ആത്മരൂപികൾക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?
യേശുവിൽനിന്നു പഠിക്കുക
ആത്മരൂപികൾക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?
ഭൂമിയിൽ വരുന്നതിനുമുമ്പ് യേശു തന്റെ പിതാവിനോടൊപ്പം ആത്മമണ്ഡലത്തിലാണ് ജീവിച്ചിരുന്നത്. (യോഹന്നാൻ 17:5) അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവനു കഴിയും.
ദൂതന്മാർക്ക് മനുഷ്യരുടെ കാര്യത്തിൽ താത്പര്യമുണ്ടോ?
▪ “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാർക്കിടയിൽ സന്തോഷം ഉണ്ടാകും” എന്ന് യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കോസ് 15:10) ദൂതന്മാർക്ക് മനുഷ്യരുടെ കാര്യത്തിൽ അതീവ താത്പര്യമുണ്ടെന്ന് അവന്റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നു.
ദൈവദാസന്മാരുടെ ആത്മീയക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ദൈവം ദൂതന്മാർക്കു നൽകിയിരിക്കുന്നതായി യേശു വെളിപ്പെടുത്തി. അതുകൊണ്ടാണ് മറ്റുള്ളവർക്ക് ഇടർച്ചവരുത്തുന്നതിനെതിരെ മുന്നറിയിപ്പു നൽകവെ യേശു ഇങ്ങനെ പറഞ്ഞത്: “ഈ ചെറിയവരിൽ ഒരുവനെ തുച്ഛീകരിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ; എന്തെന്നാൽ സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.” (മത്തായി 18:10) എന്നാൽ ഓരോ ദൈവദാസന്മാർക്കും ഓരോ കാവൽമാലാഖമാരുണ്ട് എന്നല്ല യേശു പറഞ്ഞതിനർഥം; സ്വർഗത്തിൽ ദൈവത്തെ സേവിക്കുന്ന ദൂതന്മാർക്ക് ക്രിസ്തീയ സഭയിലെ അംഗങ്ങളുടെ കാര്യത്തിൽ അതീവ താത്പര്യമുണ്ട് എന്നാണ്.
പിശാച് ആളുകൾക്ക് ദോഷം ചെയ്യുന്നത് എങ്ങനെ?
▪ ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതിൽനിന്ന് സാത്താൻ ആളുകളെ തടയുമെന്ന് യേശു തന്റെ അനുഗാമികൾക്ക് മുന്നറിയിപ്പു നൽകി: “ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടിട്ട് ഗ്രഹിക്കാതിരിക്കുമ്പോൾ ദുഷ്ടനായവൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു.”—മത്തായി 13:19.
സാത്താൻ മനുഷ്യരെ വഞ്ചിക്കുന്ന ഒരു വിധം ഏതാണെന്ന് വയലിൽ ഗോതമ്പു വിതച്ച മനുഷ്യന്റെ ദൃഷ്ടാന്തത്തിലൂടെ യേശു വ്യക്തമാക്കി. യേശു ആയിരുന്നു വിതക്കാരൻ. ഗോതമ്പ് യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരുന്ന സത്യക്രിസ്ത്യാനികളെ അർഥമാക്കി. ശത്രു വന്ന് “ഗോതമ്പിന്റെ ഇടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു” എന്ന് യേശു പറഞ്ഞു. കള പ്രതിനിധാനം ചെയ്യുന്നത് കള്ളക്രിസ്ത്യാനികളെയാണ്. “അവ വിതച്ച ശത്രു പിശാച്.” (മത്തായി 13:25, 39) കളകൾക്ക് ഗോതമ്പുമായി സാദൃശ്യമുണ്ട്. അതുപോലെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർക്ക് സത്യാരാധകരുടെ പരിവേഷമുണ്ടായിരിക്കാം. വ്യാജ ഉപദേശങ്ങൾ പഠിപ്പിക്കുന്ന മതങ്ങൾ ആളുകളെ വഴിതെറ്റിക്കുകയും ദൈവത്തോട് അനുസരണക്കേടു കാട്ടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യഹോവയുമായി സുഹൃദ്ബന്ധത്തിലാകുന്നതിൽനിന്ന് ആളുകളെ തടയാൻ ഈ വ്യാജമതങ്ങളെ സാത്താൻ ആയുധമാക്കുന്നു.
നമുക്ക് എങ്ങനെ സംരക്ഷണം നേടാം?
▪ “ലോകത്തിന്റെ അധിപതി” എന്നാണ് യേശു സാത്താനെ വിളിച്ചത്. (യോഹന്നാൻ 14:30) സാത്താനിൽനിന്ന് നമുക്ക് എങ്ങനെ സംരക്ഷണം നേടാമെന്ന് ദൈവത്തോടുള്ള പ്രാർഥനയിൽ യേശു വ്യക്തമാക്കി. തന്റെ ശിഷ്യന്മാർക്കുവേണ്ടി യേശു ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ദുഷ്ടനായവൻനിമിത്തം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ നിന്നോട് അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നുവല്ലോ.” (യോഹന്നാൻ 17:15-17) ദൈവവചനത്തിന്റെ പരിജ്ഞാനം സമ്പാദിക്കുന്നത് സാത്താൻ ഭരിക്കുന്ന ഈ ലോകത്തിന്റെ സ്വാധീനങ്ങൾക്ക് വഴിപ്പെട്ടുപോകാതെ നമ്മെ സംരക്ഷിക്കും.
ഇന്ന് ദൂതന്മാർ നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നത് എങ്ങനെ?
▪ യേശു ഇങ്ങനെ പറഞ്ഞു: ‘അങ്ങനെതന്നെ യുഗസമാപ്തിയിൽ സംഭവിക്കും: ദൂതന്മാർ പുറപ്പെട്ട് നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിക്കും.’ (മത്തായി 13:49) “യുഗസമാപ്തി” എന്ന് യേശു വിശേഷിപ്പിച്ച കാലത്താണ് നാം ജീവിക്കുന്നത്. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷത്തോട് ലക്ഷക്കണക്കിന് ആളുകൾ പ്രതികരിക്കുന്നുണ്ട്.—മത്തായി 24:3, 14.
എന്നാൽ ദൈവവചനം പഠിക്കാൻ തുടങ്ങുന്ന എല്ലാ ആളുകൾക്കും ദൈവത്തിന്റെ അംഗീകാരം ലഭിക്കണമെന്നില്ല. യഹോവയുടെ ദാസന്മാർ നിർവഹിക്കുന്ന ഈ വേലയിൽ അവരെ വഴിനയിക്കുന്നത് ദൈവദൂതന്മാരാണ്. ദൈവത്തെ ആത്മാർഥമായി സ്നേഹിക്കുന്നവരെ ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ മനസ്സില്ലാത്തവരിൽനിന്ന് വേർതിരിച്ചുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നവരെക്കുറിച്ച് യേശു പറഞ്ഞു: “നല്ല മണ്ണിലുള്ളതാകട്ടെ, ഉത്തമവും നല്ലതുമായ ഹൃദയത്തോടെ വചനം കേട്ടിട്ട് ഉള്ളിൽ സംഗ്രഹിച്ച് സഹിഷ്ണുതയോടെ ഫലം പുറപ്പെടുവിക്കുന്നതാകുന്നു.”—ലൂക്കോസ് 8:15.
കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 10-ാം അധ്യായം കാണുക.
[24-ാം പേജിലെ ചിത്രം]
ആത്മാർഥതയുള്ളവരെ ക്രിസ്തീയ സഭയിലേക്ക് കൂട്ടിവരുത്തുന്നതിൽ ദൂതന്മാർ ഒരു പങ്കുവഹിക്കുന്നു