വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥന കേൾക്കുന്നവനോട്‌ അടുത്തുചെല്ലുക

പ്രാർഥന കേൾക്കുന്നവനോട്‌ അടുത്തുചെല്ലുക

പ്രാർഥന കേൾക്കുന്നവനോട്‌ അടുത്തുചെല്ലുക

ദൈവത്തിൽ വിശ്വസിക്കുന്ന പലർക്കും തങ്ങൾ എന്തുകൊണ്ടാണ്‌ ദൈവത്തിൽ വിശ്വസിക്കുന്നതെന്ന്‌ പറയാനാകുന്നില്ല. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നും മതങ്ങളുടെ പേരിൽ ദുഷ്‌കൃത്യങ്ങൾ നടക്കുന്നത്‌ എന്തുകൊണ്ടാണെന്നും അവർക്ക്‌ അറിയില്ല. ദൈവത്തോട്‌ പ്രാർഥിക്കുക എന്നതാണ്‌ ആകെക്കൂടി അവർ ചെയ്യുന്നത്‌.

എന്നാൽ ഇവയുടെ കാരണങ്ങൾ അറിയുന്നതിനും ദൈവത്തോട്‌ അടുത്തുചെല്ലുന്നതിനും നിങ്ങൾക്കാകും. അത്‌ ദൈവത്തെ സ്‌നേഹിക്കാനും ആദരിക്കാനും നിങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ നിങ്ങൾക്ക്‌ അവനിൽ വിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും. യഥാർഥ വിശ്വാസം തെളിവിലധിഷ്‌ഠിതമാണ്‌. (എബ്രായർ 11:⁠1) ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുമ്പോൾ നിങ്ങൾ അവനെ അടുത്തറിയും; ഒരു സുഹൃത്തിനോടെന്നപോലെ അവനോടു സംസാരിക്കാനും കഴിയും. ദൈവമുണ്ടോ എന്ന്‌ സംശയമുണ്ടായിരുന്നെങ്കിലും പ്രാർഥിക്കാറുണ്ടായിരുന്ന ചിലരുടെ അനുഭവങ്ങൾ നോക്കുക.

ആദ്യലേഖനത്തിൽ പരിചയപ്പെട്ട പട്രീഷ്യ. “ഒരു ദിവസം ഞങ്ങൾ എട്ടുപത്ത്‌ കൂട്ടുകാർ ഒരുമിച്ചിരുന്ന്‌ മതത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു. നിരീശ്വരവാദിയായ എന്റെ അച്ഛനും വീട്ടിൽവന്ന ഒരു യഹോവയുടെ സാക്ഷിയും തമ്മിലുള്ള ചർച്ചക്കിടയിൽനിന്ന്‌ രക്ഷപ്പെടാൻ വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോന്നതിനെക്കുറിച്ച്‌ ഞാൻ അവരോട്‌ പറഞ്ഞിരുന്നു. ‘യഹോവയുടെ സാക്ഷികൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കും,’ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു.

“ ‘അവരുടെ മീറ്റിംഗിന്‌ നമുക്ക്‌ ഒന്നു പോയി നോക്കിയാലോ?’ മറ്റൊരാൾ അഭിപ്രായപ്പെട്ടു. അത്‌ എല്ലാവർക്കും സമ്മതമായി; ഞങ്ങൾ പോയി. അവിടെ കേട്ട കാര്യങ്ങൾ അത്ര ദഹിച്ചില്ലെങ്കിലും സാക്ഷികളുടെ സൗഹൃദഭാവം നിമിത്തം ഞങ്ങളിൽ ചിലർ തുടർന്നും യോഗങ്ങൾക്കു ഹാജരായി.

“അങ്ങനെയിരിക്കെ, ഒരു ഞായറാഴ്‌ച ഞാൻ അവിടെ കേട്ട കാര്യങ്ങൾ എന്റെ ചിന്താഗതി മാറ്റിമറിച്ചു. ആളുകൾ കഷ്ടപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അന്ന്‌ പ്രസംഗകൻ വിശദീകരിച്ചു. മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർ പൂർണരായിരുന്നെന്നും ഏകമനുഷ്യനിലൂടെയാണ്‌ പാപവും മരണവും വന്നതെന്നും അത്‌ പിന്നീട്‌ സകലമനുഷ്യരിലേക്കും വ്യാപിക്കുകയായിരുന്നെന്നും ഉള്ള അറിവുകൾ എനിക്കു പുതിയതായിരുന്നു. ആദ്യമനുഷ്യൻ നഷ്ടപ്പെടുത്തിയത്‌ മനുഷ്യവർഗത്തിന്‌ തിരികെ ലഭിക്കാൻ യേശു മരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. a (റോമർ 5:​12, 18, 19) പെട്ടെന്നുതന്നെ എനിക്കു കാര്യങ്ങളെല്ലാം വ്യക്തമായി. ‘നമ്മെക്കുറിച്ചു കരുതലുള്ള ഒരു ദൈവം നിശ്ചയമായും ഉണ്ട്‌,’ ഞാൻ മനസ്സിൽ പറഞ്ഞു. ബൈബിൾ പഠനം ഞാൻ തുടർന്നു. അങ്ങനെ, ഒരു യഥാർഥ വ്യക്തിയോട്‌ പ്രാർഥിക്കാൻ കഴിയുമെന്ന്‌ ജീവിതത്തിൽ ആദ്യമായി ഞാൻ മനസ്സിലാക്കി.”

ആദ്യലേഖനത്തിൽ കണ്ട അലൻ. “ഒരിക്കൽ യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വന്നു. ഭൂമിയിൽ നിത്യം ജീവിക്കുന്നതിനെക്കുറിച്ച്‌ അവർ പറഞ്ഞത്‌ ഭാര്യക്ക്‌ വളരെ ഇഷ്ടപ്പെട്ടു; അവൾ അവരെ അകത്തേക്കു ക്ഷണിച്ചു. എനിക്കു പക്ഷേ ദേഷ്യമാണ്‌ വന്നത്‌. അവരെ സ്വീകരണമുറിയിൽ ഇരുത്തിയിട്ട്‌ ഭാര്യയെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി ഞാൻ പറഞ്ഞു: ‘നിനെക്കെന്താ ഭ്രാന്തുണ്ടോ, അവർ പറയുന്നതിൽ ഒരു കഴമ്പുമില്ല!’

“ ‘അങ്ങനെയാണെങ്കിൽ അവർ പറയുന്നത്‌ തെറ്റാണെന്ന്‌ നിങ്ങൾതന്നെ ഒന്നു തെളിയിക്ക്‌,’ അവൾ പറഞ്ഞു.

“സത്യം പറഞ്ഞാൽ ഒന്നും തെളിയിക്കാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ വളരെ ദയയോടെയാണ്‌ അവർ എന്നോട്‌ ഇടപെട്ടത്‌. ജീവൻ ഉത്ഭവിച്ചത്‌ പരിണാമത്തിലൂടെയാണോ അതോ സൃഷ്ടിയിലൂടെയാണോ എന്നതിനെക്കുറിച്ചുള്ള ഒരു പുസ്‌തകവും അവർ എനിക്കു തന്നു. യുക്തിക്കു നിരക്കുന്നതും തെളിവുകളുടെ പിൻബലമുള്ളതും ആയിരുന്നു അതിലെ വിവരങ്ങൾ. അതുകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു. മതത്തെക്കുറിച്ച്‌ ഞാൻ മനസ്സിലാക്കിയിരുന്നതും ബൈബിൾ പറയുന്നതും തികച്ചും വ്യത്യസ്‌തമാണെന്ന്‌ സാക്ഷികളോടൊപ്പം പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി. യഹോവയെക്കുറിച്ച്‌ അറിഞ്ഞപ്പോൾ തികഞ്ഞ ബോധ്യത്തോടെ ഞാൻ അവനോടു പ്രാർഥിക്കാൻ തുടങ്ങി. ചില തെറ്റായ ചിന്താഗതികൾ എനിക്ക്‌ ഉണ്ടായിരുന്നു. അതു മാറ്റിയെടുക്കാനുള്ള സഹായത്തിനായി ഞാൻ അവനോട്‌ അപേക്ഷിച്ചു. യഹോവ എന്റെ പ്രാർഥന കേട്ടു എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

ഇംഗ്ലണ്ടിൽ താമസിക്കുന്ന ആൻഡ്രൂ. “എനിക്ക്‌ എന്റേതായ അഭിപ്രായങ്ങളും ശാസ്‌ത്രത്തിൽ പ്രത്യേക താത്‌പര്യവും ഒക്കെ ഉണ്ടായിരുന്നെങ്കിലും പരിണാമസിദ്ധാന്തം സത്യമാണെന്ന്‌ മറ്റുള്ളവർ പറഞ്ഞിരുന്നതിനാൽ ഞാൻ അതിൽ വിശ്വസിച്ചു. ചുറ്റുപാടും നടക്കുന്ന ദുഷ്‌കൃത്യങ്ങൾ കാരണം ദൈവത്തിൽ എനിക്ക്‌ വിശ്വാസമില്ലായിരുന്നു.

“എങ്കിലും, ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു: ‘ദൈവം എന്ന ഒരാൾ മുകളിൽ ഉണ്ടെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ്‌ ഇത്രയധികം ക്രൂരകൃത്യങ്ങളും യുദ്ധങ്ങളും ഒക്കെ ഉള്ളത്‌?’ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ചിലപ്പോഴൊക്കെ പ്രാർഥിച്ചിരുന്നു, പക്ഷേ അത്‌ ആരോടാണ്‌ എന്നൊന്നും എനിക്ക്‌ അറിയില്ലായിരുന്നു.

“യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ എങ്ങനെയോ ഭാര്യക്കു കിട്ടി. പലപ്പോഴും എന്റെ മനസ്സിലൂടെ കടന്നുപോയിട്ടുള്ള ചോദ്യമായിരുന്നു അത്‌. ‘ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിക്കും മൂല്യമുള്ളതാണോ’ എന്ന്‌ ചിന്തിക്കാൻ ആ ലഘുലേഖ എന്നെ പ്രേരിപ്പിച്ചു. പിന്നീട്‌ ഒരു അവധി ദിവസം, ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ആരോ എനിക്കു തന്നു. ശരിക്കുള്ള ശാസ്‌ത്രവുമായി ബൈബിൾ യോജിപ്പിലാണെന്നു മനസ്സിലാക്കിയപ്പോൾ ബൈബിളിനെക്കുറിച്ച്‌ കൂടുതൽ അറിയണമെന്നായി എനിക്ക്‌. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നോടൊപ്പം ബൈബിൾ പഠിക്കാമെന്ന്‌ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ പ്രാർഥനയിലൂടെ എനിക്ക്‌ എന്തും തുറന്നുപറയാനാകുന്ന ഒരു യഥാർഥ വ്യക്തിയാണ്‌ അവനെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.”

ലണ്ടനിൽ പ്രൊട്ടസ്റ്റന്റ്‌ മതപശ്ചാത്തലത്തിൽ വളർന്നുവന്ന ജാൻ. “മതകാപട്യവും വർധിച്ചുവരുന്ന കഷ്ടപ്പാടും ഒക്കെ കണ്ടപ്പോൾ ഞാൻ മതം ഉപേക്ഷിച്ചു. കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കുവെച്ച്‌ നിറുത്തി ഞാൻ പണത്തിനായി പാട്ടു പാടാനും ഗിറ്റാർ വായിക്കാനും തുടങ്ങി. അങ്ങനെയാണ്‌ ഞാൻ പാറ്റിനെ പരിചയപ്പെടുന്നത്‌. കത്തോലിക്കാ വിശ്വാസിയായാണ്‌ വളർന്നുവന്നതെങ്കിലും അവനും എന്നെപ്പോലെതന്നെ മതം വിട്ടുപോരുകയായിരുന്നു.

“പൗരസ്‌ത്യ മതങ്ങളിൽ താത്‌പര്യം ഉണ്ടായിരുന്ന മറ്റു ചിലരോടൊപ്പം ഒരു ഒഴിഞ്ഞ വീട്ടിൽ ഞങ്ങൾ താമസമാക്കി. അവരും ഞങ്ങളെപ്പോലെ പഠനം ഉപേക്ഷിച്ചവരായിരുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ രാവേറെച്ചെല്ലുംവരെ കൂലങ്കഷമായ ചർച്ചകളിൽ ഞങ്ങൾ മുഴുകിയിരുന്നു. എനിക്കും പാറ്റിനും ദൈവത്തിൽ വിശ്വാസമില്ലായിരുന്നെങ്കിലും ഒരു ‘ജീവശക്തി’ ഉള്ളതായി ഞങ്ങൾ വിശ്വസിച്ചു.

“സംഗീതവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ജോലി കിട്ടുമോ എന്ന്‌ അറിയാൻ ഞങ്ങൾ വടക്കേ ഇംഗ്ലണ്ടിലേക്കു പോയി, അവിടെവെച്ച്‌ ഞങ്ങൾക്ക്‌ ഒരു മകൻ പിറന്നു. ഒരിക്കൽ അവന്‌ സുഖമില്ലാതായി. ദൈവത്തിൽ വിശ്വാസമില്ലായിരുന്നെങ്കിലും അന്ന്‌ ഞാൻ പ്രാർഥിച്ചു. പിന്നീട്‌ ഒരു ദിവസം, ഞാനും പാറ്റും തമ്മിലുള്ള ബന്ധത്തിന്‌ ഉലച്ചിൽതട്ടിയതിനെത്തുടർന്ന്‌ കുഞ്ഞിനെയുംകൊണ്ട്‌ ഞാൻ വീട്‌ വിട്ടിറങ്ങി. ആരെങ്കിലും കേൾക്കുന്നുണ്ടാകും എന്ന പ്രതീക്ഷയോടെ അപ്പോഴും ഞാൻ സഹായത്തിനായി പ്രാർഥിച്ചു. പാറ്റും അതുപോലെ പ്രാർഥിക്കുന്നുണ്ടായിരുന്നെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.

“ആ ദിവസംതന്നെ രണ്ട്‌ യഹോവയുടെ സാക്ഷികൾ പാറ്റിന്റെ അടുക്കൽ ചെന്നു. ബൈബിളിൽനിന്ന്‌ ചില പ്രായോഗിക ഉപദേശങ്ങൾ അവർ അദ്ദേഹത്തെ കാണിച്ചു. ‘സാക്ഷികളോടൊപ്പം എന്റെകൂടെ ബൈബിൾ പഠിക്കാൻ താത്‌പര്യമുണ്ടോ’ എന്ന്‌ ചോദിച്ച്‌ പാറ്റ്‌ എനിക്ക്‌ ഫോൺ ചെയ്‌തു. ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ നിയമപരമായി വിവാഹം കഴിക്കണമെന്ന്‌ അധികം താമസിയാതെ ഞങ്ങൾക്കു മനസ്സിലായി. അത്‌ പക്ഷേ വളരെ ബുദ്ധിമുട്ടായി തോന്നി, കാരണം എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഞങ്ങളുടെ ബന്ധം.

“ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ചും കഷ്ടപ്പാടിന്റെ കാരണത്തെക്കുറിച്ചും ദൈവരാജ്യം എന്താണ്‌ എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ദൈവം കരുതലുള്ളവനാണെന്ന്‌ വ്യക്തമായപ്പോൾ അവൻ പറയുന്നത്‌ അനുസരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ നിയമപരമായി വിവാഹിതരായി. ദൈവവചനത്തിലെ തത്ത്വങ്ങൾ ബാധകമാക്കിയതുമൂലം മൂന്നുമക്കളെയും നല്ലരീതിയിൽ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾക്കു കഴിഞ്ഞു. യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു എന്ന്‌ ഞങ്ങൾക്ക്‌ പൂർണ ബോധ്യമുണ്ട്‌.”

തെളിവുകൾ സ്വയം പരിശോധിച്ച്‌ ബോധ്യപ്പെടുക

ദശലക്ഷക്കണക്കിനുവരുന്ന മറ്റ്‌ അനേകരെപ്പോലെ ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നവരും വ്യാജമതത്തിന്റെ കാപട്യം തിരിച്ചറിയുകയും ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്‌തിരിക്കുന്നു. യഹോവ പ്രാർഥന കേൾക്കുന്നവനാണെന്ന്‌ ബോധ്യപ്പെടാൻ ഈ വ്യക്തികളെയെല്ലാം സഹായിച്ചത്‌ ബൈബിളിന്റെ സൂക്ഷ്‌മപരിജ്ഞാനമാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ?

ദൈവമുണ്ട്‌ എന്നതിന്റെ തെളിവുകൾ പരിശോധിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? യഹോവയെക്കുറിച്ചുള്ള സത്യം അറിയാനും “പ്രാർഥന കേൾക്കുന്ന” അവനോട്‌ അടുത്തുചെല്ലാനും നിങ്ങളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾക്ക്‌ സന്തോഷമേയുള്ളൂ.​—⁠സങ്കീർത്തനം 65:⁠2. (w12-E 07/01)

[അടിക്കുറിപ്പ്‌]

a യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 5-ാം അധ്യായം കാണുക.

[10-ാം പേജിലെ ആകർഷകവാക്യം]

“യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ പ്രാർഥനയിലൂടെ എനിക്ക്‌ എന്തും തുറന്നുപറയാനാകുന്ന ഒരു യഥാർഥ വ്യക്തിയാണ്‌ അവനെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു”

[9-ാം പേജിലെ ചിത്രം]

തെളിവുകളിലും ദൈവത്തെക്കുറിച്ച്‌ അറിയാനുള്ള ആഗ്രഹത്തിലും അധിഷ്‌ഠിതമാണ്‌ യഥാർഥ വിശ്വാസം