പ്രകൃതിവിപത്തുകളെ നേരിടാൻ
പ്രകൃതിവിപത്തുകളുടെ എണ്ണവും ഭീകരതയും വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവയെ നേരിടാൻ എന്തു ചെയ്യാനാകും? സ്വീകരിക്കാനാകുന്ന ചില പടികൾ ഇതാ:
അനർഥത്തിൽനിന്ന് ഒഴിഞ്ഞുമാറുക.
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:3) ഇതിലെ തത്ത്വം ദുരന്തങ്ങളുടെ കാര്യത്തിലും ബാധകമാക്കാനാകും. അഗ്നിപർവതസ്‌ഫോടനത്തെക്കുറിച്ചോ പ്രളയസാധ്യതയെക്കുറിച്ചോ ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചോ ഒക്കെ മുന്നറിയിപ്പു ലഭിക്കുമ്പോൾ വിവേകമുള്ള വ്യക്തി അപകടമേഖലയിൽനിന്ന് സുരക്ഷിതമായ ഒരിടത്തേക്ക് ഒഴിഞ്ഞുപോകും. ഓർക്കുക: വീടിനെക്കാളും മറ്റു വസ്‌തുവകകളെക്കാളും വിലപ്പെട്ടത് നിങ്ങളുടെ ജീവനാണ്!
ചിലർക്കാണെങ്കിൽ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളിലേക്ക് താമസംമാറ്റാൻ സാധിച്ചെന്നുവരും. ഒരു ആധികാരിക ഉറവിടം പറയുന്നത് ഇങ്ങനെയാണ്: “ഭൂമിശാസ്‌ത്രപരമായി ദുരന്തസാധ്യത ചില സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഭൂമിയിൽ വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് കൂടുതൽ വിപത്തുകൾക്ക് സാധ്യതയുള്ളത്. ഈ സ്ഥലങ്ങളിലായിരിക്കും ഭാവിയിൽ മിക്ക വലിയ ദുരന്തങ്ങളും വന്നുഭവിക്കുക.” താഴ്‌ന്ന തീരപ്രദേശങ്ങളും ഭൂഫലകങ്ങൾക്കിടയിലെ വിള്ളലുകൾക്ക് സമീപത്തുള്ള പ്രദേശങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് അപകടസാധ്യതയേറിയ പ്രദേശങ്ങളിൽ താമസിക്കാതിരിക്കുകയോ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുകയോ ചെയ്യുന്നെങ്കിൽ ദുരന്തങ്ങളിൽ അകപ്പെടാനുള്ള സാധ്യത വിരളമായിരിക്കും.
ഒരുങ്ങിയിരിക്കുക.
ചിലപ്പോൾ അപ്രതീക്ഷിതമായിട്ടായിരിക്കും ഒരു ദുരന്തം ആഞ്ഞടിക്കുന്നത്; എത്രയൊക്കെ മുൻകരുതലുകൾ എടുത്താലും ഒരുപക്ഷേ നിങ്ങൾ അതിന് ഇരയായെന്നു വരും. അങ്ങനെയൊരു സാഹചര്യം മനസ്സിൽക്കണ്ട് മുന്നമേ ഒരുങ്ങിയിട്ടുണ്ടെങ്കിൽ അതിനെ നേരിടാൻ എളുപ്പമായിരിക്കും. സദൃശവാക്യങ്ങൾ 22:3-ലെ ബുദ്ധിയുപദേശം ഇവിടെയും ബാധകമാണ്. ഒരു അടിയന്തിരസാഹചര്യത്തിൽ ഓടിപ്പോകേണ്ടിവരുകയാണെങ്കിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഒരു ബാഗ് നിങ്ങൾ ഒരുക്കിവെച്ചിട്ടുണ്ടോ? പ്രഥമ ശുശ്രൂഷാ സാമഗ്രികൾ, കുപ്പികളിൽ സീലുചെയ്‌തു കിട്ടുന്ന വെള്ളം, കേടാകാത്ത ഭക്ഷണം, പ്രധാനപ്പെട്ട രേഖകൾ തുടങ്ങിയ അവശ്യവസ്‌തുക്കൾ ആ ബാഗിൽ ഉണ്ടായിരിക്കണമെന്ന് 1-2-3 ഓഫ് ഡിസാസ്റ്റർ എജ്യുക്കേഷൻ എന്ന പ്രസിദ്ധീകരണം നിർദേശിക്കുന്നു. സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ചും ഓരോ സാഹചര്യത്തിലും എന്തെല്ലാം ചെയ്യണമെന്നതിനെക്കുറിച്ചും കുടുംബത്തോടൊപ്പം ചർച്ചചെയ്യുന്നതും നന്നായിരിക്കും.
ദൈവവുമായി അടുത്തബന്ധം നിലനിറുത്തുക.
ദൈവവുമായി ഒരു ഉറ്റബന്ധം ഉണ്ടായിരിക്കുന്നത് ഏതു സാഹചര്യത്തിലും നമ്മെ സഹായിക്കും. ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായി . . . നമ്മുടെ കഷ്ടതകളിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.” “മനം തളർന്നവരെ സമാശ്വസിപ്പിക്കുന്ന ദൈവം” എന്നാണ് മറ്റൊരു തിരുവെഴുത്ത് അവനെക്കുറിച്ച് പറയുന്നത്.—2 കൊരിന്ത്യർ 1:3, 4; 7:6.
അതെ, തന്നോടു വിശ്വസ്‌തരായിരിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നവനാണ് ദൈവം. സ്‌നേഹവാനായതിനാൽ വ്യത്യസ്‌ത വിധങ്ങളിൽ അവൻ നമ്മെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (1 യോഹന്നാൻ 4:8) ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് പ്രാർഥന. അത്ഭുതങ്ങൾ സംഭവിക്കുന്നതിനു വേണ്ടിയല്ല മറിച്ച് ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിനുവേണ്ടി നമുക്ക് പ്രാർഥിക്കാനാകും. ദുരന്തങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിന് ആശ്വാസവും സാന്ത്വനവും പകരുന്ന ബൈബിൾ വിവരണങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ പരിശുദ്ധാത്മാവിനു സാധിക്കും. പുരാതന ഇസ്രായേലിലെ ദാവീദുരാജാവിന്റെ അതേ വികാരമായിരിക്കും അപ്പോൾ ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർക്കും. അവൻ പാടി: “കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.”—സങ്കീർത്തനം 23:4.
അത്ഭുതങ്ങൾ സംഭവിക്കുന്നതിനു വേണ്ടിയല്ല, ദൈവത്തിന്റെ ശക്തമായ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുന്നത് ഏതു സാഹചര്യത്തിലും നമ്മെ സഹായിക്കും
സഹക്രിസ്‌ത്യാനികളുടെ സഹായം.
ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഗബൊസ് എന്ന ക്രിസ്‌തീയ പ്രവാചകൻ, “ഭൂലോകത്തിലെങ്ങും വലിയൊരു ക്ഷാമം വരാനിരിക്കുന്നുവെന്ന് . . . പ്രവചിച്ചു; ക്ലൗദ്യൊസിന്റെ കാലത്ത് അപ്രകാരം സംഭവിക്കുകയും ചെയ്‌തു.” യെഹൂദ്യയിലുള്ള യേശുവിന്റെ ശിഷ്യന്മാരിൽ പലരും ക്ഷാമത്താൽ വലഞ്ഞു. സഹക്രിസ്‌ത്യാനികളുടെ ദുരവസ്ഥ മനസ്സിലാക്കിയപ്പോൾ മറ്റു സ്ഥലങ്ങളിലെ ശിഷ്യന്മാർ എന്താണ് ചെയ്‌തത്? വിവരണം പറയുന്നു: “ശിഷ്യന്മാർ ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ വസിക്കുന്ന സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.” (പ്രവൃത്തികൾ 11:28, 29) അതെ, ദുരിതബാധിതരെ സഹായിച്ചുകൊണ്ട് അവർ സ്‌നേഹപൂർവം പ്രതികരിച്ചു.
വൻദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇന്നത്തെ ദൈവദാസന്മാരും അതേവിധത്തിൽ പ്രവർത്തിക്കുന്നു. സഹാരാധകരെ സഹായിക്കുന്നതിൽ പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. ഉദാഹരണത്തിന്, 2010 ഫെബ്രുവരി 27-ന് ചിലിയിൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായപ്പോൾ ദുരിതാശ്വാസവുമായി യഹോവയുടെ സാക്ഷികൾ സത്വരം മുന്നോട്ടുവന്നു. സുനാമിത്തിരകളിൽ വീട് ഒലിച്ചുപോയ കാർല പറയുന്നു: “തൊട്ടടുത്ത ദിവസംതന്നെ വിവിധഭാഗങ്ങളിൽനിന്ന് (സഹസാക്ഷികൾ) സഹായിക്കാനെത്തിയത് ഞങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു. ആ സന്നദ്ധസേവകരിലൂടെ യഹോവ ഞങ്ങളെ സാന്ത്വനിപ്പിക്കുകയായിരുന്നു എന്നതിന് യാതൊരു സംശയവുമില്ല. ആ സ്‌നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞു.” യഹോവയുടെ സാക്ഷിയല്ലാത്ത അവളുടെ വല്യപ്പൻ ഇത് ശ്രദ്ധിക്കാനിടയായി. അദ്ദേഹം പറയുന്നു: “ഇത്രയും വർഷങ്ങൾക്കിടയിൽ ഇതുപോലൊരു സംഗതി ഞാൻ പള്ളിയിൽ കണ്ടിട്ടില്ല.” യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
വിപത്തുകൾ ഉണ്ടാകുമ്പോൾ ക്രിസ്‌ത്യാനികൾ പരസ്‌പരം സഹായിക്കുന്നു
ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തെ സ്‌നേഹിക്കുന്നവരോടൊപ്പം സഹവസിക്കുന്നത് വലിയ ആശ്വാസമായിരിക്കും. പക്ഷേ, ദുരന്തങ്ങളേതുമില്ലാത്ത ഒരു കാലം എന്നെങ്കിലും ഭൂമിയിൽ ഉണ്ടാകുമോ? ഈ വിഷയത്തെക്കുറിച്ച് ബൈബിളിന് പറയാനുള്ളത് എന്തെന്നറിയാൻ തുടർന്നു വായിക്കൂ. (w11-E 12/01)