യേശുതന്നെയാണോ പ്രധാനദൂതനായ മീഖായേൽ?
വായനക്കാർ ചോദിക്കുന്നു
യേശുതന്നെയാണോ പ്രധാനദൂതനായ മീഖായേൽ?
▪ അതെ എന്നാണ് ഉത്തരം. ഒരാൾക്ക് ഒന്നിലധികം പേരുകൾ ഉള്ളത് പല സംസ്‌കാരത്തിലും സാധാരണമാണ്. ബൈബിളിലെ പേരുകളുടെ കാര്യവും അങ്ങനെതന്നെ. ഉദാഹരണത്തിന്, ഗോത്രപിതാവായ യാക്കോബിന് ഇസ്രായേൽ എന്നും പേരുണ്ട്. (ഉല്‌പത്തി 35:10) അതുപോലെ പത്രോസ് അപ്പൊസ്‌തലൻ ശിമ്യോൻ, ശിമോൻ, പത്രോസ്, കേഫാ, ശിമോൻ പത്രോസ് എന്നിങ്ങനെ അഞ്ചുപേരുകളിൽ അറിയപ്പെടുന്നുണ്ട്. (മത്തായി 10:2; 16:16; യോഹന്നാൻ 1:42; പ്രവൃത്തികൾ 15:7, 14) മീഖായേൽ എന്നുള്ളത് യേശുവിന്റെ മറ്റൊരു പേരാണെന്ന് നമുക്ക് എങ്ങനെ അറിയാം? ബൈബിളിൽനിന്നുള്ള ചില തെളിവുകൾ കാണുക.
മീഖായേൽ എന്ന ശക്തനായ ആത്മരൂപിയെക്കുറിച്ച് ബൈബിളിൽ അഞ്ചുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ഇതിൽ മൂന്നും ദാനീയേൽ പുസ്‌തകത്തിലാണ്. ദാനീയേൽ 10:13, 21 വാക്യങ്ങളിൽ, മീഖായേൽ ഒരു ദൈവദൂതനെ രക്ഷിക്കുന്നതിനെക്കുറിച്ചു പറയുന്നു. “പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തൻ,” “നിങ്ങളുടെ പ്രഭു” എന്നിങ്ങനെയാണ് മീഖായേലിനെ ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. ദാനീയേൽ 12:1-ൽ അന്ത്യകാലത്ത് “നിന്റെ സ്വജാതിക്കാർക്കു തുണനിൽക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും” എന്നു പ്രവചിച്ചിരിക്കുന്നു.
വെളിപാട് 12:7-ലാണ് മീഖായേലിനെക്കുറിച്ചുള്ള മറ്റൊരു പരാമർശം നാം കാണുന്നത്. “മീഖായേലും അവന്റെ ദൂതന്മാരും” പിശാചായ സാത്താനോടും അവന്റെ ദൂതന്മാരോടും പടവെട്ടുന്നതായും അവരെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞിരിക്കുന്നതായും അവിടെ പറഞ്ഞിരിക്കുന്നു.
മേൽപ്പറഞ്ഞ സന്ദർഭങ്ങളിലെല്ലാം മീഖായേലിനെ യോദ്ധാവായ ഒരു ദൂതനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്; അതെ, ദൈവജനത്തിനുവേണ്ടി പോരാടുകയും അവരെ സംരക്ഷിക്കുകയും യഹോവയുടെ മുഖ്യ എതിരാളിയായ സാത്താനെ ചെറുക്കുകയും ചെയ്യുന്ന ധീരനായ ഒരു ദൂതനായി.
യൂദാ 9-ാം വാക്യത്തിൽ മീഖായേലിനെ “പ്രധാനദൂതൻ” എന്നു വിളിച്ചിരിക്കുന്നു. “പ്രധാനദൂതൻ” എന്ന പദം ബൈബിളിൽ ഏകവചനരൂപത്തിലാണ് എല്ലായ്‌പോഴും ഉപയോഗിച്ചിരിക്കുന്നത്. പ്രധാനദൂതനെക്കുറിച്ചുള്ള മറ്റൊരു പരാമർശം നാം കാണുന്നത് 1 തെസ്സലോനിക്യർ 4:16-ലാണ്. അവിടെ, പുനരുത്ഥാനം പ്രാപിച്ച യേശുവിനെക്കുറിച്ച് പൗലോസ് അപ്പൊസ്‌തലൻ ഇങ്ങനെ പറയുന്നു: “കർത്താവുതന്നെ (യേശുതന്നെ) ആജ്ഞാധ്വനിയോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളനാദത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരും.” ഇവിടെ പരാമർശിച്ചിരിക്കുന്ന പ്രധാനദൂതൻ യേശുക്രിസ്‌തു ആണെന്നു വ്യക്തം.
ഇതിൽനിന്ന് നാം എന്തു നിഗമനത്തിലെത്തും? പ്രധാനദൂതനായ മീഖായേൽ യേശുക്രിസ്‌തുവാണെന്ന് ഇതിൽനിന്നു മനസ്സിലാക്കാം. മീഖായേൽ (“ദൈവത്തെപ്പോലെ ആരുള്ളൂ” എന്നർഥം), യേശു (“യഹോവ രക്ഷയാകുന്നു” എന്നർഥം) എന്നീ പേരുകൾ ദൈവത്തിന്റെ പരമാധികാരത്തിന്റെ മുഖ്യവക്താവെന്ന നിലയിൽ അവൻ വഹിക്കുന്ന സ്ഥാനത്തെയാണ് കുറിക്കുന്നത്. ഫിലിപ്പിയർ 2:9-ൽ ഇങ്ങനെ പറയുന്നു: “(ദൈവം) അവനെ (മഹത്ത്വീകരിക്കപ്പെട്ട യേശുവിനെ) മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന് മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി.”
ഭൂമിയിൽ മനുഷ്യനായി പിറക്കുന്നതോടെയല്ല യേശുവിന്റെ ജീവിതം ആരംഭിക്കുന്നത്. യേശു ജനിക്കുന്നതിനു മുമ്പ് ഒരു ദൂതൻ മറിയയ്‌ക്ക് പ്രത്യക്ഷനായി, അവൾ പരിശുദ്ധാത്മാവിനാൽ ഗർഭംധരിക്കുമെന്നും ശിശുവിന് യേശു എന്നു പേരിടണമെന്നും പറഞ്ഞു. (ലൂക്കോസ് 1:31) ഭൂമിയിൽ മനുഷ്യനായി പിറക്കുന്നതിനുമുമ്പ് താൻ സ്വർഗത്തിൽ ഉണ്ടായിരുന്നുവെന്ന വസ്‌തുത ഭൂമിയിലെ ശുശ്രൂഷക്കാലത്ത് യേശുതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.—യോഹന്നാൻ 3:13; 8:23, 58.
അതുകൊണ്ട് ഭൂജാതനാകുന്നതിനുമുമ്പുള്ള യേശുവാണ് മീഖായേൽ. പുനരുത്ഥാനം പ്രാപിച്ച് സ്വർഗാരോഹണം ചെയ്‌ത യേശു വീണ്ടും പ്രധാനദൂതനായ മീഖായേൽ എന്ന സ്ഥാനം ഏറ്റെടുത്തു, “പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി.”—ഫിലിപ്പിയർ 2:11. (w10-E 04/01)