സംതൃപ്ത ജീവിതം സാധ്യമോ?
സംതൃപ്ത ജീവിതം സാധ്യമോ?
“സംതൃപ്തി ദരിദ്രനെ ധനികനാക്കുന്നു; അതൃപ്തി ധനികനെ ദരിദ്രനാക്കുന്നു.” —ബെഞ്ചമിൻ ഫ്രാങ്ക്ളിൻ.
സംതൃപ്തി വിലകൊടുത്തു വാങ്ങാവുന്ന ഒന്നല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. പണമുണ്ടാക്കാനും നേട്ടങ്ങൾ വെട്ടിപ്പിടിക്കാനും നെട്ടോട്ടമോടുന്ന, അയൽക്കാരന്റെ അഭിവൃദ്ധിയിൽ അസൂയപ്പെടുന്ന ഒരു സമൂഹത്തിൽ, സംതൃപ്ത ജീവിതം അസാധ്യമാണെന്നു തോന്നിയാൽ അതിശയിക്കാനില്ല. പിൻവരുന്ന കാര്യങ്ങളിൽ ഏതെങ്കിലും നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ?
• ‘ഇതുകൂടി വാങ്ങൂ, ജീവിതം ധന്യമാക്കൂ’ എന്നു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പരസ്യക്കമ്പനികൾ.
• മറ്റുള്ളവരുമായി തട്ടിച്ചുനോക്കി സ്വന്തം മൂല്യം അളക്കാൻ പ്രേരിപ്പിക്കുന്ന, മത്സരബുദ്ധി നിറഞ്ഞുനിൽക്കുന്ന കലാലയ അന്തരീക്ഷം അല്ലെങ്കിൽ തൊഴിൽ രംഗം.
• നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാൻ മനസ്സു കാണിക്കാത്ത ആളുകൾ.
• സ്വന്തം സൗഭാഗ്യങ്ങൾ പ്രദർശിപ്പിച്ച് നിങ്ങളിൽ അസൂയ ജനിപ്പിക്കാൻ ശ്രമിക്കുന്ന കൂട്ടുകാർ.
• ജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സംതൃപ്തിയോടിരിക്കാൻ സാധിക്കുമോ? സാധിക്കുമെന്ന് അപ്പൊസ്തലനായ പൗലോസ് സ്വന്തം അനുഭവത്തിൽനിന്നു പറയുകയുണ്ടായി. സമൃദ്ധിയും ഇല്ലായ്മയും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ആളുകളുടെ ബഹുമാനാദരങ്ങൾക്കും പരിഹാസത്തിനും അദ്ദേഹം പാത്രമായിട്ടുണ്ട്. എന്നാൽ, “ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞു.—ഫിലിപ്പിയർ 4:11, 12.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പഠിച്ചിട്ടില്ലാത്തവർക്ക് സംതൃപ്തരായിരിക്കുക എന്നതിന്റെ അർഥം മനസ്സിലാവില്ല. എന്നാൽ പൗലോസിന്റെ അനുഭവം കാണിക്കുന്നതുപോലെ സംതൃപ്തിയുടെ രഹസ്യം പഠിച്ചെടുക്കാനാകും. ദൈവവചനമായ ബൈബിളിൽനിന്ന് ആ രഹസ്യം മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.