വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ?

നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ?

നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ?

നല്ല ഇരുട്ടുള്ള ഒരു രാത്രിയിൽ ആകാശവിതാനത്തെ ഒന്നു നിരീക്ഷിക്കുന്നെങ്കിൽ വജ്രംപോലെ ശോഭിക്കുന്ന ആയിരക്കണക്കിനു നക്ഷത്രങ്ങളെ നിങ്ങൾക്ക്‌ കാണാനാകും. അവയുടെ വലുപ്പത്തെയും ഭൂമിയിൽനിന്നുള്ള അകലത്തെയുംകുറിച്ചു മനുഷ്യൻ മനസ്സിലാക്കാൻ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ മൂന്നര നൂറ്റാണ്ടേ ആയിട്ടുള്ളൂ. വിസ്‌മയാവഹമായ നമ്മുടെ പ്രപഞ്ചത്തിൽ ഈ നക്ഷത്രങ്ങൾ ചെലുത്തുന്ന പ്രഭാവത്തെക്കുറിച്ച്‌ ഇപ്പോഴും ഏറെയൊന്നും മനസ്സിലായിട്ടില്ല എന്നതാണ്‌ വാസ്‌തവം.

ആകാശഗോളങ്ങളുടെ ചലനവും കാലാകാലങ്ങളിൽ അവയ്‌ക്കുണ്ടാകുന്ന സ്ഥാനമാറ്റവും അതിപുരാതനകാലംമുതലേ മനുഷ്യർ നിരീക്ഷിച്ചിട്ടുണ്ട്‌. (ഉല്‌പത്തി 1:14) ഏതാണ്ട്‌ 3,000 വർഷംമുമ്പ്‌ പിൻവരുന്നപ്രകാരം എഴുതിയ ഇസ്രായേലിലെ ദാവീദ്‌ രാജാവിന്റെ അതേ വികാരമാണ്‌ അവരിൽ പലർക്കും ഉണ്ടായിട്ടുള്ളത്‌: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?”—സങ്കീർത്തനം 8:3, 4.

നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ജ്യോതിർഗോളങ്ങളും അവയുടെ ചലനവും നമ്മുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്നുണ്ട്‌. ദിവസങ്ങളും വർഷങ്ങളുമൊക്കെയായി നാം സമയം കണക്കുകൂട്ടുന്നത്‌ നമ്മുടെ സ്വന്തം നക്ഷത്രമായ സൂര്യനെ ഭൂമി വലംവെക്കുന്നതിനെ ആധാരമാക്കിയാണല്ലോ. ഇനി, ‘കാലനിർണയത്തിന്‌’ അഥവാ ‘ഋതുക്കൾ നിർണയിക്കാൻ’ സഹായകമായി ചന്ദ്രൻ ഉണ്ട്‌. (സങ്കീർത്തനം 104:19, പി.ഒ.സി. ബൈബിൾ) നാവികരെ സംബന്ധിച്ചിടത്തോളം ആശ്രയയോഗ്യമായ വഴികാട്ടിയാണ്‌ നക്ഷത്രങ്ങൾ. ബഹിരാകാശ സഞ്ചാരികൾക്കും അവ വലിയൊരു സഹായമാണ്‌. സമയവും കാലവും നിർണയിക്കുന്നതിനും ദൈവത്തിന്റെ സൃഷ്ടിക്രിയകളോടുള്ള വിലമതിപ്പ്‌ വർധിപ്പിക്കുന്നതിനും നമ്മെ സഹായിക്കുന്ന ഈ ജ്യോതിർഗോളങ്ങൾക്ക്‌ ഇതിലുപരിയായി നമുക്കുവേണ്ടി പലതും ചെയ്യാനാകുമെന്നാണ്‌ പലരും കരുതുന്നത്‌. അതു ശരിയാണോ? നക്ഷത്രങ്ങൾക്ക്‌ നമ്മുടെ ഭാവി പ്രവചിക്കാനോ ദുരന്തങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകാനോ കഴിയുമോ?

ജ്യോതിഷത്തിന്റെ ആരംഭവും ഉദ്ദേശ്യവും

ജീവിതത്തിന്റെ ഗതി നിർണയിക്കാൻ ആകാശഗോളങ്ങളെ ആശ്രയിക്കുന്ന രീതി തുടങ്ങിയത്‌ പുരാതന മെസൊപ്പൊട്ടേമിയയിലാണ്‌, ഏകദേശം ബി.സി. മൂവായിരത്തിൽ. അന്നത്തെ ജ്യോതിഷക്കാർ വാനനിരീക്ഷണത്തിൽ പ്രഗത്ഭരായിരുന്നു. ആകാശഗോളങ്ങളുടെ ചലനങ്ങൾ നിർണയിക്കാനും നക്ഷത്രങ്ങളുടെ സ്ഥാനം പട്ടികപ്പെടുത്താനും കലണ്ടറുകൾ ഉണ്ടാക്കാനും ഗ്രഹണങ്ങൾ മുൻകൂട്ടിപ്പറയാനും മറ്റും അവർ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്‌ ജ്യോതിശ്ശാസ്‌ത്രം എന്ന ശാസ്‌ത്രശാഖ വികാസംപ്രാപിച്ചത്‌. എന്നാൽ ജ്യോതിഷം അതിൽനിന്നും വ്യത്യസ്‌തമാണ്‌; സൂര്യചന്ദ്രാദികൾ നമ്മുടെ പരിസ്ഥിതിയെ സ്വാഭാവികമായി എങ്ങനെ സ്വാധീനിക്കുന്നു എന്നതിനുമപ്പുറമുള്ള കാര്യങ്ങളാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, താരാഗണങ്ങൾ എന്നിവയുടെ സ്ഥാനവും ക്രമവും ഭൂമിയിലെ സുപ്രധാന സംഭവങ്ങളെ മാത്രമല്ല വ്യക്തികളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്‌ എന്നാണ്‌ അത്‌ സമർഥിക്കാൻ ശ്രമിക്കുന്നത്‌.

ചില ജ്യോതിഷക്കാർ ഭാവിയെ സംബന്ധിച്ച മുന്നറിയിപ്പുകൾക്കും സൂചനകൾക്കും വേണ്ടിയാണ്‌ ആകാശഗോളങ്ങളിലേക്കു നോക്കുന്നത്‌. മറ്റു ചിലരാകട്ടെ, ഒരുവന്റെ ‘തലയിലെഴുത്ത്‌’ കണ്ടെത്താനും ചില കാര്യങ്ങളിൽ ഏർപ്പെടാനോ ചില ഉദ്യമങ്ങൾക്കു തുടക്കമിടാനോ പറ്റിയ ഏറ്റവും നല്ല സമയം തീരുമാനിക്കാനും ജ്യോതിഷം സഹായിക്കുന്നുവെന്ന പക്ഷക്കാരാണ്‌. പ്രധാനപ്പെട്ട ജ്യോതിർഗോളങ്ങളുടെ നില മനസ്സിലാക്കുന്നതിലൂടെയും പരസ്‌പരവും അതുപോലെ ഭൂമിയോടുള്ള ബന്ധത്തിലും അവ ചെലുത്തുന്ന പ്രഭാവം നിർണയിക്കുന്നതിലൂടെയും അത്തരം വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ്‌ അവർ പറയുന്നത്‌. ഒരുവന്റെ ജനനസമയത്ത്‌ ഈ ഗോളങ്ങൾ എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അയാളുടെ ജീവിതത്തിൽ അവയ്‌ക്കുള്ള സ്വാധീനം എന്ന്‌ കരുതപ്പെടുന്നു.

പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുടെ സ്വന്തം ഭ്രമണപഥത്തിൽ ഭൂമിയെ വലംവെക്കുന്നുവെന്നും പണ്ടുള്ള ജ്യോതിഷക്കാർ വിശ്വസിച്ചിരുന്നു. നക്ഷത്രങ്ങളുടെയും താരാഗണങ്ങളുടെയും ഇടയിലൂടെ സൂര്യൻ ഒരു നിശ്ചിത പഥത്തിൽ സഞ്ചരിക്കുകയും ഒരു വർഷംകൊണ്ട്‌ ആ സഞ്ചാരം പൂർത്തിയാക്കുകയും ചെയ്യുന്നതായും അവർ കരുതിയിരുന്നു. സൂര്യന്റെ ഈ സഞ്ചാരപഥത്തെ ക്രാന്തിവൃത്തം (ecliptic) എന്നാണ്‌ വിളിക്കുന്നത്‌; അത്‌ 12 സമഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും അതാതു ഭാഗത്തെ താരാഗണത്തിന്റെ പേരാണ്‌ നൽകിയിരിക്കുന്നത്‌. അതിനെ ആധാരമാക്കിയാണ്‌ രാശിചക്രത്തിലെ 12 ചിഹ്നങ്ങൾ. ഓരോ രാശിയും ഒരു പ്രത്യേക ദേവന്റെ വാസസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കാലക്രമത്തിൽ സൂര്യൻ ഭൂമിയെ വലംവെക്കുന്നില്ല, മറിച്ച്‌ ഭൂമിയാണ്‌ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നതെന്ന്‌ ശാസ്‌ത്രജ്ഞർ കണ്ടെത്തി. ഈ കണ്ടെത്തലോടെ ഒരു ശാസ്‌ത്രശാഖ എന്ന സ്ഥാനം ജ്യോതിഷത്തിനു നഷ്ടമായി.

മെസൊപ്പൊട്ടേമിയയിൽ ജന്മംകൊണ്ട ജ്യോതിഷം ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും വിവിധ രൂപങ്ങളിൽ ഏതാണ്ട്‌ എല്ലാ പ്രമുഖ സംസ്‌കാരങ്ങളിലും സ്ഥാനംപിടിക്കുകയും ചെയ്‌തു. പേർഷ്യക്കാർ ബാബിലോൺ കീഴടക്കിയതിനെ തുടർന്ന്‌ ജ്യോതിഷം ഈജിപ്‌റ്റ്‌, ഗ്രീസ്‌, ഇന്ത്യ എന്നിവിടങ്ങളിലേക്ക്‌ വ്യാപിച്ചു. ഇന്ത്യയിൽനിന്ന്‌ ബുദ്ധസന്യാസിമാർ അത്‌ മധ്യേഷ്യ, ചൈന, ടിബറ്റ്‌, ജപ്പാൻ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിൽ എത്തിച്ചു. മായൻ സംസ്‌കാരത്തിലേക്ക്‌ ജ്യോതിഷം കടന്നുവന്നത്‌ എങ്ങനെയെന്ന്‌ നിശ്ചയമില്ലെങ്കിലും ബാബിലോണ്യരെപ്പോലെതന്നെ അവരും ജ്യോതിഷത്തിന്‌ വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു. ജ്യോതിഷത്തിന്റെ ‘ആധുനിക’രൂപം സാധ്യതയനുസരിച്ച്‌ യവനസ്വാധീനമുള്ള ഈജിപ്‌റ്റിൽ ആയിരിക്കണം വികാസംകൊണ്ടത്‌. അതാകട്ടെ യഹൂദ, ഇസ്ലാമിക, ക്രൈസ്‌തവ മതവിഭാഗങ്ങളെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്‌തു.

ഇസ്രായേൽ ജനത ബി.സി. ഏഴാം നൂറ്റാണ്ടിൽ ബാബിലോണിൽ പ്രവാസികളായി പോകുന്നതിനു മുമ്പുതന്നെ ജ്യോതിഷത്തിന്റെ സ്വാധീനം അവർക്കിടയിൽ ദൃശ്യമായിരുന്നു. വിശ്വസ്‌ത രാജാവായ യോശീയാവ്‌ “സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെ” ജനത്തിന്റെ ഇടയിൽനിന്ന്‌ നീക്കിക്കളഞ്ഞതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌.—2 രാജാക്കന്മാർ 23:5.

ജ്യോതിഷത്തിനു പിന്നിൽ

പ്രപഞ്ചത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും സംബന്ധിച്ച അബദ്ധധാരണകളിൽ അധിഷ്‌ഠിതമാണ്‌ ജ്യോതിഷം. അതുകൊണ്ടുതന്നെ അതു ദൈവത്തിൽനിന്നുള്ളതായിരിക്കാനാവില്ല. അതിന്റെ അടിസ്ഥാന ആശയങ്ങൾ അസത്യത്തിൽ വേരൂന്നിയതായതുകൊണ്ട്‌ അതിന്‌ ഭാവിയെ സംബന്ധിച്ച്‌ ആശ്രയയോഗ്യമായ വിവരങ്ങൾ നൽകാനും കഴിയില്ല. രണ്ടു ചരിത്ര സംഭവങ്ങൾ പരിശോധിക്കുന്നതിലൂടെ നമുക്ക്‌ അത്‌ വ്യക്തമായി മനസ്സിലാക്കാനാകും.

ബാബിലോണ്യ രാജാവായ നെബൂഖദ്‌നേസരിന്റെ ഭരണകാലത്ത്‌ പുരോഹിതന്മാർക്കും ജ്യോത്സ്യന്മാർക്കും അദ്ദേഹം കണ്ട ഒരു സ്വപ്‌നം വ്യാഖ്യാനിച്ചുകൊടുക്കാനായില്ല. അതിന്റെ കാരണം സത്യദൈവമായ യഹോവയുടെ പ്രവാചകനായ ദാനീയേൽ വെളിപ്പെടുത്തി: “രാജാവു ചോദിച്ച ഗുപ്‌തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്‌നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു.” (ദാനീയേൽ 2:27, 28) ദാനീയേലാകട്ടെ സ്വപ്‌നത്തിന്റെ അർഥം മനസ്സിലാക്കുന്നതിന്‌ സൂര്യനിലോ ചന്ദ്രനിലോ നക്ഷത്രങ്ങളിലോ ആശ്രയിക്കാതെ “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന” യഹോവയാം ദൈവത്തിൽ ആശ്രയിച്ചു. ആ ദൈവമാണ്‌ സ്വപ്‌നത്തിന്റെ അർഥം വെളിപ്പെടുത്തിക്കൊടുത്തത്‌.—ദാനീയേൽ 2:36-45.

മായൻ സംസ്‌കാരത്തെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ അവരുടെ അങ്ങേയറ്റം കൃത്യതയോടെയുള്ള ജ്യോതിശ്ശാസ്‌ത്ര ഗണനക്രിയകൾക്ക്‌ സാധിച്ചില്ല; എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ അത്‌ തകർന്നടിഞ്ഞു. ഈ സംഭവങ്ങൾ, ഭാവി കൃത്യമായി പ്രവചിക്കാൻ കഴിയാത്ത ജ്യോതിഷം വെറുമൊരു തട്ടിപ്പാണെന്നു കാണിക്കുക മാത്രമല്ല അതിന്റെ ഗൂഢോദ്ദേശ്യം മറനീക്കി കാണിക്കുകയും ചെയ്യുന്നു; ഭാവി സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങൾ അറിയാൻ ദൈവത്തിലേക്കു തിരിയുന്നതിൽനിന്ന്‌ ആളുകളെ തടയുകയാണ്‌ അതിന്റെ യഥാർഥ ഉദ്ദേശ്യം.

ജ്യോതിഷം അസത്യത്തിൽ വേരൂന്നിയതാണെന്ന വസ്‌തുത അതിന്റെ ഉറവിടത്തെ തിരിച്ചറിയാനും നമ്മെ സഹായിക്കുന്നു. യേശു പിശാചിനെക്കുറിച്ച്‌ പറഞ്ഞു: “അവനിൽ സത്യം ഇല്ലായ്‌കയാൽ അവൻ സത്യത്തിൽ നിലനിന്നില്ല. ഭോഷ്‌ക്‌ പറയുമ്പോൾ അവൻ സ്വന്തം സ്വഭാവമനുസരിച്ചത്രേ സംസാരിക്കുന്നത്‌; എന്തെന്നാൽ അവൻ ഭോഷ്‌കാളിയും ഭോഷ്‌കിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44) സാത്താൻ “വെളിച്ചദൂതനായി” വേഷംധരിക്കുന്നുവെന്നും ഭൂതങ്ങൾ “നീതിയുടെ ശുശ്രൂഷകരാ”യി ഭാവിക്കുന്നുവെന്നും ബൈബിൾ പറയുന്നു. ആളുകളെ കെണിയിൽ വീഴിക്കാനായി വല വിരിച്ചിരിക്കുന്ന വഞ്ചകരാണ്‌ അവർ. (2 കൊരിന്ത്യർ 11:14, 15) ‘വീര്യപ്രവൃത്തികളും വ്യാജമായ അടയാളങ്ങളും അത്ഭുതങ്ങളും’ മറ്റും ‘സാത്താന്റെ പ്രവൃത്തി’കളായി ബൈബിൾ തിരിച്ചറിയിക്കുന്നു.—2 തെസ്സലോനിക്യർ 2:9.

അത്‌ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

ജ്യോതിഷം വ്യാജത്തിൽ അധിഷ്‌ഠിതമായതിനാൽ സത്യത്തിന്റെ ദൈവമായ യഹോവയ്‌ക്ക്‌ അതു വെറുപ്പാണ്‌. (സങ്കീർത്തനം 31:5) അക്കാരണത്താൽത്തന്നെ ബൈബിൾ അതിനെ കുറ്റംവിധിക്കുകയും അതുമായി യാതൊരു സമ്പർക്കവും പാടില്ലെന്ന്‌ നിഷ്‌കർഷിക്കുകയും ചെയ്യുന്നു. ആവർത്തനപുസ്‌തകം 18:10-12 ഇങ്ങനെ പറയുന്നു: “പ്രശ്‌നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്‌ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.”

ജ്യോതിഷത്തിന്റെ പിന്നിലുള്ള ശക്തി സാത്താനും അവന്റെ ഭൂതങ്ങളും ആയിരിക്കുന്നതിനാൽ അതുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരുന്നത്‌ ഒരുവനെ അവരുടെ സ്വാധീനത്തിൻകീഴിലാക്കും. വെറുതെ മയക്കുമരുന്ന്‌ പരീക്ഷിച്ചു നോക്കുന്നതുപോലും ഒരുവനെ മയക്കുമരുന്ന്‌ കച്ചവടക്കാരുടെ സ്വാധീനത്തിലാക്കും. അതുപോലെതന്നെയാണ്‌ ജ്യോതിഷത്തിന്റെ കാര്യവും. അത്‌ ഒരുവനെ ഏറ്റവും വലിയ വഞ്ചകനായ സാത്താന്റെ നിയന്ത്രണത്തിലാക്കും. അതുകൊണ്ട്‌ ദൈവത്തെയും സത്യത്തെയും സ്‌നേഹിക്കുന്നവർ ജ്യോതിഷം പൂർണമായി ഒഴിവാക്കണം. അതോടൊപ്പം, “തിന്മ ദ്വേഷിച്ചു നന്മ ഇച്ഛി”ക്കുക എന്ന ബൈബിൾ ബുദ്ധിയുപദേശത്തിന്‌ അവർ ചെവികൊടുക്കുകയും വേണം.—ആമോസ്‌ 5:15.

ജ്യോതിഷം നിലനിന്നുപോകുന്നത്‌ ഭാവിയെക്കുറിച്ച്‌ അറിയാനുള്ള ആളുകളുടെ താത്‌പര്യം മൂലമാണ്‌. എന്നാൽ യഥാർഥത്തിൽ ഭാവി അറിയുക സാധ്യമാണോ? ആണെങ്കിൽ എങ്ങനെ? നാളെയോ അടുത്ത മാസമോ അടുത്ത വർഷമോ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന്‌ അറിയാൻ കഴിയില്ലെന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 4:14) എന്നാൽ സമീപ ഭാവിയിൽ മനുഷ്യവർഗത്തിന്‌ എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്നതിനെക്കുറിച്ചുള്ള ഒരു ആകമാന വീക്ഷണം ബൈബിൾ നൽകുന്നുണ്ട്‌. കർതൃപ്രാർഥനയിലൂടെ നാം പ്രാർഥിക്കാറുള്ള ആ രാജ്യം ഉടൻതന്നെ വരുമെന്ന്‌ അതു പറയുന്നു. (ദാനീയേൽ 2:44; മത്തായി 6:9, 10) മനുഷ്യന്റെ കഷ്ടപ്പാടുകൾക്ക്‌ പെട്ടെന്നുതന്നെ ശാശ്വതമായ ഒരു അറുതി വരുമെന്നും അതു വ്യക്തമാക്കുന്നു. (യെശയ്യാവു 65:17; വെളിപാട്‌ 21:4) ഓരോരുത്തരുടെയും ഭാവി എന്താകണമെന്ന്‌ ദൈവം മുൻകൂട്ടി നിർണയിക്കുന്നില്ല. പകരം, തന്നെക്കുറിച്ചും താൻ മനുഷ്യർക്കുവേണ്ടി ചെയ്യാൻ പോകുന്നതിനെക്കുറിച്ചും പഠിക്കാൻ അവൻ എല്ലാവരെയും ക്ഷണിക്കുന്നു. നമുക്കത്‌ എങ്ങനെ അറിയാം? “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നു”മാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു.—1 തിമൊഥെയൊസ്‌ 2:4.

അതിഗംഭീരമായ ആകാശവും അവിടെ കാണുന്ന ഗോളങ്ങളും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ വേണ്ടിയുള്ളതല്ല. അവ യഹോവയുടെ ശക്തിയെയും ദൈവത്ത്വത്തെയും വിളിച്ചോതുന്നു. (റോമർ 1:20) വ്യാജമായ വിശ്വാസങ്ങളെ തള്ളിക്കളയാനും ജീവിതം വിജയപ്രദമാക്കാൻ ആവശ്യമായ ആശ്രയയോഗ്യമായ മാർഗനിർദേശത്തിനായി ദൈവത്തിലേക്കും അവന്റെ വചനമായ ബൈബിളിലേക്കും തിരിയാനും ആ സൃഷ്ടികൾക്കു നമ്മെ പ്രചോദിപ്പിക്കാനാകും. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.

[23-ാം പേജിലെ ആകർഷക വാക്യം]

മായന്മാർ ജ്യോതിഷത്തിന്‌ വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു

[24-ാം പേജിലെ ആകർഷക വാക്യം]

“രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു . . . അറിയിച്ചിരിക്കുന്നു”

[24-ാം പേജിലെ ആകർഷക വാക്യം]

മായൻ സംസ്‌കാരത്തെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ അവരുടെ അങ്ങേയറ്റം കൃത്യതയോടെയുള്ള ജ്യോതിശ്ശാസ്‌ത്ര ഗണനക്രിയകൾക്ക്‌ സാധിച്ചില്ല

[23-ാം പേജിലെ ചിത്രം]

എൽ കാരാക്കോൾ ഒബ്‌സർവേറ്ററി, ചിച്ചൻ ഇറ്റ്‌സ, യൂകോടോൻ, മെക്‌സിക്കോ, എ.ഡി. 750-900

[23-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പേജ്‌ 22, 23, ഇടത്തുനിന്ന്‌ വലത്തോട്ട്‌: നക്ഷത്രങ്ങൾ: NASA, ESA, and A. Nota (STScI); മായൻ കലണ്ടർ: © Lynx/Iconotec com/age fotostock; മായൻ ജ്യോതിശ്ശാസ്‌ത്രജ്ഞൻ: © Albert J. Copley/age fotostock; മായൻ നിരീക്ഷണകേന്ദ്രം: El Caracol (The Great Conch) (photo), Mayan/Chichen Itza, Yucatan, Mexico/Giraudon/The Bridgeman Art Library