വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മവിദ്യക്കു പിന്നിലെ അപകടങ്ങൾ

ആത്മവിദ്യക്കു പിന്നിലെ അപകടങ്ങൾ

ആത്മവിദ്യക്കു പിന്നിലെ അപകടങ്ങൾ

ചെറുപ്പംമുതലേ ബാർബരയ്‌ക്കു a ദർശനങ്ങൾ കിട്ടിയിരുന്നു; പല ശബ്ദങ്ങളും അവൾ കേൾക്കാറുണ്ടായിരുന്നു. ഇതിനൊക്കെ പിന്നിൽ മരിച്ചുപോയ ബന്ധുക്കളാണെന്ന്‌ അവൾ വിശ്വസിച്ചു. പിന്നീട്‌ അവളും ഭർത്താവ്‌ ജോയാക്കീമും ഗൂഢവിദ്യയെക്കുറിച്ചുള്ള പുസ്‌തകങ്ങൾ വായിക്കുകയും ഭാവി പ്രവചിക്കുന്ന ചീട്ടുകൾ നോക്കുന്നതിൽ നിപുണരായിത്തീരുകയും ചെയ്‌തു. ഒരിക്കൽ അവർ ഭാവി നോക്കിയപ്പോൾ വലിയൊരു തുക കിട്ടുമെന്ന സൂചന ലഭിച്ചു, ബിസിനെസ്സിൽനിന്ന്‌ അത്‌ കിട്ടുകയും ചെയ്‌തു. അപകടകാരികളായ ചിലർ വീട്ടിൽ വരുമെന്നും അവരെ ഒഴിവാക്കണമെന്നും മറ്റൊരിക്കൽ ചീട്ട്‌ മുന്നറിയിപ്പു നൽകി.

ഗൂഢവിദ്യയിൽ വിശ്വസിക്കുന്നത്‌ പഴഞ്ചൻ ഏർപ്പാടാണെന്നു തോന്നിയേക്കാമെങ്കിലും അതീന്ദ്രിയജ്ഞാനത്തിൽ ഇന്ന്‌ അനേകരും തത്‌പരരാണ്‌. ഭാവി അറിയുന്നതിനും പൈശാചികശക്തിയിൽനിന്നുള്ള സംരക്ഷണത്തിനും വേണ്ടി അനേകം ആളുകൾ ഏലസ്സുകൾ ധരിക്കുകയും വീജാബോർഡുകൾ (ഭൂതലോകത്തിൽനിന്ന്‌ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സംവിധാനം) ഉപയോഗിക്കുകയും മധ്യവർത്തികളെ കാണുകയും ചെയ്യാറുണ്ട്‌. “മന്ത്രവാദത്തിൽ കൂടുതൽ താത്‌പര്യവും ആകാംക്ഷയും ജനിപ്പിക്കുന്നതിന്‌ ഇന്റർനെറ്റ്‌ കാരണമായിരിക്കുന്നു” എന്ന്‌ “കമ്പ്യൂട്ടറും പിശാചും” എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിൽ ഒരു ജർമൻ മാസിക പറയുന്നു.

ബൈബിളിലും ആത്മവിദ്യയെക്കുറിച്ചു പറഞ്ഞിട്ടുള്ളതായി നിങ്ങൾക്ക്‌ അറിയാമോ? അത്‌ അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടുപോയേക്കാം.

ആത്മവിദ്യയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌

പുരാതന കാലത്തെ തന്റെ ജനമായ ഇസ്രായേല്യരോട്‌ ദൈവം കൽപ്പിച്ചു: “പ്രശ്‌നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്‌ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.” (ആവർത്തനപുസ്‌തകം 18:​10-12) ആത്മവിദ്യക്ക്‌ എതിരെ ഇത്ര ശക്തമായ താക്കീത്‌ നൽകിയത്‌ എന്തുകൊണ്ടാണ്‌?

തുടക്കത്തിൽ നാം കണ്ട അനുഭവത്തിലെപ്പോലെ, ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരുമായി സംസാരിക്കാനാകുമെന്നും ഗൂഢവിദ്യയിലൂടെ ലഭിക്കുന്ന വിവരങ്ങൾ മരിച്ചവരിൽനിന്നാണെന്നും അനേകർ വിശ്വസിക്കുന്നു. മരിച്ചവർ ആത്മമണ്ഡലത്തിൽ ജീവിച്ചിരിക്കുന്നെന്ന മതപഠിപ്പിക്കലിൽനിന്നാണ്‌ ഇത്തരം വിശ്വാസങ്ങൾ ഉടലെടുത്തിരിക്കുന്നത്‌. എന്നാൽ ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക: “മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:⁠5) മാത്രമല്ല, അവർ ഒരു ഗാഢനിദ്രയിലെന്നപോലെയാണെന്നും ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ലെന്നും അതു പറയുന്നു. b (മത്തായി 9:​18, 24; യോഹന്നാൻ 11:​11-14) അങ്ങനെയെങ്കിൽ, ആളുകൾക്ക്‌ ഉണ്ടാകുന്ന അമാനുഷിക അനുഭവങ്ങളെക്കുറിച്ച്‌ എന്തു പറയാനാകും? ഇതിനു പിന്നിൽ ആരാണ്‌?

ആത്മമണ്ഡലവുമായുള്ള ആശയവിനിമയം

ആത്മമണ്ഡലത്തിലുള്ള വ്യക്തികളോട്‌ യേശു സംസാരിച്ചതിനെക്കുറിച്ച്‌ സുവിശേഷവിവരണങ്ങളിൽ കാണാം. മർക്കോസ്‌ 1:​23, 24-ൽ “അശുദ്ധാത്മാവ്‌ ബാധിച്ച ഒരു മനുഷ്യൻ” യേശുവിനോട്‌, “നീ ആരാണെന്ന്‌ എനിക്കു നന്നായി അറിയാം” എന്ന്‌ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ആരാണെന്നും ഈ ആത്മാക്കൾക്ക്‌ നന്നായി അറിയാം. പക്ഷേ അവർ ആരാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?

മനുഷ്യരെ സൃഷ്ടിക്കുന്നതിന്‌ മുമ്പ്‌ ദൈവം അസംഖ്യം ആത്മവ്യക്തികളെ അഥവാ ദൂതന്മാരെ സൃഷ്ടിച്ചിരുന്നു. (ഇയ്യോബ്‌ 38:​4-7) ഈ ദൂതന്മാർ മനുഷ്യരെക്കാൾ ഉയർന്ന ജീവരൂപങ്ങളാണ്‌. (എബ്രായർ 2:​6, 7) അതിശക്തരും അതീവ ബുദ്ധിശാലികളും ആയ ഇവർ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിനാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: ‘അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്‌ത്തുവിൻ.’​—⁠സങ്കീർത്തനം 103:⁠20.

ഇതിൽ ഒരുകൂട്ടം ദൂതന്മാർ പിന്നീട്‌ ദൈവത്തിന്റെ സമ്മതമില്ലാതെ മനുഷ്യരുമായി ഇടപെട്ടതായി ബൈബിൾ പറയുന്നു. എന്തായിരുന്നു അവരുടെ ഉദ്ദേശ്യം? ആദ്യ മനുഷ്യജോഡികളായ ആദാമിനെയും ഹവ്വായെയും വഞ്ചിച്ച്‌ സ്രഷ്ടാവായ ദൈവത്തിൽനിന്ന്‌ അകറ്റുക എന്നതായിരുന്നു ഇതിൽ ആദ്യത്തെ ദൂതന്റെ ലക്ഷ്യം. അങ്ങനെ ചെയ്യുകവഴി അവൻ ദൂഷകനും എതിരാളിയും എന്നർഥം വരുന്ന പിശാചായ സാത്താൻ ആയിത്തീർന്നു.​—⁠ഉല്‌പത്തി 3:​1-6.

തുടർന്ന്‌ സ്വർഗത്തിലെ “സ്വന്തം പദവി കാത്തുകൊള്ളാതെ തങ്ങൾക്കായുള്ള വാസസ്ഥലം വിട്ട്‌” മറ്റു ചില ദൂതന്മാർ മനുഷ്യശരീരം സ്വീകരിക്കുകയും സുന്ദരികളായ സ്‌ത്രീകളോടൊപ്പം ഭൂമിയിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്‌തു. (യൂദാ 6; ഉല്‌പത്തി 6:​1, 2) അനുസരണംകെട്ട ആ ദൂതന്മാരും അവരുടെ സങ്കരസന്തതികളും മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കി; ഭൂമി ‘അതിക്രമംകൊണ്ടു നിറഞ്ഞു.’ നോഹയുടെ കാലത്തുണ്ടായ പ്രളയത്തിലൂടെ അക്രമവും ദുഷ്ടതയും നിറഞ്ഞ ആ തലമുറയെ ദൈവം നശിപ്പിച്ചു. ഈ ബൈബിൾ വിവരണത്തെക്കുറിച്ച്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാമായിരിക്കും.​—⁠ഉല്‌പത്തി 6:​3, 4, 11-13.

ജലപ്രളയം വന്നപ്പോൾ ജഡശരീരം ഉപേക്ഷിച്ച്‌ ആത്മമണ്ഡലത്തിലേക്കു തിരികെ പോകാൻ ഈ ദുഷ്ടദൂതന്മാർ നിർബന്ധിതരായി. പക്ഷേ അവരുടെ സ്വാഭാവിക ‘വാസസ്ഥലത്തേക്ക്‌’ പ്രവേശിക്കാൻ ദൈവം അവരെ അനുവദിച്ചില്ല. പകരം അവൻ അവരെ ‘അന്ധകാരഗർത്തങ്ങളിൽ’ എന്നപോലെ ഒരു അധഃപതിച്ച അവസ്ഥയിലേക്കു തരംതാഴ്‌ത്തി. (2 പത്രോസ്‌ 2:​4, 5) മത്സരികളായ ഈ ദൂതന്മാരെ “ഭൂതങ്ങൾ” എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (യാക്കോബ്‌ 2:19) ഇവരാണ്‌ ആത്മവിദ്യക്കു പിന്നിൽ പ്രവർത്തിക്കുന്നത്‌.

ഭൂതങ്ങളുടെ ഉദ്ദേശ്യം

മനുഷ്യരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന ദുഷ്ടാത്മാക്കളുടെ പ്രധാന ലക്ഷ്യം സത്യദൈവമായ യഹോവയെ ആരാധിക്കുന്നതിൽനിന്ന്‌ ആളുകളെ വ്യതിചലിപ്പിക്കുക എന്നതാണ്‌. ഗൂഢവിദ്യയിലൂടെ പല വരങ്ങളും ശക്തികളും സ്വായത്തമാകുന്നതായി ആളുകൾ പറയാറുണ്ടെങ്കിലും അതൊക്കെ ദൈവത്തെ ശരിയായി അറിയുന്നതിൽനിന്നും അവനുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിൽനിന്നും ആളുകളെ തടയാൻ ഭൂതങ്ങൾ ഉപയോഗിക്കുന്ന മാർഗങ്ങളാണ്‌.

ഭൂതങ്ങളുടെ നേതാവായ സാത്താൻ യേശുവിനോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ അവരുടെ മറ്റൊരു ദുരുദ്ദേശ്യം മനസ്സിലാകും. സാത്താൻ “ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും” യേശുവിന്‌ വെച്ചുനീട്ടി. അതിനു പകരമായി അവന്‌ എന്താണ്‌ വേണ്ടിയിരുന്നത്‌? ആരാധന. ‘എന്റെ മുമ്പാകെ വീണ്‌ എന്നെയൊന്നു നമസ്‌കരിക്കുക,’ അവൻ പറഞ്ഞു. എല്ലാവരും തങ്ങളെ ആരാധിക്കണമെന്നാണ്‌ സാത്താന്റെയും ഭൂതങ്ങളുടെയും ആഗ്രഹം. പക്ഷേ ദൈവത്തെ തള്ളിപ്പറയാനോ സത്യാരാധന ത്യജിക്കാനോ യേശു തയ്യാറായില്ല.​—⁠മത്തായി 4:​8-10.

ഭൂതങ്ങൾ യേശുവിനോട്‌ സംസാരിച്ചതുപോലെ ആളുകളോട്‌ നേരിട്ടു സംസാരിക്കുന്നത്‌ ഇന്നു വിരളമാണ്‌. പകരം നിർദോഷമെന്നു തോന്നുന്ന കാര്യങ്ങളിലൂടെ അശ്രദ്ധരായവരെ കെണിയിൽ വീഴ്‌ത്താനാണ്‌ അവർ ശ്രമിക്കുന്നത്‌. സ്‌ഫടികഗോളങ്ങൾ, തത്തകൾ, ചീട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള ഭാവിപ്രവചനവും ജാതകം നോക്കുന്നതും അവരുടെ കെണികളിൽ ചിലതാണ്‌. അത്തരം കാര്യങ്ങളാൽ വഴിതെറ്റിക്കപ്പെടരുത്‌! അജ്ഞാത ലോകവുമായി ബന്ധപ്പെടാനുള്ള സാധാരണ മാർഗങ്ങളല്ല അവയൊന്നും. ഗൂഢവിദ്യയോടുള്ള ആളുകളുടെ താത്‌പര്യം മുതലെടുത്ത്‌ യഹോവയെ ആരാധിക്കുന്നതിൽനിന്ന്‌ അവരെ വ്യതിചലിപ്പിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. എന്നാൽ അവരുടെ നിയന്ത്രണത്തിലായിരുന്നവർ യഹോവയെ ആരാധിക്കാൻ തുടങ്ങുമ്പോൾ ഭൂതങ്ങൾ അവരെ ഉപദ്രവിക്കുകയും അവരുടെ ജീവിതം ദുരിതപൂർണമാക്കുകയും ചെയ്യും. നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ഭൂതങ്ങളുടെ സ്വാധീനത്തിൽനിന്ന്‌ ഊരിപ്പോരാൻ എങ്ങനെ കഴിയും?

ആത്മവിദ്യയിൽനിന്ന്‌ പുറത്തുകടക്കാൻ

മനുഷ്യരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന ആത്മവ്യക്തികൾ ദൈവത്തിന്റെ ശത്രുക്കളാണ്‌; നാശം കാത്തുകഴിയുന്നവരാണ്‌ അവർ. (യൂദാ 6) മരിച്ചവരുടെ വേഷം ധരിച്ച്‌ നമ്മെ വഞ്ചിക്കാനും കബളിപ്പിക്കാനും അവർ ശ്രമിക്കുന്നു. സുഹൃത്തായി കരുതിയിരുന്ന ഒരാൾ ചതിയനാണെന്നു മനസ്സിലായാൽ നിങ്ങൾക്ക്‌ എന്തു തോന്നും? ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ഒരാൾ ലൈംഗികാഭാസനാണെന്നു തിരിച്ചറിഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഭൂതങ്ങളുമായി ഇടപെടുന്നത്‌ ഇതിനെക്കാളൊക്കെ അപകടകരമാണ്‌. അത്‌ നിറുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്‌. നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

ഭൂതവിദ്യയെക്കുറിച്ച്‌ ബൈബിൾ പറയുന്നതു മനസ്സിലാക്കിയപ്പോൾ പുരാതന എഫെസൊസ്‌ നിവാസികളിൽ ചിലർ മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ നശിപ്പിച്ചുകളയാൻ തീരുമാനിച്ചു. ആ പുസ്‌തകങ്ങൾ വളരെ വിലപിടിച്ചവയായിരുന്നിട്ടും അതെല്ലാം ‘എല്ലാവരുടെയും മുമ്പിൽവെച്ചു അവർ ചുട്ടുകളഞ്ഞു.’ (പ്രവൃത്തികൾ 19:​19, 20) പുസ്‌തകങ്ങൾ, ഏലസ്സുകൾ, വീജാബോർഡുകൾ തുടങ്ങിയവ മാത്രമല്ല ഇന്ന്‌ ഗൂഢവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌; ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിൽ ലഭ്യമായ വിവരങ്ങളും അതിൽപ്പെടും. ഭൂതവിദ്യയുമായി ബന്ധമുണ്ടെന്ന്‌ തോന്നുന്ന സകല സംഗതികളും നാം ഒഴിവാക്കണം.

ലേഖനത്തിന്റെ തുടക്കത്തിൽ പരിചയപ്പെട്ട ദമ്പതികളെക്കുറിച്ച്‌ ചിന്തിക്കുക. അപകടകാരികളായ ചിലർ വീട്ടിൽ വരുമെന്നും അവർ പറയുന്നത്‌ ശ്രദ്ധിക്കുകയോ അവരിൽനിന്ന്‌ ഒന്നും സ്വീകരിക്കുകയോ ചെയ്യരുതെന്നും ആണ്‌ ചീട്ടുകൾ അവർക്കു മുന്നറിയിപ്പ്‌ കൊടുത്തത്‌. എന്നാൽ യഹോവയുടെ സാക്ഷികളായ കോനിയും ഗുഡ്‌റോനും ദൈവത്തെക്കുറിച്ചുള്ള സുവാർത്തയുമായി അവരുടെ വീട്ടിൽ ചെന്നപ്പോൾ അവർ പറയുന്നത്‌ കേൾക്കാൻ ജോയാക്കീമും ബാർബരയും തീരുമാനിച്ചു. പിന്നീട്‌ അവരുടെ സംഭാഷണം ഭൂതവിദ്യയെക്കുറിച്ചായി. തിരുവെഴുത്തുകളിൽനിന്ന്‌ കൃത്യമായ വിവരങ്ങൾ സാക്ഷികൾ അവർക്കു വിശദീകരിച്ചുകൊടുത്തു. അങ്ങനെ ക്രമമായ ഒരു ബൈബിൾ ചർച്ച തുടങ്ങി.

പെട്ടെന്നുതന്നെ ഭൂതങ്ങളുമായുള്ള സകല ബന്ധവും അവസാനിപ്പിക്കാൻ ജോയാക്കീമും ബാർബരയും തീരുമാനിച്ചു. പക്ഷേ, ഭൂതങ്ങൾ അടങ്ങിയിരിക്കില്ലെന്ന്‌ സാക്ഷികൾ അവർക്ക്‌ മുന്നറിയിപ്പു നൽകി. പറഞ്ഞതുപോലെതന്നെ, ഭയാനകമായ ആക്രമണങ്ങളാണ്‌ ഭൂതങ്ങളിൽനിന്ന്‌ അവർക്ക്‌ ഉണ്ടായത്‌. ഭൂതങ്ങളുടെ ഉപദ്രവം കാരണം പല രാത്രികളും കഴിച്ചുകൂട്ടിയത്‌ പേടിച്ചാണ്‌. മറ്റൊരു വീട്ടിലേക്ക്‌ മാറിത്താമസിച്ചത്‌ അൽപം ആശ്വാസമേകി. ഇത്തരം കഠിനപരിശോധനകളൊക്കെ ഉണ്ടായിട്ടും ഫിലിപ്പിയർ 4:​13-ലെ, “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌” എന്ന വാക്കുകളിൽ അവർക്കു വിശ്വാസമുണ്ടായിരുന്നു. അവരുടെ ദൃഢനിശ്ചയത്തെ യഹോവ അനുഗ്രഹിച്ചു; ക്രമേണ ഭൂതങ്ങളുടെ ആക്രമണം അവസാനിച്ചു. ഇന്ന്‌ ജോയാക്കീമും ബാർബരയും സത്യദൈവമായ യഹോവയെ സന്തോഷത്തോടെ ആരാധിക്കുന്നു.

യഹോവയുടെ അനുഗ്രഹം നേടാൻ ആഗ്രഹിക്കുന്നവരെ തിരുവെഴുത്തുകൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തിനു കീഴ്‌പെടുവിൻ. പിശാചിനോട്‌ എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട്‌ ഓടിപ്പോകും. ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.” (യാക്കോബ്‌ 4:​7, 8) ഭൂതസ്വാധീനത്തിൽനിന്ന്‌ രക്ഷപ്പെടാൻ യഹോവയാംദൈവം നിങ്ങളെ സഹായിക്കും; അവനു മാത്രമേ അതിനു കഴിയൂ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം. ഭൂതവിദ്യയിൽനിന്ന്‌ സ്വതന്ത്രരായതിനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ സങ്കീർത്തനം 121:​2-ലെ വാക്കുകളാണ്‌ ജോയാക്കീമും ബാർബരയും ഏറ്റു പറയുന്നത്‌: ‘എന്റെ സഹായം യഹോവയിങ്കൽനിന്നു വരുന്നു.’ (w12-E 03/01)

[അടിക്കുറിപ്പുകൾ]

a പേരുകൾ മാറ്റിയിരിക്കുന്നു.

b മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിലെ “മരിച്ചവർ എവിടെ?” എന്ന 6-ാം അധ്യായം കാണുക.

[27-ാം പേജിലെ ആകർഷകവാക്യം]

ഗൂഢവിദ്യയിൽ ഏർപ്പെടുന്നവർക്ക്‌ ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ സാധിക്കില്ല

[28-ാം പേജിലെ ആകർഷകവാക്യം]

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”​—⁠യാക്കോബ്‌ 4:8