വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അസാധ്യം!” എന്ന ഒന്നുണ്ടോ?

“അസാധ്യം!” എന്ന ഒന്നുണ്ടോ?

“അസാധ്യം!” എന്ന ഒന്നുണ്ടോ?

ടൈറ്റാനിക്ക്‌! 1912-ൽ നീറ്റിലിറക്കുമ്പോൾ അക്കാലത്തെ ഏറ്റവും വലിയ ആഢംബര ജലയാനമായിരുന്നു അത്‌. അതിനൂതനമായ ശാസ്‌ത്രീയ രൂപകൽപ്പന നിമിത്തം അത്‌ “ഒരിക്കലും മുങ്ങുകയില്ല” എന്നായിരുന്നു കരുതിയിരുന്നത്‌. പക്ഷേ എന്തു സംഭവിച്ചു എന്നത്‌ ചരിത്രം. കന്നിയാത്രയിൽ വടക്കേ അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽവെച്ച്‌ ഒരു മഞ്ഞുമലയിൽ ഇടിച്ചുതകർന്ന്‌ ഏതാണ്ട്‌ 1,500 യാത്രക്കാരുമായി അതു കടലിൽ താഴ്‌ന്നു. മുങ്ങുക അസാധ്യമെന്നു കരുതിയിരുന്ന ആ മഹാനൗക ഏതാനും മണിക്കൂറുകൾക്കുള്ളിൽ സമുദ്രത്തിന്റെ അഗാധതയിൽ അപ്രത്യക്ഷമായി!

“അസാധ്യം” എന്ന വാക്ക്‌ പലവിധങ്ങളിൽ നാം ഉപയോഗിക്കാറുണ്ട്‌. നമുക്ക്‌ പരിഹരിക്കാനാകാത്ത, നേടിയെടുക്കാൻ സാധിക്കാത്ത, മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളെ അസാധ്യം എന്നാണ്‌ നാം വിശേഷിപ്പിക്കാറുള്ളത്‌. ഇന്ന്‌ സാങ്കേതികരംഗത്ത്‌ കൈവരിച്ചിരിക്കുന്ന പല നേട്ടങ്ങളും ഒരുകാലത്ത്‌ അസാധ്യം എന്ന്‌ കരുതിയിരുന്നു. കാരണം അന്ന്‌ ആ കാര്യങ്ങളെല്ലാം ചെയ്യുന്നത്‌, എന്തിന്‌ അതേക്കുറിച്ചു ചിന്തിക്കുന്നതുപോലും മനുഷ്യന്റെ പ്രാപ്‌തിക്ക്‌ അതീതമായിരുന്നു. മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയയ്‌ക്കുക, ചൊവ്വയിലേക്ക്‌ പേടകങ്ങൾ അയച്ച്‌ അവയെ ഭൂമിയിൽനിന്ന്‌ നിയന്ത്രിക്കുക, മനുഷ്യന്റെ ജനിതക രഹസ്യം മനസ്സിലാക്കുക, മറ്റൊരു പട്ടണത്തിൽ അല്ലെങ്കിൽ ഭൂമിയുടെ മറുഭാഗത്ത്‌ നടക്കുന്ന സംഭവങ്ങൾ നേരിട്ടു കാണുക എന്നിങ്ങനെ 50 വർഷം മുമ്പ്‌ അസാധ്യമെന്നു കരുതിയിരുന്ന പലതും വർത്തമാനകാല യാഥാർഥ്യങ്ങളാണ്‌. ഈ വസ്‌തുതയുടെ ഒരു സംക്ഷേപമാണ്‌ ഐക്യനാടുകളിലെ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ്‌ റീഗന്റെ വാക്കുകളിൽ കാണുന്നത്‌. ശാസ്‌ത്രത്തിന്റെ വിവിധ മേഖലകളിലെ ഉന്നതകായരെ സംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സാങ്കേതികവിദ്യയുടെ ഉത്തുംഗശൃംഗത്തിൽ ഇരിക്കുന്ന നിങ്ങൾ ഇന്നലെകളിൽ അസാധ്യമായിരുന്ന പലതും ഇന്നു യാഥാർഥ്യമാക്കിയിരിക്കുന്നു.”

ഇന്ന്‌ നടക്കുന്ന ഉദ്വേഗജനകമായ പല വികസനങ്ങളുടെയും വെളിച്ചത്തിൽ പ്രൊഫസറായ ജോൺ ബ്രോബെക്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ഏതെങ്കിലും ഒരു സംഗതി അസാധ്യമാണെന്ന്‌ സത്യസന്ധമായി പറയാൻ ഒരു ശാസ്‌ത്രജ്ഞനും കഴിയില്ല. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നു മാത്രമേ അദ്ദേഹത്തിന്‌ പറയാനാകൂ. ഇപ്പോൾ ലഭ്യമായിരിക്കുന്ന അറിവുവെച്ച്‌ അത്‌ വിശദീകരിക്കുക അസാധ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞേക്കാം.” എന്തെങ്കിലും ഒരു സംഗതി നമുക്ക്‌ അസാധ്യമായി തോന്നുന്നുണ്ടെങ്കിൽ “നമ്മുടെ ജീവശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനും വിശദീകരിക്കാനാകാത്ത ഒരു ഊർജസ്രോതസ്സുകൂടിയുണ്ട്‌ എന്ന കാര്യം മനസ്സിൽപ്പിടിക്കണം. തിരുവെഴുത്തുകൾ അതിനെ ദൈവത്തിന്റെ ശക്തിയായി തിരിച്ചറിയിക്കുന്നു.”

ദൈവത്തിനു സകലതും സാധ്യം

ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാൻ എന്ന്‌ അറിയപ്പെടുന്ന നസറായനായ യേശു, പ്രൊഫസർ ബ്രോബെക്‌ ഈ പ്രസ്‌താവന നടത്തുന്നതിന്‌ വളരെക്കാലം മുമ്പ്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്ക്‌ അസാധ്യമായത്‌ ദൈവത്തിനു സാധ്യം.” (ലൂക്കോസ്‌ 18:27) ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. യാതൊരു സാങ്കേതികവിദ്യ ഉപയോഗിച്ചും അതിനെ അളക്കാനാകില്ല. സ്വന്തശക്തിയാൽ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്ക്‌ ചെയ്യാനാകും.

മനുഷ്യരായ നമുക്ക്‌ തരണംചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്‌. ഉദാഹരണത്തിന്‌, പ്രിയപ്പെട്ടവരെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നുംവിധം കുടുംബജീവിതം പ്രതിസന്ധിയിലായിരിക്കാം. ഒരുപക്ഷേ നമ്മുടെ ജീവിതസാഹചര്യങ്ങൾ പ്രതീക്ഷയറ്റതായിരിക്കാം. നിസ്സഹായതയും നിരാശയും നമുക്ക്‌ അനുഭവപ്പെടുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്‌ എന്തു ചെയ്യാനാകും?

ഒരു വ്യക്തി സർവശക്തനായ ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും ഒപ്പം അവനെ സന്തോഷിപ്പിക്കാൻ തന്നെക്കൊണ്ടാവുന്നത്ര ശ്രമിക്കുകയും ചെയ്യുമ്പോൾ അസാധ്യമെന്നു തോന്നുന്ന പല ദുർഘടങ്ങളും തരണംചെയ്യാൻ അയാൾക്കു സാധിക്കുമെന്ന്‌ ബൈബിൾ പറയുന്നു. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്‌, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്ന്‌ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” (മർക്കോസ്‌ 11:23) നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ ദൈവവചനത്തെയും അവന്റെ ആത്മാവിനെയും അനുവദിക്കുന്നെങ്കിൽ തരണംചെയ്യാൻ അല്ലെങ്കിൽ സഹിച്ചുനിൽക്കാൻ അസാധ്യമായ ഒരു സാഹചര്യവും ഉണ്ടാകില്ല.

ഉദാഹരണത്തിന്‌ വിവാഹം കഴിഞ്ഞ്‌ 38 വർഷത്തിനു ശേഷം ഭാര്യയെ നഷ്ടപ്പെട്ട ഒരാളുടെ അനുഭവം നോക്കുക. അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക്‌ കാൻസറായിരുന്നു. ആകെ തകർന്നുപോയ അദ്ദേഹത്തിന്‌ മുന്നോട്ടുള്ള ജീവിതം അസാധ്യമാണെന്നുപോലും തോന്നി. ഭാര്യയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന്‌ പലപ്പോഴും അദ്ദേഹം ചിന്തിച്ചിട്ടുണ്ട്‌. ജീവിതമാകെ ഇരുട്ടിലായതായാണ്‌ തനിക്ക്‌ അനുഭവപ്പെട്ടിരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ, കണ്ണീരോടെയുള്ള പ്രാർഥനയും ദിവസേനയുള്ള ബൈബിൾ വായനയും ദൈവാത്മാവിന്റെ വഴിനടത്തിപ്പിനുവേണ്ടി ആത്മാർഥതയോടെ അന്വേഷിച്ചതും ആണ്‌ സഹിച്ചുനിൽക്കാൻ കഴിയില്ലെന്നു തോന്നിയ ആ സാഹചര്യത്തെ അതിജീവിക്കാൻ സഹായിച്ചതെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.

ഒരു ദമ്പതികളുടെ വിവാഹജീവിതം തകർച്ചയുടെ വക്കിലായി. ഭർത്താവ്‌ വളരെ ഉപദ്രവകാരിയായിരുന്നു, അനേകം ദുശ്ശീലങ്ങൾക്കും അയാൾ അടിമയായിരുന്നു. അയാളോടൊപ്പമുള്ള ജീവിതം ഭാര്യക്ക്‌ ദുസ്സഹമായിത്തീർന്നു; അവൾ ആത്മഹത്യക്ക്‌ ശ്രമിച്ചു. അങ്ങനെയിരിക്കെ, അയാൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ദുശ്ശീലങ്ങളും അക്രമസ്വഭാവവും മാറ്റിയെടുക്കാൻ അത്‌ അദ്ദേഹത്തെ സഹായിച്ചു. “അസാധ്യമെന്നു” കരുതിയിരുന്ന മാറ്റങ്ങൾ അദ്ദേഹത്തിൽ കണ്ട്‌ ഭാര്യ അതിശയിച്ചുപോയി.

മറ്റൊരു വ്യക്തിയുടെ അനുഭവം നോക്കുക. മയക്കുമരുന്നിലും അധാർമികതയിലും മുങ്ങിക്കുളിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. “എന്റെ ആത്മാഭിമാനമെല്ലാം നഷ്ടമായി,” അദ്ദേഹം പറയുന്നു. ഉള്ളുരുകി ആ മനുഷ്യൻ ദൈവത്തോടു പ്രാർഥിച്ചു: “ദൈവമേ, നീ സ്ഥിതി ചെയ്യുന്നുണ്ടെന്ന്‌ എനിക്കറിയാം. എന്നെ സഹായിക്കേണമേ.” ആ പ്രാർഥന യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നതിലേക്ക്‌ അദ്ദേഹത്തെ നയിച്ചു. അതിന്റെ ഫലമായി അവിശ്വസനീയമായ മാറ്റങ്ങളാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായത്‌. അദ്ദേഹം പറയുന്നു: “കുറ്റബോധവും വിലകെട്ടവനാണെന്ന തോന്നലും എന്നെ വരിഞ്ഞുമുറുക്കുമായിരുന്നു.” “ചിലപ്പോഴൊക്കെ ഞാൻ ആകെ നിരാശയിൽ ആണ്ടുപോകും. എന്നാൽ ഇത്തരം ചിന്തകളോട്‌ പൊരുതാൻ എന്നെ സഹായിച്ചത്‌ ദൈവവചനമാണ്‌. പഠിച്ച ബൈബിൾ ഭാഗങ്ങൾ ഉറക്കമില്ലാത്ത രാത്രികളിൽ ഞാൻ ഉരുവിടുമായിരുന്നു. മനസ്സൊന്നു കലങ്ങിത്തെളിയാൻ ഇത്‌ എന്നെ സഹായിച്ചു.” അദ്ദേഹം ഇപ്പോൾ വിവാഹം കഴിച്ച്‌ ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കുന്നു. ദൈവവചനത്തിന്റെ ശക്തിയിൽ വിശ്വാസം അർപ്പിക്കാൻ മറ്റുള്ളവരെ ഉത്സാഹത്തോടെ സഹായിക്കുകയാണ്‌ ഇപ്പോൾ അദ്ദേഹവും ഭാര്യയും. ഇങ്ങനെയൊരു ജീവിതം അസാധ്യമാണെന്നാണ്‌ ഒരിക്കൽ അദ്ദേഹം ചിന്തിച്ചിരുന്നത്‌.

ദൈവത്തിന്റെ വചനം വളരെ ശക്തമാണെന്നാണ്‌ ഈ അനുഭവങ്ങൾ കാണിക്കുന്നത്‌. മാത്രമല്ല “അസാധ്യമായ” പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സാധ്യമാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു കഴിയും. “അതിനു വിശ്വാസം വേണ്ടേ” എന്നു നിങ്ങൾ ചോദിച്ചേക്കാം. അതു സത്യമാണ്‌. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:⁠6) നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ നിങ്ങൾക്ക്‌ ഒരു വാഗ്‌ദാനം നൽകുകയാണെങ്കിൽ അതു നിങ്ങൾ വിശ്വസിക്കുകയില്ലേ? ഉദാഹരണത്തിന്‌ നിങ്ങളുടെ സുഹൃത്ത്‌ ബാങ്ക്‌ മാനേജരോ അധികാരസ്ഥാനത്തുള്ള ഒരാളോ ആണെന്നു കരുതുക. അദ്ദേഹം നിങ്ങളോടു പറയുകയാണ്‌, “ഒന്നുകൊണ്ടും പേടിക്കേണ്ട. നിങ്ങൾക്ക്‌ എന്ത്‌ ആവശ്യമുണ്ടെങ്കിലും എന്റെ അടുക്കൽ വന്നാൽ മതി.” അത്തരമൊരു ഉറപ്പ്‌ കിട്ടിയാൽ നിങ്ങൾക്ക്‌ വളരെ ആശ്വാസം തോന്നില്ലേ? എന്നാൽ സങ്കടകരമെന്നു പറയട്ടെ, നൽകുന്ന ഉറപ്പുകൾ പാലിക്കാൻ മനുഷ്യർ പലപ്പോഴും പരാജയപ്പെടുന്നു. ഒരുപക്ഷേ നിങ്ങളുടെ സുഹൃത്ത്‌ സദുദ്ദേശ്യത്തോടെ നൽകിയ ആ വാഗ്‌ദാനം പാലിക്കാൻ സാഹചര്യം അദ്ദേഹത്തെ അനുവദിക്കാതിരുന്നേക്കാം. ഇനി, സുഹൃത്ത്‌ മരിച്ചുപോകുകയാണെങ്കിൽ അദ്ദേഹത്തിന്റെ സന്മനസ്സും സഹായിക്കാനുള്ള പ്രാപ്‌തിയും വെറുതെയാകും. എന്നാൽ മനുഷ്യർക്കു സംഭവിക്കുന്ന ഈവക കാര്യങ്ങളൊന്നും ദൈവത്തിനു ബാധകമല്ല. ബൈബിൾ ഉറപ്പു നൽകുന്നു: “ദൈവത്തിന്‌ ഒരു കാര്യവും അസാധ്യമല്ല.”​—⁠ലൂക്കോസ്‌ 1:⁠37.

നിങ്ങൾ “ഇതു വിശ്വസിക്കുന്നുവോ?”

തൊട്ടുമുകളിൽ വായിച്ച പ്രസ്‌താവന സത്യമാണെന്ന്‌ ശരിവെക്കുന്ന എണ്ണമറ്റ സംഭവങ്ങൾ ബൈബിളിലുണ്ട്‌. ചിലത്‌ ഇതാ:

90 വയസ്സുണ്ടായിരുന്ന സാറായോട്‌ ‘നീ ഗർഭം ധരിച്ച്‌ ഒരു മകനെ പ്രസവിക്കും’ എന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചുപോയി. പക്ഷേ, അങ്ങനെ സംഭവിച്ചു എന്നതിന്റെ തെളിവാണ്‌ ഇസ്രായേൽ ജനത. വലിയൊരു മത്സ്യം ഒരു മനുഷ്യനെ വിഴുങ്ങി. മൂന്നുദിവസം അതിന്റെ ഉള്ളിൽ കഴിഞ്ഞ അദ്ദേഹം ജീവനോടെ പുറത്തിറങ്ങി തന്റെ അനുഭവം രേഖപ്പെടുത്തിവെച്ചു. യോനാ എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌. ഒരു ഡോക്‌ടറായിരുന്ന ലൂക്കോസിന്‌ അബോധാവസ്ഥയും മരണവും തമ്മിലുള്ള വ്യത്യാസം നന്നായി അറിയാമായിരുന്നു. ജനലിലൂടെ മുകളിലത്തെ നിലയിൽനിന്ന്‌ താഴെ വീണു മരിച്ച യൂത്തിക്കൊസ്‌ എന്ന യുവാവിന്‌ ജീവൻ തിരികെ ലഭിച്ചത്‌ എങ്ങനെയെന്ന്‌ അവൻ രേഖപ്പെടുത്തുകയുണ്ടായി. ഇവയൊന്നും വെറും കെട്ടുകഥകളല്ല. ഈ ഓരോ വിവരണങ്ങളും ശ്രദ്ധാപൂർവം പഠിക്കുകയാണെങ്കിൽ അവ വിശ്വസനീയമാണെന്ന്‌ നിങ്ങൾക്കു ബോധ്യപ്പെടും.​—⁠ഉല്‌പത്തി 18:​10-14; 21:​1, 2; യോനാ 1:17; 2:​1, 10; പ്രവൃത്തികൾ 20:​9-12.

തന്റെ സുഹൃത്തായിരുന്ന മാർത്തയോട്‌ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം യേശു പറയുകയുണ്ടായി: ‘ജീവിച്ചിരുന്ന്‌ എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല.’ അസാധ്യമെന്നു തോന്നുന്ന ഈ വാഗ്‌ദാനം നൽകിയതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും യേശു ചോദിച്ചു: “നീ ഇതു വിശ്വസിക്കുന്നുവോ?” ആ ചോദ്യം ഇന്ന്‌ നമ്മുടെയും സവിശേഷശ്രദ്ധ അർഹിക്കുന്നു.​—⁠യോഹന്നാൻ 11:⁠26.

ഭൂമിയിൽ നിത്യം ജീവിക്കുക​—⁠അസാധ്യമോ?

ആയുർദൈർഘ്യത്തെക്കുറിച്ചു നടത്തിയ ഒരു ശാസ്‌ത്രീയപഠനത്തിൽ ഇങ്ങനെ പറയുന്നു: “ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ കാലം, ഒരുപക്ഷേ എന്നേക്കും ജീവിക്കാനാകുന്ന സമയം വിദൂരത്തിലല്ല.” പുതിയ ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നതനുസരിച്ച്‌ കോശങ്ങൾ പ്രവർത്തനരഹിതമാകുന്നതോ അവയ്‌ക്ക്‌ കേടുപാടുകൾ സംഭവിക്കുന്നതോ കൊണ്ടൊന്നുമല്ല മനുഷ്യൻ മരിക്കുന്നത്‌. മറിച്ച്‌ അജ്ഞാതമായ ഏതോ കാരണം നിമിത്തമാണ്‌ ശാരീരികപ്രവർത്തനങ്ങളുടെ താളംതെറ്റുന്നത്‌ അല്ലെങ്കിൽ അത്‌ പ്രവർത്തനരഹിതമാകുന്നത്‌. a അത്‌ ഇങ്ങനെ വിശദീകരിക്കുന്നു: “സങ്കീർണമായ ഒരു പ്രവർത്തനത്തെ നിയന്ത്രിക്കാൻവേണ്ട ചില അവശ്യ ഘടകങ്ങളുടെ അപക്ഷയമായിരിക്കണം വാർധക്യത്തിന്‌ ഇടയാക്കുന്നത്‌.”

മേൽപ്പറഞ്ഞ കാര്യങ്ങൾ വളരെ കൗതുകമുണർത്തുന്നതാണ്‌. എന്നാൽ നിത്യം ജീവിക്കുക സാധ്യമാണ്‌ എന്നതിന്‌ ശാസ്‌ത്രവും യുക്തിയും നിരത്തുന്നതിനെക്കാളൊക്കെ ശക്തമായ കാരണം ബൈബിൾ നൽകുന്നുണ്ട്‌. ജീവന്റെ ഉറവും നമ്മുടെ സ്രഷ്ടാവും ആയ യഹോവയാംദൈവം വാഗ്‌ദാനം ചെയ്യുന്നത്‌ “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും” എന്നാണ്‌. (സങ്കീർത്തനം 36:9; യെശയ്യാവു 25:⁠8) നിങ്ങൾ ഇത്‌ വിശ്വസിക്കുന്നുവോ? ആ വാഗ്‌ദാനം നടത്തിയിരിക്കുന്നത്‌ യഹോവയാണ്‌; ഭോഷ്‌കു പറയുക അവന്‌ തീർത്തും അസാധ്യം!​—⁠തീത്തൊസ്‌ 1:​1, 2. (w12-E 06/01)

[അടിക്കുറിപ്പ്‌]

a വാർധക്യം പ്രാപിക്കുന്നതിനെക്കുറിച്ചും ആയുർദൈർഘ്യത്തെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2006 മെയ്‌ ലക്കം ഉണരുക!-യുടെ ആമുഖലേഖനങ്ങൾ കാണുക.

[11-ാം പേജിലെ ചിത്രം]

‘ഇന്നലെകളിൽ അസാധ്യമായിരുന്ന പലതും ഇന്നു യാഥാർഥ്യമായിരിക്കുന്നു.’ ​—⁠റൊണാൾഡ്‌ റീഗൻ

[12-ാം പേജിലെ ചിത്രം]

മുന്നോട്ടുള്ള ജീവിതം അസാധ്യമായി തോന്നുമ്പോൾ നിങ്ങൾ ആരിലേക്കു തിരിയും?

[11-ാം പേജിലെ ചിത്രം]

NASA photo