അർമ്മഗെദ്ദോൻ—എന്താണ് ചിലർ പറയുന്നത്?
അർമ്മഗെദ്ദോൻ—എന്താണ് ചിലർ പറയുന്നത്?
“അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തു കൂട്ടിച്ചേർത്തു.”—വെളിപാട് 16:16.
“ഹർമ്മഗെദ്ദോൻ” അഥവാ “അർമ്മഗെദ്ദോൻ” എന്ന വാക്കു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിൽ തെളിയുന്നത്? സംഭവിക്കാൻ പോകുന്ന ഒരു മഹാദുരന്തമാണോ? ബൈബിളിൽ ഒരിടത്തു മാത്രമേ ഈ പദം കാണുന്നുള്ളൂ; എന്നാൽ മാധ്യമങ്ങളും മതനേതാക്കന്മാരും കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്.
അർമ്മഗെദ്ദോനെക്കുറിച്ച് ആളുകൾക്ക് പരക്കെയുള്ള അഭിപ്രായവും ബൈബിൾ പഠിപ്പിക്കുന്നതും തമ്മിൽ പൊരുത്തമുണ്ടോ? ഉത്തരം അറിയേണ്ടത് പ്രധാനമാണ്. കാരണം, സത്യം മനസ്സിലാക്കുമ്പോൾ അനാവശ്യഭയം ഒഴിവാക്കാനും ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് ഭാസുരമാക്കാനും ദൈവത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ തിരുത്താനും നിങ്ങൾക്കാകും.
തുടർന്നുവരുന്ന മൂന്നുചോദ്യങ്ങൾ വിശകലനം ചെയ്യവെ, അർമ്മഗെദ്ദോനെക്കുറിച്ച് ആളുകൾക്ക് പൊതുവെയുള്ള വീക്ഷണവും ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളും ഒന്നു താരതമ്യം ചെയ്‌തുനോക്കുക.
1. അർമ്മഗെദ്ദോൻ മനുഷ്യരാലുള്ള ഒരു ദുരന്തമായിരിക്കുമോ?
മനുഷ്യർ വരുത്തുന്ന ദുരന്തങ്ങളെ കുറിക്കാൻ മാധ്യമപ്രവർത്തകരും ഗവേഷകരും പലപ്പോഴും “അർമ്മഗെദ്ദോൻ” എന്ന പദം ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അർമ്മഗെദ്ദോൻ എന്ന് പരാമർശിക്കുകയുണ്ടായി. പിന്നീട്, ഐക്യനാടുകളും സോവിയറ്റ് യൂണിയനും ശത്രുതയിലായപ്പോൾ അവർ പരസ്‌പരം അണ്വായുധങ്ങൾ ഉപയോഗിക്കുമോ എന്ന ഭയത്തിലായി ലോകം. ആ ദുരന്തസാധ്യതയെ മാധ്യമലോകം “ആണവ അർമ്മഗെദ്ദോൻ” എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് മലിനീകരണംമൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഭയക്കുന്ന ഗവേഷകർ “കാലാവസ്ഥാ അർമ്മഗെദ്ദോൻ” ആസന്നമായിരിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നു.
ആളുകൾ മനസ്സിലാക്കിയിരിക്കുന്നത്: ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും ഭാവി മനുഷ്യന്റെ കരങ്ങളിലാണ്. ഭരണകൂടങ്ങൾ ജ്ഞാനത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഭൂമിയുടെ സമ്പൂർണനാശം കാണേണ്ടിവരും.
ബൈബിൾ പഠിപ്പിക്കുന്നത്: ഭൂമിയെ നശിപ്പിക്കാൻ ദൈവം മനുഷ്യരെ അനുവദിക്കുകയില്ല. ബൈബിൾ ഉറപ്പു തരുന്നു: യഹോവ * ഭൂമിയെ സൃഷ്ടിച്ചത് “വ്യർത്ഥമായിട്ടല്ല” മറിച്ച് “പാർപ്പിന്നത്രേ.” (യെശയ്യാവു 45:18) ഭൂമിയെ നശിപ്പിക്കാൻ മനുഷ്യരെ അനുവദിക്കുന്നതിനു പകരം, “ഭൂമിയെ നശിപ്പിക്കുന്നവരെ” ദൈവം ‘നശിപ്പിക്കും.’—വെളിപാട് 11:18.
2. അർമ്മഗെദ്ദോൻ ഒരു പ്രകൃതിദുരന്തമായിരിക്കുമോ?
വലിയ പ്രകൃതിവിപത്തുകളെ മാധ്യമപ്രവർത്തകർ ചിലപ്പോഴൊക്കെ “അർമ്മഗെദ്ദോൻ” എന്ന് വിളിക്കാറുണ്ട്. ഉദാഹരണത്തിന്, “ഹെയ്‌റ്റിയിൽ ‘അർമ്മഗെദ്ദോൻ’” എന്ന തലക്കെട്ടോടെ 2010-ൽ ഒരു റിപ്പോർട്ടു വരുകയുണ്ടായി. അതിശക്തമായ ഭൂകമ്പത്തിൽ ആ രാജ്യത്തുണ്ടായ കനത്ത നാശനഷ്ടങ്ങളെയും ദുരിതങ്ങളെയും ജീവാപായങ്ങളെയും കുറിച്ചുള്ളതായിരുന്നു ആ റിപ്പോർട്ട്. സംഭവിച്ചുകഴിഞ്ഞ പ്രകൃതിദുരന്തങ്ങളെ മാത്രമല്ല സംഭവിക്കുമെന്ന് ഭയപ്പെടുന്ന ദുരന്തങ്ങളെയും അർമ്മഗെദ്ദോൻ എന്ന പദം ഉപയോഗിച്ച് മാധ്യമപ്രവർത്തകരും ചലച്ചിത്രലോകവും വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു ക്ഷുദ്രഗ്രഹം ഭൂമിയിൽ വന്നിടിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ വിവരിക്കുന്നതിന് “അർമ്മഗെദ്ദോൻ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
ആളുകൾ മനസ്സിലാക്കിയിരിക്കുന്നത്: ദുഷ്ടരെന്നോ നല്ലവരെന്നോ ഉള്ള വിവേചന കൂടാതെ ആളുകളെ കൊന്നൊടുക്കുന്ന ആകസ്‌മിക സംഭവമാണ് അർമ്മഗെദ്ദോൻ. അതിൽനിന്ന് രക്ഷപെടാൻ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല.
ബൈബിൾ പഠിപ്പിക്കുന്നത്: ദുഷ്ടരെന്നോ നല്ലവരെന്നോ ഉള്ള വിവേചന കൂടാതെ ആളുകളെ കൊന്നൊടുക്കുന്ന ആകസ്‌മിക സംഭവമല്ല അർമ്മഗെദ്ദോൻ. ദുഷ്ടരായവർ മാത്രമാണ് അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടുക. ഉടൻതന്നെ ‘ദുഷ്ടൻ ഇല്ലാതാകും; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല’ എന്ന് ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.—സങ്കീർത്തനം 37:10.
3. അർമ്മഗെദ്ദോനിൽ ദൈവം ഭൂമിയെ നശിപ്പിക്കുമോ?
നന്മയും തിന്മയും തമ്മിൽ ഒരു അന്തിമയുദ്ധം ഉണ്ടാകുമെന്നും അത് ഭൂമിയുടെ നാശത്തിൽ കലാശിക്കുമെന്നും ആണ് അനേക മതസ്ഥരും വിശ്വസിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഒരു സംഘടന ഐക്യനാടുകളിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുകയുണ്ടായി. “അർമ്മഗെദ്ദോൻ യുദ്ധത്തിൽ” ലോകം അവസാനിക്കുമെന്ന് വിശ്വസിക്കുന്നതായി അതിൽ പങ്കെടുത്ത 40 ശതമാനം ആളുകളും പറഞ്ഞു.
ആളുകളുടെ പഠിപ്പിക്കലിൽനിന്നു വ്യക്തമാകുന്നത്: ഭൂമിയിൽ നിത്യം ജീവിക്കുന്നതിനുവേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയും
നിത്യം നിലനിൽക്കാനുള്ളതല്ല. മനുഷ്യരെല്ലാം എന്നെങ്കിലും ഒരിക്കൽ മരിക്കണം; അതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.ബൈബിൾ പഠിപ്പിക്കുന്നത്: ദൈവം “ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു” എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (സങ്കീർത്തനം 104:5) ഭൂമിയിലെ നിവാസികളെക്കുറിച്ച് ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
അർമ്മഗെദ്ദോനെക്കുറിച്ച് ആളുകൾക്ക് പൊതുവെയുള്ള ധാരണകളിൽനിന്ന് തികച്ചും വ്യത്യസ്‌തമായ കാര്യങ്ങളാണ് ബൈബിൾ പഠിപ്പിക്കുന്നതെന്നു വ്യക്തം. അങ്ങനെയെങ്കിൽ എന്താണ് സത്യം? (w12-E 02/01)
[അടിക്കുറിപ്പ്]
^ ബൈബിളിൽ യഹോവ എന്നത് ദൈവത്തിന്റെ വ്യക്തിപരമായ നാമമാണ്.