സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
രഹസ്യം 4
സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
ബൈബിൾ പഠിപ്പിക്കുന്നത് “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും.”—സദൃശവാക്യങ്ങൾ 13:20.
വെല്ലുവിളി ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനുള്ള നമ്മുടെ തീരുമാനത്തെ പിന്താങ്ങാനോ നിരുത്സാഹപ്പെടുത്താനോ സുഹൃത്തുക്കൾക്കു കഴിയും. അവരുടെ മനോഭാവവും സംസാരവും ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ ബാധിക്കുമെന്നുള്ളത് തീർച്ചയാണ്.—1 കൊരിന്ത്യർ 15:33.
കനാൻദേശം ഒറ്റുനോക്കാൻ പോയ 12 പുരുഷന്മാരെക്കുറിച്ചുള്ള ബൈബിൾ വിവരണം അതിന് ഉദാഹരണമാണ്. അവരിൽ പത്തുപേരും തങ്ങൾ ഒറ്റുനോക്കിയ ആ ദേശത്തെക്കുറിച്ച് മറ്റ് ഇസ്രായേല്യരോട് വളരെ മോശമായാണ് സംസാരിച്ചത്. (സംഖ്യാപുസ്തകം 13:30–14:9) എന്നാൽ രണ്ടുപേർ അതിനെ, “എത്രയും നല്ല ദേശം” എന്നു വിശേഷിപ്പിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ, മറ്റു പത്തുപേരുടെ അഭിപ്രായമാണ് ആ ജനത്തെ സ്വാധീനിച്ചത്. “സഭയൊക്കെയും ഉറക്കെ നിലവിളിച്ചു. . . . യിസ്രായേൽമക്കൾ എല്ലാവരും . . . പിറുപിറുത്തു” എന്ന് വിവരണം പറയുന്നു.—സംഖ്യാപുസ്തകം 13:30–14:9.
ഇന്നു പലരും അവരെപ്പോലെ “പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ച് ആവലാതി പറയുന്നവരും” ആണ്. (യൂദാ 16) സംതൃപ്തരല്ലാത്ത സുഹൃത്തുക്കളുടെ ഇടയിൽ സംതൃപ്തിയോടെ ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും.
നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സംഭാഷണങ്ങൾ ഒന്ന് ഓർത്തെടുക്കുക. തങ്ങൾക്കുള്ള കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം പറയാറുണ്ടോ? അല്ലെങ്കിൽ തങ്ങൾക്കില്ലാത്തവയെക്കുറിച്ച് എപ്പോഴും പരാതി പറയാറുണ്ടോ? ഇനി, നിങ്ങൾ എങ്ങനെയുള്ള ഒരു സുഹൃത്താണ്? സുഹൃത്തുക്കളിൽ അസൂയ ജനിപ്പിക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? അതോ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനാണോ നിങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നത്?
ശൗൽ രാജാവിന്റെ മകനായിരുന്ന യോനാഥാന്റെയും രാജാവായി അഭിഷേകം ചെയ്യപ്പെടാനിരുന്ന ദാവീദിന്റെയും ദൃഷ്ടാന്തം കാണുക. ദാവീദ് ഒരു നിർജനപ്രദേശത്ത് അഭയാർഥിയായി കഴിയുകയായിരുന്നു. ദാവീദ് തനിക്കൊരു ഭീഷണിയാണെന്നു കണ്ട ശൗൽ അവനെ എങ്ങനെയും വകവരുത്താൻ നിശ്ചയിച്ചു. എന്നാൽ ശൗലിന്റെ മകനായ യോനാഥാൻ ദാവീദിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. സിംഹാസനത്തിന്റെ അടുത്ത അവകാശി താനാണെങ്കിലും ദൈവം ദാവീദിനെയാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നു മനസ്സിലാക്കിയ യോനാഥാൻ നിറഞ്ഞ മനസ്സോടെ സുഹൃത്തിന് എല്ലാ പിന്തുണയും നൽകി.—1 ശമൂവേൽ 19:1, 2; 20:30-33; 23:14-18.
ഇങ്ങനെയുള്ള സുഹൃത്തുക്കളെയാണ് നമുക്ക് ആവശ്യം—തങ്ങൾക്കുള്ള അനുഗ്രഹങ്ങളിൽ സംതൃപ്തരായിരിക്കുകയും നമ്മുടെ ക്ഷേമത്തിൽ ആത്മാർഥ താത്പര്യം കാണിക്കുകയും ചെയ്യുന്നവരെ. (സദൃശവാക്യങ്ങൾ 17:17) അങ്ങനെയുള്ള സുഹൃത്തുക്കളെ കിട്ടണമെങ്കിൽ ആദ്യം നമ്മൾതന്നെ അത്തരം ഗുണങ്ങൾ ഉള്ളവരായിരിക്കണം.—ഫിലിപ്പിയർ 2:3, 4.
[7-ാം പേജിലെ ചിത്രം]
നിങ്ങളുടെ സുഹൃത്തുക്കൾ, തൃപ്തിപ്പെട്ടു ജീവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ പിന്താങ്ങുന്നവരാണോ?