വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം നമ്മെ ശിക്ഷിക്കുകയാണോ?

ദൈവം നമ്മെ ശിക്ഷിക്കുകയാണോ?

“ദുരന്തത്തിൽപ്പെട്ടവരെയോർത്ത്‌ എനിക്ക്‌ ദുഃഖമുണ്ട്‌. പക്ഷേ എന്റെ അഭിപ്രായത്തിൽ (ഇത്‌) റ്റെമ്പാറ്റ്‌സു (ദൈവത്തിൽനിന്നുള്ള ശിക്ഷ) ആണ്‌.” 2011 മാർച്ച്‌ മാസം ജപ്പാനിൽ, റിക്‌ടർ സ്‌കെയിലിൽ തീവ്രത 9 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും അതേത്തുടർന്നുണ്ടായ സുനാമിക്കും ശേഷം അവിടത്തെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവ്‌ പറഞ്ഞതാണിത്‌.

2010 ജനുവരിയിൽ 2,20,000 പേരുടെ മരണത്തിനിടയാക്കിയ ഹെയ്‌റ്റി ഭൂകമ്പത്തിനു ശേഷം ഒരു പ്രശസ്‌ത ടെലിവിഷൻ സുവിശേഷകൻ അഭിപ്രായപ്പെട്ടു: “പിശാചുമായി ഒരു ഉടമ്പടി ചെയ്‌തതുകൊണ്ടാണ്‌” അവർക്ക്‌ ഈ ദുരന്തം വന്നുഭവിച്ചത്‌. ഇനി അവർ “ദൈവത്തിങ്കലേക്കു മടങ്ങിവരണം.”

ഫിലിപ്പീൻസിലെ മനിലയിൽ 79 പേർ തിക്കിലും തിരക്കിലും പെട്ട്‌ കൊല്ലപ്പെട്ടത്‌, “നമ്മുടെ മരവിച്ച, നിർജീവമായ മനസ്സാക്ഷിയെ ദൈവം ഉണർത്താൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌” എന്ന്‌ അവിടത്തെ ഒരു കത്തോലിക്കാ പുരോഹിതൻ പറയുകയുണ്ടായി. കൂടാതെ, രാജ്യത്ത്‌ അടിക്കടി ഉണ്ടാകുന്ന “ഉരുൾപൊട്ടലിലൂടെയും ചുഴലിക്കാറ്റിലൂടെയും മറ്റു ദുരന്തങ്ങളിലൂടെയും ദൈവം തന്റെ ക്രോധം ചൊരിയുകയാണെന്ന്‌ രാജ്യത്തെ 21 ശതമാനം ആളുകളും വിശ്വസിക്കുന്നു” എന്ന്‌ അവിടത്തെ ഒരു പത്രം റിപ്പോർട്ട്‌ ചെയ്‌തു.

ദൈവം ദുഷ്ടരെ ശിക്ഷിക്കുന്നത്‌ ദുരന്തങ്ങളിലൂടെയാണ്‌ എന്ന ധാരണ ഇന്നും ഇന്നലെയും ഉണ്ടായതല്ല. 1755-ൽ പോർച്ചുഗലിലെ ലിസ്‌ബണിലുണ്ടായ ഭൂകമ്പത്തിലും അഗ്നിബാധയിലും സുനാമിയിലും ആയി 60,000-ത്തോളം പേർക്ക്‌ ജീവൻ നഷ്ടമായതിനെക്കുറിച്ച്‌ പ്രസിദ്ധ തത്ത്വചിന്തകനായ വോൾട്ടയർ ഇങ്ങനെ ചോദിച്ചു: “സുഖഭോഗങ്ങളിൽ പുളെച്ചുമദിച്ചിരുന്ന പാരീസുകാരെക്കാൾ അസാന്മാർഗികളായിരുന്നോ വീണുപോയ ലിസ്‌ബൺ നഗരത്തിലുണ്ടായിരുന്നത്‌?” മനുഷ്യരെ ശിക്ഷിക്കാൻ ദൈവം പ്രകൃതിദുരന്തങ്ങളെ ഉപയോഗിക്കുകയാണോ എന്ന്‌ ദശലക്ഷക്കണക്കിന്‌ ആളുകൾ സംശയിക്കുന്നു. ഇത്തരം ദുരന്തങ്ങൾക്കു പിന്നിൽ ദൈവത്തിന്റെ കരങ്ങളാണ്‌ എന്ന വിശ്വാസമാണ്‌ അനേക രാജ്യങ്ങളിലും നിലവിലുള്ളത്‌.

അങ്ങനെയെങ്കിൽ ഉത്തരം ലഭിക്കേണ്ട ചില ചോദ്യങ്ങളുണ്ട്‌: മനുഷ്യരെ ശിക്ഷിക്കാൻ ദൈവം പ്രകൃതിദുരന്തങ്ങളെ ഉപയോഗിക്കുകയാണോ? ഒന്നിനുപുറകെ ഒന്നായി അടുത്തകാലത്ത്‌ അരങ്ങേറിയിരിക്കുന്ന ദുരന്തങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?

ദുരന്തങ്ങൾക്ക്‌ ഉത്തരവാദി ദൈവമാണെന്ന്‌ സമർഥിക്കാൻ ചിലർ ബൈബിൾ വിവരണങ്ങളെ കൂട്ടുപിടിക്കാറുണ്ട്‌. പ്രകൃതിശക്തികളെ ഉപയോഗിച്ചുകൊണ്ട്‌ ദൈവം വരുത്തിയ നാശങ്ങളെക്കുറിച്ചുള്ള ചില വിവരണങ്ങളാണ്‌ അവർ ചൂണ്ടിക്കാണിക്കുന്നത്‌. (ഉല്‌പത്തി 7:17-22; 18:20; 19:24, 25; സംഖ്യാപുസ്‌തകം 16:31-35) പക്ഷേ, ദൈവം വരുത്തിയ ഇത്തരം നാശങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ പ്രകൃതിദുരന്തങ്ങൾ എന്നു തെളിയിക്കുന്ന മൂന്ന്‌ പ്രധാന വസ്‌തുതകൾ ഈ ഓരോ ബൈബിൾ വിവരണങ്ങളും വ്യക്തമാക്കുന്നു. ഒന്ന്‌, ദൈവം വരുത്തിയ നാശങ്ങൾക്കു മുമ്പ്‌ മുന്നറിയിപ്പുകൾ നൽകപ്പെട്ടു. രണ്ട്‌, പ്രകൃതിവിപത്തുകളിൽ നല്ലവരും ദുഷ്ടരും ഒരുപോലെ നശിക്കുന്നു. എന്നാൽ, മാറ്റംവരുത്താൻ കൂട്ടാക്കാത്ത ദുഷ്ടരെയും മുന്നറിയിപ്പുകൾ അവഗണിച്ചവരെയും മാത്രമാണ്‌ ദൈവം നശിപ്പിച്ചത്‌. മൂന്ന്‌, നിരപരാധികൾക്ക്‌ രക്ഷപെടാനുള്ള മാർഗം ദൈവം ഒരുക്കിക്കൊടുത്തു.—ഉല്‌പത്തി 7:1, 23; 19:15-17; സംഖ്യാപുസ്‌തകം 16:23-27.

അനേക ലക്ഷങ്ങളെ ദുരിതത്തിലാഴ്‌ത്തിയിരിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങൾക്കൊന്നും പിന്നിൽ ദൈവമാണ്‌ എന്നതിന്‌ യാതൊരു തെളിവുമില്ല. എങ്കിൽപ്പിന്നെ ഇത്രയധികം ദുരന്തങ്ങൾ എന്തുകൊണ്ടാണ്‌? അവയെ എങ്ങനെ നേരിടാം? ദുരന്തങ്ങളെ ഭയക്കേണ്ടതില്ലാത്ത ഒരു കാലം വരുമോ? ഇവയ്‌ക്കുള്ള ഉത്തരങ്ങളാണ്‌ അടുത്ത ലേഖനങ്ങളിൽ. (w11-E 12/01)