വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെക്കുറിച്ച്‌ നാം അറിയേണ്ടതെല്ലാം ബൈബിളിലുണ്ടോ?

യേശുവിനെക്കുറിച്ച്‌ നാം അറിയേണ്ടതെല്ലാം ബൈബിളിലുണ്ടോ?

യേശുവിനെക്കുറിച്ച്‌ നാം അറിയേണ്ടതെല്ലാം ബൈബിളിലുണ്ടോ?

ഗൊൽഗോഥയിൽവെച്ച്‌ യേശു മരിച്ചതായി ബൈബിൾ പറയുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നാണോ? യേശു മഗ്‌ദലന മറിയത്തെ വിവാഹം കഴിക്കുകയും അവർക്ക്‌ കുട്ടികൾ ജനിക്കുകയും ചെയ്‌തു എന്നു പറയുന്നത്‌ ശരിയാണോ? ഇഹലോകസുഖങ്ങൾ വെടിഞ്ഞ ഒരു സർവാംഗ പരിത്യാഗിയായിരുന്നോ യേശു? ബൈബിളിൽ കാണാത്ത എന്തെങ്കിലും ഉപദേശങ്ങൾ യേശു പഠിപ്പിച്ചിരുന്നോ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം ഊഹാപോഹങ്ങൾക്ക്‌ പ്രചാരമേറിവരുകയാണ്‌. ജനപ്രീതിയാർജിച്ച സിനിമകളും നോവലുകളുമൊക്കെ ആയിരിക്കാം ഒരു പരിധിവരെ ഇതിന്റെ പിന്നിൽ. അതുകൂടാതെ, രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ അപ്പൊക്രിഫ ലിഖിതങ്ങളെ (ഗുപ്‌തലിഖിതങ്ങൾ) കേന്ദ്രീകരിച്ചുള്ള പുസ്‌തകങ്ങൾക്കും ലേഖനങ്ങൾക്കും ഇതിലൊരു പങ്കുണ്ട്‌. യേശുവിനെക്കുറിച്ച്‌ സുവിശേഷ എഴുത്തുകാർ വിട്ടുകളഞ്ഞ വിശദാംശങ്ങൾ അപ്പൊക്രിഫ ലിഖിതങ്ങളിലുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാൽ ഇത്തരം അവകാശവാദങ്ങളിൽ കഴമ്പുണ്ടോ? യേശുവിനെക്കുറിച്ച്‌ നാം അറിഞ്ഞിരിക്കേണ്ട വസ്‌തുതകളെല്ലാം ബൈബിളിലുണ്ടോ?

അതു മനസ്സിലാക്കാൻ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങൾ നാം അറിയേണ്ടതുണ്ട്‌. (1) സുവിശേഷ എഴുത്തുകാരെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളും സുവിശേഷങ്ങൾ എഴുതപ്പെട്ട സമയവും; (2) തിരുവെഴുത്തുകളുടെ കാനോൻ നിർണയിച്ചത്‌ ആര്‌, എങ്ങനെ?; (3) അപ്പൊക്രിഫ ലിഖിതങ്ങളെക്കുറിച്ചുള്ള ചില പശ്ചാത്തലവിവരങ്ങളും കാനോനിക വേദഗ്രന്ഥങ്ങളിൽനിന്ന്‌ അവയ്‌ക്കുള്ള വ്യത്യാസങ്ങളും. *

ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ആര്‌, എപ്പോൾ എഴുതി?

യേശു മരിച്ച്‌ ഏതാണ്ട്‌ എട്ടുവർഷം കഴിഞ്ഞപ്പോൾത്തന്നെ (ഏകദേശം എ.ഡി. 41) മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടെന്ന്‌ ചില വൃന്ദങ്ങൾ അഭിപ്രായപ്പെടുന്നു. അത്‌ എഴുതപ്പെട്ടത്‌ പിൽക്കാലത്താണെന്ന്‌ വിശ്വസിക്കുന്ന കുറെ പണ്ഡിതന്മാരുമുണ്ട്‌. എന്നാൽ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ എല്ലാ പുസ്‌തകങ്ങളുംതന്നെ എഴുതപ്പെട്ടത്‌ ഒന്നാം നൂറ്റാണ്ടിലാണെന്നത്‌ പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു വസ്‌തുതയാണ്‌.

സുവിശേഷങ്ങൾ എഴുതപ്പെട്ട കാലത്ത്‌, യേശുവിന്റെ ജീവിതവും മരണവും പുനരുത്ഥാനവും നേരിൽ കണ്ടവർ ജീവിച്ചിരിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുവിശേഷങ്ങൾ പരിശോധിക്കാനും പൊരുത്തക്കേടുകളും പിശകുകളും ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാനും അവർക്കു കഴിയുമായിരുന്നു. ഇതേക്കുറിച്ച്‌ പ്രൊഫസർ എഫ്‌. എഫ്‌. ബ്രൂസ്‌ പറയുന്നു: “ശ്രോതാക്കൾക്ക്‌ അറിയാവുന്ന വസ്‌തുതകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അപ്പൊസ്‌തലന്മാർ പലപ്പോഴും പ്രസംഗിച്ചിരുന്നത്‌. ഇത്‌ അവരുടെ വാക്കുകൾക്ക്‌ ആധികാരികത പകർന്നിരുന്നു. ‘ഞങ്ങൾ ഇതിന്‌ സാക്ഷികളാകുന്നു’ എന്ന്‌ മാത്രമല്ല, ‘നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ’ എന്നും അവർ പറയുമായിരുന്നു (പ്രവൃത്തികൾ 2:22).”

ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ എഴുത്തുകാർ ആരാണ്‌? യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ചിലർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരും യാക്കോബ്‌, യൂദാ, മർക്കോസ്‌ (?) എന്നിവരും എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ക്രിസ്‌തീയ സഭ സ്ഥാപിതമാകുമ്പോൾ സന്നിഹിതരായിരുന്നു. പൗലോസ്‌ ഉൾപ്പെടെയുള്ള ബൈബിൾ എഴുത്തുകാരെല്ലാം, അപ്പൊസ്‌തലന്മാരും യെരുശലേമിലെ മൂപ്പന്മാരും അടങ്ങിയ ക്രിസ്‌തീയ സഭയുടെ ഭരണസംഘവുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നവരാണ്‌.—പ്രവൃത്തികൾ 15:2, 6, 12-14, 22; ഗലാത്യർ 2:7-10.

താൻ തുടങ്ങിവെച്ച പ്രസംഗ, പഠിപ്പിക്കൽ വേല തുടരാൻ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചിരുന്നു. (മത്തായി 28:19, 20) “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെയും വാക്കു കേൾക്കുന്നു” എന്നുപോലും അവൻ അവരോടു പറഞ്ഞു. (ലൂക്കോസ്‌ 10:16) മാത്രമല്ല, നിയമനം നിറവേറ്റാൻ ആവശ്യമായ ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ അവർക്കു നൽകുമെന്ന്‌ അവൻ അവർക്കു വാക്കുകൊടുത്തിരുന്നു. അതുകൊണ്ട്‌ പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തരാക്കപ്പെട്ടവരാണെന്നു തെളിഞ്ഞ അപ്പൊസ്‌തലന്മാരുടെയും സഹകാരികളുടെയും ലേഖനങ്ങളെ ആധികാരിക ലിഖിതങ്ങളായി അംഗീകരിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

ബൈബിളെഴുത്തുകാരിൽ ചിലർതന്നെ മറ്റ്‌ എഴുത്തുകാരുടെ ലിഖിതങ്ങളുടെ ആധികാരികതയും നിശ്വസ്‌തതയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പത്രോസ്‌ പൗലോസിന്റെ ലേഖനങ്ങളെക്കുറിച്ചു പറയവെ, “മറ്റു തിരുവെഴുത്തു”കളുടെ ഭാഗമായിട്ടാണ്‌ അവയെ വിശേഷിപ്പിച്ചത്‌. (2 പത്രോസ്‌ 3:15, 16) അപ്പൊസ്‌തലന്മാരും മറ്റു ക്രിസ്‌തീയ പ്രവാചകന്മാരും ദൈവനിശ്വസ്‌തരായിരുന്നെന്ന വസ്‌തുത പൗലോസും എടുത്തുപറയുന്നു.—എഫെസ്യർ 3:5.

ഇതെല്ലാം സുവിശേഷ വിവരണങ്ങൾ ആശ്രയയോഗ്യവും ആധികാരികവുമാണെന്ന വസ്‌തുതയിലേക്ക്‌ വെളിച്ചംവീശുന്നു. അതെ, അവ വെറും ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല, പിന്നെയോ പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തരാക്കപ്പെട്ട മനുഷ്യർ ദൃക്‌സാക്ഷിവിവരണങ്ങളെ ആധാരമാക്കി സൂക്ഷ്‌മതയോടെ രേഖപ്പെടുത്തിയ ചരിത്രമാണ്‌.

ആരാണ്‌ കാനോൻ നിർണയിച്ചത്‌?

നൂറ്റാണ്ടുകൾക്കുശേഷമാണ്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ കാനോൻ നിർണയിക്കപ്പെട്ടതെന്ന്‌ ചില എഴുത്തുകാർ വാദിക്കുന്നു. കോൺസ്റ്റന്റയ്‌ന്റെ നിർദേശാനുസരണം അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന സഭയാണ്‌ അത്‌ നിർണയിച്ചതെന്നാണ്‌ അവരുടെ പക്ഷം. എന്നാൽ വസ്‌തുത മറ്റൊന്നാണ്‌.

ഉദാഹരണത്തിന്‌, സഭാചരിത്ര പ്രൊഫസർ ഓസ്‌കാർ സ്‌കർസൗന പറയുന്നതു ശ്രദ്ധിക്കുക: “പുതിയ നിയമത്തിൽ ഏതെല്ലാം പുസ്‌തകങ്ങൾ ഉൾപ്പെടുത്തണം, ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിച്ചത്‌ ഏതെങ്കിലും വ്യക്തികളോ ചർച്ച്‌ കൗൺസിലോ അല്ല. . . . സുതാര്യവും യുക്തിസഹവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അത്‌ നിർണയിച്ചത്‌: അപ്പൊസ്‌തലന്മാരോ സഹകാരികളോ എഴുതിയ ഒന്നാം നൂറ്റാണ്ടിലെ ലിഖിതങ്ങൾ വിശ്വാസയോഗ്യമായി പരിഗണിക്കപ്പെട്ടു. പക്ഷേ പിൽക്കാലത്ത്‌ എഴുതപ്പെട്ട ലിഖിതങ്ങളെയോ ലേഖനങ്ങളെയോ ‘സുവിശേഷങ്ങളെയോ’ കാനോനിക വേദഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പെടുത്തിയില്ല. . . . കോൺസ്റ്റന്റയ്‌നും അദ്ദേഹത്തിന്റെ സഭ സ്ഥാപിതമാകുന്നതിനുമൊക്കെ മുമ്പുതന്നെ കാനോൻ നിർണയം പൂർത്തിയായിരുന്നു. (കോൺസ്റ്റന്റയ്‌ന്റെ) സഭയല്ല, രക്തസാക്ഷികളുടെ സഭയാണ്‌ പുതിയ നിയമം നമ്മുടെ കൈകളിൽ എത്തിച്ചത്‌.”

ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളെക്കുറിച്ച്‌ പഠനം നടത്തുന്ന അസോസിയേറ്റ്‌ പ്രൊഫസർ കെൻ ബെർഡിങ്‌, കാനോൻ നിർണയത്തെക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “സഭ, ഇഷ്ടമുള്ള പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത്‌ കാനോനിൽ ഉൾപ്പെടുത്തുകയായിരുന്നില്ല; ക്രിസ്‌ത്യാനികൾ ദൈവവചനമായി കണക്കാക്കിപ്പോന്ന പുസ്‌തകങ്ങളെ അംഗീകരിക്കുക മാത്രമായിരുന്നു.”

എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ആ എളിയവരായ ക്രിസ്‌ത്യാനികൾ സ്വന്തം ഇഷ്ടപ്രകാരം കാനോൻ നിർണയിക്കുകയായിരുന്നോ? അല്ല! ആ നിർണയത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തമായ ഒരു ഘടകത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു.

ക്രിസ്‌തീയ സഭയുടെ ആദ്യദശകങ്ങളിൽ നൽകപ്പെട്ട ആത്മാവിന്റെ അത്ഭുതവരങ്ങളിൽ ഒന്ന്‌ “അരുളപ്പാടുകളുടെ വിവേചനം” ആയിരുന്നെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. (1 കൊരിന്ത്യർ 12:4, 10) ദൈവനിശ്വസ്‌തവും അല്ലാത്തതുമായ അരുളപ്പാടുകൾ വേർതിരിച്ചറിയാനുള്ള അമാനുഷപ്രാപ്‌തി ചില ക്രിസ്‌ത്യാനികൾക്കു നൽകപ്പെട്ടിരുന്നു. അതുകൊണ്ട്‌ നിശ്വസ്‌തമെന്ന്‌ അംഗീകരിക്കപ്പെട്ടിരുന്ന തിരുവെഴുത്തുകളാണ്‌ ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്‌ ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.

അതെ, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻകീഴിൽ ക്രിസ്‌ത്യാനിത്വത്തിന്റെ ആദ്യകാലത്തുതന്നെയാണ്‌ കാനോൻ നിർണയം നടന്നതെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു. രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ചില എഴുത്തുകാർ ബൈബിൾപ്പുസ്‌തകങ്ങളുടെ കാനോനികതയെപ്പറ്റി എഴുതിയിട്ടുണ്ട്‌ എന്നതു ശരിതന്നെ. ഇവർ പക്ഷേ കാനോൻ നിർണയിക്കുകയായിരുന്നില്ല, തന്റെ നിശ്വസ്‌ത പ്രതിനിധികളിലൂടെ ദൈവം അതിനോടകം അംഗീകരിച്ച ഒരു വസ്‌തുത കേവലം സാക്ഷ്യപ്പെടുത്തുക മാത്രമായിരുന്നു.

കാനോനികമായി ഇന്ന്‌ പൊതുവെ അംഗീകരിക്കപ്പെടുന്ന ബൈബിൾപ്പുസ്‌തകങ്ങളുടെ ആധികാരികതയ്‌ക്കുള്ള മറ്റൊരു തെളിവാണ്‌ പുരാതന കൈയെഴുത്തുപ്രതികൾ. ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഏതാണ്ട്‌ 5,000-ത്തിലേറെ മൂലകൈയെഴുത്തുപ്രതികൾ ഇന്ന്‌ ലഭ്യമാണ്‌; അവയിൽ ചിലത്‌ രണ്ടും മൂന്നും നൂറ്റാണ്ടുകളിലേതാണ്‌. എ.ഡി. ആദ്യനൂറ്റാണ്ടുകളിൽ ആധികാരികമെന്നു ഗണിക്കപ്പെട്ടതും പകർപ്പുകളെടുത്ത്‌ വിതരണംചെയ്യപ്പെട്ടതും ഈ ലിഖിതങ്ങളാണ്‌, അല്ലാതെ അപ്പൊക്രിഫ ലിഖിതങ്ങളല്ല.

എന്നിരുന്നാലും, കാനോനികതയുടെ ഏറ്റവും സുപ്രധാനമായ തെളിവ്‌ കാനോനിക വേദഗ്രന്ഥങ്ങളുടെ ആന്തരിക യോജിപ്പാണ്‌. കാനോനിക വേദഗ്രന്ഥങ്ങളുടെ ഓരോ ഭാഗവും ശേഷം ബൈബിൾഭാഗങ്ങളിൽ കാണുന്ന “സത്യവചനത്തിന്റെ മാതൃക”യുമായി പരിപൂർണ യോജിപ്പിലാണ്‌. (2 തിമൊഥെയൊസ്‌ 1:13) അവ, യഹോവയെ സ്‌നേഹിക്കാനും ആരാധിക്കാനും വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നതിനുപുറമേ അന്ധവിശ്വാസം, ഭൂതവിദ്യ, സൃഷ്ടിപൂജ എന്നിവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ്‌ നൽകുകയും ചെയ്യുന്നു. വസ്‌തുനിഷ്‌ഠമായ ചരിത്രവും സത്യസന്ധമായ പ്രവചനങ്ങളുമാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. സഹമനുഷ്യരെ സ്‌നേഹിക്കാനും അതിന്റെ വായനക്കാർ പ്രചോദിതരാകുന്നു. ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിലെ ഓരോ പുസ്‌തകങ്ങളുടെയും തനതു സവിശേഷതയാണത്‌. അപ്പൊക്രിഫ ലിഖിതങ്ങളെക്കുറിച്ച്‌ ഇങ്ങനെ പറയാനാകുമോ?

അപ്പൊക്രിഫയുടെ ഉള്ളുകള്ളികൾ

അപ്പൊക്രിഫ ലിഖിതങ്ങളും കാനോനിക വേദഗ്രന്ഥങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്‌. കാനോനിക ഗ്രന്ഥങ്ങൾ എഴുതപ്പെട്ട്‌ വളരെക്കാലത്തിനുശേഷമാണ്‌ അപ്പൊക്രിഫ എഴുതപ്പെട്ടത്‌​—⁠രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ. നിശ്വസ്‌ത തിരുവെഴുത്തുകളിൽനിന്ന്‌ തികച്ചും വിഭിന്നമായ ഒരു വിധത്തിലാണ്‌ അപ്പൊക്രിഫ കൃതികൾ യേശുവിനെയും ക്രിസ്‌ത്യാനിത്വത്തെയും വരച്ചുകാട്ടുന്നത്‌.

അപ്പൊക്രിഫയിൽ ഉൾപ്പെടുന്ന തോമസിന്റെ സുവിശേഷത്തിൽ യേശു നടത്തിയതെന്നു പറയപ്പെടുന്ന ചില വിചിത്ര പ്രസ്‌താവനകൾ കാണാം. സ്വർഗരാജ്യത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിനായി മറിയയെ ഒരു പുരുഷനാക്കുമെന്ന്‌ യേശു പറഞ്ഞതായുള്ള പ്രസ്‌താവന ഒരു ഉദാഹരണംമാത്രം. തോമസ്‌ എഴുതിയ ‘ശൈശവ സുവിശേഷത്തിൽ’ മറ്റൊരു കുട്ടിയുടെ മരണത്തിന്‌ നിമിത്തമായ ഒരു ദുഷ്ടശിശുവായി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നു. പൗലോസിന്റെ നടപടികൾ, പത്രോസിന്റെ നടപടികൾ എന്നീ കൃതികൾ ലൈംഗികബന്ധത്തെ വർജ്യമായി ചിത്രീകരിക്കുന്നു; ഭർത്താക്കന്മാരെ ഉപേക്ഷിക്കാൻ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുന്നവരായിട്ടാണ്‌ അവ അപ്പൊസ്‌തലന്മാരെ അവതരിപ്പിച്ചിരിക്കുന്നത്‌. യൂദാസിന്റെ സുവിശേഷമാകട്ടെ, ഭക്ഷണത്തിനുമുമ്പ്‌ പ്രാർഥിക്കുന്നതിന്റെ പേരിൽ യേശു ശിഷ്യന്മാരെ പരിഹസിക്കുന്നതായി രേഖപ്പെടുത്തുന്നു. കാനോനിക വേദഗ്രന്ഥങ്ങളിൽ കാണുന്നതിന്‌ കടകവിരുദ്ധമാണ്‌ ഈ ആശയങ്ങളെല്ലാം.—മർക്കോസ്‌ 14:22; 1 കൊരിന്ത്യർ 7:3-5; ഗലാത്യർ 3:28; എബ്രായർ 7:26.

ജ്ഞാനവാദികളുടെ (Gnostics) വിശ്വാസങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്‌ പല അപ്പൊക്രിഫ കൃതികളും; സ്രഷ്ടാവായ യഹോവ ഒരു നല്ല ദൈവമല്ലെന്ന വിശ്വാസം പുലർത്തുന്നവരാണ്‌ ജ്ഞാനവാദികൾ. അക്ഷരീയ പുനരുത്ഥാനം എന്നൊന്നില്ലെന്നും ഭൗതികമായതെല്ലാം തിന്മയാണെന്നും വിവാഹത്തിന്റെയും പുനരുത്‌പാദനത്തിന്റെയും കാരണഭൂതൻ സാത്താനാണെന്നും വിശ്വസിക്കുന്നു ഇക്കൂട്ടർ.

അപ്പൊക്രിഫയിലെ പല പുസ്‌തകങ്ങളും ബൈബിൾ കഥാപാത്രങ്ങളുടെ പേരിലുള്ളവയാണ്‌. പക്ഷേ ആ വ്യക്തികൾക്ക്‌ ഈ ലിഖിതങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതാണ്‌ വാസ്‌തവം. ഇനി, ഈ പുസ്‌തകങ്ങൾ കാനോന്റെ ഭാഗമാകാതെപോയത്‌ ഏതെങ്കിലും ഗൂഢാലോചനയുടെ ഫലമാണോ? അപ്പൊക്രിഫ കൃതികളെക്കുറിച്ച്‌ പഠിച്ചിട്ടുള്ള ഒരു പണ്ഡിതനായ എം. ആർ. ജെയിംസ്‌ പറയുന്നതിങ്ങനെ: “ഈ ലിഖിതങ്ങളെ പുതിയ നിയമത്തിന്റെ ഭാഗമാക്കാതിരിക്കാൻ ആരും ഒന്നും ചെയ്‌തില്ല; അവയുടെതന്നെ പൊരുത്തക്കേടുകൾകൊണ്ട്‌ അവ തള്ളപ്പെടുകയായിരുന്നു.”

മുൻകൂട്ടിപ്പറയപ്പെട്ട വിശ്വാസത്യാഗം

പെട്ടെന്നുതന്നെ ക്രിസ്‌തീയസഭയിൽ വിശ്വാസത്യാഗം തലപൊക്കുമെന്ന മുന്നറിയിപ്പ്‌ കാനോനികഗ്രന്ഥങ്ങളിൽ പലയിടത്തും കാണാം. സത്യത്തിൽ, ഒന്നാം നൂറ്റാണ്ടിൽത്തന്നെ വിശ്വാസത്യാഗം തുടങ്ങിയിരുന്നു; പക്ഷേ അപ്പൊസ്‌തലന്മാർ അതിന്റെ വ്യാപനം തടഞ്ഞു. (പ്രവൃത്തികൾ 20:30; 2 തെസ്സലോനിക്യർ 2:3, 6, 7; 1 തിമൊഥെയൊസ്‌ 4:1-3; 2 പത്രോസ്‌ 2:1; 1 യോഹന്നാൻ 2:18, 19; 4:1-3) അപ്പൊസ്‌തലന്മാരുടെ മരണശേഷം യേശുവിന്റെ ഉപദേശങ്ങൾക്കു വിരുദ്ധമായ അഭക്തലിഖിതങ്ങൾ രംഗപ്രവേശം ചെയ്യുമെന്ന്‌ വിശ്വാസത്യാഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വ്യക്തമാക്കി.

ചില പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും കണ്ണിൽ ഈ ലിഖിതങ്ങൾ അതിപുരാതനവും ആദരണീയവും ആയിരിക്കാം എന്നതു ശരിതന്നെ. പക്ഷേ ഇതേക്കുറിച്ച്‌ ഒന്നു ചിന്തിക്കുക: ഒരു കൂട്ടം പണ്ഡിതന്മാർ പൈങ്കിളിസാഹിത്യങ്ങളിൽനിന്നോ മതതീവ്രവാദ പ്രസിദ്ധീകരണങ്ങളിൽനിന്നോ സത്യവിരുദ്ധമായ വിവരങ്ങൾ ശേഖരിച്ച്‌ അവ മുദ്രവെച്ച്‌ ഭദ്രമായി സൂക്ഷിക്കുന്നു എന്നിരിക്കട്ടെ. കാലപ്രവാഹത്തിൽ ആ ലിഖിതങ്ങൾക്ക്‌ സത്യത കൈവരുമോ? 1,700 വർഷങ്ങൾക്കുശേഷം ആ നുണകളും അസംബന്ധങ്ങളും സത്യമായിത്തീരുമോ, പഴക്കത്തിന്റെ പേരിൽമാത്രം?

ഒരിക്കലുമില്ല! അപ്പൊക്രിഫയിൽ കാണുന്ന, യേശു മഗ്‌ദലന മറിയയെ വിവാഹം കഴിച്ചു എന്നതുപോലുള്ള അസംബന്ധങ്ങളുടെ കാര്യവും അങ്ങനെതന്നെ. ആശ്രയയോഗ്യമായ വിവരങ്ങൾ ലഭ്യമാണെന്നിരിക്കെ സത്യവിരുദ്ധമായ ഇത്തരം അബദ്ധകൃതികൾ എന്തിനു വിശ്വസിക്കണം? പുത്രനെക്കുറിച്ച്‌ നാം അറിയണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നതെല്ലാം ബൈബിളിലുണ്ട്‌; തികച്ചും വിശ്വാസയോഗ്യമായ വിവരങ്ങൾ!

[അടിക്കുറിപ്പ്‌]

^ ഖ. 4 ദൈവനിശ്വസ്‌തമാണ്‌ എന്നതിന്‌ ഈടുറ്റ തെളിവുനൽകുന്ന ബൈബിൾപ്പുസ്‌തകങ്ങളുടെ സമാഹാരത്തെയാണ്‌ “കാനോൻ” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കാനോനികഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെടുന്ന 66 പുസ്‌തകങ്ങളാണ്‌ ദൈവവചനമായ ബൈബിളിലുള്ളത്‌.

[26-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യേശുവിന്റെ ജീവിതം ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ രചന അപ്പൊക്രിഫയുടെ രചന

ബി.സി. 2 എ.ഡി. 33 41 98 130 300

[കടപ്പാട്‌]

Kenneth Garrett/National Geographic Image Collection

[28-ാം പേജിലെ ചിത്രം]

പൗലോസ്‌ അപ്പൊസ്‌തലൻ, മരിച്ചവരെ ഉയിർപ്പിച്ചതുൾപ്പെടെ പല അത്ഭുതങ്ങളും ചെയ്‌തു; അവന്റെ പ്രവർത്തനങ്ങൾക്കും അവന്റെ ലിഖിതങ്ങൾക്കും ദൈവാത്മ പിന്തുണയുണ്ടെന്ന്‌ അതു വ്യക്തമാക്കി