വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാപം—യാഥാർഥ്യം എന്ത്‌?

പാപം—യാഥാർഥ്യം എന്ത്‌?

പാപം—യാഥാർഥ്യം എന്ത്‌?

തെർമോമീറ്റർ പൊട്ടിച്ചുകളഞ്ഞതുകൊണ്ട്‌ പനി ഉള്ള ഒരാൾക്ക്‌ അതില്ലെന്നുവരുമോ? ഒരിക്കലുമില്ല. പാപത്തിന്റെ കാര്യവും ഇതുപോലെയാണ്‌. പാപത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം പലരും തള്ളിക്കളയുന്നു എന്ന കാരണത്താൽ പാപം ഇല്ല എന്നുവരുന്നില്ല. ദൈവവചനമായ ബൈബിൾ ഈ വിഷയത്തെക്കുറിച്ച്‌ വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്‌. പാപത്തെക്കുറിച്ച്‌ യഥാർഥത്തിൽ അതെന്താണു പറയുന്നത്‌?

എല്ലാവരും പാപം ചെയ്യുന്നു

ഏതാണ്ട്‌ രണ്ടായിരം വർഷംമുമ്പ്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയത്രേ ഞാൻ പ്രവർത്തിക്കുന്നത്‌.” (റോമർ 7:19) തന്റെ പരിമിതികളെക്കുറിച്ചുള്ള അവന്റെ മനോവിഷമമാണ്‌ ആ വാക്കുകളിൽ നിഴലിക്കുന്നത്‌. സത്യസന്ധമായി പറഞ്ഞാൽ അതുതന്നെയല്ലേ നമ്മുടേയും അവസ്ഥ? പത്തുകൽപ്പനകൾക്കു ചേർച്ചയിലോ മറ്റേതെങ്കിലും ധാർമികനിലവാരങ്ങൾക്കു ചേർച്ചയിലോ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ നാം വീഴ്‌ചവരുത്തുന്നു എന്നതാണ്‌ വാസ്‌തവം. നാം ഒരു നിയമം തെറ്റിക്കുന്നത്‌ മനഃപൂർവം ആയിരിക്കില്ല; പലപ്പോഴും നമ്മുടെ ബലഹീനത നിമിത്തമാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. എന്താണ്‌ ഈ ബലഹീനതയ്‌ക്കു കാരണം? പൗലോസ്‌ വിശദീകരിക്കുന്നു: “ഇച്ഛിക്കാത്തതാണു ഞാൻ ചെയ്യുന്നതെങ്കിലോ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്‌.”—റോമർ 7:20.

പൗലോസിന്റെ കാര്യത്തിലെന്നപോലെതന്നെ, അവകാശപ്പെടുത്തിയ പാപത്തിന്റെയും അപൂർണതയുടെയും ഫലമായ ബലഹീനത നമുക്കെല്ലാമുണ്ട്‌. “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു” എന്ന്‌ പൗലോസ്‌ എഴുതി. എങ്ങനെയാണ്‌ ഈ അവസ്ഥ ഉണ്ടായത്‌? “ഏകമനുഷ്യനിലൂടെ [ആദാമിലൂടെ] പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു” എന്ന്‌ പൗലോസ്‌ വിശദീകരിക്കുന്നു.—റോമർ 3:23; 5:12.

നമ്മുടെ പൂർണത നഷ്ടപ്പെടാനും നാം ദൈവത്തിൽനിന്ന്‌ അന്യപ്പെടാനും ആദ്യമാതാപിതാക്കളുടെ പാപം ഇടയാക്കിയെന്ന കാര്യം പലരും അംഗീകരിക്കുന്നില്ല. എന്നാൽ ബൈബിൾ അതാണ്‌ പഠിപ്പിക്കുന്നത്‌. ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള വിവരണത്തിൽ യേശു വിശ്വസിച്ചിരുന്നു. ആധികാരിക ഉറവിടമെന്ന നിലയിൽ ഉല്‌പത്തി പുസ്‌തകത്തിന്റെ ആദ്യ അധ്യായങ്ങളിൽനിന്ന്‌ ഉദ്ധരിക്കുകവഴി അവൻ അതാണ്‌ വ്യക്തമാക്കിയത്‌.—ഉല്‌പത്തി 1:27; 2:24; 5:2; മത്തായി 19:1-5.

ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ ഒന്നാണ്‌, യേശുവിൽ വിശ്വാസമർപ്പിക്കുന്നവരെ പാപാവസ്ഥയിൽനിന്ന്‌ വിടുവിക്കുന്നതിനുവേണ്ടി അവൻ ഭൂമിയിലേക്കു വന്നു എന്നത്‌. (യോഹന്നാൻ 3:16) നമ്മുടെ ഭാവി പ്രത്യാശ, മനുഷ്യവർഗത്തെ രക്ഷിക്കുന്നതിനായി യഹോവ ചെയ്‌തിരിക്കുന്ന ഈ കരുതൽ പ്രയോജനപ്പെടുത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ദൈവദൃഷ്ടിയിൽ പാപം എന്താണ്‌ എന്നതിനെക്കുറിച്ച്‌ വ്യക്തമായ ഒരു ഗ്രാഹ്യം ഇല്ലെങ്കിൽ, അതിൽനിന്ന്‌ നമ്മെ രക്ഷിക്കുന്നതിനായി യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണം പൂർണമായി മനസ്സിലാക്കാനും അത്‌ വിലമതിക്കാനും നമുക്ക്‌ കഴിയാതെ വരും.

യേശുവിന്റെ യാഗം—അതിന്റെ പ്രാധാന്യം

ആദ്യ മനുഷ്യനായ ആദാമിന്‌ യഹോവ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണ്‌ നൽകിയത്‌. ദൈവത്തിനെതിരെയുള്ള മത്സരമെന്ന ഒരേയൊരു കാരണത്താൽ മാത്രമേ അവന്‌ ആ പ്രത്യാശ നഷ്ടപ്പെടുമായിരുന്നുള്ളൂ. ആദാം മത്സരിക്കുകതന്നെ ചെയ്‌തു; അങ്ങനെ അവൻ ഒരു പാപിയായിത്തീർന്നു. (ഉല്‌പത്തി 2:15-17; 3:6) ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ച ആദാമിനു പൂർണത നഷ്ടപ്പെട്ടു. ദൈവവുമായുള്ള അവന്റെ ബന്ധത്തിനു വിള്ളൽവീണു. ദിവ്യനിയമം ലംഘിച്ചുകൊണ്ട്‌ പാപം ചെയ്‌തതോടെ അവൻ മരിക്കാൻ തുടങ്ങി. തുടർന്ന്‌ നാം ഉൾപ്പെടെയുള്ള ആദാമിന്റെ സന്തതികൾ എല്ലാവരും പാപത്തിൽ ജനിക്കുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്‌തു. അത്‌ എന്തുകൊണ്ടാണ്‌?

കാരണം വളരെ ലളിതമാണ്‌. അപൂർണ മാതാപിതാക്കൾക്ക്‌ പൂർണരായ മക്കളെ ജനിപ്പിക്കാനാവില്ല. അതുകൊണ്ട്‌ ആദാമിന്റെ സന്തതികളെല്ലാവരും ജന്മനാ പാപികളാണ്‌. “പാപത്തിന്റെ ശമ്പളം മരണം” ആണെന്നും പൗലോസ്‌ അപ്പൊസ്‌തലൻ പറയുന്നു. (റോമർ 6:23) എന്നാൽ ആ വാക്യത്തിന്റെ തുടർന്നുള്ള ഭാഗം നമുക്ക്‌ പ്രത്യാശ നൽകുന്നതാണ്‌. “ദൈവത്തിന്റെ ദാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിനാലുള്ള നിത്യജീവനും” എന്ന്‌ അതു പറയുന്നു. യേശുവിന്റെ ബലിമരണം മുഖാന്തരം, അനുസരണവും വിലമതിപ്പും ഉള്ള മനുഷ്യർക്ക്‌ ആദാമ്യ പാപത്തിന്റെ ഫലങ്ങളിൽനിന്നു മുക്തരാകാൻ സാധിക്കും എന്നാണ്‌ അതിന്റെ അർഥം. * (മത്തായി 20:28; 1 പത്രോസ്‌ 1:18, 19) യേശുവിന്റെ ബലിമരണം നമ്മെ എങ്ങനെ സ്വാധീനിക്കണം?

ക്രിസ്‌തുവിന്റെ സ്‌നേഹം “ഞങ്ങളെ നിർബന്ധിക്കുന്നു”

മേൽപ്പറഞ്ഞ ചോദ്യത്തിനുള്ള ദൈവത്തിന്റെ ഉത്തരം അപ്പൊസ്‌തലനായ പൗലോസ്‌ നിശ്വസ്‌തതയിൽ രേഖപ്പെടുത്തി: “ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എന്തെന്നാൽ ആ ഒരുവൻ എല്ലാവർക്കുംവേണ്ടി മരിച്ചുവെന്നു ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നു. . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കുവേണ്ടി മരിച്ച്‌ ഉയിർപ്പിക്കപ്പെട്ടവനായിട്ടുതന്നെ ജീവിക്കേണ്ടതിന്‌ അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു.” (2 കൊരിന്ത്യർ 5:14, 15) യേശുവിന്റെ യാഗത്തിന്‌ പാപത്തിന്റെ ഫലങ്ങളിൽനിന്ന്‌ തന്നെ രക്ഷിക്കാനാകുമെന്ന്‌ തിരിച്ചറിയുകയും ആ കരുതലിനായി നന്ദി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾ എന്താണ്‌ ചെയ്യേണ്ടത്‌? തന്നെക്കുറിച്ചുള്ള ദൈവേഷ്ടത്തിനു ചേർച്ചയിൽ അയാൾ ജീവിതം നയിക്കേണ്ടതുണ്ട്‌. ദൈവം തന്നിൽനിന്ന്‌ ആവശ്യപ്പെടുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതും ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതും അതിനനുസൃതമായി ജീവിതം നയിക്കുന്നതും അതിൽ ഉൾപ്പെടുന്നു.—യോഹന്നാൻ 17:3, 17.

പാപം യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധം നശിപ്പിക്കും. ബത്ത്‌-ശേബയുമായുള്ള വ്യഭിചാരം, അവളുടെ ഭർത്താവിന്റെ കൊലപാതകം എന്നിങ്ങനെ താൻ ചെയ്‌ത തെറ്റുകളുടെ ഗൗരവം തിരിച്ചറിഞ്ഞപ്പോൾ ദാവീദിന്‌ അങ്ങേയറ്റം നാണക്കേടു തോന്നി എന്നതിനു സംശയമില്ല. എന്നാൽ അവനെ ഏറ്റവുമധികം വിഷമിപ്പിച്ചത്‌ താൻ ദൈവത്തിന്‌ എതിരെ പാപം ചെയ്‌തല്ലോ എന്ന ചിന്തയാണ്‌. അവന്റെ ആ ചിന്ത ശരിയായിരുന്നുതാനും. കുറ്റബോധത്തോടെ അവൻ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “നിന്നോടു തന്നേ ഞാൻ പാപം ചെയ്‌തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്‌തിരിക്കുന്നു.” (സങ്കീർത്തനം 51:4) അതുപോലെ വ്യഭിചാരത്തിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടായപ്പോൾ യോസേഫ്‌ മനസ്സാക്ഷിയുടെ പ്രേരണയാൽ പിൻവരുന്ന ചോദ്യം ചോദിച്ചു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”?—ഉല്‌പത്തി 39:9.

കുറ്റംചെയ്‌ത്‌ പിടിക്കപ്പെടുമ്പോൾ നാണക്കേട്‌ ഉണ്ടാകും എന്നതും ആദർശം വിട്ട്‌ പെരുമാറുമ്പോൾ സമൂഹത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും എന്നതും ശരിയാണെങ്കിലും പാപത്തിൽ അതിലധികം ഉൾപ്പെട്ടിട്ടുണ്ട്‌. ലൈംഗികത, സത്യസന്ധത, ആദരവ്‌, ആരാധന എന്നിവപോലുള്ള കാര്യങ്ങളിൽ ദൈവനിയമം ലംഘിക്കുന്നത്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽവീഴ്‌ത്തും. ഇനി, നാം മനഃപൂർവം പാപത്തിൽ തുടരുന്നെങ്കിലോ? നാം നമ്മെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കിത്തീർക്കുകയായിരിക്കും. നാം സഗൗരവം ചിന്തിക്കേണ്ട ഒരു യാഥാർഥ്യമാണിത്‌.—1 യോഹന്നാൻ 3:4, 8.

പാപത്തെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതി ദൈവികവീക്ഷണത്തിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നേക്കാം. അതിന്റെ ഗൗരവം കുറച്ചു കാണിക്കാനായി അവർ അതിനെ മറ്റു പേരുകളിൽ വിളിച്ചെന്നുംവരാം. പലരുടെയും മനസ്സാക്ഷി തഴമ്പിച്ചു പോയിരിക്കുന്നു അല്ലെങ്കിൽ അതിന്റെ ശബ്ദത്തിന്‌ അവർ ചെവികൊടുക്കാതായിരിക്കുന്നു. ദൈവപ്രീതി ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും പാപത്തെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്‌. നാം കണ്ടുകഴിഞ്ഞതുപോലെ പാപത്തിന്റെ ശമ്പളം കേവലം അഭിമാനക്ഷതമോ നാണക്കേടോ ഒന്നുമല്ല, മരണമാണ്‌.

നമ്മുടെ പാപങ്ങളെക്കുറിച്ച്‌ നാം ആത്മാർഥമായി അനുതപിക്കുകയും അവ ഉപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ യേശുവിന്റെ യാഗത്തിന്റെ മോചനമൂല്യത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക്‌ ക്ഷമ ലഭിക്കും എന്നുള്ളതാണ്‌ സന്തോഷകരമായ സംഗതി. “അധർമം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ” എന്ന്‌ പൗലോസ്‌ എഴുതി. അതെ, “യഹോവ പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ” ആണ്‌.—റോമർ 4:7, 8.

[അടിക്കുറിപ്പ്‌]

^ ഖ. 10 യേശുവിന്റെ ബലിമരണം മുഖാന്തരം അനുസരണമുള്ള മനുഷ്യവർഗത്തിനു രക്ഷ ലഭിക്കുന്നത്‌ എങ്ങനെ എന്നതിനെക്കുറിച്ച്‌ കൂടുതലായി മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 47-54 പേജുകൾ കാണുക.

[16-ാം പേജിലെ ചതുരം/ചിത്രം]

മതോപദേശത്തിലെ ചുവടുമാറ്റം

കത്തോലിക്കാ മതവിശ്വാസികളിൽ ഭൂരിപക്ഷത്തിനും ലിംബോയെക്കുറിച്ച്‌—മാമ്മോദീസാ സ്വീകരിക്കുന്നതിനുമുമ്പ്‌ മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കൾ പോകുന്നതായി പറയപ്പെടുന്ന സ്ഥലം—ഒരിക്കലും വ്യക്തമായ ധാരണ ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴാകട്ടെ, ഈ പഠിപ്പിക്കൽ വേദപാഠപ്പുസ്‌തകങ്ങളിൽനിന്നുതന്നെ അപ്രത്യക്ഷമായിരിക്കുന്നു. “മാമ്മോദീസാ സ്വീകരിക്കാതെ മരിച്ചുപോകുന്ന ശിശുക്കൾക്ക്‌ രക്ഷയും നിത്യസൗഭാഗ്യവും ലഭിച്ചേക്കാമെന്ന്‌ പ്രത്യാശിക്കാനുള്ള ദൈവശാസ്‌ത്രപരവും ആചാരപരവുമായ കാരണങ്ങളെക്കുറിച്ചു” പരാമർശിക്കുന്ന ഒരു ലേഖനം പുറത്തിറക്കിക്കൊണ്ട്‌ 2007-ൽ കത്തോലിക്കാസഭ, ഈ പഠിപ്പിക്കലിന്‌ ഔദ്യോഗിക ‘മരണ സർട്ടിഫിക്കറ്റ്‌’ നൽകുകയുണ്ടായി.—അന്താരാഷ്‌ട്ര ദൈവശാസ്‌ത്ര കമ്മീഷൻ.

ലിംബോയെക്കുറിച്ചുള്ള പഠിപ്പിക്കലിലെ ഈ ചുവടുമാറ്റത്തിനു കാരണം എന്തായിരുന്നു? ഫ്രഞ്ച്‌ കോളമെഴുത്തുകാരനായ ഹെൻട്രി റ്റെങ്ക്‌ ലിംബോയെ വിശേഷിപ്പിക്കുന്നത്‌ “സത്യങ്ങൾ വളച്ചൊടിക്കുന്നതിനു പേരുകേട്ട കത്തോലിക്കാസഭ, മധ്യകാലഘട്ടംമുതൽ 20-ാം നൂറ്റാണ്ടുവരെ പരിരക്ഷിച്ചുപോന്നിരുന്നതും കുട്ടികളെ എത്രയും വേഗം മാമ്മോദീസാ മുക്കാൻ മാതാപിതാക്കളുടെമേൽ സമ്മർദംചെലുത്തുന്നതിന്‌ ഉപയോഗിച്ചിരുന്നതും ആയ ഭാരപ്പെടുത്തുന്ന ഒരു പാരമ്പര്യവിശ്വാസം” എന്നാണ്‌. ഇത്തരത്തിൽ ഭാരപ്പെടുത്തുന്ന ഒരു വിശ്വാസത്തിൽനിന്ന്‌ പുറത്തുകടക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. എന്നാൽ സഭയുടെ പഠിപ്പിക്കലിൽ ഉണ്ടായ ഈ മാറ്റം മറ്റുചില ചോദ്യങ്ങളും ഉയർത്തുന്നു?

ഇതൊരു പരമ്പരാഗത വിശ്വാസമോ, തിരുവെഴുത്തധിഷ്‌ഠിത പഠിപ്പിക്കലോ? ചരിത്രം സൂചിപ്പിക്കുന്നതനുസരിച്ച്‌ ശുദ്ധീകരണസ്ഥലത്തോടു ബന്ധപ്പെട്ട്‌ 12-ാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ള ദൈവശാസ്‌ത്ര സംവാദങ്ങളിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ലിംബോയെക്കുറിച്ചുള്ള പഠിപ്പിക്കൽ. മരണത്തെ അതിജീവിക്കുന്ന ഒരു ദേഹി അല്ലെങ്കിൽ ആത്മാവ്‌ ഉണ്ട്‌ എന്നാണല്ലോ കത്തോലിക്കാസഭയുടെ ഉപദേശം. അതുകൊണ്ട്‌ മാമ്മോദീസ മുങ്ങാതെ മരിക്കുന്ന, സ്വർഗത്തിൽ പോകാൻ കഴിയാത്തതും അതേസമയം നരകശിക്ഷ അർഹിക്കാത്തതുമായ, കുട്ടികളുടെ ആത്മാക്കൾക്ക്‌ പോകാൻ ഒരിടം വേണമായിരുന്നു. അങ്ങനെയാണ്‌ ലിംബോ എന്ന ആശയം ഉരുത്തിരിഞ്ഞത്‌.

എന്നാൽ മരണത്തെ അതിജീവിക്കുന്ന ഒരു ദേഹിയോ ആത്മാവോ ഉണ്ടെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം, പാപം ചെയ്യുന്ന മനുഷ്യദേഹി “മരിക്കും” എന്നാണ്‌ അതു പറയുന്നത്‌. (യെഹെസ്‌കേൽ 18:4) ദേഹി മരിക്കുന്ന സ്ഥിതിക്ക്‌ ലിംബോപോലുള്ള ഒരു സ്ഥലം ഉണ്ടായിരിക്കാനാവില്ല. കൂടാതെ, ബൈബിൾ മരണത്തെ താരതമ്യംചെയ്യുന്നത്‌ ഉറക്കത്തിനു സമാനമായ അബോധാവസ്ഥയോടുമാണ്‌.—സഭാപ്രസംഗി 9:5, 10; യോഹന്നാൻ 11:11-14.

ക്രിസ്‌തീയ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ വിശുദ്ധരായി ദൈവം കണക്കാക്കുന്നുവെന്നാണ്‌ ബൈബിൾ സൂചിപ്പിക്കുന്നത്‌. (1 കൊരിന്ത്യർ 7:14) മാമ്മോദീസാ മുങ്ങിയാൽ മാത്രമേ കുഞ്ഞുങ്ങൾക്കു രക്ഷ ലഭിക്കുമായിരുന്നുള്ളുവെങ്കിൽ ആ പ്രസ്‌താവനയ്‌ക്ക്‌ എന്തു പ്രസക്തിയാണുള്ളത്‌?

ലിംബോയുടെ പഠിപ്പിക്കൽ ദൈവത്തെ അപമാനിക്കുന്ന ഒന്നാണ്‌. കാരണം നീതിയും സ്‌നേഹവും ഉള്ള പിതാവായ ദൈവത്തെ, നിരപരാധികളെ ശിക്ഷിക്കുന്ന ക്രൂരനായ ഒരു വ്യക്തിയായിട്ടാണ്‌ അത്‌ ചിത്രീകരിക്കുന്നത്‌. (ആവർത്തനപുസ്‌തകം 32:4; മത്തായി 5:45; 1 യോഹന്നാൻ 4:8) ഈ കാരണങ്ങൾകൊണ്ടാണ്‌ ആത്മാർഥഹൃദയരായ ക്രിസ്‌ത്യാനികൾ തിരുവെഴുത്തു വിരുദ്ധമായ ഈ പഠിപ്പിക്കൽ അംഗീകരിക്കാത്തത്‌.

[15-ാം പേജിലെ ചിത്രങ്ങൾ]

ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കുന്നത്‌ ദൈവവുമായും മനുഷ്യരുമായും നല്ലൊരു ബന്ധത്തിനു വഴിതെളിക്കും