ആത്മീയ ആവശ്യം തൃപ്തിപ്പെടുത്തുക
രഹസ്യം 5
ആത്മീയ ആവശ്യം തൃപ്തിപ്പെടുത്തുക
ബൈബിൾ പഠിപ്പിക്കുന്നത് “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ.”—മത്തായി 5:3.
വെല്ലുവിളി ആയിരക്കണക്കിനു മതങ്ങൾ ലോകത്തിലുണ്ട്. അവയിൽ പലതും പരസ്പര വിരുദ്ധങ്ങളായ ആത്മീയ ഉപദേശങ്ങളാണ് നൽകുന്നത്. സത്യമായ ഉപദേശങ്ങൾ പഠിപ്പിക്കുന്നതും ദൈവത്തിന്റെ അംഗീകാരമുള്ളതുമായ മതം ഏതാണെന്ന് എങ്ങനെ കണ്ടുപിടിക്കും? ഭക്തിയും ദൈവവിശ്വാസവുമെല്ലാം യുക്തിരഹിതമാണെന്നാണ് പ്രമുഖരായ ചില ചിന്തകരുടെ വീക്ഷണം. എന്തിന് അത് അപകടകരമാണെന്നു വിശ്വസിക്കുന്നവർപോലുമുണ്ട്. പേരുകേട്ട ഒരു നിരീശ്വരവാദിയുടെ അഭിപ്രായം സംക്ഷേപിച്ചുകൊണ്ട് മക്ലീൻസ് മാസിക എഴുതി: “ശാസ്ത്രത്തിനും നമ്മുടെ ബോധേന്ദ്രിയങ്ങൾക്കും അതീതമായ എന്തോ ഉണ്ടെന്ന ക്രിസ്തീയ സങ്കൽപ്പം . . . ഒരിക്കൽ മാത്രമുള്ള നമ്മുടെ ഈ ജീവിതത്തിന്റെ മൂല്യം ഇടിച്ചുകളയുകയാണ്. ഈ വിശ്വാസം അക്രമങ്ങൾക്കും വഴിവെക്കുന്നു.”
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് ദൈവം ഉണ്ടെന്നുള്ളതിന്റെ തെളിവുകൾ പരിശോധിക്കുക. (റോമർ 1:20; എബ്രായർ 3:4) പിൻവരുന്ന സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക: നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്? മരണാനന്തര ജീവിതം ഉണ്ടോ? ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ട്? ദൈവം എന്നിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് സംതൃപ്ത ജീവിതം നയിക്കാൻ തീർച്ചയായും നിങ്ങളെ സഹായിക്കും.
ഇക്കാര്യത്തിൽ ആര് എന്തു പറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കണമെന്നല്ല അതിനർഥം. ദൈവത്തിന് സ്വീകാര്യമായത് എന്താണെന്നു മനസ്സിലാക്കാൻ നമ്മുടെ ചിന്താപ്രാപ്തി ഉപയോഗിക്കണമെന്ന് ദൈവവചനം പറയുന്നു. (റോമർ 12:1, 2) നിങ്ങളുടെ ശ്രമങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കും. ബൈബിൾ പഠിക്കുകയും അതിൽനിന്നുള്ള ഉപദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്താൽ പ്രശ്നങ്ങൾ ഒഴിവാക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും ജീവിതം കൂടുതൽ സന്തുഷ്ടമാക്കാനും നിങ്ങൾക്കാകും. പൊള്ളയായ ഒരു വാഗ്ദാനമല്ല ഇത്. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം മനസ്സിലാക്കിയതിൽനിന്ന് പ്രയോജനം അനുഭവിച്ച ലക്ഷക്കണക്കിന് ആളുകൾ ലോകമെമ്പാടുമുണ്ട്. a
ബൈബിളിലെ ജ്ഞാനമൊഴികൾ പിൻപറ്റുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിയുമ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ ഭക്തിയുടെ ആഴം വർധിക്കും. താത്പര്യമെങ്കിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്. ബൈബിൾ പഠിക്കുമ്പോൾ അപ്പൊസ്തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത നിങ്ങൾ അനുഭവിച്ചറിയും: “ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു ആദായംതന്നെ.”—1 തിമൊഥെയൊസ് 6:6.
[അടിക്കുറിപ്പ്]
a 2010 ജൂലൈ-സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിന്റെ 28-32 പേജുകളിലെ ജീവിതാനുഭവങ്ങൾ വായിക്കുക.
[8-ാം പേജിലെ ചിത്രം]
ദൈവത്തിന് സ്വീകാര്യമായത് എന്താണെന്നു മനസ്സിലാക്കുക