മക്കളെ പഠിപ്പിക്കാൻ
ഒറ്റപ്പെടുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
മറ്റുള്ളവർ കൂട്ടത്തിൽ കൂട്ടാതെ വരുമ്പോഴാണ് ഒറ്റപ്പെട്ടുപോകുന്നതായി ആളുകൾക്കു തോന്നുന്നത്. ഒരു വ്യക്തിയുടെ തൊലിനിറത്തിന്റെ പേരിലോ അയാൾ മറ്റൊരു നാട്ടിൽ ജനിച്ചു എന്നതുകൊണ്ടോ അയാളുടെ സംസാരരീതി വേറെയായതുകൊണ്ടോ ഒക്കെ ആയിരിക്കാം മറ്റുള്ളവർ അയാളെ ഒറ്റപ്പെടുത്തുന്നത്. ആകട്ടെ നിങ്ങൾക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടോ?— a
അങ്ങനെയൊരു അനുഭവമുണ്ടായിട്ടുള്ള ഒരാളെ നമുക്കിപ്പോൾ പരിചയപ്പെടാം. അവന്റെ പേര് മെഫീബോശെത്ത് എന്നാണ്. അവൻ ആരായിരുന്നെന്നും ഒറ്റപ്പെട്ടതുപോലെ അവനു തോന്നിയത് എന്തുകൊണ്ടാണെന്നും നമുക്ക് നോക്കാം. മെഫീബോശെത്തിൽനിന്ന് ഒരുപാടു കാര്യങ്ങൾ നമുക്കു പഠിക്കാനുണ്ട്. എപ്പോഴെങ്കിലും ഒറ്റപ്പെടുന്നതായി തോന്നുകയാണെങ്കിൽ അക്കാര്യങ്ങൾ നിങ്ങൾക്ക് ഓർമിക്കാവുന്നതാണ്.
ദാവീദ് രാജാവിന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന യോനാഥാന്റെ മകനായിരുന്നു മെഫീബോശെത്ത്. ‘എന്റെ മക്കൾക്ക് നന്മ ചെയ്യണം’ എന്ന് യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനുമുമ്പ് യോനാഥാൻ ദാവീദിനോട് പറഞ്ഞിരുന്നു. വർഷങ്ങൾക്കുശേഷം ദാവീദ് യോനാഥാന്റെ ആ വാക്കുകൾ ഓർമിച്ചു. മെഫീബോശെത്ത് അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. ചെറുപ്പത്തിൽ മെഫീബോശെത്തിന് ഒരു അപകടം പറ്റിയിരുന്നു. ആ അപകടത്തിൽ മെഫീബോശെത്തിന്റെ രണ്ടുകാലുകൾക്കും മുടന്തുവന്നു. പിന്നെ ഒരിക്കലും അവന് ശരിക്കു നടക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ടതായി മെഫീബോശെത്തിന് തോന്നിയത് എന്തുകൊണ്ടായിരിക്കാമെന്ന് കാണാൻ കഴിയുന്നുണ്ടോ?—
യോനാഥാന്റെ മകനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ദാവീദ് ആഗ്രഹിച്ചു. അതുകൊണ്ട് ദാവീദ് യെരുശലേമിൽ തന്റെ വീടിനടുത്തായി അവന് താമസമൊരുക്കി. കൂടാതെ ദാവീദിന്റെ മേശയിൽനിന്ന് ദിവസവും ഭക്ഷണം കഴിക്കാനുള്ള പദവിയും അവനു നൽകി. സീബ എന്നൊരാളെയും അവന്റെ മക്കളെയും ദാസന്മാരെയും ദാവീദ് മെഫീബോശെത്തിന് വേലക്കാരായി കൊടുത്തു. അങ്ങനെ ദാവീദ് യോനാഥാന്റെ മകനോട് നന്മ ചെയ്തു. പിന്നീട് എന്തു സംഭവിച്ചെന്ന് അറിയാമോ?—
ദാവീദിന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ദാവീദിന്റെ മക്കളിലൊരാളായ അബ്ശാലോം ദാവീദിനോട് മത്സരിച്ച് അവനു
പകരം രാജാവാകാൻ ശ്രമിച്ചു. ദാവീദിന് തന്റെ ജീവനുംകൊണ്ട് ഓടിപ്പോകേണ്ടിവന്നു. ദാവീദിന്റെ ചില കൂട്ടുകാരും അവനോടൊപ്പം പോയി. രാജാവായിരിക്കാൻ അർഹതയുള്ളത് ദാവീദിനാണെന്ന് അവർക്കറിയാമായിരുന്നു. മെഫീബോശെത്തും അവരോടൊപ്പം പോകാൻ ആഗ്രഹിച്ചെങ്കിലും നടക്കാൻ സാധിക്കാത്തതിനാൽ പോകാനായില്ല.മെഫീബോശെത്തിന് രാജാവാകാൻ മോഹമുള്ളതുകൊണ്ടാണ് അവൻ ദാവീദിനോടൊപ്പം പോരാതിരുന്നതെന്ന് സീബ ദാവീദിനോട് നുണ പറഞ്ഞു. ദാവീദ് അത് വിശ്വസിച്ചു. അവൻ മെഫീബോശെത്തിന്റെ സകല സ്വത്തുക്കളും സീബയ്ക്ക് കൊടുത്തു. അധികം താമസിയാതെ അബ്ശാലോമിനെ ദാവീദ് യുദ്ധത്തിൽ തോൽപ്പിക്കുകയും യെരുശലേമിലേക്ക് മടങ്ങിവരുകയും ചെയ്തു. ഇപ്പോഴാണ് ദാവീദ് മെഫീബോശെത്തിന് പറയാനുള്ളതുകൂടെ കേൾക്കുന്നത്. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മെഫീബോശെത്തിന്റെ സ്വത്തിന്റെ പാതി അവനുതന്നെ തിരിച്ചുകൊടുക്കാൻ ദാവീദ് സീബയോട് ആവശ്യപ്പെട്ടു. ഇപ്പോൾ മെഫീബോശെത്ത് എന്തു ചെയ്യുമായിരുന്നു?—
ദാവീദിന്റെ തീരുമാനം ശരിയല്ലെന്നും സ്വത്തു മുഴുവൻ തനിക്ക് അവകാശപ്പെട്ടതാണെന്നും മെഫീബോശെത്ത് പറഞ്ഞോ? ഇല്ല. രാജാവ് ആ പ്രശ്നം ശരിയായിട്ടുതന്നെയാണ് കൈകാര്യം ചെയ്തതെന്ന് അവൻ വിശ്വസിച്ചു. താനായിട്ട് ഇനി രാജാവിന്റെ മനഃസമാധാനം കെടുത്തിക്കളയേണ്ടെന്നു കരുതി മുഴുവൻ സ്വത്തും സീബതന്നെ എടുത്തുകൊള്ളട്ടെ എന്നുപോലും മെഫീബോശെത്ത് പറഞ്ഞു. തനിക്കുണ്ടായ നഷ്ടമൊക്കെ വിട്ടുകളഞ്ഞ് കാര്യങ്ങളുടെ നല്ല വശത്തിൽ മെഫീബോശെത്ത് ശ്രദ്ധപതിപ്പിച്ചു; യഹോവയുടെ ദാസനായ ദാവീദ് വീണ്ടും രാജാവായി യെരുശലേമിൽ തിരിച്ചെത്തിയതിൽ അവൻ സന്തോഷിച്ചു.
മെഫീബോശെത്ത് ഒരുപാടു കഷ്ടങ്ങൾ സഹിച്ചു. പലപ്പോഴും താൻ ഒറ്റപ്പെടുന്നതുപോലെ അവനു തോന്നി. പക്ഷേ, യഹോവ അവനെ സ്നേഹിച്ചു; അവനു വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഇതിൽനിന്നും നമുക്ക് എന്താണ് പഠിക്കാനുള്ളത്?— നാം നല്ലതു ചെയ്താലും ചിലപ്പോൾ ആളുകൾ നമ്മെക്കുറിച്ച് നുണകൾ പറഞ്ഞേക്കാം. “ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ അത് നിങ്ങൾക്കു മുമ്പേ എന്നെ ദ്വേഷിച്ചിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക” എന്ന് യേശു പറഞ്ഞു. ആളുകൾ യേശുവിനെ കൊന്നുകളഞ്ഞു. നാം നല്ല കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ സത്യദൈവമായ യഹോവയും അവന്റെ പുത്രനായ യേശുവും നമ്മെ സ്നേഹിക്കും.
ബൈബിളിൽനിന്നു വായിക്കുക
a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.