അവൻ യഹോവയോട് കരുണയ്ക്കായി യാചിച്ചു
ദൈവത്തോട് അടുത്തുചെല്ലുക
അവൻ യഹോവയോട് കരുണയ്ക്കായി യാചിച്ചു
ദൈവഭക്തിയുള്ള ഒരു കുടുംബത്തിലാണ് അയാൾ വളർന്നത്. പക്ഷേ, ദൈവികനിലവാരങ്ങളെ പുറന്തള്ളി അയാൾ സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചു. പിന്നീട്, തിരിഞ്ഞുവരാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ദൈവം തന്നോടു ക്ഷമിക്കില്ല എന്നായിരുന്നു അയാളുടെ ചിന്ത. “എനിക്ക് വല്ലാത്ത ആത്മനിന്ദ തോന്നി,” അയാൾ പറയുന്നു. എന്നാൽ ആത്മാർഥമായി പശ്ചാത്തപിച്ച ഈ മനുഷ്യന് മനശ്ശെയെക്കുറിച്ചുള്ള ബൈബിൾ വിവരണം ആശ്വാസം പകർന്നു. 2 ദിനവൃത്താന്തം 33:1-17-ലാണ് ആ വിവരണം ഉള്ളത്. കഴിഞ്ഞകാല പാപങ്ങളെപ്രതി നിങ്ങൾക്ക് എന്നെങ്കിലും ആത്മനിന്ദ തോന്നിയിട്ടുണ്ടോ? എങ്കിൽ മനശ്ശെയുടെ ജീവിതാനുഭവം പരിചിന്തിക്കുന്നത് നിങ്ങൾക്കും ആശ്വാസമേകും.
ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു മനശ്ശെയും വളർന്നത്. അവന്റെ പിതാവായ ഹിസ്കീയാവ് യെഹൂദയിലെ നല്ല രാജാക്കന്മാരിൽ ഒരാളായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ യഹോവ ഹിസ്കീയാവിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുന്നു. അതിനുശേഷം ഏതാണ്ട് മൂന്നുവർഷം കഴിഞ്ഞാണ് മനശ്ശെയുടെ ജനനം. (2 രാജാക്കന്മാർ 20:1-11) തന്റെ ഈ മകനെ ദൈവത്തിന്റെ കാരുണ്യത്താൽ ലഭിച്ച സമ്മാനമായി ഹിസ്കീയാവ് കരുതിയിട്ടുണ്ടാകണം. ദൈവഭക്തനായ ഈ പിതാവ് സത്യാരാധനയോടുള്ള സ്നേഹം മകനിൽ ഉൾനട്ടിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, മനശ്ശെ അതൊന്നും വിലമതിച്ചില്ല, അവൻ സ്വന്ത ഇഷ്ടപ്രകാരം നടന്നു. ദൈവഭക്തരായ മാതാപിതാക്കളുടെ സംരക്ഷണയിൽ വളർന്നിട്ടും ചില മക്കൾ വഴിപിഴച്ചുപോകുന്നുണ്ട് എന്നത് സങ്കടകരമാണ്. മനശ്ശെയും അതുതന്നെയാണ് ചെയ്തത്.
മനശ്ശെക്ക് ഏതാണ്ട് 12 വയസ്സുള്ളപ്പോൾ അവന്റെ പിതാവ് മരിച്ചു. തുടർന്നു രാജ്യാധികാരത്തിൽ വന്ന അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” എന്ന് തിരുവെഴുത്ത് പറയുന്നു. (1, 2 വാക്യങ്ങൾ) സത്യാരാധനയ്ക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഉപദേശകരുടെ സ്വാധീനമായിരുന്നോ ഈ യുവരാജാവിനെ വഴിതെറ്റിച്ചത്? ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ, മ്ലേച്ഛമായ വിഗ്രഹാരാധനയും ഞെട്ടിക്കുന്ന പാതകങ്ങളും ചെയ്തുകൊണ്ട് മനശ്ശെ ഒന്നിനൊന്ന് അധഃപതിച്ചു എന്ന് വിവരണത്തിൽ കാണുന്നു. അവൻ വ്യാജദേവന്മാർക്ക് ബലിപീഠങ്ങൾ പണിതു, അവയ്ക്ക് തന്റെ പുത്രന്മാരെ ബലികഴിച്ചു; ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു. എന്തിന്, യെരുശലേമിലെ യഹോവയുടെ ആലയത്തിൽപ്പോലും അവൻ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. യഹോവ ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തിട്ടും ധിക്കാരിയായ മനശ്ശെ അതൊന്നും വകവെച്ചില്ല. വാസ്തവത്തിൽ, അവൻ ജനിക്കാൻ ഇടയായതുതന്നെ യഹോവയുടെ കാരുണ്യത്താലായിരുന്നു എന്നോർക്കണം.—3-10 വാക്യങ്ങൾ.
മനശ്ശെയുടെ വഴിവിട്ട ചെയ്തികളുടെ പരിണതി എന്തായിരുന്നു? ശത്രുക്കൾ അവനെ ചങ്ങലയാൽ ബന്ധിച്ച് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാൻ യഹോവ അനുവദിച്ചു. അവിടെ പ്രവാസത്തിലായിരിക്കെ മനശ്ശെ താൻ ചെയ്തുകൂട്ടിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനിടയായി. ഒരുപക്ഷേ, താൻ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾക്ക് തന്നെ സംരക്ഷിക്കാനുള്ള ശക്തിയില്ലെന്ന് അവന് അപ്പോൾ മനസ്സിലായിട്ടുണ്ടാകാം. അല്ലെങ്കിൽ, ദൈവഭക്തരായ മാതാപിതാക്കൾ ഉപദേശിച്ചുതന്നിരുന്ന കാര്യങ്ങളെല്ലാം അവന്റെ മനസ്സിലേക്കു വന്നിട്ടുണ്ടാകാം. എന്തായിരുന്നാലും മനശ്ശെക്കു മനഃപരിവർത്തനം ഉണ്ടായി. തുടർന്ന് അവൻ എന്താണ് ചെയ്തത്? വിവരണത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “അവൻ തന്റെ ദൈവമായ കർത്താവിനോടു (യഹോവയോടു) കരുണയ്ക്കുവേണ്ടി യാചിക്കുകയും . . . തന്നെത്തന്നെ അത്യധികം എളിമപ്പെടുത്തുകയും ചെയ്തു. അവൻ ദൈവത്തോടു പ്രാർഥിച്ചു.” (12, 13 വാക്യങ്ങൾ, പി.ഒ.സി. ബൈബിൾ) എന്നാൽ കൊടുംപാപങ്ങൾ ചെയ്ത മനശ്ശെയോട് ക്ഷമിക്കാൻ ദൈവം മനസ്സുകാണിച്ചോ?
മനശ്ശെയുടെ ആത്മാർഥമായ പശ്ചാത്താപം കണ്ട് യഹോവയുടെ മനസ്സലിഞ്ഞു. കരുണയ്ക്കുവേണ്ടിയുള്ള അവന്റെ അപേക്ഷ യഹോവ കൈക്കൊണ്ട് അവനെ ‘വീണ്ടും യെരുശലേമിൽ അവന്റെ രാജത്വത്തിലേക്കു തിരിച്ചു വരുത്തി.’ (13-ാം വാക്യം) പശ്ചാത്താപത്തിനൊത്ത പ്രായശ്ചിത്തവും മനശ്ശെ ചെയ്തു: തന്റെ രാജ്യത്തുനിന്ന് വിഗ്രഹാരാധന തുടച്ചുനീക്കി; ‘യഹോവയെ സേവിക്കാൻ’ അവൻ ജനത്തോടു കൽപ്പിച്ചു.—15-17 വാക്യങ്ങൾ.
കഴിഞ്ഞകാല പാപങ്ങളെപ്രതി ആത്മനിന്ദ തോന്നുന്നെങ്കിൽ, ദൈവം അവ ക്ഷമിച്ചു തരില്ല എന്ന ചിന്തയുണ്ടെങ്കിൽ, മനശ്ശെയുടെ ജീവിതകഥയിൽനിന്ന് ആശ്വാസം കൈക്കൊള്ളുക. ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഭാഗമാണ് ഈ ജീവിതാനുഭവവും. (റോമർ 15:4) താൻ “ക്ഷമിക്കുന്ന”വനാണെന്ന കാര്യം നാം അറിയാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 86:5) പാപമല്ല പാപിയുടെ ഹൃദയനിലയാണ് അവൻ കണക്കിലെടുക്കുന്നത്. പാപം ചെയ്ത ഒരു വ്യക്തി മനശ്ശെയെപ്പോലെ, പശ്ചാത്താപത്തോടെ പ്രാർഥിക്കുകയും തന്റെ തെറ്റായ വഴി ഉപേക്ഷിക്കുകയും ശരിയായതു ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ കരുണ അയാൾക്കു ലഭിക്കും.—യെശയ്യാവു 1:18; 55:6, 7.