വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തരുത്‌

മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തരുത്‌

രഹസ്യം 2

മറ്റുള്ള​വ​രു​മാ​യി സ്വയം താരത​മ്യ​പ്പെ​ടു​ത്ത​രുത്‌

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ “ഓരോ​രു​ത്ത​നും താന്താന്റെ പ്രവൃത്തി ശോധ​ന​ചെ​യ്യട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ അവനു തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ വകയു​ണ്ടാ​കും.”—ഗലാത്യർ 6:4.

വെല്ലുവിളി മറ്റുള്ള​വ​രു​മാ​യി നമ്മെ തട്ടിച്ചു​നോ​ക്കാ​നുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്‌. ചില​പ്പോൾ നമ്മെക്കാൾ താണ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ ഉള്ളവരു​മാ​യി, മറ്റു ചില​പ്പോൾ നമ്മെക്കാൾ സമ്പന്നരും കഴിവു​ള്ള​വ​രു​മായ ആളുക​ളു​മാ​യി. രണ്ടും ഗുണം ചെയ്യില്ല. കാരണം, ഒരു വ്യക്തി​യു​ടെ യോഗ്യത അളക്കു​ന്നത്‌ സ്വത്തി​ന്റെ​യോ കഴിവു​ക​ളു​ടെ​യോ അടിസ്ഥാ​ന​ത്തി​ലാ​ണെന്ന മിഥ്യാ​ധാ​രണ അതു നമ്മിൽ വളർത്തും. കൂടാതെ അസൂയ​യും മത്സരബു​ദ്ധി​യും നമ്മിൽ ഉടലെ​ടു​ക്കും.—സഭാ​പ്ര​സം​ഗി 4:4.

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ ദൈവം നിങ്ങളെ കാണു​ന്ന​തു​പോ​ലെ സ്വയം വീക്ഷി​ക്കുക. അവന്റെ വീക്ഷണം അനുസ​രി​ച്ചാണ്‌ നിങ്ങൾ നിങ്ങളു​ടെ മൂല്യം അളക്കേ​ണ്ടത്‌. “മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോവയോ a ഹൃദയത്തെ നോക്കു​ന്നു.” (1 ശമൂവേൽ 16:7) മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്‌തു​കൊ​ണ്ടല്ല യഹോവ നിങ്ങളു​ടെ മൂല്യം അളക്കു​ന്നത്‌. പിന്നെ​യോ നിങ്ങളു​ടെ ഹൃദയ​ങ്ങളെ വായി​ക്കു​ക​യും ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിരൂ​പ​ണ​ങ്ങ​ളെ​യും പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌. (എബ്രായർ 4:12, 13) യഹോവ നിങ്ങളു​ടെ പരിമി​തി​കൾ മനസ്സി​ലാ​ക്കു​ന്നു; നിങ്ങളും അതു മനസ്സി​ലാ​ക്കി പ്രവർത്തി​ക്ക​ണ​മെ​ന്നാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌. മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്‌ത്‌ സ്വന്തം മൂല്യം അളക്കാൻ ശ്രമി​ച്ചാൽ ഒന്നുകിൽ നാം അഹങ്കാ​രി​ക​ളാ​കും അല്ലെങ്കിൽ അസംതൃപ്‌ത​രാ​കും. അതു​കൊണ്ട്‌ എല്ലാ ഉദ്യമ​ങ്ങ​ളി​ലും മികച്ചു​നിൽക്കാ​നാ​വി​ല്ലെന്ന സത്യം വിനയ​പൂർവം അംഗീ​ക​രി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 11:2.

അങ്ങനെ​യെ​ങ്കിൽ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ മൂല്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌? മീഖാ​പ്ര​വാ​ച​ക​നി​ലൂ​ടെ ദൈവം ഇങ്ങനെ പറഞ്ഞു: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു: ന്യായം പ്രവർത്തി​പ്പാ​നും ദയാതൽപ്പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നത്‌?” (മീഖാ 6:8) ആ ഉപദേശം അനുസ​രി​ക്കു​ന്നെ​ങ്കിൽ ദൈവം നിങ്ങൾക്കാ​യി കരുതും. (1 പത്രോസ്‌ 5:6, 7) സംതൃപ്‌ത​രാ​യി​രി​ക്കാൻ ഇതിൽ കൂടുതൽ എന്തു വേണം?

[അടിക്കു​റിപ്പ്‌]

a “യഹോവ” എന്നത്‌ ബൈബി​ളിൽ കാണുന്ന ദൈവ​നാ​മ​മാണ്‌.

[5-ാം പേജിലെ ചിത്രം]

നമ്മുടെ ഹൃദയ​വി​ചാ​രങ്ങൾ നോക്കി​യാണ്‌ യഹോവ നമ്മുടെ മൂല്യം കണക്കാ​ക്കു​ന്നത്‌