വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരെങ്കിലും നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടോ?

ആരെങ്കിലും നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടോ?

ആരെങ്കിലും നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടോ?

“ദൈവമുണ്ടോ എന്ന്‌ എനിക്കു സംശയമായിരുന്നു. എന്നാലും ഇടയ്‌ക്കൊക്കെ ഞാൻ പ്രാർഥിക്കുമായിരുന്നു. എന്റെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നൊന്നും എനിക്ക്‌ ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ ആരെങ്കിലും കേൾക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു. സന്തോഷമില്ലാത്ത ജീവിതമായിരുന്നു എന്റേത്‌; ജീവിതത്തിനു പ്രത്യേകിച്ച്‌ ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ദൈവത്തിൽ വിശ്വസിക്കാൻ എനിക്കു ഭയമായിരുന്നു. കാരണം ദുർബലരായ ആളുകളാണ്‌ ദൈവത്തിൽ വിശ്വസിക്കുന്നത്‌ എന്നായിരുന്നു എന്റെ വിചാരം.”—പട്രീഷ്യ, a അയർലൻഡ്‌.

പട്രീഷ്യയെപ്പോലെ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ദൈവത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ സംശയം ഉണ്ടെങ്കിലും നിങ്ങളും പ്രാർഥിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല; നിങ്ങളെപ്പോലെതന്നെയാണ്‌ പലരും. ചില വസ്‌തുതകൾ നോക്കൂ:

◼ 2,200 ബ്രിട്ടീഷുകാർക്കിടയിൽ നടത്തിയ ഒരു സർവേയിൽ 55 ശതമാനം പേരും വല്ലപ്പോഴുമൊക്കെ പ്രാർഥിക്കാറുണ്ട്‌. എന്നാൽ 22 ശതമാനം ആളുകൾ മാത്രമേ പ്രപഞ്ചം സൃഷ്ടിച്ച, പ്രാർഥന കേൾക്കുന്ന, ആത്മവ്യക്തിയായ ഒരു ദൈവം ഉണ്ടെന്ന്‌ വിശ്വസിക്കുന്നുള്ളൂ.

◼ നാലു ഭൂഖണ്ഡങ്ങളിലായി 10,000 പേർക്കിടയിൽ നടത്തിയ ഒരു സർവേ അനുസരിച്ച്‌, നിരീശ്വരവാദികളെന്ന്‌ അവകാശപ്പെട്ടവരിൽ ഏതാണ്ട്‌ 30 ശതമാനം പേരും പ്രാർഥിക്കുന്നവരാണ്‌.

സംശയത്തിനു കാരണം

ഇംഗ്ലണ്ടിലുള്ള അലൻ എന്ന വ്യക്തി പറയുന്നു: “ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന്‌ ഞാൻ എപ്പോഴും പറയുമായിരുന്നു. കാരണം ആളുകളെ ചൊൽപ്പടിക്കു നിറുത്താനും പണം ഉണ്ടാക്കാനും മാത്രമുള്ള ഒരു ഏർപ്പാടാണ്‌ മതം എന്നായിരുന്നു എന്റെ വിശ്വാസം. കൂടാതെ ഒരു ദൈവമുണ്ടെങ്കിൽ ഇത്രയധികം അനീതി ഉണ്ടാകുമായിരുന്നില്ലെന്നു ഞാൻ ന്യായവാദം ചെയ്‌തു. എങ്കിലും ചിലപ്പോഴൊക്കെ ഞാൻ ഏകാന്തമായിരുന്ന്‌ ‘എന്തിനോടോ’ പ്രാർഥിക്കുമായിരുന്നു. ‘ഞാൻ ഇവിടെ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?’ എന്ന്‌ ഞാൻ എന്നോടുതന്നെ ചോദിച്ചിരുന്നു.”

ഇത്തരം ചിന്തകളുള്ള പലർക്കും, പ്രാർഥനയ്‌ക്ക്‌ ഉത്തരം കിട്ടുമോ എന്ന്‌ സംശയിക്കാൻ തങ്ങളുടേതായ പല കാരണങ്ങളും കാണും. ജീവിതത്തിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളായിരിക്കും പലരിലും സംശയം ആളിക്കത്തിക്കുന്നത്‌. ചിലത്‌ ഇവയാണ്‌:

◼ ഒരു സ്രഷ്ടാവുണ്ടോ?

◼ മതം പലപ്പോഴും മനുഷ്യർക്ക്‌ ദോഷം വരുത്തുന്നത്‌ എന്തുകൊണ്ട്‌?

◼ ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കുകയാണെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രാർഥിക്കാൻ നിങ്ങൾക്കു കഴിയില്ലേ? (w12-E 07/01)

[അടിക്കുറിപ്പ്‌]

a ഈ ലേഖനപരമ്പരയിലെ ചില പേരുകൾ മാറ്റിയിരിക്കുന്നു.