കുടുംബസന്തുഷ്ടിയുടെ രഹസ്യം
മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യം
അലീഷ a എന്ന കൗമാരക്കാരി: “സെക്സിനെപ്പറ്റി പലതും അറിയണമെന്നുണ്ട്. പക്ഷേ അച്ഛനോടോ അമ്മയോടോ ചോദിക്കാൻ എനിക്കു പേടിയാണ്. ഞാനെന്തെങ്കിലും കുഴപ്പത്തിൽ ചാടിയിട്ടുണ്ടെന്ന് അവർ വിചാരിച്ചാലോ.”
അലീഷയുടെ അമ്മ ആലീസ്: “മോളെ വിളിച്ചിരുത്തി ലൈംഗിക കാര്യങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കണമെന്നുണ്ട്. പക്ഷേ അവളെയൊന്ന് സ്വസ്ഥമായി അടുത്തുകിട്ടിയിട്ടുവേണ്ടേ?”
ലൈംഗികതയുടെ അതിപ്രസരമാണ് എവിടെയും. ടിവിയും സിനിമയും പരസ്യങ്ങളുമൊക്കെ കാണികൾക്കു മുമ്പിൽ ലൈംഗികതയുടെ വലിയൊരു ലോകം തുറന്നുകൊടുക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ, ഈ വിഷയത്തിന് വിലക്കു കൽപ്പിക്കപ്പെട്ടിരിക്കുന്ന ഒരു മണ്ഡലമുണ്ട്: ഭവനം! കാനഡയിലുള്ള മൈക്കിൾ എന്ന കൗമാരക്കാരൻ പറയുന്നു: “സെക്സിനെപ്പറ്റി മാതാപിതാക്കളോടു സംസാരിക്കാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ചമ്മലാണ്. എന്നാൽ കൂട്ടുകാരോട് സംസാരിക്കുമ്പോൾ അങ്ങനെയൊരു പ്രശ്നമില്ല.”
പക്ഷേ, ‘ഇതൊക്കെ എങ്ങനെയാണ് കുട്ടികളുടെ മുഖത്തുനോക്കി പറയുന്നത്’ എന്നായിരിക്കാം മാതാപിതാക്കൾ ചിന്തിക്കുന്നത്. ഹെൽത്ത് എജ്യുക്കേറ്ററായ ഡെബ്രാ ഡബ്ല്യൂ. ഹാഫ്നർ തന്റെ പുസ്തകത്തിൽ (ബിയോണ്ട് ദ ബിഗ് ടോക്ക്) ഇങ്ങനെ പറയുന്നു: “മക്കളെ ലൈംഗികതയെപ്പറ്റി പഠിപ്പിക്കാൻ എന്താണു ചെയ്യുന്നതെന്ന് പല മാതാപിതാക്കളും എന്നോടു പറഞ്ഞിട്ടുണ്ട്. ആ വിഷയങ്ങളെപ്പറ്റി പറയുന്ന ഒരു പുസ്തകം വാങ്ങിക്കൊണ്ടുവന്ന് കുട്ടിയുടെ മുറിയിൽ വെച്ചിട്ടുപോകും. പക്ഷേ അതിലുള്ള വിവരങ്ങൾ ചർച്ചചെയ്യാൻ അവർ മിനക്കെടാറില്ല.” ഹാഫ്നറുടെ അഭിപ്രായത്തിൽ ഇങ്ങനെയുള്ള മാതാപിതാക്കൾ കുട്ടികൾക്കു നൽകുന്ന സന്ദേശം ഇതാണ്: “നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ലൈംഗികകാര്യങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഞങ്ങൾക്കുണ്ട്; പക്ഷേ അതേക്കുറിച്ച് നിങ്ങളോടു സംസാരിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടാണ്.”
എന്നാൽ ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിൽ എന്തു സമീപനമാണ് നിങ്ങൾ സ്വീകരിക്കേണ്ടത്? ലൈംഗികതയെക്കുറിച്ച് നിങ്ങൾ മക്കൾക്ക് പറഞ്ഞുകൊടുക്കണം. അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? മൂന്നു കാരണങ്ങൾ കാണുക:
-
ലൈംഗികതയുടെ മാറിവരുന്ന നിർവചനങ്ങൾ. “ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം എന്ന പഴയ നിർവചനമല്ല ഇപ്പോൾ സെക്സിനുള്ളത്. ഓറൽ സെക്സ്, അനൽ സെക്സ്, സൈബർ സെക്സ്, ഫോണിലൂടെയുള്ള ‘സെക്സ്റ്റിങ്’ ഇതൊക്കെയാണ് ഇന്നത്തെ പുതുമകൾ,” 20 വയസ്സുള്ള ജെയിംസ്.
-
കുട്ടിയുടെ മനസ്സിൽ ലൈംഗികതയെക്കുറിച്ചുള്ള അബദ്ധധാരണകൾ കയറിക്കൂടാൻ ഇടയുണ്ട്. “സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾത്തന്നെ സെക്സിനെക്കുറിച്ച് കുട്ടികൾ കേട്ടുതുടങ്ങും. പക്ഷേ, ഈ വിഷയത്തെക്കുറിച്ച് അവർ അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിവരങ്ങളായിരിക്കില്ല അവർക്കു ലഭിക്കുന്നത്,” ഷീല എന്നു പേരുള്ള ഒരമ്മ പറയുന്നു.
-
സെക്സിനെക്കുറിച്ച് പലതും അറിയണമെന്നുണ്ടെങ്കിലും കുട്ടികൾ മുൻകൈയെടുത്ത് നിങ്ങളോടു ചോദിച്ചെന്നുവരില്ല. “സെക്സിനെപ്പറ്റി അച്ഛനോടും അമ്മയോടും എന്ത് ചോദിക്കണമെന്ന് എനിക്കറിയില്ല,” 15-കാരി അന്ന (ബ്രസീൽ) പറയുന്നു.
എഫെസ്യർ 6:4) അവർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതും അതിൽ ഉൾപ്പെടുന്നു. ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ നിങ്ങൾക്കും മക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുമെന്നത് ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് തികച്ചും ഗുണകരമായിരിക്കും. 14 വയസ്സുള്ള ഡാലിയ പറയുന്നു: “സെക്സിനെക്കുറിച്ച് അച്ഛനമ്മമാരിൽനിന്നുതന്നെ അറിയാനാണ് ഞങ്ങൾക്കിഷ്ടം. അല്ലാതെ ടീച്ചർമാരിൽനിന്നോ ടിവി പ്രോഗ്രാമുകളിൽനിന്നോ അല്ല.” മിക്ക കുട്ടികളുടെയും ആഗ്രഹം ഇതുതന്നെ ആയിരിക്കും. അങ്ങനെയാണെങ്കിൽ, ഈ വിഷയത്തെക്കുറിച്ച് എപ്പോൾ, എങ്ങനെ മക്കളോടു സംസാരിക്കാം?
മക്കൾക്ക് ആവശ്യമായ പ്രബോധനം നൽകാൻ മാതാപിതാക്കളായ നിങ്ങളെയാണ് ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നത്. (പ്രായത്തിനനുസരിച്ച്. . .
സാധാരണഗതിയിൽ വളരെ ചെറുപ്പത്തിൽത്തന്നെ കുട്ടികൾ സെക്സിനെക്കുറിച്ചു കേട്ടുതുടങ്ങും. പരിഭ്രാന്തിക്ക് ഇടയാക്കുന്ന മറ്റൊരു സംഗതിയുമുണ്ട്. നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്നും ദുഷ്ടമനുഷ്യർ ഒന്നിനൊന്ന് വഷളത്തം പ്രവർത്തിക്കുമെന്നും ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1, 13) കാമാന്ധത ബാധിച്ചവർ കുട്ടികളെ ചൂഷണം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ നിത്യേനയെന്നോണം നാം കേൾക്കുന്നു.
ചെറുപ്രായത്തിൽത്തന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതാണ് ഈ ഉത്കണ്ഠകൾക്കുള്ള പരിഹാരം. “ഈ വിഷയം സംസാരിക്കാൻ കുട്ടികൾ കൗമാരത്തിലെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ല. കാരണം, ആ പ്രായത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർക്കു മടിയായിരിക്കും,” ജർമനിയിലുള്ള റെനെറ്റ് എന്ന അമ്മ പറയുന്നു. അതുകൊണ്ട് കുട്ടിയുടെ പ്രായത്തിനു യോജിക്കുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.
സ്കൂളിൽ പോയിത്തുടങ്ങുന്നതിനു മുമ്പ്:
ലൈംഗിക അവയവങ്ങളുടെ യഥാർഥ പേരുകൾതന്നെ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കാം. അതുപോലെ ലൈംഗിക അവയവങ്ങളിൽ തൊടാൻ ആരെയും അനുവദിക്കരുതെന്നും പ്രത്യേകം പറയണം. മെക്സിക്കോയിലുള്ള ജൂലിയ പറയുന്നു: “മൂന്നു വയസ്സുള്ളപ്പോൾത്തന്നെ ഞാൻ മകനെ ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചുതുടങ്ങി. അധ്യാപകർ, ആയമാർ, മുതിർന്ന കുട്ടികൾ എന്നിങ്ങനെ ആരിൽനിന്നും അവന് ഉപദ്രവമുണ്ടാകാം എന്ന ചിന്ത എന്നെ ഭയപ്പെടുത്തി. സ്വയം സംരക്ഷിക്കാൻ അവൻ പഠിക്കേണ്ടിയിരുന്നു.”
ഇങ്ങനെ ചെയ്തു നോക്കൂ: ആരെങ്കിലും ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ തൊടുകയോ തലോടുകയോ ചെയ്താൽ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടിയെ പഠിപ്പിക്കുക. ഉദാഹരണത്തിന് ഇതുപോലെ എന്തെങ്കിലും പറയാൻ കുട്ടിയെ പരിശീലിപ്പിക്കുക: “എന്നെ തൊടരുത്! തൊട്ടാൽ ഞാൻ പറഞ്ഞുകൊടുക്കും!” ഉപദ്രവിക്കാൻ ശ്രമിക്കുന്നയാൾ സമ്മാനങ്ങൾ നൽകി പ്രലോഭിപ്പിക്കുകയോ പറഞ്ഞുകൊടുത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തേക്കാം. എന്നാൽ എന്തുവന്നാലും ഇത്തരം കാര്യങ്ങൾ അച്ഛനോടോ അമ്മയോടോ ഉറപ്പായും പറഞ്ഞിരിക്കണമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. b
പ്രൈമറി-സ്കൂൾ കുട്ടികൾക്ക്:
കുട്ടികൾക്ക് കുറച്ചുകൂടി വിവരങ്ങൾ നൽകാൻ പറ്റിയ സമയമാണിത്. പീറ്റർ എന്ന ഒരു പിതാവ് പറയുന്നു: “ലൈംഗിക കാര്യങ്ങളെക്കുറിച്ച് പറയുന്നതിനുമുമ്പ്, അതിനോടകം കുട്ടിക്ക് എന്തൊക്കെ അറിയാം എന്നും കൂടുതൽ അറിയാൻ താത്പര്യമുണ്ടോ എന്നും മനസ്സിലാക്കണം. കുട്ടിക്കു താത്പര്യമില്ലെങ്കിൽ ഈ വിഷയം ചർച്ചചെയ്യാതിരിക്കുന്നതാണ് നല്ലത്. പതിവായി കുട്ടിയോടൊത്ത് സമയം ചെലവിടുന്നെങ്കിൽ, ഏതെങ്കിലും ഒരവസരത്തിൽ കുട്ടിതന്നെ അതിനെക്കുറിച്ചു ചോദിച്ചുകൊള്ളും.”
ഇങ്ങനെ ചെയ്തു നോക്കൂ: പ്രസ്തുത വിഷയത്തെക്കുറിച്ച് ‘ഒരു നീണ്ട പ്രഭാഷണം’ നടത്തുന്നതിനു പകരം കുറേശ്ശെ വിവരങ്ങൾ പലപ്പോഴായി പറഞ്ഞുകൊടുക്കുക. (ആവർത്തനപുസ്തകം 6:6-9) അങ്ങനെയാകുമ്പോൾ ഒറ്റയിരുപ്പിന് ഒരുപാടു വിവരങ്ങൾ കേട്ട് കുട്ടികൾ അന്ധാളിച്ചുപോകില്ല. മാത്രമല്ല, പ്രായത്തിനു യോജിച്ച അറിവ് അവർക്ക് ഉണ്ടായിരിക്കുകയും ചെയ്യും.
കൗമാരക്കാർക്ക്:
സെക്സിന്റെ ശാരീരികവും വൈകാരികവും സദാചാരപരവുമായ വശങ്ങളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ഉണ്ടായിരിക്കേണ്ട പ്രായമാണിത്. മുമ്പു പരാമർശിച്ച പതിനഞ്ചുകാരി അന്ന പറയുന്നു: “എന്റെ സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും ഒരു രസത്തിന് സെക്സിൽ ഏർപ്പെടാറുണ്ട്. ഒരു ക്രിസ്ത്യാനിയെന്നനിലയിൽ ഈ വിഷയത്തെക്കുറിച്ച് ആവശ്യത്തിനു വിവരങ്ങൾ അറിഞ്ഞിരിക്കണമെന്ന് എനിക്കു തോന്നുന്നു. സെക്സിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ മടിയാണെങ്കിലും ഇതു ഞാൻ മനസ്സിലാക്കിയിരിക്കേണ്ട ഒരു വിഷയംതന്നെയാണ്.” c
ഒരു മുന്നറിയിപ്പ്: തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം നിമിത്തമായിരിക്കാം ചില കൗമാരക്കാർ മാതാപിതാക്കളുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത്. സ്റ്റീഫൻ എന്നു പേരുള്ള ഒരു പിതാവ് ഇതിനോടു യോജിക്കുന്നു. “സെക്സിനെക്കുറിച്ച് സംസാരിക്കാൻ
ഞങ്ങൾ ശ്രമിക്കുമ്പോൾ ഞങ്ങളുടെ മകൻ ഒഴിഞ്ഞുമാറുമായിരുന്നു. പിന്നീടാണ് ഞങ്ങൾക്കു മനസ്സിലായത് ഞങ്ങൾ അവനെ സംശയിക്കുമോ എന്ന പേടിയായിരുന്നു അവന് എന്ന്. അവനെ സംശയിക്കുന്നതുകൊണ്ടല്ല എന്തെങ്കിലും ദുഷ്പ്രേരണകളുണ്ടായാൽ ചെറുത്തുനിൽക്കാൻ അവനെ സഹായിക്കാനാണ് ഇതേപ്പറ്റി സംസാരിക്കുന്നതെന്ന് ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി.”ഇങ്ങനെ ചെയ്തു നോക്കൂ: ലൈംഗിക വിഷയങ്ങൾ സംസാരിക്കുമ്പോൾ കുട്ടിയുടെ വീക്ഷണത്തെക്കുറിച്ച് ചോദിക്കുന്നതിനു പകരം സഹപാഠികളുടെ വീക്ഷണം എന്താണെന്ന് ചോദിക്കുക. വേണമെങ്കിൽ ഇങ്ങനെ ചോദിക്കാം: “ഓറൽ സെക്സിനെ പലരും ലൈംഗികബന്ധത്തിന്റെ ഗണത്തിൽപ്പെടുത്താറില്ല. മോന്റെ/മോളുടെ കൂട്ടുകാരും അങ്ങനെയാണോ കരുതുന്നത്?” ഈ രീതിയിൽ ചോദിച്ചാൽ മനസ്സിലുള്ളത് എന്താണെന്ന് കുട്ടികൾ മടിക്കാതെ വെളിപ്പെടുത്തും.
വിമുഖത തരണംചെയ്യാം
മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരിക്കാം കുട്ടികളോട് സെക്സിനെപ്പറ്റി സംസാരിക്കുന്നത്. പക്ഷേ അത് തീർച്ചയായും ഗുണംചെയ്യും. ഡയാന എന്നു പേരുള്ള ഒരു അമ്മയ്ക്കു പറയാനുള്ളത് കേൾക്കുക: “ആദ്യത്തെ വിമുഖതയൊക്കെ പതിയെ മാറിക്കൊള്ളും. ഉള്ളുതുറന്നുള്ള ഇത്തരം സംസാരം വാസ്തവത്തിൽ കുട്ടിയുമായുള്ള നമ്മുടെ ബന്ധം കരുത്തുറ്റതാക്കും.” നേരത്തെ പരാമർശിച്ച സ്റ്റീഫനും അതുതന്നെയാണ് പറയാനുള്ളത്: “കുടുംബത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നത് ഒരു പതിവാക്കുന്നെങ്കിൽ, ലൈംഗികതപോലുള്ള വിഷയങ്ങൾ സംസാരിക്കാനും മടിതോന്നില്ല.” അദ്ദേഹം തുടരുന്നു: “ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അൽപ്പസ്വൽപ്പം ജാള്യം തോന്നിയെന്നുവരാം. പക്ഷേ ഓർക്കുക! സുദൃഢമായ കുടുംബബന്ധത്തിന്റെ ജീവനാഡിയാണ് തുറന്ന ആശയവിനിമയം.”
a പേരുകൾ മാറ്റിയിട്ടുണ്ട്.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! എന്ന പുസ്തകത്തിലെ 171-ാം പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.
c കൗമാരത്തിലുള്ള കുട്ടിയോട് ലൈംഗിക വിഷയങ്ങൾ ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 1-5, 28, 29, 33 എന്നീ അധ്യായങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കാം.
എന്താണ് നിങ്ങളുടെ ഉത്തരം?
ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളുടെ അഭിപ്രായങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അതു വായിച്ചശേഷം പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക.
“സെക്സിനെക്കുറിച്ചുള്ള ചില ലേഖനങ്ങൾ വായിക്കാൻ തന്നിട്ട് വല്ല സംശയവുമുണ്ടെങ്കിൽ വന്നു ചോദിക്കാൻ പറയും എന്റെ മാതാപിതാക്കൾ. പക്ഷേ ഇക്കാര്യം അവർതന്നെ മുൻകൈയെടുത്ത് എന്നോടു സംസാരിച്ചിരുന്നെങ്കിൽ. . . ”—അന്ന, ബ്രസീൽ.
കുട്ടിക്ക് സെക്സിനെക്കുറിച്ചുള്ള എന്തെങ്കിലും പുസ്തകങ്ങൾ വായിക്കാൻ കൊടുത്താൽ പോരാ എന്നു പറയുന്നത് എന്തുകൊണ്ട്?
“ആളുകൾക്കിടയിലെ പല ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും എനിക്കറിയാം. പക്ഷേ എന്റെ ഡാഡി അങ്ങനെയുള്ള കാര്യങ്ങളൊന്നും കേട്ടിട്ടുപോലുമുണ്ടാവില്ല. ഞാൻ അതേക്കുറിച്ചെങ്ങാനും വല്ല സംശയവും ചോദിച്ചാൽ ഡാഡി ഞെട്ടിപ്പോകും!”—കെൻ, കാനഡ.
ലൈംഗിക കാര്യങ്ങളെക്കുറിച്ച് നിങ്ങളോടു സംസാരിക്കാൻ കുട്ടികൾ മടിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
“സെക്സിനെക്കുറിച്ച് എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഒരുവിധം ധൈര്യം സംഭരിച്ച് ഞാൻ അത് അച്ഛനോടും അമ്മയോടും ചോദിച്ചു. പക്ഷേ ഞാനെന്തോ വലിയ തെറ്റുചെയ്ത മട്ടിലായിരുന്നു അവരുടെ പ്രതികരണം. ‘ഇപ്പോൾ എന്താ ഇങ്ങനെയൊക്കെ ചോദിക്കാൻ? എന്തെങ്കിലും കുഴപ്പത്തിൽ ചെന്നു ചാടിയോ?’ എന്നാണ് അവർ എന്നോടു ചോദിച്ചത്.”—മസാമി, ജപ്പാൻ.
സെക്സിനെക്കുറിച്ച് കുട്ടി ഒരു സംശയം ചോദിക്കുമ്പോഴുള്ള നിങ്ങളുടെ പ്രതികരണം കുട്ടിയുടെ പിന്നീടുള്ള സമീപനത്തെ ബാധിച്ചേക്കാവുന്നത് എങ്ങനെ?
“ഡാഡിയും മമ്മിയും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ. . . എന്റെ പ്രായത്തിൽ അവർക്കും ഇതുപോലെയൊക്കെ തോന്നിയിട്ടുണ്ടെന്നും അവരും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നുമൊക്കെ എന്നോടൊന്നു പറഞ്ഞിരുന്നെങ്കിൽ. . . ”—ലിസെറ്റ്, ഫ്രാൻസ്.
ലൈംഗിക വിഷയങ്ങളെപ്പറ്റി മടികൂടാതെ സംസാരിക്കാൻ കുട്ടിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
“ലൈംഗിക വിഷയങ്ങളിലുള്ള എന്റെ വീക്ഷണം അറിയാൻ അമ്മ ശ്രമിച്ചിട്ടുണ്ട്; അതു പക്ഷേ എന്നെ കുറ്റപ്പെടുത്തുന്നതുപോലെ ആയിരുന്നില്ല. ഇതുതന്നെയാണ് ഓരോ മാതാപിതാക്കളും ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ മാതാപിതാക്കൾ തെറ്റിദ്ധരിക്കുമോ എന്ന പേടി കുട്ടികൾക്ക് ഉണ്ടാകില്ല.”—ഷെറാൾഡ്, ഫ്രാൻസ്.
ലൈംഗിക വിഷയങ്ങളെക്കുറിച്ച് നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ കുട്ടിയോടു സംസാരിക്കുന്നത്? അതിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?