വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യിഫ്‌താഹിന്റെ മകളെപ്പോലെയാകാൻ ഞാൻ ആഗ്രഹിച്ചു

യിഫ്‌താഹിന്റെ മകളെപ്പോലെയാകാൻ ഞാൻ ആഗ്രഹിച്ചു

യിഫ്‌താഹിന്റെ മകളെപ്പോലെയാകാൻ ഞാൻ ആഗ്രഹിച്ചു

ജോയാനാ സോൺസ്‌ പറഞ്ഞപ്രകാരം

യിഫ്‌താഹിന്റെ മകളെപ്പോലെ ജീവിക്കണം എന്നതായിരുന്നു കൗമാരം മുതലേ എന്റെ ആഗ്രഹം. എന്റെ മനസ്സിലുണ്ടായിരുന്നത്‌ എന്താണെന്നും ക്രമേണ ആ ആഗ്രഹം പൂവണിഞ്ഞത്‌ എങ്ങനെയെന്നും ഞാൻ പറയാം.

ബോംബെയിൽവെച്ച്‌ (ഇപ്പോൾ മുംബൈ) 1956-ൽ, യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ ഞാൻ ആദ്യമായി പങ്കെടുത്തു. അത്‌ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. യിഫ്‌താഹിന്റെ മകളെക്കുറിച്ച്‌ അവിടെ കേട്ട ഒരു പ്രസംഗം എന്നെ വളരെയധികം സ്വാധീനിച്ചു.

പിതാവിന്റെ നേർച്ച നിറവേറ്റുന്നതിനായി വിവാഹം വേണ്ട എന്ന്‌ തീരുമാനിച്ച യിഫ്‌താഹിന്റെ മകളെക്കുറിച്ച്‌ ഒരുപക്ഷേ നിങ്ങൾ ബൈബിളിൽ വായിച്ചിട്ടുണ്ടാകും; സാധ്യതയനുസരിച്ച്‌ കൗമാരപ്രായത്തിലാണ്‌ അവൾ ആ തീരുമാനമെടുത്തത്‌. അങ്ങനെ ശിഷ്ടകാലം യഹോവയുടെ ഭവനത്തിൽ അഥവാ സമാഗമനകൂടാരത്തിൽ അവിവാഹിതയായി അവൾ ദൈവത്തെ സേവിച്ചു.—ന്യായാധിപന്മാർ 11:28-40.

അവളെപ്പോലെ ആയിരിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചെന്നോ! പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. അവിവാഹിതയായി ജീവിക്കുന്നത്‌ ഇന്ത്യൻ സംസ്‌കാരം അനുസരിച്ച്‌ അക്കാലത്ത്‌ തികച്ചും അസാധാരണമായിരുന്നു.

കുടുംബപശ്ചാത്തലം

ബെഞ്ചമിൻ സോൺസിന്റെയും മാർസെലീനയുടെയും ആറുമക്കളിൽ അഞ്ചാമത്തെ കുട്ടിയായി, ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള ഉഡുപ്പി എന്ന പട്ടണത്തിലാണ്‌ ഞാൻ ജനിച്ചത്‌. ഞങ്ങളുടെ മാതൃഭാഷ തുളു ആണ്‌; ഏകദേശം 20 ലക്ഷംപേർ ആ ഭാഷ സംസാരിക്കുന്നു. എന്നാൽ ഉഡുപ്പിയിലെ ഭൂരിഭാഗം പേരെയുംപോലെ ഞങ്ങളുടെ വിദ്യാഭ്യാസം മറ്റൊരു ഭാഷയായ കന്നഡയിലായിരുന്നു.

കുടുംബവും കുട്ടികളും ഒക്കെയായി കഴിയുന്നതിനെ വളരെ പ്രാധാന്യത്തോടെ വീക്ഷിച്ചിരുന്ന ഒരു സമൂഹമായിരുന്നു ഞങ്ങളുടേത്‌. ഏകാകിത്വത്തെക്കുറിച്ചോ ഏകാന്തതയെക്കുറിച്ചോ വീട്ടിൽനിന്ന്‌ അകന്നിരിക്കുന്നതിന്റെ വിഷമത്തെക്കുറിച്ചോ ഒന്നും ആളുകൾ പറയുന്നതുപോലും ഞാൻ കേട്ടിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ അക്കാലത്ത്‌ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. ഉദാഹരണത്തിന്‌, വല്യമ്മവല്യപ്പന്മാരും അച്ഛനമ്മമാരുടെ സഹോദരീസഹോദരന്മാരും അവരുടെ 12 മക്കളും ഞങ്ങളോടൊപ്പം ഒരു വീട്ടിലാണ്‌ താമസിച്ചിരുന്നത്‌!

മരുമക്കത്തായ സമ്പ്രദായമാണ്‌ ഞങ്ങളുടെ ഇടയിൽ നിലവിലുണ്ടായിരുന്നത്‌; അതായത്‌ മക്കൾ അമ്മയുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. വംശാവലി തായ്‌വഴിയായിരുന്നതിനാൽ കുടുംബസ്വത്തിന്റെ ഏറിയപങ്കും പെൺമക്കൾക്ക്‌ അവകാശപ്പെട്ടതായിരുന്നു. ചില തുളു സമുദായങ്ങളിൽ പെൺകുട്ടി വിവാഹശേഷവും സ്വന്തം വീട്ടിൽത്തന്നെ താമസിക്കുമായിരുന്നു, ഒപ്പം ഭർത്താവും.

ക്രൈസ്‌തവരായിരുന്നെങ്കിലും ഞങ്ങളുടെ ചില രീതികൾ വ്യത്യസ്‌തമായിരുന്നു: എല്ലാ വൈകുന്നേരങ്ങളിലും വല്യപ്പന്റെ നേതൃത്വത്തിൽ പ്രാർഥിക്കുന്നതും തുളു ഭാഷയിലുള്ള ബൈബിൾ വായിക്കുന്നതും ഒരു പതിവായിരുന്നു. ഒരു നിധിപേടകം തുറക്കുന്നതുപോലെയാണ്‌ അദ്ദേഹം തന്റെ പഴകിക്കീറിയ ബൈബിൾ വായിക്കാനായി തുറന്നിരുന്നത്‌. അത്‌ വളരെ രസകരവും ആവേശഭരിതവുമായിരുന്നു! എന്നിൽ ജിജ്ഞാസ ഉണർത്തിയ ഒരു തിരുവെഴുത്താണ്‌ സങ്കീർത്തനം 23:1. അവിടെ വായിക്കുന്നത്‌ ഇങ്ങനെയാണ്‌: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ‘ആരാണ്‌ ഈ യഹോവ, അവനെ ഇടയൻ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ ഞാൻ ചിന്തിക്കുമായിരുന്നു.

എന്റെ കണ്ണിൽനിന്ന്‌ “ചെതുമ്പൽ” ഇളകിവീണു

രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന്‌ സാമ്പത്തിക പരാധീനത നിമിത്തം ഞങ്ങൾക്ക്‌ 900-ത്തിലധികം കിലോമീറ്റർ അകലെയുള്ള ബോംബെയിലേക്ക്‌ താമസം മാറേണ്ടിവന്നു. അവിടെവെച്ച്‌ 1945-ൽ, യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ എന്റെ പിതാവിനെ സന്ദർശിക്കുകയും ഒരു ചെറുപുസ്‌തകം വായിക്കാൻ കൊടുക്കുകയും ചെയ്‌തു. വരണ്ട നിലം മഴവെള്ളത്തെ സ്വാംശീകരിക്കുന്നതുപോലെയാണ്‌ പിതാവ്‌ അതിലെ സന്ദേശം സ്വീകരിച്ചത്‌. ബോംബെയിൽ കന്നഡ സംസാരിക്കുന്ന മറ്റ്‌ ആളുകളോട്‌ അദ്ദേഹം ആ സന്ദേശം പങ്കുവെക്കാനും തുടങ്ങി. അങ്ങനെ, അവിടത്തെ ചെറിയൊരു അധ്യയനക്കൂട്ടം 1950-ന്റെ ആരംഭമായപ്പോഴേക്കും കന്നഡ ഭാഷയിലുള്ള ആദ്യത്തെ സഭയായി വളർന്നു.

ഉത്സാഹത്തോടെ ബൈബിൾ പഠിക്കാനും അതേസമയം അതിന്റെ നല്ല അധ്യാപകരായിരിക്കാനും മാതാപിതാക്കൾ ഞങ്ങളെ പരിശീലിപ്പിച്ചു. എല്ലാദിവസവും ഞങ്ങളോടൊപ്പം പ്രാർഥിക്കാനും പഠിക്കാനും അവർ സമയം കണ്ടെത്തിയിരുന്നു. (ആവർത്തനപുസ്‌തകം 6:6, 7; 2 തിമൊഥെയൊസ്‌ 3:14-16) ഒരു ദിവസം ബൈബിൾ വായിക്കവെ, കണ്ണിൽനിന്നു ചെതുമ്പൽ അടർന്നുവീണതുപോലെ എനിക്കു തോന്നി. (പ്രവൃത്തികൾ 9:18) തന്റെ ആരാധകരെ വഴിനടത്തുകയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യഹോവ യഥാർഥത്തിൽ ഒരു ഇടയനെപ്പോലെയാണെന്ന്‌ ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു.—സങ്കീർത്തനം 23:1-6; 83:18.

യഹോവ എന്നെ കൈപിടിച്ചു നടത്തി

ബോംബെയിൽവെച്ച്‌ 1956-ൽ നടന്ന അവിസ്‌മരണീയമായ കൺവെൻഷനു ശേഷം അധികം വൈകാതെ ഞാൻ സ്‌നാനമേറ്റു. ആറുമാസം കഴിഞ്ഞ്‌ ജ്യേഷ്‌ഠനായ പ്രഭാകറിനെപ്പോലെ ഞാനും മുഴുസമയ സുവിശേഷവേല ആരംഭിച്ചു. ബൈബിൾസത്യം മറ്റുള്ളവരോട്‌ പറയാൻ എനിക്കു വലിയ ഉത്സാഹമായിരുന്നു. പക്ഷേ, അതിനു ശ്രമിച്ചപ്പോഴെല്ലാം എന്റെ നാവ്‌ വരണ്ടുപോയി. ഞാൻ വിക്കുകയും എന്റെ ശബ്ദം ഇടറുകയും ചെയ്‌തു. ‘യഹോവയുടെ സഹായത്താൽ മാത്രമേ എന്നെക്കൊണ്ട്‌ ഇതിനു കഴിയൂ!’ എന്നു പറഞ്ഞ്‌ ഞാൻ കരഞ്ഞു.

കാനഡയിൽനിന്നുള്ള മിഷനറി ദമ്പതികളെ ഉപയോഗിച്ചുകൊണ്ടാണ്‌ യഹോവ എന്നെ സഹായിച്ചത്‌. 1947-ൽ, ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ മിഷനറി സ്‌കൂളിൽ പങ്കെടുത്തിട്ടുള്ള ഹോമർ മക്കെയും രൂത്തും ആയിരുന്നു അവർ. ശുശ്രൂഷയിൽ ഞാൻ പിച്ചവെക്കാൻ തുടങ്ങിയപ്പോൾ അവർ എന്നെ കൈപിടിച്ചു നടത്തി. വീടുതോറും പ്രസംഗിക്കാൻ രൂത്ത്‌ എന്നെ ക്രമമായി പരിശീലിപ്പിച്ചു. എന്റെ ഭയം കുറയ്‌ക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ രൂത്തിന്‌ നന്നായി അറിയാമായിരുന്നു. എന്റെ വിറയ്‌ക്കുന്ന കരം ഗ്രസിച്ചുകൊണ്ട്‌, “പേടിക്കേണ്ട, നമുക്ക്‌ അടുത്ത വീട്ടിൽ ശ്രമിക്കാം,” രൂത്ത്‌ പറയുമായിരുന്നു. രൂത്തിന്റെ ആശ്വസിപ്പിക്കുന്ന വാക്കുകൾ എനിക്ക്‌ കരുത്തു പകർന്നു.

വളരെ പ്രായവും അനുഭവപരിചയവും ഉള്ള എലിസബെത്ത്‌ ചക്രനാരായൺ എന്ന ബൈബിൾ അധ്യാപികയായിരിക്കും ഇനിമുതൽ സുവിശേഷവേലയിൽ എന്റെ പങ്കാളിയെന്ന്‌ ഒരു ദിവസം ഞാൻ അറിഞ്ഞു. ‘എന്നെക്കാൾ ഏറെ പ്രായമുള്ള ഈ സഹോദരിയോടൊത്ത്‌ എങ്ങനെ കഴിയും?’ എന്നായിരുന്നു എനിക്ക്‌ ആദ്യം തോന്നിയത്‌. പക്ഷേ, ആ സഹോദരി എനിക്ക്‌ പറ്റിയ ഏറ്റവും നല്ല പങ്കാളിയായിത്തീർന്നു!

“നാം ഒരിക്കലും തനിച്ചല്ല”

ബോംബെയിൽനിന്ന്‌ ഏതാണ്ട്‌ 400 കിലോമീറ്റർ കിഴക്കുള്ള ഒരു ചരിത്രപ്രധാന നഗരമായ ഔറംഗബാദിലേക്കായിരുന്നു ഞങ്ങളുടെ ആദ്യനിയമനം. അവിടെ ഏതാണ്ട്‌ പത്തുലക്ഷം ജനങ്ങൾക്കിടയിൽ ഞങ്ങൾ മാത്രമായിരുന്നു യഹോവയുടെ സാക്ഷികൾ. അവിടത്തെ പ്രധാന ഭാഷയായ മറാഠിയും എനിക്കു പഠിക്കേണ്ടതുണ്ടായിരുന്നു.

ചില സന്ദർഭങ്ങളിൽ, ഏകാന്തത എന്റെ മനസ്സിനെ വരിഞ്ഞുമുറുക്കുമ്പോൾ അമ്മയില്ലാത്ത കുട്ടിയെപ്പോലെ ഞാൻ എങ്ങലടിച്ച്‌ കരയുമായിരുന്നു. എന്നാൽ അപ്പോഴെല്ലാം ഒരമ്മയെപ്പോലെ എലിസബെത്ത്‌ എന്നെ ആശ്വസിപ്പിച്ചു: “ചിലപ്പോഴൊക്കെ നമ്മൾ ഒറ്റയ്‌ക്കാണെന്ന്‌ തോന്നിയേക്കാം; പക്ഷേ നാം ഒരിക്കലും തനിച്ചല്ല.” “വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നീ വളരെ അകലെയാണെങ്കിലും യഹോവ എല്ലായ്‌പോഴും നിന്നോടൊപ്പമുണ്ട്‌. അവനെ നിന്റെ സുഹൃത്താക്കുക, നിന്റെ ഏകാന്തത പൊയ്‌പ്പോകും.” ആ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌.

യാത്രചെയ്യാൻ വേണ്ടത്ര പണം ഇല്ലാതിരുന്നപ്പോൾ ദിവസവും 20 കിലോമീറ്ററോളം ചെളിയും പൊടിയും നിറഞ്ഞ വഴിയിലൂടെ ചൂടും തണുപ്പും വകവെക്കാതെ ഞങ്ങൾ നടക്കുമായിരുന്നു. വേനൽക്കാലത്ത്‌ അന്തരീക്ഷ ഊഷ്‌മാവ്‌ 40 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയരുക പതിവായിരുന്നു. മഴക്കാലത്താണെങ്കിൽ മിക്കവാറും പ്രദേശങ്ങൾ മാസങ്ങളോളം ചെളിയിൽ പുതഞ്ഞിരുന്നു. എന്നാൽ സാംസ്‌കാരികമായ വ്യത്യാസങ്ങളായിരുന്നു ഇതിനെക്കാളൊക്കെ ബുദ്ധിമുട്ടായിരുന്നത്‌.

സ്‌ത്രീകൾ പൊതുസ്ഥലങ്ങളിൽവെച്ച്‌ അന്യപുരുഷന്മാരോട്‌ സംസാരിക്കുന്ന പതിവുണ്ടായിരുന്നില്ല. പുരുഷന്മാരെ സ്‌ത്രീകൾ പഠിപ്പിക്കുന്നതും വിരളമായിരുന്നു. അതിന്റെപേരിൽ ആളുകൾ ഞങ്ങളെ പരിഹസിക്കുകയും ചീത്തവിളിക്കുകയും ഒക്കെ ചെയ്‌തു. വാരന്തോറുമുള്ള ബൈബിൾ യോഗങ്ങൾക്ക്‌ ആദ്യത്തെ ആറുമാസം ഞങ്ങൾ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ താത്‌പര്യക്കാരും വരാൻ തുടങ്ങി; അങ്ങനെ ചെറിയൊരു കൂട്ടം രൂപീകൃതമായി. അവരിൽ ചിലർ ഞങ്ങളോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടുകപോലും ചെയ്‌തു.

“നിന്റെ വൈദഗ്‌ധ്യങ്ങൾ വർധിപ്പിക്കുക”

ഏതാണ്ട്‌ രണ്ടരവർഷത്തിനു ശേഷം വീണ്ടും ഞങ്ങളെ ബോംബെയിലേക്കു നിയമിച്ചു. അക്കാലത്ത്‌ ബൈബിൾ സാഹിത്യങ്ങൾ കന്നഡ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യാൻ എന്റെ പിതാവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ സഹായിക്കാൻ എന്നോട്‌ ആവശ്യപ്പെട്ടു. സഭയിൽ വളരെയേറെ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിനും അത്‌ സന്തോഷമായി. എലിസബെത്ത്‌ അപ്പോഴും പ്രസംഗവേലയിൽത്തന്നെ തുടർന്നു.

1966-ൽ എന്റെ മാതാപിതാക്കൾ സ്വദേശമായ ഉഡുപ്പിയിലേക്ക്‌ തിരികെപ്പോകാൻ തീരുമാനിച്ചു. പോകുന്നതിനു മുമ്പ്‌ പിതാവ്‌ എന്നോടു പറഞ്ഞു: “നിന്റെ വൈദഗ്‌ധ്യങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കണം. വ്യക്തമായി സരളമായ ഭാഷയിൽ പരിഭാഷപ്പെടുത്തുക. അമിത ആത്മവിശ്വാസം വേണ്ട, താഴ്‌മയോടിരിക്കുക, യഹോവയിൽ ആശ്രയിക്കുക.” അദ്ദേഹം എനിക്ക്‌ അവസാനമായി നൽകിയ ഉപദേശമായിരുന്നു അത്‌. ഉഡുപ്പിയിലെത്തി അധികം താമസിയാതെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ആ വാക്കുകളാണ്‌ പരിഭാഷാവേലയിൽ ഇന്നും ഞാൻ പിൻപറ്റുന്നത്‌.

“കുടുംബവും കുട്ടികളും ഒക്കെ വേണ്ടേ?”

മക്കളെ ചെറുപ്പത്തിൽത്തന്നെ വിവാഹം കഴിപ്പിച്ച്‌ കുടുംബമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന സമ്പ്രദായമാണ്‌ ഇന്ത്യയിലുള്ളത്‌. അതുകൊണ്ട്‌, “കുടുംബവും കുട്ടികളും ഒക്കെ വേണ്ടേ? വയസ്സായിക്കഴിഞ്ഞാൽ നിന്നെ ആര്‌ നോക്കും? ഒറ്റയ്‌ക്കായി പോകില്ലേ?” എന്നൊക്കെ ആളുകൾ പലപ്പോഴും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌.

ചിലപ്പോഴൊക്കെ കൂടെക്കൂടെയുള്ള ഇത്തരം ചോദ്യങ്ങൾ എന്നെ വൈകാരികമായി വല്ലാതെ തളർത്തിയിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ ഞാനത്‌ പ്രകടിപ്പിക്കാറില്ലായിരുന്നെങ്കിലും തനിച്ചായാലുടൻ എന്റെ വിഷമമെല്ലാം ഞാൻ യഹോവയോട്‌ പറയുമായിരുന്നു. ഞാൻ അവിവാഹിതയാണ്‌ എന്നത്‌ ഒരു കുറവായി യഹോവ കാണുന്നില്ല എന്നു മനസ്സിലാക്കിയത്‌ എന്നെ ഏറെ ആശ്വസിപ്പിച്ചു. ഏകാകികളായി ദൈവേഷ്ടം ചെയ്യുന്നതിൽ മുഴുകി ജീവിച്ച യിഫ്‌താഹിന്റെ മകളെയും യേശുവിനെയും കുറിച്ചു ചിന്തിച്ചത്‌, ശ്രദ്ധ വ്യതിചലിക്കാതെ ദൈവസേവനത്തിൽത്തന്നെ തുടരാനുള്ള എന്റെ തീരുമാനം ശക്തമാക്കി.—യോഹന്നാൻ 4:34.

യഹോവയിൽനിന്നുള്ള സമ്മാനം

50 വർഷത്തോളം എന്റെ ഉറ്റസുഹൃത്തായിരുന്ന എലിസബെത്ത്‌ 2005-ൽ 98-ാം വയസ്സിൽ എന്നോടു വിടപറഞ്ഞു. അവസാന നാളുകളിൽ കാഴ്‌ചശക്തി ക്ഷയിച്ചതിനാൽ എലിസബെത്തിന്‌ ബൈബിൾ വായിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ ദിവസത്തിൽ ഏറിയപങ്കും ഹൃദയംഗമമായ പ്രാർഥനയിൽ അവർ മുഴുകിയിരുന്നു. അതുകേട്ട്‌, അവർ ആരെങ്കിലുമായി തിരുവെഴുത്ത്‌ ചർച്ചചെയ്യുന്നതായിരിക്കും എന്ന്‌ ഞാൻ പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. എലിസബെത്തിന്‌ യഹോവ ഒരു യഥാർഥ വ്യക്തിയായിരുന്നു. അവനെ കണ്മുന്നിൽ കണ്ടാലെന്നപോലെയായിരുന്നു അവരുടെ ജീവിതം. യിഫ്‌താഹിന്റെ മകളെപ്പോലെ ദൈവസേവനത്തിൽ മുഴുകി ജീവിക്കാനുള്ള ഏറ്റവും ശരിയായ മാർഗം ഇതുതന്നെയാണെന്ന്‌ ഞാനും മനസ്സിലാക്കി. എന്റെ ചെറുപ്പകാലത്തുടനീളം, വിശേഷിച്ചും ഞാൻ പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോൾ എലിസബെത്ത്‌ എനിക്കൊരു വഴികാട്ടിയായിരുന്നു. പ്രായവും പക്വതയുമുള്ള അത്തരമൊരു സഹോദരിയെ എനിക്ക്‌ ഒരു സഹായിയായി തന്നതിന്‌ ഞാൻ യഹോവയോട്‌ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.—സഭാപ്രസംഗി 4:9, 10.

യിഫ്‌താഹിന്റെ മകളെപ്പോലെ യഹോവയെ സേവിക്കുന്നതിനാൽ ഞാൻ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്‌! ബൈബിൾബുദ്ധിയുപദേശം അനുസരിക്കുന്നതിനാലും ഏകാകിയായി തുടരുന്നതിനാലും ധന്യമായ ഒരു സന്തുഷ്ട ജീവിതമാണ്‌ എനിക്കുള്ളത്‌. ‘ഏകാഗ്രതയോടെ കർത്താവിനു സദാ ശുശ്രൂഷ ചെയ്യാനും’ എനിക്കു കഴിയുന്നു.—1 കൊരിന്ത്യർ 7:35. (w11-E 12/01)

[28-ാം പേജിലെ ചിത്രം]

പിതാവ്‌ ബോംബെയിൽ ഒരു പരസ്യപ്രസംഗം നടത്തുന്നു, 1950-കളിൽ

[28-ാം പേജിലെ ചിത്രം]

എലിസബെത്തിനൊപ്പം, അവർ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌

[29-ാം പേജിലെ ചിത്രം]

1960-ൽ ബോംബെയിൽ ഒരു ബൈബിൾ പ്രസംഗത്തിന്റെ പ്രചാരണത്തിനിടയിൽ

[29-ാം പേജിലെ ചിത്രം]

സഹപ്രവർത്തകരോടൊപ്പം പരിഭാഷാവിഭാഗത്തിൽ