ഹൃദയം തകർന്നവർക്ക് ആശ്വാസം
ദൈവത്തോട് അടുത്തുചെല്ലുക
ഹൃദയം തകർന്നവർക്ക് ആശ്വാസം
‘യഹോവയ്ക്ക് ഒരിക്കലും എന്നെ സ്നേഹിക്കാനാവില്ല.’ കാലങ്ങളായി വിഷാദത്തിന്റെ പിടിയിൽ കഴിയുന്ന ഒരു ക്രിസ്ത്യാനി പറഞ്ഞതാണ് ഇത്. യഹോവ തന്നിൽനിന്ന് അകന്നുനിൽക്കുകയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ അവർ ശ്രമിച്ചു. എന്നാൽ വിഷാദം അനുഭവിക്കുന്ന തന്റെ ആരാധകരിൽനിന്ന് യഹോവ അകന്നുനിൽക്കുമോ? സങ്കീർത്തനം 34:18-ൽ രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനക്കാരനായ ദാവീദിന്റെ നിശ്വസ്ത വാക്കുകളിൽ ഇതിനുള്ള ഉത്തരമുണ്ട്.
ജീവിതത്തിൽ അതികഠിനമായ വ്യഥകൾ അനുഭവിച്ചിട്ടുള്ള ഒരാളാണ് യഹോവയുടെ വിശ്വസ്ത ആരാധകനായിരുന്ന ദാവീദ്. യുവാവായിരിക്കെ, ഒരു വേട്ടമൃഗത്തെയെന്നപോലെ തന്നെ പിന്തുടർന്ന അസൂയാലുവായ ശൗൽ രാജാവിൽനിന്ന് രക്ഷപ്പെടാനായി ദാവീദിന് ഒരു അഭയാർഥിയായി കഴിയേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ അവൻ ശൗൽ തന്നെ കണ്ടുപിടിക്കാനിടയില്ലെന്നു കരുതിയ ഒരിടത്ത്—ഫെലിസ്ത്യ ദേശത്തുള്ള ശത്രുപട്ടണമായ ഗത്തിൽ—അഭയം തേടി. ആളുകൾ തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ദാവീദ് ഒരു ഭ്രാന്തനായി അഭിനയിച്ചുകൊണ്ട് അവിടെനിന്ന് രക്ഷപ്പെട്ടു. തന്നെ വിടുവിച്ചതിന്റെ മഹത്വം ദാവീദ് യഹോവയ്ക്കു നൽകി. ആ അനുഭവത്തിൽനിന്നാണ് 34-ാം സങ്കീർത്തനം ദാവീദ് രചിക്കുന്നത്.
ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ യഹോവ തങ്ങളെ തള്ളിക്കളഞ്ഞതായോ അവന്റെ ശ്രദ്ധയിൽപ്പെടാനുള്ള യോഗ്യത തങ്ങൾക്കില്ലെന്നോ ചിലർക്കു തോന്നിയേക്കാം. എന്നാൽ ദാവീദ് അങ്ങനെ വിശ്വസിച്ചോ? ദാവീദ് എഴുതുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (18-ാം വാക്യം) ഈ വാക്കുകൾ ആശ്വാസവും പ്രത്യാശയും നൽകുന്നതെങ്ങനെയെന്ന് നമുക്കു നോക്കാം.
“യഹോവ സമീപസ്ഥൻ.” “തന്റെ ജനത്തെ സഹായിക്കാനും രക്ഷിക്കാനും ആയി കർത്താവ് അവരുടെമേൽ സദാ ദൃഷ്ടിവെച്ചിരിക്കുന്നു” എന്നാണ് ഈ പ്രസ്താവനയുടെ അർഥമെന്ന് ഒരു റഫറൻസ് ബുക്ക് പറയുന്നു. യഹോവ തന്റെ ജനത്തിന്മേൽ ദൃഷ്ടിവെച്ച് അവരെ പരിപാലിക്കുന്നു എന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! “ദുഷ്കരമായ” ഈ നാളുകളിൽ തന്റെ ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവൻ കാണുന്നു; അവരുടെ മനോവ്യഥകൾ അവൻ മനസ്സിലാക്കുന്നു.—2 തിമൊഥെയൊസ് 3:1; പ്രവൃത്തികൾ 17:27.
“ഹൃദയം നുറുങ്ങിയവർ.” സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ, “മനുഷ്യർക്ക് സാധാരണമായ ദുഃഖങ്ങളെയും സങ്കടങ്ങളെയും” ആണ് സൂചിപ്പിക്കുന്നത് എന്ന് ഒരു പണ്ഡിതൻ പറയുന്നു. അതെ, ദൈവത്തിന്റെ വിശ്വസ്ത ആരാധകർക്കുപോലും ചില സമയങ്ങളിൽ ഹൃദയത്തെ തകർത്തുകളയുന്ന തരത്തിലുള്ള അതികഠിനമായ പ്രയാസങ്ങൾ നേരിട്ടേക്കാം.
‘മനസ്സു തകർന്നവർ.’ നിരുത്സാഹിതരായവർക്ക് തങ്ങൾ തീരെ വിലകെട്ടവരാണെന്ന തോന്നൽ ഉണ്ടായേക്കാം. തങ്ങളുടെ സകല പ്രതീക്ഷകളും നശിച്ചതുപോലെ ചില സമയങ്ങളിൽ അവർക്കു തോന്നാം. “മുന്നിൽ പ്രതീക്ഷയുടെ നേരിയ വെട്ടംപോലും കാണാനാകാത്തവർ” എന്നും ദാവീദിന്റെ ഈ വാക്കുകളെ പരിഭാഷപ്പെടുത്താവുന്നതാണെന്ന് ബൈബിൾ പരിഭാഷകർക്കുവേണ്ടിയുള്ള ഒരു ഗൈഡ് പറയുന്നു.
“ഹൃദയം നുറുങ്ങിയ”വരോടും “മനസ്സു തകർന്ന”വരോടും ഉള്ള യഹോവയുടെ മനോഭാവം എന്താണ്? സ്നേഹിക്കാൻ കൊള്ളാത്തവരെന്ന് എഴുതിത്തള്ളി അവൻ അവരെ അകറ്റിനിറുത്തിയിരിക്കുകയാണോ? ഒരിക്കലുമല്ല! വേദന അനുഭവിക്കുന്ന സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെയാണ് യഹോവ. സഹായത്തിനായി നിലവിളിക്കുന്ന തന്റെ ദാസന്മാർക്ക് ആശ്വാസം പകരാനായി അവൻ എപ്പോഴും അവരുടെ അരികിൽത്തന്നെയുണ്ട്. അവരുടെ തകർന്ന ഹൃദയത്തെയും മനസ്സിനെയും ആശ്വസിപ്പിക്കാൻ അവൻ സദാ സന്നദ്ധനാണ്. ഏതൊരു പരിശോധനയെയും നേരിടാനുള്ള ജ്ഞാനവും ഉൾക്കരുത്തും അവൻ അവർക്കു നൽകുകയും ചെയ്യും.—2 കൊരിന്ത്യർ 4:7; യാക്കോബ് 1:5.
യഹോവയോട് കൂടുതൽ അടുക്കാനായി എന്തു ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ‘മനസ്സുതകർന്നവരുടെ ഹൃദയത്തെ ജീവിപ്പിക്കാനായി അവരോടൊപ്പം ഞാൻ വാസം ചെയ്യുന്നു’ എന്ന് കരുണാമയനായ യഹോവ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 57:15, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം.