2012-ൽ ലോകം അവസാനിക്കുമോ?
വായനക്കാർ ചോദിക്കുന്നു
2012-ൽ ലോകം അവസാനിക്കുമോ?
▪ “ലോകാവസാനത്തെ ഭയന്ന് ഫ്രാൻസിലെ ഗ്രാമത്തിലേക്ക് ജനപ്രവാഹം . . . പ്രാചീനമായ മായൻ കലണ്ടറിൽ 5,125 വർഷംനീളുന്ന ഒരു കാലഘട്ടം തീരുന്ന 2012 ഡിസംബർ 21-ന് ലോകം അവസാനിക്കുമെന്ന് അവർ കരുതുന്നു.”—ബിബിസി ന്യൂസ്.
ഭൂമിക്ക് അത്യാപത്ത് വരാനിരിക്കുന്നു എന്ന് പല മതനേതാക്കന്മാരും ശാസ്ത്രജ്ഞരെന്നു നടിക്കുന്നവരും ഈ നൂറ്റാണ്ടിലെ ചില പ്രവാചകന്മാരും ഒക്കെ ഊഹാപോഹങ്ങൾ നടത്തുന്നു. പക്ഷേ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭൂമിക്ക് ആയുസ്സ് ഇനിയുമുണ്ട്. 2012-ൽ ഭൂമി നശിക്കുകയില്ല എന്നർഥം. 2012-ൽ എന്നല്ല, ഇനി എത്ര വർഷം പിന്നിട്ടാലും ഭൂമിക്ക് ഒന്നും സംഭവിക്കില്ല!
ബൈബിൾ പറയുന്നു: “ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.” (സഭാപ്രസംഗി 1:4) യെശയ്യാവു 45:18 പറയുന്നതും ശ്രദ്ധിക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— . . . അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:—ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.”
ഒരച്ഛൻ മണിക്കൂറുകളെടുത്ത് തന്റെ മകനുവേണ്ടി ഒരു കളിപ്പാട്ടക്കാറോ മകൾക്കുവേണ്ടി ഒരു പാവക്കുട്ടിയോ ഉണ്ടാക്കിയെന്നു കരുതുക. അവരുടെ സന്തോഷത്തിനായി നൽകിയ ആ കളിപ്പാട്ടം അദ്ദേഹം ഉടനെ തിരിച്ചുവാങ്ങി നശിപ്പിച്ചുകളയുമോ? അത് ക്രൂരതയായിരിക്കും, സ്നേഹമുള്ള ഒരച്ഛൻ അങ്ങനെ ചെയ്യില്ല. അതുപോലെ, മക്കളായ മനുഷ്യരുടെ സന്തോഷത്തിനായിട്ടാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചതുതന്നെ. ആദ്യ മനുഷ്യദമ്പതികളായ ആദാമിനോടും ഹവ്വായോടും ദൈവം ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കുവിൻ.’ അതിനുശേഷം, “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്പത്തി 1:27, 28, 31) ഭൂമിയെക്കുറിച്ചുള്ള തന്റെ ആ ഉദ്ദേശ്യം ദൈവം വിട്ടുകളഞ്ഞിട്ടില്ല, ഭൂമി നശിപ്പിക്കപ്പെടാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ല. തന്റെ എല്ലാ വാഗ്ദാനങ്ങളെയുംകുറിച്ച് യഹോവ നൽകുന്ന ഉറപ്പ് ഇതാണ്: “അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
പക്ഷേ, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാൻ യഹോവ തീരുമാനമെടുത്തിരിക്കുന്നു! (വെളിപാട് 11:18) അവൻ ഇങ്ങനെ ഉറപ്പുതരുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:21, 22.
എന്നാൽ അത് എപ്പോഴായിരിക്കും? മനുഷ്യർക്കാർക്കും അറിയില്ല. “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല” എന്നാണ് യേശു പറഞ്ഞത്. (മർക്കോസ് 13:32) അതുകൊണ്ടുതന്നെ, ദുഷ്ടരെ നശിപ്പിക്കുന്ന ദൈവത്തിന്റെ സമയത്തെക്കുറിച്ച് യഹോവയുടെ സാക്ഷികൾ ഊഹാപോഹങ്ങൾ നടത്തുന്നില്ല. അതേസമയം, അന്ത്യത്തിന്റെ “അടയാള”ത്തെക്കുറിച്ച് അവർ വളരെ ജാഗ്രതയോടെയിരിക്കുന്നു; മനുഷ്യർ ജീവിക്കുന്നത് ബൈബിൾ പറയുന്നതുപോലെ “അന്ത്യകാലത്ത്” ആണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ‘അവസാനം’ എപ്പോഴായിരിക്കും എന്ന് കൃത്യമായി അവർക്കറിയില്ല. (മർക്കോസ് 13:4-8, 33; 2 തിമൊഥെയൊസ് 3:1) അക്കാര്യം അവർ തങ്ങളുടെ സ്വർഗീയ പിതാവിനും അവന്റെ പുത്രനും പൂർണമായി വിട്ടുകൊടുത്തിരിക്കുന്നു.
അതുവരേക്കും, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ തിരക്കോടെ ഏർപ്പെടും. ആ സ്വർഗീയ ഗവണ്മെന്റാണ് ഭൂമിയെ ഭരിക്കുകയും അതിനെ സമാധാനപൂർണമായ ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യുന്നത്. “നീതിമാന്മാർ” ആ പറുദീസ “അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29. (w11-E 12/01)
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Image Science and Analysis Laboratory, NASA-Johnson Space Center