വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണ്‌ പ്രാർഥന കേൾക്കുന്നത്‌?

ആരാണ്‌ പ്രാർഥന കേൾക്കുന്നത്‌?

ആരാണ്‌ പ്രാർഥന കേൾക്കുന്നത്‌?

പ്രാർഥന കേൾക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത്‌ തീർച്ചയായും നമ്മെ സൃഷ്ടിച്ചവനായിരിക്കണം. മനുഷ്യന്റെ മസ്‌തിഷ്‌കം രൂപകൽപ്പന ചെയ്‌തവനല്ലാതെ മറ്റാർക്കാണ്‌ നിങ്ങളുടെ ചിന്തകൾ വായിക്കാൻ പറ്റുക? വേറെ ആർക്കാണ്‌ പ്രാർഥനകൾ കേട്ട്‌ മനുഷ്യവർഗത്തിന്‌ ആവശ്യമായ സഹായം നൽകാൻ കഴിയുക? പക്ഷേ, നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നത്‌ യുക്തിയാണോ?’

ഒരു സ്രഷ്ടാവിൽ വിശ്വസിക്കണമെങ്കിൽ ആധുനികശാസ്‌ത്രത്തിനെതിരെ കണ്ണടയ്‌ക്കണം എന്നാണ്‌ പലരുടെയും ധാരണ. എന്നാൽ അത്തരമൊരു ഊഹാപോഹത്തിൽ യാതൊരു കഴമ്പുമില്ല. താഴെക്കൊടുത്തിരിക്കുന്നത്‌ നോക്കൂ.

◼ അടുത്തകാലത്ത്‌, ഐക്യനാടുകളിലെ വളരെ പ്രസിദ്ധമായ 21 സർവകലാശാലകളിൽനിന്നുള്ള 1,646 ശാസ്‌ത്രജ്ഞർക്കിടയിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിൽ മൂന്നിൽ ഒരാൾ മാത്രമേ “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല” എന്ന പ്രസ്‌താവനയെ പിന്താങ്ങിയുള്ളൂ.

യാഥാർഥ്യം ഇതാണ്‌: അനേകം ശാസ്‌ത്രജ്ഞരും ദൈവത്തിന്റെ അസ്‌തിത്വത്തിൽ വിശ്വസിക്കുന്നു.

സ്രഷ്ടാവുണ്ട്‌ എന്നതിന്റെ തെളിവ്‌

പ്രാർഥന കേൾക്കുന്ന ഒരുവനുണ്ടെന്ന്‌ തെളിവുകളുടെ പിൻബലമില്ലാതെ നാം വിശ്വസിക്കേണ്ടതുണ്ടോ? വേണ്ട. തെളിവുകൾ കൂടാതെ വിശ്വസിക്കുന്നതാണ്‌ യഥാർഥ വിശ്വാസം എന്നത്‌ ഒരു തെറ്റിദ്ധാരണയാണ്‌. വിശ്വാസത്തെ ബൈബിൾ നിർവചിക്കുന്നത്‌, ‘കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള തെളിവിലധിഷ്‌ഠിതമായ നിശ്ചയം’ എന്നാണ്‌. (എബ്രായർ 11:⁠1) ‘കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യമാണ്‌’ വിശ്വാസം എന്ന്‌ മറ്റൊരു പരിഭാഷ പറയുന്നു. (പി.ഒ.സി. ബൈബിൾ) ഉദാഹരണത്തിന്‌, റേഡിയോ തരംഗങ്ങൾ നിങ്ങൾക്ക്‌ കാണാൻ സാധിക്കുകയില്ല. പക്ഷേ ആ അദൃശ്യതരംഗങ്ങൾ റേഡിയോയിൽ ശബ്ദമായി മാറുമ്പോൾ അത്തരം തരംഗങ്ങളുണ്ടെന്ന്‌ നിങ്ങൾക്കു ബോധ്യമാകും. ഇതുപോലെ, പ്രാർഥന കേൾക്കുന്ന അദൃശ്യവ്യക്തിയെ നമുക്കു കാണാൻ സാധിക്കില്ലെങ്കിലും ലഭ്യമായിരിക്കുന്ന തെളിവുകൾ പരിശോധിച്ചാൽ അങ്ങനെയൊരു വ്യക്തി ഉണ്ടെന്ന്‌ നമുക്കു ബോധ്യപ്പെടും.

ദൈവമുണ്ട്‌ എന്നതിനുള്ള തെളിവുകൾ നമുക്ക്‌ എവിടെനിന്നു ലഭിക്കും? അതിന്‌ ചുറ്റുപാടും ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. ബൈബിൾ ഇങ്ങനെ സമർഥിക്കുന്നു: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.” (എബ്രായർ 3:⁠4) ഈ പ്രസ്‌താവന യുക്തിക്കു നിരക്കുന്നതല്ലേ? ഒരുപക്ഷേ, പ്രപഞ്ചത്തിലെ അടുക്കും ചിട്ടയും ജീവന്റെ ഉത്ഭവവും ഭൂമിയിലെ മറ്റെല്ലാറ്റിനെക്കാളും സങ്കീർണമായ മനുഷ്യമസ്‌തിഷ്‌കത്തിന്റെ രൂപകൽപ്പനയും ഒക്കെ കാണുമ്പോൾ മനുഷ്യനെക്കാൾ ശ്രേഷ്‌ഠനായ ഒരാളുണ്ടെന്ന്‌ നിങ്ങൾതന്നെ സമ്മതിക്കും.  a

പക്ഷേ, ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നമുക്ക്‌ പ്രകൃതിയിൽനിന്നു പഠിക്കാനാകില്ല. സൃഷ്ടികളിലൂടെ ദൈവത്തിന്റെ അസ്‌തിത്വം മനസ്സിലാക്കാൻ ശ്രമിക്കുന്നത്‌ വാതിലിനു പുറകിൽ ആരുടെയെങ്കിലും കാലൊച്ച കേൾക്കുന്നതുപോലെ മാത്രമേ ആകുന്നുള്ളൂ. ആരോ അവിടെയുണ്ടെന്ന്‌ നിങ്ങൾക്ക്‌ അറിയാം. പക്ഷേ അത്‌ ആരാണെന്ന്‌ അറിയില്ല, അറിയണമെങ്കിൽ വാതിൽ തുറന്നു നോക്കണം. ഇതുപോലൊരു കാര്യമാണ്‌ സൃഷ്ടിക്കു പിന്നിലെ വ്യക്തി ആരാണെന്ന്‌ അറിയാനും നിങ്ങൾ ചെയ്യേണ്ടത്‌.

ദൈവത്തെക്കുറിച്ച്‌ അറിയാനുള്ള ഒരു വാതിലാണ്‌ ബൈബിൾ. അതു തുറന്ന്‌ അതിലെ പ്രവചനങ്ങളുടെ വിശദാംശങ്ങളും അവയുടെ നിവൃത്തിയും പരിശോധിക്കുമ്പോൾ ദൈവമുണ്ട്‌ എന്നതിനു നിങ്ങൾക്കു തെളിവു കിട്ടും. b അതിനെക്കാൾ ഉപരിയായി, മനുഷ്യരോട്‌ ദൈവം ഇടപെട്ടതിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോൾ പ്രാർഥന കേൾക്കുന്ന ആ ദൈവം എങ്ങനെയുള്ളവനാണെന്നും നിങ്ങൾക്കു വ്യക്തമാകും.

പ്രാർഥന കേൾക്കുന്നവൻ എങ്ങനെയുള്ളവനാണ്‌?

പ്രാർഥന കേൾക്കുന്ന ദൈവം ഒരു വ്യക്തിയാണെന്നു ബൈബിൾ പറയുന്നു; നമുക്ക്‌ അടുത്തറിയാൻ കഴിയുന്ന ഒരാൾ. വ്യക്തിത്വമില്ലാത്ത ഒന്നിന്‌ കാര്യങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയില്ല. ദൈവത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.” (സങ്കീർത്തനം 65:⁠2) വിശ്വാസത്തോടെയുള്ള പ്രാർഥനകൾക്ക്‌ അവൻ ചെവികൊടുക്കുന്നു. പ്രാർഥന കേൾക്കുന്നവന്‌ ഒരു പേരുണ്ട്‌. ബൈബിൾ പറയുന്നു: “യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 15:⁠29.

യഹോവയ്‌ക്ക്‌ വികാരങ്ങളുമുണ്ട്‌. അവൻ ‘സ്‌നേഹത്തിന്റെ ദൈവവും’ ‘സന്തുഷ്ടനായ ദൈവവും’ ആണ്‌. (2 കൊരിന്ത്യർ 13:11; 1 തിമൊഥെയൊസ്‌ 1:​11, അടിക്കുറിപ്പ്‌) ഒരുകാലത്ത്‌ ഭൂമിയിൽ ദുഷ്ടത പെരുകിയപ്പോൾ, അത്‌ ‘അവന്റെ ഹൃദയത്തെ ദുഃഖിപ്പിച്ചു’ എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:​5, 6) ആളുകളെ പരീക്ഷിക്കുന്നതിനുവേണ്ടി ദൈവം കഷ്ടപ്പാടു വരുത്തുമെന്ന അവകാശവാദം തീർത്തും പൊള്ളയാണ്‌. ‘ദൈവം ദുഷ്ടത ഒരിക്കലും ചെയ്‌കയില്ല’ എന്നാണ്‌ ബൈബിൾ പറയുന്നത്‌. (ഇയ്യോബ്‌ 34:10) അപ്പോൾ, നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവം സർവശക്തനായ സ്രഷ്ടാവാണെങ്കിൽ എന്തുകൊണ്ടാണ്‌ അവൻ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌?’

ഇച്ഛാസ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള കഴിവ്‌ മനുഷ്യവർഗത്തിനു നൽകിക്കൊണ്ട്‌ യഹോവ അവരെ ആദരിച്ചു. എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം നാം വിലമതിക്കുന്നില്ലേ? പക്ഷേ സങ്കടകരമെന്നു പറയട്ടെ, അനേകം ആളുകളും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌ത്‌ തങ്ങൾക്കും മറ്റുള്ളവർക്കും ദുരിതങ്ങൾ വരുത്തിയിരിക്കുന്നു. ഇപ്പോൾ നാം ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്‌: മനുഷ്യരുടെ ആ സ്വാതന്ത്ര്യത്തെ ഹനിക്കാതെ ദൈവം എങ്ങനെ കഷ്ടപ്പാട്‌ ഇല്ലായ്‌മ ചെയ്യും? ഈ ചോദ്യത്തിന്റെ ഉത്തരമാണ്‌ അടുത്ത ലേഖനത്തിൽ. (w12-E 07/01)

[അടിക്കുറിപ്പുകൾ]

a ദൈവമുണ്ട്‌ എന്നതിന്റെ കൂടുതലായ തെളിവുകൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവന്റെ ഉത്ഭവം​—⁠പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രികയും നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകവും പരിശോധിക്കുക.

b ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന കൂടുതൽ തെളിവുകൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയും ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകവും കാണുക.

[5-ാം പേജിലെ ചതുരം]

ദൈവമുണ്ടോ എന്ന നിങ്ങളുടെ സംശയത്തിനു കാരണം മതമാണോ?

പ്രാർഥന കേൾക്കുന്ന ആർദ്രാനുകമ്പയുള്ള ഒരു ദൈവമുണ്ടോ എന്ന സംശയം അനേകരിലും ജനിപ്പിച്ചിരിക്കുന്നത്‌ മതമാണ്‌! യുദ്ധം, ഭീകരപ്രവർത്തനം എന്നിവയിൽ മതങ്ങൾ ഏർപ്പെടുന്നതും കുട്ടികളെ ചൂഷണം ചെയ്യുന്നത്‌ അനുവദിച്ചുകൊടുക്കുന്നതും ഒക്കെ കാണുമ്പോൾ പതിവായി പ്രാർഥിക്കുന്ന ആളുകൾ പോലും “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല” എന്നു പറഞ്ഞുപോകുന്നു.

മതം പലപ്പോഴും മനുഷ്യരെ മോശമായി സ്വാധീനിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദുഷ്‌പ്രവൃത്തിക്കാർ മതത്തിന്റെ പേരിൽ മോശമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ്‌ കാരണം. ക്രിസ്‌ത്യാനിത്വത്തെ മറ്റു ചില ശക്തികൾ സ്വാധീനിക്കുമെന്നും ദുഷ്‌പ്രവൃത്തികൾക്കായി ഉപയോഗിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. പൗലോസ്‌ അപ്പൊസ്‌തലൻ ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ ഇങ്ങനെ എഴുതി: “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും.”​—⁠പ്രവൃത്തികൾ 20:​29, 30.

വ്യാജമതങ്ങളെ ദൈവത്തിനു വെറുപ്പാണ്‌. “ഭൂമിയിൽ അറുക്കപ്പെട്ട ഏവരുടെയും രക്ത”ത്തിന്‌ വ്യാജമതങ്ങൾ കണക്കുപറയേണ്ടിവരുമെന്ന്‌ ദൈവവചനമായ ബൈബിൾ പറയുന്നു. (വെളിപാട്‌ 18:24) കാരണം, സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമായ സത്യദൈവത്തെക്കുറിച്ച്‌ വ്യാജമതങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല. അതിനാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ രക്തപാതകക്കുറ്റം പേറുന്നവരാണ്‌.​—⁠1 യോഹന്നാൻ 4:⁠8.

മതത്തിന്റെ ചൂഷണത്തിന്‌ ഇരകളായവരോട്‌ പ്രാർഥന കേൾക്കുന്നവന്‌ സഹതാപമുണ്ട്‌. ഉടൻതന്നെ സകല കപടഭക്തരെയും ന്യായംവിധിക്കാൻ മനുഷ്യരോടുള്ള സ്‌നേഹം ദൈവത്തെ പ്രേരിപ്പിക്കും. യേശുവിനെ ഉപയോഗിച്ചായിരിക്കും അവൻ അതു ചെയ്യുക. യേശു പറഞ്ഞു: “അന്നു പലരും എന്നോട്‌, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിച്ചില്ലയോ? . . . എന്നു പറയും. എന്നാൽ ഞാൻ അവരോട്‌, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട്‌ പോകുവിൻ എന്നു തീർത്തുപറയും.”​—⁠മത്തായി 7:​22, 23.