വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

ദൈവത്തെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

ദൈവത്തെക്കുറിച്ച്‌ എന്തു പഠിപ്പിച്ചു?

“പിതാവിനെ യഥാർഥത്തിൽ അറിയുന്ന ഒരേയൊരാൾ പുത്രനാണ്‌. മറ്റുള്ളവരും പിതാവിനെ അറിയേണ്ടതിന്‌ പിതാവിനെക്കുറിച്ച്‌ അവരോടു പറയാൻ പുത്രൻ ആഗ്രഹിക്കുന്നു.” —ലൂക്കോസ്‌ 10:22, കണ്ടമ്പ്രറി ഇംഗ്ലീഷ്‌ വേർഷൻ.

മനുഷ്യനായി ജനിക്കുന്നതിനുമുമ്പ്‌ ദൈവത്തിന്റെ ഏകജാത പുത്രൻ യുഗങ്ങളോളം പിതാവിനോടൊപ്പം സ്വർഗത്തിൽ ഉണ്ടായിരുന്നു. (കൊലോസ്യർ 1:15) അങ്ങനെ പിതാവിന്റെ ചിന്തകളും വികാരങ്ങളും പ്രവർത്തനരീതികളും അടുത്തറിയാൻ പുത്രനു കഴിഞ്ഞു. പിന്നീട്‌ ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവിനെക്കുറിച്ചുള്ള സത്യം ഉത്സാഹത്തോടെ അവൻ മറ്റുള്ളവരെ പഠിപ്പിച്ചു. ഈ പുത്രൻ പറഞ്ഞ കാര്യങ്ങൾക്കു ശ്രദ്ധ കൊടുത്താൽ ദൈവത്തെക്കുറിച്ച്‌ വളരെയധികം പഠിക്കാൻ നമുക്കു കഴിയും.

ദൈവനാമം യഹോവ എന്നുള്ള ദൈവത്തിന്റെ പേര്‌ യേശുവിന്‌ അത്യന്തം പ്രാധാന്യമുള്ളതായിരുന്നു. മറ്റുള്ളവരും തന്റെ പിതാവിന്റെ നാമം അറിയണമെന്നും ഉപയോഗിക്കണമെന്നും ഈ പുത്രൻ അതിയായി ആഗ്രഹിച്ചു. യേശു എന്ന പേരിന്റെ അർഥംതന്നെ “യഹോവ രക്ഷയാകുന്നു” എന്നാണ്‌. മരണത്തിന്റെ തലേ രാത്രിയിൽ യഹോവയോടു പ്രാർഥിക്കവെ യേശുവിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നിന്റെ നാമം അവരെ അറിയിച്ചിരിക്കുന്നു.” (യോഹന്നാൻ 17:26) യേശു ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും മറ്റുള്ളവർക്ക്‌ അതു വെളിപ്പെടുത്തുകയും ചെയ്‌തതിൽ അതിശയിക്കാനില്ല. കാരണം ദൈവത്തിന്റെ പേരും അതിന്റെ അർഥവും അറിയാത്ത ഒരു വ്യക്തിക്ക്‌ ദൈവത്തെക്കുറിച്ച്‌ യേശു വെളിപ്പെടുത്തിയ സത്യങ്ങൾ മനസ്സിലാക്കാനാകുമായിരുന്നില്ല. *

ദൈവത്തിന്റെ അത്യുദാത്തമായ സ്‌നേഹം ഒരിക്കൽ ദൈവത്തോടു പ്രാർഥിക്കവെ യേശു ഇങ്ങനെ പറഞ്ഞു: ‘പിതാവേ, ലോകസ്ഥാപനത്തിനു മുമ്പേ നീ എന്നെ സ്‌നേഹിച്ചു.’ (യോഹന്നാൻ 17:24) സ്വർഗത്തിലായിരിക്കെ ദൈവത്തിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ യേശു ഭൂമിയിൽ വന്നപ്പോൾ ആ സ്‌നേഹത്തിന്റെ ആഴം ദർശിക്കാൻ ആളുകളെ സഹായിച്ചു, അതീവ തീക്ഷ്‌ണതയോടെ.

യഹോവയുടെ സ്‌നേഹം അപരിമേയമാണെന്ന്‌ യേശു കാണിച്ചുതന്നു. യേശു ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” (യോഹന്നാൻ 3:16) ‘ലോകം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം “ഭൂമി” എന്നല്ല. മേൽപ്പറഞ്ഞ വാക്യത്തിൽ കാണിച്ചിരിക്കുന്നതുപോലെ, മനുഷ്യരെ​—⁠മനുഷ്യരാശിയെ മുഴുവൻ—ആണ്‌ ആ പദം കുറിക്കുന്നത്‌. മനുഷ്യകുലത്തെ ദൈവം അത്രയധികം സ്‌നേഹിക്കുന്നതിനാൽ തനിക്ക്‌ ഏറ്റവും പ്രിയങ്കരനായ പുത്രനെ ദൈവം അവർക്കായി നൽകി. അങ്ങനെ, വിശ്വസ്‌തരായ മനുഷ്യർക്ക്‌ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നുള്ള മോചനം സാധ്യമായി; നിത്യജീവൻ എന്ന പ്രത്യാശയ്‌ക്ക്‌ അതു വഴിതുറക്കുകയും ചെയ്‌തു. ദൈവത്തിന്റെ നിസ്‌തുലമായ ആ സ്‌നേഹത്തിന്റെ ആഴവും പരപ്പും അളക്കാൻ ഒരിക്കലും നമുക്കാവില്ല.—റോമർ 8:38, 39.

സാന്ത്വനദായകമായ മറ്റൊരു സത്യവും യേശു വെളിപ്പെടുത്തി: ദൈവം, തന്നെ ആരാധിക്കുന്ന ഓരോ വ്യക്തിയെയും സ്‌നേഹിക്കുന്നു. യേശു യഹോവയെ ഒരു ഇടയനോട്‌ ഉപമിച്ചു. സ്‌നേഹമുള്ള ഒരു ഇടയൻ തന്റെ ഓരോ ആടിനെയും പ്രത്യേകം ശ്രദ്ധിക്കുകയും വിലപ്പെട്ടതായി കാണുകയും ചെയ്യുന്നു. അങ്ങനെയാണ്‌ യഹോവയും. (മത്തായി 18:12-14) യഹോവയുടെ ശ്രദ്ധയിൽപ്പെടാതെ ചെറിയൊരു കുരുവിപോലും നിലത്തുവീഴുന്നില്ലെന്ന്‌ യേശു പറഞ്ഞു. എന്നിട്ട്‌, “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു” എന്ന്‌ അവൻ കൂട്ടിച്ചേർത്തു. (മത്തായി 10:29-31) നിസ്സാരമായി നാം കാണുന്ന ഒരു കുരുവിയെപ്പോലും യഹോവ ശ്രദ്ധിക്കുന്നെങ്കിൽ, തന്നെ ആരാധിക്കുന്ന ഓരോ മനുഷ്യനെയും എത്രയധികം ശ്രദ്ധിക്കുന്നുണ്ടാകും! അവരിൽ അവന്‌ എത്ര താത്‌പര്യമുണ്ടായിരിക്കും! നമ്മുടെ ഒരു മുടിയിഴപോലും ശ്രദ്ധിക്കുന്ന യഹോവ, നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും കാര്യം—നമ്മുടെ ആവശ്യങ്ങളോ പ്രയാസങ്ങളോ സങ്കടങ്ങളോ എന്തുമായിക്കൊള്ളട്ടെ—അറിയാതിരിക്കുമോ?

സ്വർഗീയ പിതാവ്‌ യേശു ദൈവത്തിന്റെ ഏകജാത പുത്രനാണെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടാണ്‌ യേശു പലപ്പോഴും യഹോവയെ “പിതാവ്‌” എന്നു വിളിച്ചത്‌. യേശുവിന്‌ 12 വയസ്സുള്ളപ്പോൾ ദൈവാലയത്തിൽവെച്ച്‌ യഹോവയെ അവൻ “എന്റെ പിതാവ്‌” എന്നു പരാമർശിച്ചതായി നാം ബൈബിളിൽ വായിക്കുന്നു. യേശു പറഞ്ഞതായി തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ വാക്കുകളാണിവ. (ലൂക്കോസ്‌ 2:49) സുവിശേഷങ്ങളിൽ യഹോവയോടു ബന്ധപ്പെട്ട്‌, “പിതാവ്‌” എന്ന പദം ഏകദേശം 190 പ്രാവശ്യം കാണാം. യേശു യഹോവയെ “നിങ്ങളുടെ പിതാവ്‌,” “ഞങ്ങളുടെ പിതാവ്‌,” “എന്റെ പിതാവ്‌” എന്നെല്ലാം വിശേഷിപ്പിച്ചിട്ടുണ്ട്‌. (മത്തായി 5:16; 6:9; 7:21) അതെ, ദൈവത്തെ പരാമർശിക്കാൻ “പിതാവ്‌” എന്ന പദം യേശു നിർലോപം ഉപയോഗിച്ചു. അങ്ങനെ, പാപികളും അപൂർണരുമായ മനുഷ്യർക്ക്‌ ദൈവവുമായി ഗാഢവും ഊഷ്‌മളവുമായ ഒരു ബന്ധം വളർത്തിയെടുക്കാനാകുമെന്ന്‌ യേശു പഠിപ്പിച്ചു.

കരുണാമയനും ക്ഷമിക്കാൻ സന്നദ്ധനും അപൂർണ മനുഷ്യർക്ക്‌ യഹോവയുടെ കരുണ എത്രത്തോളം ആവശ്യമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. മുടിയനായ പുത്രനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു യഹോവയെ കാരുണ്യവാനും ക്ഷമിക്കാൻ മനസ്സുള്ളവനുമായ ഒരു പിതാവിനോട്‌ ഉപമിച്ചു; അതെ, പശ്ചാത്തപിച്ച്‌ തിരിഞ്ഞുവരുന്ന മകനെ കൈനീട്ടി സ്വീകരിക്കുന്ന ഒരു പിതാവിനോട്‌! (ലൂക്കോസ്‌ 15:11-32) പാപിയായ ഒരു മനുഷ്യന്റെ ഹൃദയത്തിന്‌ എന്തെങ്കിലുമൊരു പരിവർത്തനം വരുന്നുണ്ടോയെന്ന്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌ യഹോവ എന്ന്‌ യേശുവിന്റെ ആ ഉപമ വ്യക്തമാക്കുന്നു. അങ്ങനെയുള്ളവരോട്‌ കരുണ കാണിക്കാൻ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന്‌ അറിയാൻ അവൻ ആകാംക്ഷയോടിരിക്കുന്നു. “മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒൻപതു നീതിമാന്മാരെക്കുറിച്ച്‌ ഉള്ളതിനെക്കാൾ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്ന്‌ യേശു പറഞ്ഞു. (ലൂക്കോസ്‌ 15:7) കരുണാവാരിധിയായ ഈ ദൈവത്തോട്‌ അടുത്തുചെല്ലാൻ ആരെങ്കിലും മടിക്കുമോ?

പ്രാർഥന കേൾക്കുന്നവൻ യഹോവ “പ്രാർത്ഥന കേൾക്കുന്നവനാ”ണെന്നും തന്റെ വിശ്വസ്‌ത ദാസന്മാരുടെ പ്രാർഥന കേൾക്കാൻ അവൻ സന്തോഷമുള്ളവനാണെന്നും ഉള്ള കാര്യം സ്വർഗത്തിലായിരിക്കെ യേശു നേരിട്ടുകണ്ടു മനസ്സിലാക്കിയിരുന്നു. (സങ്കീർത്തനം 65:2) അതുകൊണ്ട്‌ ഭൂമിയിലായിരിക്കെ യേശു തന്റെ ശ്രോതാക്കളെ പ്രാർഥിക്കാൻ പഠിപ്പിച്ചു—എന്തിനുവേണ്ടി പ്രാർഥിക്കണം, എങ്ങനെ പ്രാർഥിക്കണം എന്നെല്ലാം. “ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്‌” എന്ന്‌ യേശു അവരെ ഉപദേശിച്ചു. ദൈവേഷ്ടം ‘സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകാനായി’ പ്രാർഥിക്കാൻ അവൻ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. ഇതിനുപുറമേ, അന്നന്നുവേണ്ട ആഹാരത്തിനായും പാപങ്ങളുടെ ക്ഷമയ്‌ക്കായും പ്രലോഭനം ചെറുക്കാനുള്ള സഹായത്തിനായും പ്രാർഥിക്കാനാകുമെന്നും അവൻ പറഞ്ഞു. (മത്തായി 6:5-13) യഹോവ സ്‌നേഹനിധിയായ ഒരു പിതാവിനെപ്പോലെ തന്റെ ദാസന്മാരുടെ പ്രാർഥന കേൾക്കുമെന്നും വിശ്വാസത്തോടെയുള്ള അവരുടെ ആത്മാർഥ യാചനകൾക്ക്‌ ഉത്തരം നൽകുമെന്നും യേശു പഠിപ്പിച്ചു.—മത്തായി 7:7-11.

യഹോവയെക്കുറിച്ചും അവന്റെ ഗുണങ്ങളെക്കുറിച്ചും അത്യുത്സാഹത്തോടെ യേശു പഠിപ്പിച്ചു. എന്നാൽ യഹോവയെ സംബന്ധിക്കുന്ന മറ്റു ചിലതുകൂടെ യേശു ആളുകളുമായി പങ്കുവെച്ചു: ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ഉദ്ദേശ്യം സാക്ഷാത്‌കരിക്കാനായി യഹോവ നടപ്പാക്കാനിരിക്കുന്ന ഒരു ആഗോളപരിവർത്തനത്തെപ്പറ്റിയുള്ള സന്ദേശം. യേശുവിന്റെ പ്രസംഗത്തിന്റെ വിഷയംതന്നെ അതായിരുന്നു. (w10-E  04/01)

[അടിക്കുറിപ്പ്‌]

^ ഖ. 4 ബൈബിളിന്റെ മൂലപാഠത്തിൽ യഹോവ എന്ന നാമം ഏതാണ്ട്‌ 7,000 പ്രാവശ്യം കാണപ്പെടുന്നു. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നാണ്‌ ആ പേരിന്റെ അർഥം. (പുറപ്പാടു 3:14) തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി, ആഗ്രഹിക്കുന്ന ഏതു റോളും ഏറ്റെടുക്കാൻ ദൈവത്തിനു കഴിയും. ദൈവം ആശ്രയയോഗ്യനാണെന്നും അവന്റെ വാഗ്‌ദാനങ്ങളെല്ലാം ഒന്നൊഴിയാതെ നിവൃത്തിയേറുമെന്നും ഈ നാമം ഉറപ്പുതരുന്നു.