ദൈവത്തിൽനിന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?
ദൈവവചനത്തിൽനിന്നു പഠിക്കുക
ദൈവത്തിൽനിന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. ദൈവത്തിൽനിന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?
ദൈവം മനുഷ്യകുടുംബത്തിന് വലിയ അനുഗ്രഹങ്ങൾ നൽകാനിരിക്കുകയാണ്. ആ സദ്വാർത്ത അവൻ ബൈബിളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർഗത്തിൽ വസിക്കുന്ന സ്നേഹനിധിയായ നമ്മുടെ പിതാവിൽനിന്നുള്ള ഒരു കത്താണ് ബൈബിൾ.—യിരെമ്യാവു 29:11 വായിക്കുക.
2. എന്താണ് ആ സദ്വാർത്ത?
മനുഷ്യർക്ക് നല്ല ഒരു ഗവണ്മെന്റ് ആവശ്യമാണ്. അക്രമം, അനീതി, രോഗം, മരണം എന്നിവയിൽനിന്ന് മനുഷ്യന് മോചനം നൽകാൻ ഒരു ഭരണാധികാരിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സകല ദുരിതങ്ങളിൽനിന്നും മനുഷ്യവർഗത്തെ വിടുവിക്കുന്ന ഒരു നല്ല ഗവണ്മെന്റ് കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും; അവൻ അതു ചെയ്യും. ഇത് തീർച്ചയായും ഒരു സദ്വാർത്തയാണ്!—ദാനീയേൽ 2:44 വായിക്കുക.
3. ദൈവത്തിൽനിന്നു പഠിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ലോകത്തിലെ കഷ്ടപ്പാടുകൾക്ക് ഉത്തരവാദികളായ സകലരെയും ദൈവം പെട്ടെന്നുതന്നെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. സൗമ്യശീലരായ ദശലക്ഷക്കണക്കിന് ആളുകളെ, സ്നേഹത്തിൽ അധിഷ്ഠിതമായ നല്ലൊരു ജീവിതം നയിക്കാൻ ദൈവം ഇന്നു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതപ്രശ്നങ്ങൾ എങ്ങനെ തരണംചെയ്യാം, യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം, ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നീ കാര്യങ്ങൾ അവർ ദൈവവചനത്തിൽനിന്നു മനസ്സിലാക്കുന്നു.—സെഫന്യാവു 2:3 വായിക്കുക.
4. ബൈബിളിന്റെ ഗ്രന്ഥകാരൻ ആരാണ്?
66 ചെറുപുസ്തകങ്ങളുടെ ഒരു സമാഹാരമാണ് ബൈബിൾ. 40-ഓളം പുരുഷന്മാർ അതിന്റെ രചനയിൽ പങ്കുവഹിച്ചിട്ടുണ്ട്. ആദ്യത്തെ അഞ്ചുപുസ്തകങ്ങൾ എഴുതിയത് മോശയാണ്, ഏതാണ്ട് 3,500 വർഷംമുമ്പ്. അവസാന പുസ്തകം എഴുതപ്പെട്ടിട്ട് 1,900-ത്തിലധികം വർഷങ്ങളായി. അപ്പൊസ്തലനായ യോഹന്നാനാണ് അത് എഴുതിയത്. ബൈബിളെഴുത്തുകാർ സ്വന്തം ആശയങ്ങളല്ല, ദൈവത്തിന്റെ ചിന്തകളാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് ദൈവമാണ് ബൈബിളിന്റെ ഗ്രന്ഥകാരൻ.—2 തിമൊഥെയൊസ് 3:16-ഉം 2 പത്രോസ് 1:21-ഉം വായിക്കുക.
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ ബൈബിൾ കൃത്യതയോടെ മുൻകൂട്ടിപ്പറഞ്ഞിട്ടുള്ളതുകൊണ്ട് അത് ദൈവത്തിൽനിന്നുള്ളതാണെന്ന് നമുക്കു മനസ്സിലാക്കാം. കാരണം, ഭാവി പ്രവചിക്കാൻ മനുഷ്യർക്കാവില്ല. (യെശയ്യാവു 46:9, 10) ദൈവത്തിന്റെ മഹനീയ ഗുണങ്ങളും ബൈബിൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ആളുകളുടെ ജീവിതത്തിന് നല്ല രീതിയിൽ പരിവർത്തനം വരുത്താനുള്ള ശക്തി ബൈബിളിനുണ്ട്. ബൈബിൾ ദൈവവചനമാണെന്നു വിശ്വസിക്കാനുള്ള ഈടുറ്റ തെളിവായി ദശലക്ഷങ്ങൾ ഈ വസ്തുതകളെ കാണുന്നു.—യോശുവ 23:14-ഉം 1 തെസ്സലോനിക്യർ 2:13-ഉം വായിക്കുക.
5. ബൈബിൾ മനസ്സിലാക്കാൻ എങ്ങനെ കഴിയും?
ദൈവവചനം പഠിപ്പിക്കുന്നതിൽ ഖ്യാതി നേടിയ ആളായിരുന്നു യേശു. യേശുവിന്റെ ശ്രോതാക്കളിൽ പലർക്കും ബൈബിളിലെ വിവരങ്ങൾ അറിയാമായിരുന്നെങ്കിലും അതു നന്നായി മനസ്സിലാക്കാൻ അവർക്കെല്ലാം സഹായം ആവശ്യമായിരുന്നു. അതുകൊണ്ട് യേശു തിരുവെഴുത്തുകളിൽനിന്ന് കൂടെക്കൂടെ ഉദ്ധരിക്കുകയും അവയുടെ അർഥം വ്യാഖ്യാനിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. “ദൈവവചനത്തിൽനിന്നു പഠിക്കുക” എന്ന ഈ പംക്തിയിൽ അതേ രീതിയാണ് പിൻപറ്റിയിരിക്കുന്നത്.—ലൂക്കോസ് 24:27, 45 വായിക്കുക.
ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ദൈവത്തിൽനിന്നു മനസ്സിലാക്കാൻ സാധിക്കുന്നത് എത്ര വലിയ കാര്യമാണ്! നിങ്ങൾ ബൈബിൾ പഠിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നുവരില്ല. പക്ഷേ അതിൽനിന്നു പിന്മാറരുത്. നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമോ എന്നത് നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവു നേടുന്നതിനെ ആശ്രയിച്ചിരിക്കുന്നു.—മത്തായി 5:10-12-ഉം യോഹന്നാൻ 17:3-ഉം വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 2-ാം അധ്യായം കാണുക.