ദൈവത്തോട് അടുത്തുചെല്ലുക
“നീ . . . താത്പര്യപൂർവം കാത്തിരിക്കും”
നമ്മുടെ പ്രിയപ്പെട്ടവർ വേദന സഹിച്ചു മരിക്കുന്നത് കണ്ടുനിൽക്കേണ്ടിവരുക! വല്ലാത്തൊരു അനുഭവമാണത്. ആ വേർപാട് നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തും. സ്രഷ്ടാവായ യഹോവയാം ദൈവത്തിന് നമ്മുടെ വേദന മനസ്സിലാകും എന്നത് എത്ര ആശ്വാസകരമാണ്! അതുമാത്രമല്ല, മരണനിദ്രയിലായിരിക്കുന്നവരെ തന്റെ അതുല്യശക്തി ഉപയോഗിച്ച് ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവയാം ദൈവം കാത്തിരിക്കുകയാണ്. ഇയ്യോബ് 14:13-15 (ഓശാന ബൈബിൾ) വാക്യങ്ങളിൽ പ്രതിഫലിച്ചു കാണുന്ന ആ പ്രത്യാശയെക്കുറിച്ച് നമുക്ക് അൽപ്പം ചിന്തിക്കാം.
ആ വാക്യങ്ങളുടെ പശ്ചാത്തലം ശ്രദ്ധിക്കുക. ധനനഷ്ടം, മക്കളുടെ മരണം, വേദനാകരമായ രോഗം അങ്ങനെ ദുരിതങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നുപോകുകയാണ് വിശ്വസ്ത ദൈവദാസനായ ഇയ്യോബ്. കഠിനമായ വൈകാരിക വ്യഥയിലായ ഇയ്യോബ് ദൈവത്തോട് നിലവിളിക്കുന്നു: “ഹാ, നീ എന്നെ പാതാളത്തിൽ (മുഴുമനുഷ്യവർഗത്തിന്റെയും ശവക്കുഴി) ഒളിപ്പിച്ചിരുന്നെങ്കിൽ!” (13-ാം വാക്യം) ദുരിതങ്ങളിൽനിന്നുള്ള ഒരു മോചനമായിട്ടാണ് ഇയ്യോബ് പാതാളത്തെ കാണുന്നത്. അവിടെ ഒരു നിധി എന്നപോലെ തന്നെ ഒളിപ്പിക്കാനാണ് അവൻ ദൈവത്തോട് അപേക്ഷിക്കുന്നത്. ദുരിതങ്ങളിൽനിന്നും വേദനയിൽനിന്നുമുള്ള മുക്തിക്കായി അവൻ അത്രയേറെ ആഗ്രഹിച്ചു. a
ഇയ്യോബ് എന്നേക്കും പാതാളത്തിൽ കഴിയേണ്ടിവരുമോ? ഇല്ലെന്ന് ഇയ്യോബിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ അവൻ തുടർന്ന് ഇങ്ങനെ അപേക്ഷിക്കുന്നു: ‘ഒരു അവധി നിശ്ചയിച്ച് അന്ന് എന്നെ ഓർമിച്ചിരുന്നെങ്കിൽ!’ എക്കാലവും തനിക്ക് പാതാളത്തിൽ കഴിയേണ്ടിവരില്ലെന്നും യഹോവ തന്നെ ഓർക്കുമെന്നും ഇയ്യോബിന് ഉറപ്പായിരുന്നു. താൻ പാതാളത്തിൽ കഴിയുന്ന കാലയളവിനെ “സേവനകാലം” (പി.ഒ.സി. ബൈബിൾ)—മോചനത്തിനായി നിർബന്ധമായും കാത്തിരിക്കേണ്ട ഒരു കാലഘട്ടം—എന്നാണ് ഇയ്യോബ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ കാത്തിരിപ്പ് എത്രനാൾ തുടരും? ഇയ്യോബിന്റെ വാക്കുകളിൽ പറഞ്ഞാൽ, “മോചനം വന്നെത്തുംവരെ.” (14-ാം വാക്യം) പാതാളത്തിൽനിന്നുള്ള മോചനമാണ് ഇവിടെ ഇയ്യോബ് ഉദ്ദേശിക്കുന്നത്. അതായത് മരണനിദ്രയിൽനിന്നുള്ള മോചനം അഥവാ പുനരുത്ഥാനം.
തന്റെ “മോചനം വന്നെത്തും” എന്ന് ഇയ്യോബിന് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? കാരണം മരണനിദ്രയിലായിരിക്കുന്ന തന്റെ വിശ്വസ്ത ദാസന്മാരെക്കുറിച്ച് നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിന് എത്രമാത്രം ചിന്തയുണ്ടെന്ന് അവന് നന്നായി അറിയാം. അതുകൊണ്ട് അവൻ ദൈവത്തോട് ഇങ്ങനെ പറയുന്നു: “നീ എന്നെ വിളിക്കും; ഞാൻ വിളി കേൾക്കും. നീ നിന്റെ കരവേലകൾക്കായി താത്പര്യപൂർവം കാത്തിരിക്കും.” (15-ാം വാക്യം) താൻ ദൈവത്തിന്റെ കരവേലയാണെന്ന് ഇയ്യോബിന് അറിയാം. ഇയ്യോബിനെ അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാക്കിയ ദൈവത്തിന് അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കാനും കഴിയും.—ഇയ്യോബ് 10:8, 9; 31:15.
ഇയ്യോബിന്റെ വാക്കുകളിൽനിന്ന് യഹോവയുടെ ആർദ്രതയെക്കുറിച്ചുള്ള ഒരു ചിത്രം നമുക്കു ലഭിക്കുന്നു: ഇയ്യോബിനെപ്പോലെ, തങ്ങളെത്തന്നെ തന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നവരോട് യഹോവയ്ക്ക് പ്രത്യേക താത്പര്യമുണ്ട്. അഭികാമ്യരായ വ്യക്തികളായി തങ്ങളെ രൂപപ്പെടുത്താൻ സ്വയം വിട്ടുകൊടുക്കുന്നവരോട് അവനു പ്രിയം തോന്നുന്നു. (യെശയ്യാവു 64:8) അതെ, തന്റെ ഭക്തന്മാർ യഹോവയ്ക്ക് വിലയേറിയവരാണ്. മരിച്ചുപോയ വിശ്വസ്ത ദാസന്മാരെ ഉയിർപ്പിക്കാൻ ‘താത്പര്യപൂർവം കാത്തിരിക്കുകയാണ്’ അവൻ. ‘താത്പര്യപൂർവം കാത്തിരിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം, “അതിയായ വാഞ്ഛയെ ദ്യോതിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ലെന്ന്” ഒരു പണ്ഡിതൻ പറയുന്നു. മരണനിദ്രയിലായിരിക്കുന്ന തന്റെ ദാസന്മാരെ യഹോവ ഓർക്കുന്നുവെന്നു മാത്രമല്ല അവരെ ജീവനിലേക്കു കൊണ്ടുവരാൻ അവൻ അതിയായി വാഞ്ഛിക്കുകയും ചെയ്യുന്നു.
സന്തോഷകരമെന്നു പറയട്ടെ, ഇയ്യോബിന്റെ പുസ്തകത്തിൽത്തന്നെ (ആദ്യം രചിക്കപ്പെട്ട ബൈബിൾ പുസ്തകങ്ങളിൽപ്പെടുന്നു) മരിച്ചവരെ ഉയിർപ്പിക്കുകയെന്ന തന്റെ ഉദ്ദേശ്യം വെളിപ്പെടുത്താൻ യഹോവ തീരുമാനിച്ചു. b മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ വീണ്ടും ഒരുമിക്കുന്നതു കാണാൻ യഹോവ എത്ര ആഗ്രഹിക്കുന്നുണ്ടെന്നോ! വേർപാടിന്റെ വേദന അൽപ്പമെങ്കിലും ശമിപ്പിക്കാൻ പുനഃസമാഗമത്തെക്കുറിച്ചുള്ള ആ പ്രത്യാശയ്ക്കാകും. സ്നേഹനിധിയായ ആ ദൈവത്തെക്കുറിച്ചും അവന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുന്നതു കാണുന്നവരുടെ കൂട്ടത്തിലായിരിക്കാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
a ‘എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ’ എന്ന ഇയ്യോബിന്റെ പ്രസ്താവനയുടെ അർഥം, “വിലപ്പെട്ട ഒരു നിക്ഷേപമെന്നപോലെ എന്നെ സൂക്ഷിക്കേണമേ” എന്നായിരിക്കാമെന്ന് ഒരു പരാമർശ കൃതി പറയുന്നു. “ഒരു നിധിപോലെ എന്നെ മറച്ചുവെക്കേണമേ” എന്നാണ് മറ്റൊരു ഉറവിടം ആ പ്രസ്താവനയെക്കുറിച്ചു പറയുന്നത്.
b മരിച്ചവരെ നീതിയുള്ള ഒരു പുതിയ ലോകത്തിലേക്ക് ഉയിർപ്പിക്കുന്നതു സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ ഏഴാം അധ്യായം കാണുക.