വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കും?’

‘എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കും?’

‘എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കും?’

“എനിക്കിനി ഇത്‌ സഹിക്കാൻ വയ്യ!” ജെയ്‌ൻ വേദനകൊണ്ട്‌ ഞരങ്ങി. അർബുദം അവളുടെ ശരീരത്തെ കാർന്നുതിന്നുകയായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അവളുടെ വേദന കണ്ടുനിൽക്കാനായില്ല. അവളെ ആ അവസ്ഥയിൽനിന്നു രക്ഷിക്കാൻ അവർ ആഗ്രഹിച്ചു. പക്ഷേ അവർക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവൾക്കൽപ്പം ആശ്വാസം കൊടുക്കാൻ അവർ ദൈവത്തോടു പ്രാർഥിച്ചു. അവരുടെ പ്രയാസം ദൈവം കാണുന്നുണ്ടായിരുന്നോ? അവരുടെ പ്രാർഥന അവൻ കേൾക്കുമോ?

മനുഷ്യന്റെ അവസ്ഥ ദൈവം തീർച്ചയായും കാണുന്നുണ്ട്‌. “സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു” എന്ന്‌ അവന്റെ വചനമായ ബൈബിൾ പറയുന്നു. (റോമർ 8:22) ജെയ്‌നിനെപ്പോലെ ഓരോ ദിവസവും ശാരീരികവും വൈകാരികവും മാനസികവുമായ വേദനയനുഭവിക്കുന്ന കോടിക്കണക്കിന്‌ ആളുകളുണ്ടെന്ന്‌ ദൈവത്തിനറിയാം. പട്ടിണിയിൽ കഴിയുന്ന 80 കോടി ജനങ്ങൾ. ഗാർഹിക പീഡനങ്ങൾക്കിരയാകുന്ന ദശലക്ഷങ്ങൾ. മക്കളുടെ ഭാവിയോർത്ത്‌ വേവലാതിപ്പെടുന്ന മാതാപിതാക്കൾ. . . ഇവരുടെയെല്ലാം അവസ്ഥ ദൈവം കാണുന്നു. അവൻ ഇതിനൊരു പരിഹാരം ഉണ്ടാക്കുമോ? വേദനപ്പെട്ടുകഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും നാം തീർച്ചയായും വേണ്ടതു ചെയ്യും. അങ്ങനെയെങ്കിൽ തന്റെ സൃഷ്ടിയെ, മനുഷ്യകുലത്തെ, സഹായിക്കാൻ ദൈവത്തിനു തോന്നേണ്ടതല്ലേ?

മേൽപ്പറഞ്ഞതുപോലെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ മാത്രമല്ല, മറ്റ്‌ അനേകരുടെ മനസ്സിൽക്കൂടിയും ഇതുപോലുള്ള ചോദ്യങ്ങൾ കടന്നുപോയിട്ടുണ്ട്‌. 2,600-ലധികം വർഷംമുമ്പ്‌ ഹബക്കൂക്‌ എന്ന ദൈവഭക്തനായ ഒരു മനുഷ്യൻ ദൈവത്തോട്‌ ഇങ്ങനെ ചോദിച്ചു: “കർത്താവേ, എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങ്‌ അത്‌ കേൾക്കാതിരിക്കുകയും ചെയ്യും? എത്രനാൾ, അക്രമം എന്നു പറഞ്ഞ്‌ ഞാൻ വിലപിക്കുകയും അങ്ങ്‌ എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും? തിന്മകളും ദുരിതങ്ങളും കാണാൻ എനിക്ക്‌ അങ്ങ്‌ എന്തുകൊണ്ട്‌ ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ എന്റെ കൺമുമ്പിൽ! കലഹവും മത്സരവും തല ഉയർത്തുന്നു.” (ഹബക്കൂക്‌ 1:2, 3 പി.ഒ.സി. ബൈബിൾ) ഇസ്രായേലിലെ ഒരു പ്രവാചകനായിരുന്ന ഹബക്കൂക്‌ അന്നത്തെ സമൂഹത്തിൽ നടമാടിയിരുന്ന ക്രൂരകൃത്യങ്ങളും അക്രമങ്ങളും നേരിൽക്കണ്ട ആളാണ്‌. ഇന്ന്‌ ഇത്തരം ചെയ്‌തികളെക്കുറിച്ചുള്ള വാർത്തകൾ നിത്യേനയെന്നോണം നാം കേൾക്കുന്നു. സഹജീവികളോട്‌ അനുകമ്പയുള്ള ആളുകളിൽ ഇതുളവാക്കുന്ന മനോവ്യഥ കുറച്ചൊന്നുമല്ല.

ഹബക്കൂക്കിന്റെ ആശങ്കകളെ ദൈവം നിസ്സാരമായി കണ്ടോ? ഇല്ല. ഹബക്കൂക്കിന്റെ മനസ്സിനെ മഥിച്ചിരുന്ന ചോദ്യങ്ങൾ ദൈവം ശ്രദ്ധിച്ചുകേട്ടു; അവനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്‌തു. സകല കഷ്ടതകൾക്കും താൻ അറുതിവരുത്തുമെന്നുള്ള വാഗ്‌ദാനം നൽകി യഹോവയാം ദൈവം ഹബക്കൂക്കിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ദൈവം നൽകിയിരിക്കുന്ന പ്രത്യാശയുടെ സന്ദേശം നിങ്ങളെയും സാന്ത്വനപ്പെടുത്തും, ജെയ്‌നിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചതുപോലെ. ദൈവം നമ്മെക്കുറിച്ചു ചിന്തയുള്ളവനാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? കഷ്ടതകൾക്ക്‌ ദൈവം എപ്പോൾ, എങ്ങനെ അറുതിവരുത്തും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ നാം കാണും.