത്തുക്കൾ എന്നെ വളരെയധികം സ്‌നേഹിക്കുകയും എന്നോടു പരിഗണന കാണിക്കുകയും ചെയ്‌തു.”

ക്രമേണ സോണിയയ്‌ക്ക്‌ സംസാരശേഷി വീണ്ടുകിട്ടി. അവർ ആത്മീയമായി വളരെവേഗം പുരോഗമിക്കുകയും ഒരു വർഷത്തിനകം സ്‌നാനമേൽക്കുകയും ചെയ്‌തു. അവരുടെ പല സുഹൃത്തുക്കളും മുഴുവൻസമയ ശുശ്രൂഷകരായിരുന്നു. അവർ വളരെ സന്തുഷ്ടരാണെന്ന്‌ സോണിയ മനസ്സിലാക്കി. ‘എനിക്കും അവരെപ്പോലെ ആകണം. യഹോവയാം ദൈവത്തിനുവേണ്ടി എന്നെക്കൊണ്ടാകുന്നതെല്ലാം എനിക്കു ചെയ്യണം!’ സോണിയ വിചാരിച്ചു. ഇന്ന്‌ സോണിയയും ഒരു മുഴുവൻസമയ ശുശ്രൂഷകയാണ്‌.

സോണിയ തന്റെ അനുഭവത്തിൽനിന്ന്‌ എന്താണു പഠിച്ചത്‌? “ഞാൻ ഒരുപാട്‌ പണം സമ്പാദിക്കുന്നുണ്ടായിരുന്നെങ്കിലും ജോലിയുടെ പിരിമുറുക്കവും അസ്ഥിരതയും എന്നെ സമ്മർദത്തിലാഴ്‌ത്തി. സ്വർഗീയ പിതാവായ യഹോവയുമായി നല്ലൊരു ബന്ധം ഉണ്ടായിരിക്കുന്നതാണ്‌ ഏറ്റവും പ്രധാനമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. ഇന്നു ഞാൻ സന്തോഷവതിയാണ്‌.”

അപ്പൊസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്‌നേഹം ഏറിയിട്ട്‌ ചിലർ വിശ്വാസം വിട്ടകന്ന്‌ പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:10) ഈ വാക്കുകൾ എത്ര സത്യമാണെന്ന്‌ സോണിയയുടെ ജീവിതാനുഭവം തെളിയിക്കുന്നു.