ദൈവം നമ്മെക്കുറിച്ച് ചിന്തയുള്ളവൻ
ദൈവം നമ്മെക്കുറിച്ച് ചിന്തയുള്ളവൻ
ദൈവത്തിനു മനുഷ്യരോട് സ്‌നേഹമുണ്ടെങ്കിൽ ഇത്രയേറെ കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ടാണ്? ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യനെ അലട്ടിയിട്ടുള്ള പ്രസക്തമായ ഒരു ചോദ്യമാണത്. നാം സ്‌നേഹിക്കുന്ന ഒരാൾ വേദനിക്കുന്നതു കാണാൻ നാം ഒരിക്കലും ആഗ്രഹിക്കില്ല. ആ വ്യക്തിക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാൽ ഉടനടി നാം സഹായത്തിനായി ഓടിച്ചെല്ലും. അപ്പോൾ ദൈവവും അതുതന്നെ ചെയ്യേണ്ടതല്ലേ? പക്ഷേ, ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകളും ദുരിതങ്ങളും ഉള്ളതിനാൽ ദൈവത്തിന് വ്യക്തിപരമായി നമ്മെ സഹായിക്കാൻ കഴിയില്ല എന്നാണ് ചിലർ ചിന്തിക്കുന്നത്. അതുകൊണ്ട് ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്നും നമ്മെക്കുറിച്ച് അവൻ ചിന്തയുള്ളവനാണെന്നും ഉള്ളതിന്റെ തെളിവുകൾ ആദ്യംതന്നെ നമുക്കു പരിശോധിക്കാം.
സൃഷ്ടി—ദൈവസ്‌നേഹത്തിന്റെ തെളിവ്
“ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടി”ച്ചത് യഹോവയാം ദൈവമാണ്. (പ്രവൃത്തികൾ 4:24) ദൈവം ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങൾ നോക്കിയാൽ അവനു നമ്മോടുള്ള കരുതലിനെക്കുറിച്ച് നമുക്കു മനസ്സിലാകും. നിങ്ങൾക്കു സന്തോഷം പകരുന്ന കാര്യങ്ങളെക്കുറിച്ചൊന്നു ചിന്തിക്കുക. രുചിയുള്ള ആഹാരം നിങ്ങൾക്ക് ഇഷ്ടമല്ലേ? ജീവൻ നിലനിറുത്താൻ മാത്രമാണെങ്കിൽ ഏതെങ്കിലും ഒരുതരത്തിലുള്ള ആഹാരം മതിയായിരുന്നു. എന്നാൽ സ്വാദൂറുന്ന എത്രയെത്ര ഭക്ഷ്യവസ്‌തുക്കളാണ് യഹോവ നമുക്കായി നൽകിയിരിക്കുന്നത്! നമുക്ക് കണ്ടാസ്വദിക്കാനായി വൈവിധ്യമാർന്ന പൂക്കളും മരങ്ങളും പ്രകൃതിദൃശ്യങ്ങളുംകൊണ്ട് അവൻ ഭൂമിയെ അണിയിച്ചൊരുക്കിയിരിക്കുന്നു.
നമ്മെ സൃഷ്ടിച്ചിരിക്കുന്ന വിധമൊന്നു നോക്കുക. നമ്മുടെ
നർമബോധം, സൗന്ദര്യബോധം, സംഗീതം ആസ്വദിക്കാനുള്ള കഴിവ് ഇവയൊന്നും ജീവൻ നിലനിറുത്താൻ ആവശ്യമായ സംഗതികളല്ല. എന്നാൽ നമ്മുടെ ജീവിതത്തിന് നിറംപകരാനായി ദൈവം ഈ ദാനങ്ങൾ നൽകിയിരിക്കുന്നു. ഇനി മനുഷ്യബന്ധങ്ങളെക്കുറിച്ചു ചിന്തിച്ചാലോ? നല്ല സുഹൃദ്‌ബന്ധങ്ങൾ, നാം സ്‌നേഹിക്കുന്ന ഒരാളുടെ ഊഷ്‌മളമായ ആശ്ലേഷം, ഇതൊക്കെ ആർക്കാണ് ഇഷ്ടമല്ലാത്തത്? സ്‌നേഹിക്കാനുള്ള കഴിവ് സ്‌നേഹനിധിയായ ദൈവത്തിൽനിന്നുള്ള സമ്മാനമാണ്. സ്‌നേഹിക്കാനുള്ള കഴിവ് ദൈവം മനുഷ്യനു നൽകിയിരിക്കുന്നു എന്ന വസ്‌തുത കാണിക്കുന്നത് ആ ഗുണം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നാണ്.ബൈബിൾ ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തിത്തരുന്നു
ദൈവം സ്‌നേഹമാകുന്നുവെന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:8) അവന്റെ സൃഷ്ടികളിൽ മാത്രമല്ല ആ സ്‌നേഹം തെളിഞ്ഞുകാണുന്നത്. അവന്റെ വചനമായ ബൈബിളിലും അത് ദൃശ്യമാണ്. ഉദാഹരണത്തിന്, ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള നിർദേശങ്ങൾ ദൈവം ബൈബിളിലൂടെ നമുക്കു നൽകിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാനും മദ്യപാനവും അതിഭക്ഷണവും ഒഴിവാക്കാനും ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നു.—1 കൊരിന്ത്യർ 6:9, 10.
ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഉതകുന്ന ഉദ്‌ബോധനങ്ങൾ ബൈബിൾ നൽകുന്നു. അന്യോന്യം സ്‌നേഹിക്കാനും ആദരിക്കാനും മറ്റുള്ളവരോട് മാന്യതയോടും ദയയോടും കൂടെ ഇടപെടാനും അത് നമ്മോടു പറയുന്നു. (മത്തായി 7:12) അത്യാർത്തി, പരദൂഷണം, അസൂയ, വ്യഭിചാരം, കൊലപാതകം എന്നിങ്ങനെ അനർഥങ്ങൾക്കു വഴിവെക്കുന്ന മനോഭാവങ്ങളും പ്രവർത്തനങ്ങളും അത് വിലക്കുന്നു. തിരുവെഴുത്തിലെ ഈ ഉത്തമമായ നിർദേശങ്ങൾ അനുസരിക്കാൻ എല്ലാവരും ശ്രമിച്ചിരുന്നെങ്കിൽ ഈ ലോകത്തിൽ ഇത്രയേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമായിരുന്നോ?
എന്നാൽ ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് ദൈവം തന്റെ പുത്രനായ യേശുവിനെ മനുഷ്യവർഗത്തിനു മറുവിലയായി നൽകിയതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു” എന്ന് യോഹന്നാൻ 3:16 പറയുന്നു. മരണവും സകലവിധ ദുരിതങ്ങളും എന്നേക്കുമായി തുടച്ചുനീക്കാനുള്ള ഒരു ക്രമീകരണമാണ് യഹോവ ചെയ്‌തിരിക്കുന്നത്.—1 യോഹന്നാൻ 3:8.
അതെ, യഹോവ നമ്മെ സ്‌നേഹിക്കുന്നുവെന്നുള്ളതിന് ഒട്ടേറെ തെളിവുകളുണ്ട്. നാം ദുരിതമനുഭവിക്കുന്നത് കാണാൻ അവൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കഷ്ടതകൾക്ക് അവൻ ഉടൻ അറുതിവരുത്തും. അതിനു യാതൊരു സംശയവും വേണ്ടാ. ദൈവം എങ്ങനെയാണ് അത് ചെയ്യാൻപോകുന്നതെന്നും ബൈബിൾ കൃത്യമായി നമ്മോടു പറയുന്നു.
[4-ാം പേജിലെ ചിത്രം]
സ്‌നേഹിക്കാനുള്ള കഴിവ് സ്‌നേഹനിധിയായ ദൈവത്തിൽനിന്നുള്ള സമ്മാനമാണ്