വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥന കേൾക്കുന്നവൻ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

പ്രാർഥന കേൾക്കുന്നവൻ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

പ്രാർഥന കേൾക്കുന്നവൻ കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?

പതിവായി പ്രാർഥിക്കാറുണ്ടെങ്കിലും ദൈവമുണ്ടോ എന്ന കാര്യത്തിൽ ചിലർക്ക്‌ ഉറപ്പില്ല. എന്താണ്‌ അതിനു കാരണം? ഒരുപക്ഷേ ഈ ലോകത്ത്‌ നിറഞ്ഞുനിൽക്കുന്ന കഷ്ടപ്പാടുകളായിരിക്കാം. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നാം ഇന്ന്‌ ആയിരിക്കുന്നതുപോലെ അപൂർണരും ദുരിതങ്ങൾ അനുഭവിക്കുന്നവരും ആയിട്ടാണോ ദൈവം നമ്മെ സൃഷ്ടിച്ചത്‌? മനുഷ്യൻ കഷ്ടപ്പെടണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു ദൈവത്തോട്‌ നമുക്ക്‌ ഭക്ത്യാദരവ്‌ തോന്നുകയില്ല, അല്ലേ? എന്നാൽ ഇങ്ങനെയൊന്നു ചിന്തിക്കൂ: മനോഹരമായ ഒരു പുതിയ കാർ നിങ്ങൾ കാണുന്നു. ചുറ്റും നടന്നു നോക്കിയപ്പോഴാണ്‌ അതിന്റെ ഒരുവശം ആകെ തകർന്നിരിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്‌. നിർമാതാവ്‌ അത്‌ അങ്ങനെയാണ്‌ ഉണ്ടാക്കിയതെന്ന്‌ നിങ്ങൾ ചിന്തിക്കുമോ? ഒരിക്കലുമില്ല! മറിച്ച്‌ ഇങ്ങനെയൊരു നിഗമനത്തിലായിരിക്കും എത്തുക: “ഏറ്റവും മികച്ച” രീതിയിൽ അതു നിർമിച്ചെങ്കിലും മറ്റാരോ അല്ലെങ്കിൽ മറ്റെന്തോ അതിനു കേടുപാടുവരുത്തി.

സമാനമായി, പ്രകൃതിയിലെ അടുക്കും ചിട്ടയും അത്ഭുതകരമായ രൂപകൽപ്പനകളും കണ്ട്‌ നാം വിസ്‌മയംകൊള്ളുമ്പോൾത്തന്നെ മറുവശത്ത്‌ കാണുന്നത്‌ മനുഷ്യകുലത്തെ കാർന്നുതിന്നുന്ന അഴിമതിയും കുത്തഴിഞ്ഞ ലോകാവസ്ഥകളും ആണ്‌. ഇതിൽനിന്ന്‌ നിങ്ങൾ എന്തു നിഗമനത്തിലെത്തും? ആദ്യമനുഷ്യജോഡിയെ ദൈവം പൂർണരായാണ്‌ സൃഷ്ടിച്ചതെങ്കിലും പിന്നീട്‌ അവർ സ്വയം നാശം വരുത്തിവെക്കുകയായിരുന്നു എന്നാണ്‌ ബൈബിൾ പഠിപ്പിക്കുന്നത്‌. (ആവർത്തനപുസ്‌തകം 32:​4, 5) എന്നാൽ സദ്വാർത്ത ഇതാണ്‌: ആ കേടുപാടുകൾ നീക്കി അനുസരണമുള്ള മനുഷ്യരെ പൂർണതയിലേക്കു തിരികെക്കൊണ്ടുവരുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. അങ്ങനെയെങ്കിൽ അവൻ ഇത്ര താമസിക്കുന്നത്‌ എന്തിനാണ്‌?

എന്തിന്‌ ഇത്ര കാലതാമസം?

ഇതിന്റെ ഉത്തരം, മനുഷ്യവർഗത്തെ ഭരിക്കാൻ ആർക്കാണ്‌ യോഗ്യത എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ ഭരിക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നില്ല. അവനാണ്‌ അവരെ ഭരിക്കേണ്ടിയിരുന്നത്‌. ‘മനുഷ്യനു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്ന്‌ ബൈബിൾ പറയുന്നു. (യിരെമ്യാവു 10:23) പക്ഷേ, ദുഃഖകരമെന്നു പറയട്ടെ ആദ്യമനുഷ്യർ ദിവ്യഭരണത്തിനെതിരെ മത്സരിച്ചു. ആ നിയമലംഘനം അവരെ പാപികളാക്കി. (1 യോഹന്നാൻ 3:⁠4) അതിന്റെ ഫലമായി അവർക്കു പൂർണത നഷ്ടമായി; അവരും സന്തതിപരമ്പരകളും ദുരിതത്തിലാണ്ടു.

ആയിരക്കണക്കിനു വർഷം സ്വയം ഭരിക്കാൻ യഹോവ മനുഷ്യരെ അനുവദിച്ചു. പക്ഷേ, അവർക്ക്‌ അതിൽ വിജയിക്കാൻ കഴിയില്ലെന്നാണ്‌ ചരിത്രം തെളിയിച്ചിരിക്കുന്നത്‌; മനുഷ്യഭരണങ്ങളെല്ലാം ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ഒരൊറ്റ ഭരണത്തിനുപോലും യുദ്ധം, അക്രമം, അനീതി, രോഗം എന്നിവ നീക്കാനായിട്ടില്ല.

കേടുപാടുകൾ നീക്കുന്നത്‌ എങ്ങനെയായിരിക്കും?

നീതിവസിക്കുന്ന ഒരു പുതിയ ലോകം ഉടൻതന്നെ ദൈവം കൊണ്ടുവരുമെന്ന്‌ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. (2 പത്രോസ്‌ 3:13) തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം നല്ല രീതിയിൽ ഉപയോഗിച്ച്‌ ദൈവത്തെയും സഹമനുഷ്യരെയും സ്‌നേഹിക്കുന്നവരെ മാത്രമേ അതിൽ ജീവിക്കാൻ അനുവദിക്കൂ.​—⁠ആവർത്തനപുസ്‌തകം 30:​15, 16, 19, 20.

അതിശീഘ്രം ആഗതമായിക്കൊണ്ടിരിക്കുന്ന ‘ന്യായവിധി ദിവസത്തിൽ’ സകല ദുരിതങ്ങളും അതിന്റെ കാരണക്കാരെയും ദൈവം ഇല്ലായ്‌മ ചെയ്യും എന്നും ബൈബിൾ പറയുന്നു. (2 പത്രോസ്‌ 3:⁠7) അതേത്തുടർന്ന്‌, ദൈവം നിയമിച്ചിരിക്കുന്ന ഭരണാധികാരിയായ യേശുക്രിസ്‌തു അനുസരണമുള്ള മനുഷ്യരുടെമേൽ ഭരണം ആരംഭിക്കും. (ദാനീയേൽ 7:​13, 14) എന്തായിരിക്കും ആ ഭരണം കാഴ്‌ചവെക്കുന്നത്‌? ബൈബിൾ പറയുന്നു: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സങ്കീർത്തനം 37:⁠11.

‘ജീവന്റെ ഉറവായ’ യഹോവയ്‌ക്കെതിരെ മനുഷ്യൻ മത്സരിച്ചതിന്റെ ഫലമായുണ്ടായ രോഗം, വാർധക്യം, മരണം എന്നിങ്ങനെയുള്ള കേടുപാടുകൾ സ്വർഗീയരാജ്യത്തിന്റെ രാജാവായ യേശു നീക്കം ചെയ്യും. (സങ്കീർത്തനം 36:⁠9) തന്റെ സ്‌നേഹമസൃണമായ ഭരണത്തിനു മനസ്സോടെ കീഴ്‌പെടുന്ന ഏവർക്കും അവൻ സൗഖ്യമേകും. പിൻവരുന്ന ബൈബിൾവാഗ്‌ദാനങ്ങൾ അവന്റെ ഭരണത്തിൻകീഴിൽ യാഥാർഥ്യമായിത്തീരും:

◼ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.”​—⁠യെശയ്യാവു 33:⁠24.

◼ “(ദൈവം) അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”​—⁠വെളിപാട്‌ 21:⁠4.

സകല ദുരിതങ്ങളും ഇല്ലായ്‌മ ചെയ്‌തുകൊണ്ട്‌ പെട്ടെന്നുതന്നെ ദൈവം തന്റെ വാഗ്‌ദാനം നിവർത്തിക്കുമെന്ന്‌ അറിയുന്നത്‌ ആശ്വാസകരമല്ലേ? ഇതിനിടെ, കുറച്ചുകാലംകൂടെ അവൻ കഷ്ടതകൾ അനുവദിക്കുമെങ്കിലും അവൻ നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

നിങ്ങളുടെ പ്രാർഥന കേൾക്കാൻ ദൈവത്തിനാകും, എന്തിന്‌ നിങ്ങളുടെ ഹൃദയവേദനകളും ദുഃഖങ്ങളും പോലും അവന്‌ മനസ്സിലാകും. സംശയങ്ങളും വേദനകളും ഇല്ലാതെ നിങ്ങൾ ജീവിതം ആസ്വദിക്കുന്നത്‌ കാണാൻ അവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. (w12-E 07/01)