നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
യേശു ഒരു ചരിത്ര പുരുഷനാണെന്നതിന് ബൈബിളിനു വെളിയിൽ എന്തെങ്കിലും തെളിവുണ്ടോ?
▪ യേശു ജീവിച്ച കാലത്തോടടുത്ത് ജീവിച്ച നിരവധി എഴുത്തുകാർ അവനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് കൊർണേലിയസ് റ്റാസിറ്റസ്. ചക്രവർത്തിമാരുടെ ഭരണകാലത്തെ റോമാസാമ്രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ആളാണ് അദ്ദേഹം. എ.ഡി. 64-ൽ റോമിനെ ചാമ്പലാക്കിയ അഗ്നിബാധയെക്കുറിച്ച് റ്റാസിറ്റസ് എഴുതിയിട്ടുണ്ട്. നീറോ ചക്രവർത്തിയാണ് അതിനു കാരണക്കാരൻ എന്നൊരു കിംവദന്തി ഉണ്ടായിരുന്നതായും എന്നാൽ നീറോ അത് ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ട ഒരു കൂട്ടത്തിന്മേൽ കെട്ടിവെക്കാൻ ശ്രമിച്ചതായും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. അവരെക്കുറിച്ച് പരാമർശിക്കവെ, റ്റാസിറ്റസ് ഇങ്ങനെ എഴുതി: “ക്രിസ്‌ത്യാനി എന്ന പേര് ആരിൽനിന്ന് ഉത്ഭവിച്ചുവോ ആ ക്രിസ്‌തസ്, തിബര്യോസിന്റെ ഭരണകാലത്ത് നമ്മുടെ നാടുവാഴികളിൽ ഒരാളായ പൊന്തിയൊസ് പീലാത്തൊസിന്റെ കൈയാൽ അതിക്രൂരമായി വധിക്കപ്പെട്ടു.”—വാർഷികവൃത്താന്തം, XV, 44 (ഇംഗ്ലീഷ്).
യഹൂദ ചരിത്രകാരനായ ഫ്‌ളേവിയസ് ജോസീഫസും യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യെഹൂദ്യയിലെ റോമൻ നാടുവാഴിയായ ഫെസ്റ്റസിന്റെ മരണത്തിനും (ഏകദേശം എ.ഡി. 62) അദ്ദേഹത്തിന്റെ പിൻഗാമിയായ അൽബീനസ് അധികാരത്തിലേറുന്നതിനും ഇടയ്‌ക്കുള്ള കാലത്തെ ചില സംഭവങ്ങൾ ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാപുരോഹിതനായ ഹന്നാവ്, “സൻഹെദ്രിമിലെ ന്യായാധിപന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടുകയും ക്രിസ്‌തു എന്ന് അറിയപ്പെട്ടിരുന്ന യേശുവിന്റെ സഹോദരനായ യാക്കോബിനെയും മറ്റുചിലരെയും അവിടേക്ക് വിളിപ്പിക്കുകയും ചെയ്‌തു” എന്ന് ജോസീഫസ് എഴുതി.—യഹൂദ പുരാവൃത്തം, XX, 200 (ix, 1) (ഇംഗ്ലീഷ്). (w10-E 04/01)
യേശുവിനെ ക്രിസ്‌തു എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
▪ മറിയ ഗർഭവതിയാകുമെന്ന വാർത്ത അറിയിക്കവെ, ജനിക്കുന്ന ശിശുവിന് യേശു എന്നു പേരിടണമെന്നുകൂടെ ദൈവദൂതനായ ഗബ്രിയേൽ അവളോടു പറയുകയുണ്ടായി. (ലൂക്കോസ് 1:31) അക്കാലങ്ങളിൽ യഹൂദന്മാർക്കിടയിൽ ആ പേര് വളരെ സാധാരണമായിരുന്നു. തിരുവെഴുത്തുകളിൽ കാണപ്പെടുന്നതുകൂടാതെ ആ പേരിലുള്ള വേറെ 12 പേരെക്കുറിച്ച് യഹൂദ ചരിത്രകാരനായ ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറിയയുടെ മകൻ ‘നസറായൻ’ എന്ന് അറിയപ്പെട്ടിരുന്നു. അത് നസറെത്തിൽനിന്നുള്ള യേശുവായി അവനെ തിരിച്ചറിയിച്ചു. (മർക്കോസ് 10:47) ക്രിസ്‌തു അല്ലെങ്കിൽ യേശുക്രിസ്‌തു എന്ന പേരിലും അവൻ അറിയപ്പെട്ടിരുന്നു. (മത്തായി 16:16) എന്തുകൊണ്ടായിരുന്നു അത്?
“ക്രിസ്‌തു” എന്ന പദം വന്നിരിക്കുന്നത് ക്രിസ്‌തോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ്. ഇതിനു തുല്യമായ എബ്രായ പദമാണ് മാഷിയാഹ് (മിശിഹാ). രണ്ടുപദങ്ങളുടെയും അക്ഷരാർഥം “അഭിഷിക്തൻ” എന്നാണ്. യേശുവിനു മുമ്പുണ്ടായിരുന്ന ചിലരോടു ബന്ധപ്പെട്ടും “അഭിഷിക്തൻ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. മോശ, അഹരോൻ, ദാവീദുരാജാവ് തുടങ്ങിയവർ ചില ഉദാഹരണങ്ങൾമാത്രം. ചില പ്രത്യേക ഉത്തരവാദിത്വസ്ഥാനങ്ങളിൽ ദൈവം അവരെ ആക്കിവെച്ചിരുന്നു എന്ന അർഥത്തിലായിരുന്നു അത്. (ലേവ്യപുസ്‌തകം 4:3; 8:12; 2 ശമൂവേൽ 22:51; എബ്രായർ 11:24-26) പ്രവചനങ്ങളിലെ മിശിഹായായ യേശു, യഹോവയുടെ ഏറ്റവും പ്രമുഖനായ പ്രതിനിധിയാണ്. അതുകൊണ്ട് അവനെ, “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു” എന്ന് ഉചിതമായി വിളിച്ചിരിക്കുന്നു.—മത്തായി 16:16; ദാനീയേൽ 9:25.
[15-ാം പേജിലെ ചിത്രം]
ഫ്‌ളേവിയസ് ജോസീഫസ് ഒരു ചിത്രകാരന്റെ ഭാവനയിൽ