ഇച്ഛാസ്വാതന്ത്ര്യം നൽകി അവൻ നമ്മെ മാനിച്ചിരിക്കുന്നു
ദൈവത്തോട് അടുത്തുചെല്ലുക
ഇച്ഛാസ്വാതന്ത്ര്യം നൽകി അവൻ നമ്മെ മാനിച്ചിരിക്കുന്നു
കുട്ടികൾക്ക് നല്ല മാതൃക വെക്കേണ്ടവരാണ് മാതാപിതാക്കൾ. സദ്ഗുണങ്ങൾ വളർത്തിയെടുക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും അച്ഛനമ്മമാരുടെ നല്ല മാതൃക കുട്ടികളെ സഹായിക്കും. എന്നാൽ മക്കൾക്ക് നല്ല മാതൃക വെക്കുന്നതിൽ പല മാതാപിതാക്കളും പരാജയപ്പെടുന്നു എന്നതാണ് സങ്കടകരമായ സംഗതി. അത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് നല്ലവരായി വളർന്നുവരാൻ കഴിയുമോ? തീർച്ചയായും. യഹോവയാംദൈവം ഇച്ഛാസ്വാതന്ത്ര്യം നൽകി നമ്മെ ഓരോരുത്തരെയും മാനിച്ചിരിക്കുന്നു. അതുകൊണ്ട് ആഗ്രഹിക്കുന്നെങ്കിൽ എല്ലാവർക്കും ശരിയായ തീരുമാനങ്ങളെടുത്ത് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാകും. ഇതിന് നല്ലൊരു ഉദാഹരണമാണ് ഹിസ്കീയാ രാജാവിന്റേത്. 2 രാജാക്കന്മാർ 18:1-7-ൽ ആ വിവരണം നമുക്കു കാണാം.
“യെഹൂദാരാജാവായ ആഹാസിന്റെ മകൻ” ആയിരുന്നു ഹിസ്കീയാവ്. (1-ാം വാക്യം) ആഹാസ് തന്റെ പ്രജകളെ യഹോവയുടെ സത്യാരാധനയിൽനിന്ന് അകറ്റിക്കളഞ്ഞു. ബാൽ ആരാധകനായിരുന്ന ഈ ദുഷ്ടരാജാവ് നരബലികൾപോലും നടത്തിയിരുന്നു. സ്വന്തപുത്രന്മാരെത്തന്നെ (ഒന്നോ അതിലധികമോ പേരെ) ആഹാസ് കുരുതികൊടുത്തിട്ടുണ്ട്. അവൻ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും “യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ” ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ അവൻ “യഹോവയെ കോപിപ്പിച്ചു.” (2 ദിനവൃത്താന്തം 28:3, 24, 25) അതെ, ഹിസ്കീയാവിന്റെ പിതാവ് അത്ര നീചനായിരുന്നു. എന്നാൽ ഹിസ്കീയാവ് പിതാവിന്റെ അതേ പാത പിന്തുടരാൻ വിധിക്കപ്പെട്ടവനായിരുന്നോ?
ആഹാസിനുശേഷം രാജാവായ ഹിസ്കീയാവ് അത് അങ്ങനെയല്ലെന്നു തെളിയിച്ചു. അവൻ “യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.” (3-ാം വാക്യം) ഹിസ്കീയാവ് യഹോവയിൽ ആശ്രയിച്ചു. “സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (5-ാം വാക്യം) തന്റെ വാഴ്ചയുടെ ആദ്യവർഷംതന്നെ ഈ യുവരാജാവ് സത്യാരാധന പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. അവൻ വിജാതീയ ദൈവങ്ങളുടെ പൂജാഗിരികൾ നീക്കം ചെയ്ത് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. (4-ാം വാക്യം; 2 ദിനവൃത്താന്തം 29:1-3, 27-31) “അവൻ യഹോവയോടു ചേർന്നിരുന്നു . . . യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.”—6, 7 വാക്യങ്ങൾ.
പിതാവിന്റെ മാതൃക പിന്തുടരാതെ നേർവഴിയിൽ ചരിക്കാൻ ഹിസ്കീയാവിനു കഴിഞ്ഞത് എങ്ങനെയാണ്? അവന്റെ അമ്മയായ അബീയാ (അവളെക്കുറിച്ച് കാര്യമായൊന്നും ബൈബിൾ പറയുന്നില്ല) ആയിരിക്കുമോ അവനെ അതിനു സഹായിച്ചത്? അതോ, ഹിസ്കീയാവ് ജനിക്കുന്നതിന് മുമ്പുതന്നെ പ്രവാചകവേല തുടങ്ങിയിരുന്ന യെശയ്യാവിന്റെ നല്ല മാതൃക അവനെ സ്വാധീനിച്ചിട്ടുണ്ടായിരിക്കുമോ? a ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. എന്തുതന്നെയായാലും ഒരു കാര്യം വ്യക്തമാണ്: പിതാവിന്റേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു ജീവിതഗതിയാണ് ഹിസ്കീയാവ് തിരഞ്ഞെടുത്തത്.
മാതാപിതാക്കളുടെ മോശമായ സ്വഭാവരീതികൾ കണ്ടു വളർന്നവർക്ക് ഹിസ്കീയാവിന്റെ ജീവിതം പ്രോത്സാഹനമേകുന്നു. ഭൂതകാലം നമുക്കു മാറ്റിയെടുക്കാനാവില്ല; കഴിഞ്ഞകാലത്തെ വേദനാകരമായ അനുഭവങ്ങൾ തുടച്ചുകളയാനുമാവില്ല. എന്നുവെച്ച് നമുക്ക് ഒരിക്കലും നല്ലൊരു ജീവിതം നയിക്കാനാവില്ലെന്നാണോ? ഇപ്പോൾ നല്ല തീരുമാനങ്ങളെടുത്താൽ സന്തുഷ്ടമായ ഒരു ഭാവി നമുക്കുണ്ടായിരിക്കും. യഹോവയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുമെന്ന ഉറച്ച തീരുമാനമെടുക്കാൻ ഹിസ്കീയാവിനെപ്പോലെ നമുക്കും കഴിയും. അത് ഇപ്പോൾത്തന്നെ നല്ലൊരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കും. ഭാവിയിൽ ദൈവം കൊണ്ടുവരാനിരിക്കുന്ന പുതിയ ലോകത്തിൽ നിത്യം ജീവിക്കാനും നമുക്കാകും. (2 പത്രോസ് 3:13; വെളിപാട് 21:3, 4) ഇച്ഛാസ്വാതന്ത്ര്യം എന്ന മഹത്തായ ദാനം നമുക്കു നൽകിയ സ്നേഹനിധിയായ ദൈവത്തോട് നാം എത്ര നന്ദിയുള്ളവരായിരിക്കണം!
[അടിക്കുറിപ്പ്]
a ഏകദേശം ബി.സി. 778-ൽ തുടങ്ങിയ യെശയ്യാവിന്റെ പ്രവാചകവേല ബി.സി. 732-നുശേഷം എപ്പോഴോ ആണ് അവസാനിക്കുന്നത്. ഹിസ്കീയാവ് വാഴ്ച തുടങ്ങുന്നത് ബി.സി. 745-ലാണ്, അവന് 25 വയസ്സുള്ളപ്പോൾ.