വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗിലെയാദിലെ സുഗന്ധതൈലം സൗഖ്യമാക്കുന്ന ലേപനം

ഗിലെയാദിലെ സുഗന്ധതൈലം സൗഖ്യമാക്കുന്ന ലേപനം

ഗിലെയാദിലെ സുഗന്ധതൈലം സൗഖ്യമാക്കുന്ന ലേപനം

യോസേഫിനെ അവന്റെ സഹോദരന്മാർ ഇശ്‌മായേല്യ കച്ചവടക്കാർക്ക്‌ വിറ്റതിനെക്കുറിച്ച്‌ ബൈബിളിലെ ഉല്‌പത്തി പുസ്‌തകത്തിൽ നാം വായിക്കുന്നു. ആ കച്ചവടക്കാർ ഗിലെയാദിൽനിന്ന്‌ വരുകയായിരുന്നു. ഒട്ടകപ്പുറത്ത്‌ സുഗന്ധതൈലവും മറ്റു ചരക്കുകളുമായി ഈജിപ്‌റ്റിലേക്കു പോകുകയായിരുന്നു അവർ. (ഉല്‌പത്തി 37:25) സവിശേഷമായ ഔഷധഗുണമുണ്ടായിരുന്ന, ഗിലെയാദിൽനിന്നുള്ള സുഗന്ധതൈലത്തിന്‌ പുരാതന മധ്യപൂർവദേശവാസികൾ വലിയ മൂല്യം കൽപ്പിച്ചിരുന്നുവെന്ന്‌ ഈ ഹ്രസ്വ വിവരണം സൂചിപ്പിക്കുന്നു.

എന്നിരുന്നാലും ബി.സി. ആറാം നൂറ്റാണ്ടിൽ യിരെമ്യാ പ്രവാചകൻ ദുഃഖത്തോടെ ചോദിച്ചു: “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ?” (യിരെമ്യാവു 8:22) അവൻ എന്തുകൊണ്ടാണ്‌ അങ്ങനെ ചോദിച്ചത്‌? എന്താണ്‌ ഈ സുഗന്ധതൈലം? സൗഖ്യദായകമായ ഒരു സുഗന്ധതൈലം ഇന്നു ലഭ്യമാണോ?

സുഗന്ധതൈലം—ബൈബിൾ കാലങ്ങളിൽ

ചില പ്രത്യേക സസ്യങ്ങളിൽനിന്ന്‌ ഊറിവരുന്ന സുഗന്ധമുള്ളതും പൊതുവെ എണ്ണമയവും പശയും ഉള്ളതുമായ ഒരുതരം ദ്രാവകത്തെയാണ്‌ സാധാരണഗതിയിൽ സുഗന്ധതൈലം എന്നു വിളിച്ചിരുന്നത്‌. സുഗന്ധവർഗങ്ങളിലും പരിമളദ്രവ്യങ്ങളിലും ഉപയോഗിച്ചിരുന്ന ഈ സുഗന്ധതൈലം മധ്യപൂർവ ദേശത്തെ ആഢംബര വസ്‌തുക്കളിൽ ഒന്നായിരുന്നു. അതുപോലെ ഈജിപ്‌റ്റിൽനിന്ന്‌ പുറപ്പെട്ടുവന്ന ഇസ്രായേല്യർ, സമാഗമനകൂടാരത്തിൽ ഉപയോഗിച്ചിരുന്ന പരിമളധൂപവർഗത്തിലും വിശുദ്ധ അഭിഷേകതൈലത്തിലും ഇത്‌ അടങ്ങിയിരുന്നു. (പുറപ്പാടു 25:6; 35:8) ശെബാരാജ്ഞി ശലോമോൻ രാജാവിനു കൊണ്ടുവന്ന വിലയേറിയ കാഴ്‌ചവസ്‌തുക്കളിൽ സുഗന്ധതൈലവും ഉണ്ടായിരുന്നു. (1 രാജാക്കന്മാർ 10:2, 10) പേർഷ്യയിലെ രാജാവായ അഹശ്വേരോശിന്റെ സന്നിധിയിൽ ചെല്ലുന്നതിനുമുമ്പ്‌ എസ്ഥേറിന്‌ ആറുമാസം സൗന്ദര്യപരിചരണം ലഭിച്ചത്‌ സുഗന്ധതൈലംകൊണ്ടായിരുന്നു.—എസ്ഥേർ 1:1; 2:12.

മധ്യപൂർവ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സുഗന്ധതൈലം ഉത്‌പാദിപ്പിച്ചിരുന്നെങ്കിലും ഗിലെയാദിലെ സുഗന്ധതൈലത്തിന്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു. അത്‌ വാഗ്‌ദത്തദേശത്തുനിന്നുള്ളതായിരുന്നു. യോർദാൻ നദിയുടെ കിഴക്കുള്ള പ്രദേശമായിരുന്നു ഗിലെയാദ്‌. ഗോത്രപിതാവായ യാക്കോബ്‌ സുഗന്ധതൈലത്തെ “ദേശത്തിലെ വിശേഷവസ്‌തുക്കളിൽ” ഒന്നായി കണക്കാക്കിയിരുന്നു. അവൻ അത്‌ ഒരു സമ്മാനമായി ഈജിപ്‌റ്റിലേക്ക്‌ കൊടുത്തയയ്‌ക്കുകപോലുംചെയ്‌തു. (ഉല്‌പത്തി 43:11) യെഹൂദയും ഇസ്രായേലും ടയറിലേക്ക്‌ കയറ്റുമതി ചെയ്‌തിരുന്ന ചരക്കുകളിൽ സുഗന്ധതൈലവും ഉണ്ടായിരുന്നുവെന്ന്‌ യെഹെസ്‌കേൽ പ്രവാചകൻ രേഖപ്പെടുത്തി. (യെഹെസ്‌കേൽ 27:17) സുഗന്ധതൈലം അതിന്റെ ഔഷധഗുണത്തെപ്രതി പ്രശസ്‌തമായിരുന്നു. അതിന്റെ ഫലപ്രദത്വത്തെക്കുറിച്ച്‌ പുരാതന ഗ്രന്ഥങ്ങളിൽ നിരവധി പരാമർശങ്ങളുണ്ട്‌, പ്രത്യേകിച്ച്‌ മുറിവ്‌ ഉണക്കാനുള്ള അതിന്റെ ശക്തിയെക്കുറിച്ച്‌.

സുഗന്ധതൈലം—രോഗാതുരമായ ജനതയ്‌ക്ക്‌

അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ്‌ “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ” എന്ന്‌ യിരെമ്യാവ്‌ ചോദിച്ചത്‌? അതു മനസ്സിലാക്കാൻ അക്കാലത്തെ ഇസ്രായേൽ ജനതയുടെ അവസ്ഥ നാം അറിയേണ്ടതുണ്ട്‌. അവരുടെ പരിതാപകരമായ ആത്മീയാവസ്ഥയെക്കുറിച്ച്‌ യെശയ്യാ പ്രവാചകൻ നേരത്തേതന്നെ ഇങ്ങനെ വിവരിച്ചിരുന്നു: “അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.” (യെശയ്യാവു 1:6) തങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കി, രോഗത്തിനു പ്രതിവിധി തേടുന്നതിനു പകരം ആ ജനത വഴിപിഴച്ച ഗതിയിൽ തുടർന്നു. യിരെമ്യാവിന്റെ കാലമായപ്പോഴേക്കും അവരുടെ അവസ്ഥ കണ്ട്‌ അവന്‌ ഇങ്ങനെ വിലപിക്കേണ്ടതായിപ്പോലും വന്നു: “അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു?” അവർ യഹോവയിലേക്കു മടങ്ങിവന്നിരുന്നുവെങ്കിൽ അവൻ അവരെ സൗഖ്യമാക്കുമായിരുന്നു. “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ?” എത്ര പ്രസക്തമായ ഒരു ചോദ്യം!—യിരെമ്യാവു 8:9.

ഇന്നത്തെ ലോകവും “മുറിവും ചതവും പഴുത്തവ്രണവും” ഒക്കെ നിറഞ്ഞതാണ്‌. ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്‌നേഹം തണുത്തുപോയിട്ട്‌ ആളുകൾ ഇന്ന്‌ അന്യായം, സ്വാർഥത, ദാരിദ്ര്യം, ദയാരാഹിത്യം എന്നിവയ്‌ക്ക്‌ ഇരയായിത്തീർന്നിരിക്കുന്നു. (മത്തായി 24:12; 2 തിമൊഥെയൊസ്‌ 3:1-5) വംശം, വർഗം, പ്രായം എന്നിവയുടെ പേരിൽ പലരും വിവേചനത്തിനും അവഗണനയ്‌ക്കും പാത്രമാകുന്നു. യിരെമ്യാവിനെപ്പോലെ ഇന്ന്‌ ആത്മാർഥഹൃദയരായ പലരും, ദുരിതം അനുഭവിക്കുന്നവരുടെ വൈകാരികവും ആത്മീയവുമായ മുറിവ്‌ വെച്ചുകെട്ടുന്നതിന്‌ ‘ഗിലെയാദിലെ സുഗന്ധതൈലം’ ഇല്ലേ എന്ന്‌ ചിന്തിച്ചുപോകുന്നു.

സൗഖ്യമാക്കുന്ന സുവാർത്ത

യേശുവിന്റെ നാളിലും എളിയവരായ ആളുകളുടെ മനസ്സിൽ ഇതേ ചോദ്യം ഉണ്ടായിരുന്നു. അവർക്ക്‌ അതിന്‌ ഉത്തരം ലഭിക്കുകയും ചെയ്‌തു. എ.ഡി. 30-ന്റെ ആരംഭത്തിൽ നസറെത്തിലെ ഒരു സിനഗോഗിൽവെച്ച്‌ യേശു യെശയ്യാവിന്റെ ചുരുൾ തുറന്ന്‌ ഇങ്ങനെ വായിച്ചു: ‘എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ഹൃദയം തകർന്നവരെ മുറികെട്ടുവാൻ അവൻ എന്നെ അയച്ചിരിക്കുന്നു.’ (യെശയ്യാവു 61:1, 3) തുടർന്ന്‌ ആ വാക്കുകൾ തനിക്കുതന്നെ ബാധകമാക്കികൊണ്ട്‌ യേശു, ആശ്വാസത്തിന്റെ സന്ദേശം അറിയിക്കാൻ നിയോഗമുള്ള മിശിഹ താൻ ആണെന്ന്‌ തിരിച്ചറിയിച്ചു.—ലൂക്കോസ്‌ 4:16-21.

തന്റെ ശുശ്രൂഷയിലുടനീളം, യേശു ദൈവരാജ്യത്തിന്റെ സുവാർത്ത തീക്ഷ്‌ണതയോടെ പ്രസംഗിച്ചു. (മത്തായി 4:17) ഗിരിപ്രഭാഷണത്തിൽ, “ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗൃഹീതർ; എന്തെന്നാൽ നിങ്ങൾ ചിരിക്കും” എന്നു പറഞ്ഞുകൊണ്ട്‌ ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥയ്‌ക്ക്‌ ഒരു മാറ്റമുണ്ടാകുമെന്ന്‌ യേശു സൂചിപ്പിച്ചു. (ലൂക്കോസ്‌ 6:21) ദൈവരാജ്യത്തിന്റെ വരവിനെക്കുറിച്ചുള്ള, പ്രത്യാശ പകരുന്ന സന്ദേശം ഘോഷിച്ചുകൊണ്ട്‌ യേശു ‘ഹൃദയം തകർന്നവരെ മുറികെട്ടി.’

യേശുവിന്റെ നാളിലേതുപോലെ ഇന്നും “രാജ്യത്തിന്റെ സുവിശേഷം” ആളുകൾക്ക്‌ ആശ്വാസം പകരുന്നു. (മത്തായി 6:10; 9:35) റോജറിന്റെയും ലിലിയന്റെയും കാര്യമെടുക്കുക. 1961 ജനുവരിയിലാണ്‌ നിത്യജീവനെന്ന ദൈവിക വാഗ്‌ദാനത്തെക്കുറിച്ച്‌ അവർ ആദ്യമായി കേൾക്കുന്നത്‌. അത്‌ അവർക്ക്‌ ആശ്വാസം പകരുന്ന ഒരു ലേപനംപോലെ ആയിരുന്നു. “ഈ പ്രത്യാശയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി,” ലിലിയൻ പറയുന്നു. ആ സമയത്ത്‌, റോജറിന്റെ ശരീരം ഭാഗികമായി തളർന്ന അവസ്ഥയിലായിട്ട്‌ പത്തുവർഷം പിന്നിട്ടിരുന്നു. അദ്ദേഹം പറയുന്നു: “പുനരുത്ഥാനത്തെയും അതുപോലെ രോഗവും വേദനയുമൊന്നുമില്ലാത്ത ഒരു ജീവിതത്തെയും കുറിച്ച്‌ മനസ്സിലാക്കിയത്‌ എന്റെ ജീവിതത്തിൽ സന്തോഷവും പ്രത്യാശയും പകർന്നു.”—വെളിപാട്‌ 21:4.

1970-ൽ അവരുടെ 11 വയസ്സുള്ള മകൻ മരണമടഞ്ഞു. പക്ഷേ അവർ നിരാശയിൽ ആണ്ടുപോയില്ല. “മനംതകർന്നവരെ അവൻ [യഹോവ] സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു” എന്ന്‌ അവർക്ക്‌ സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിയാനായി. (സങ്കീർത്തനം 147:3) അവരുടെ പ്രത്യാശ അവർക്ക്‌ സാന്ത്വനമേകി. കഴിഞ്ഞ 50-ഓളം വർഷമായി ആസന്നമായ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത അവർക്ക്‌ സമാധാനവും സംതൃപ്‌തിയും പകർന്നിരിക്കുന്നു.

സൗഖ്യമാക്കൽ—ഭാവിയിൽ

അങ്ങനെയെങ്കിൽ ‘ഗിലെയാദിലെ സുഗന്ധതൈലം’ ഇന്നു ലഭ്യമാണോ? തീർച്ചയായും, ആത്മീയ അർഥത്തിലുള്ള ആ സുഗന്ധതൈലം ഇന്നും ലഭ്യമാണ്‌. ദൈവരാജ്യ സുവാർത്ത നൽകുന്ന ആശ്വാസത്തിനും പ്രത്യാശയ്‌ക്കും തകർന്ന ഹൃദയങ്ങളെ മുറികെട്ടാനാകും. അത്തരമൊരു സൗഖ്യമാക്കൽ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇത്രയേ ചെയ്യേണ്ടതുള്ളൂ: ദൈവവചനത്തിലെ ആശ്വാസദായകമായ സന്ദേശം തുറന്ന ഹൃദയത്തോടെ സ്വീകരിക്കുക, അത്‌ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ അനുവദിക്കുക. ലക്ഷക്കണക്കിന്‌ ആളുകൾ അങ്ങനെ ചെയ്‌തിട്ടുണ്ട്‌.

ആത്മീയ സുഗന്ധതൈലം നൽകുന്ന സൗഖ്യം ഭാവിയിൽ ലഭിക്കാനിരിക്കുന്ന വലിയ ആശ്വാസത്തിന്റെ ഒരു മുൻനിഴലാണ്‌. യഹോവയാം ദൈവം ‘ജനതകൾക്കു രോഗശാന്തി’ വരുത്തി അവരെ നിത്യജീവനിലേക്കു നയിക്കുന്ന സമയം അത്യന്തം ആസന്നമായിരിക്കുന്നു. അന്ന്‌ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” അതെ, ‘ഗിലെയാദിലെ സുഗന്ധതൈല’ത്തിന്റെ ലഭ്യത ഇന്നും നിലച്ചിട്ടില്ല.—വെളിപാട്‌ 22:2; യെശയ്യാവു 33:24.

[27-ാം പേജിലെ ചിത്രം]

ഹൃദയം തകർന്നവർക്ക്‌ ദൈവരാജ്യ സുവാർത്ത ഇന്നും ആശ്വാസം പകരുന്നു