വരുമാനം കുറയുമ്പോൾ പിടിച്ചുനിൽക്കാൻ
വരുമാനം കുറയുമ്പോൾ പിടിച്ചുനിൽക്കാൻ
രണ്ടുകുട്ടികളുടെ പിതാവാണ് ഓബേദ്. ആഫ്രിക്കയിലെ ഒരു വൻനഗരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ പത്തുവർഷമായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ വീട്ടുകാര്യങ്ങളൊക്കെ സുഗമമായി മുന്നോട്ടുപോയിരുന്നു. കുടുംബം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്ന പതിവും അവർക്കുണ്ടായിരുന്നു. പക്ഷേ, ഹോട്ടലിൽ ആളുകൾ വരുന്നത് കുറഞ്ഞതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. അതോടെ എല്ലാം അവതാളത്തിലായി.
22 വർഷത്തിലേറെയായി വലിയൊരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു സ്റ്റീഫൻ. ഈ കാലംകൊണ്ട് അദ്ദേഹം ബാങ്കിലെ വലിയൊരു ഉദ്യോഗസ്ഥനായിത്തീർന്നു. ശമ്പളത്തിനു പുറമെ വലിയൊരു വീട്, കാറ്, വീട്ടുജോലിക്കാർ, പേരുകേട്ട സ്കൂളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നിങ്ങനെ പല സൗകര്യങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ, ഓഫീസ് ജീവനക്കാരെ ബാങ്ക് പുനർവിന്യസിച്ചപ്പോൾ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. “ഞാനും കുടുംബവും ആകെ തകർന്നുപോയി. നിരാശയും അമർഷവും ആധിയും എന്നിൽ പിടിമുറുക്കി,” സ്റ്റീഫൻ പറയുന്നു.
ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്ഥിരവരുമാനമുണ്ടായിരുന്ന ദശലക്ഷങ്ങൾക്ക് ആഗോളമാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടിരിക്കുന്നു. പുതിയൊരു ജോലി കണ്ടെത്താനായ പലർക്കും തുച്ഛമായ ശമ്പളംകൊണ്ട് തൃപ്തിയടയേണ്ടിവരുന്നു; കുതിച്ചുയരുന്ന ജീവിതച്ചെലവുകളിൽ അത് ഒന്നിനും തികയുന്നില്ല. വികസിതരാഷ്ട്രമാണെങ്കിലും അല്ലെങ്കിലും ലോകത്തിലെ ഏതു രാജ്യത്തെയും സാമ്പത്തികമാന്ദ്യം പിടികൂടാം; ആരും അതിൽനിന്ന് ഒഴിവുള്ളവരല്ല.
പ്രായോഗിക ജ്ഞാനം ആവശ്യം
ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യുമ്പോൾ നാം പെട്ടെന്നു നിരാശിതരായേക്കാം. ഒരു പരിധിവരെ ഉത്കണ്ഠകൾ എല്ലാവർക്കും ഉണ്ടാകും എന്നതു ശരിയാണ്. എന്നാൽ, ജ്ഞാനിയായ ഒരു മനുഷ്യൻ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) അതുകൊണ്ട്, സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പരിഭ്രാന്തരാകുന്നതിനു പകരം പ്രായോഗിക “ജ്ഞാന”ത്തിനായി നാം ദൈവവചനത്തിലേക്കു തിരിയണം.—സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 2:7, പി.ഒ.സി ബൈബിൾ.
ബൈബിൾ, സാമ്പത്തിക രംഗത്തെ ഒരു വഴികാട്ടിയല്ലെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ സാമ്പത്തിക കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു. ചില അടിസ്ഥാന ബൈബിൾ തത്ത്വങ്ങൾ നമുക്കു നോക്കാം.
ചെലവുകൾ തിട്ടപ്പെടുത്തുക. ലൂക്കോസ് 14:28-ലെ യേശുവിന്റെ വാക്കുകളെക്കുറിച്ചൊന്നു ചിന്തിക്കുക: “നിങ്ങളിൽ ഒരുവൻ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതു തീർക്കാനുള്ള വകയുണ്ടോ എന്നറിയാൻ അവൻ ആദ്യം ഇരുന്ന് ചെലവു കണക്കുകൂട്ടുകയില്ലയോ?” ഒരു ബഡ്ജറ്റ് തയ്യാറാക്കുകയും അതിനോട് പറ്റിനിൽക്കുകയും ചെയ്യണമെന്നാണ് ഇതിന്റെ അർഥം. പക്ഷേ ഇത് അത്ര എളുപ്പമല്ലെന്ന് ഓബേദ് സമ്മതിക്കുന്നു. “ജോലി നഷ്ടപ്പെടുന്നതിനു മുമ്പ് കണ്ണിൽക്കണ്ടതെല്ലാം ഞങ്ങൾ വാങ്ങിക്കൂട്ടുമായിരുന്നു. ആഗ്രഹിക്കുന്നത് എന്തും സ്വന്തമാക്കാനുള്ള പണം ഉണ്ടായിരുന്നതുകൊണ്ട് ഒരു ബഡ്ജറ്റിനെക്കുറിച്ചൊന്നും ഞങ്ങൾ ചിന്തിച്ചിരുന്നില്ല,” അദ്ദേഹം പറയുന്നു. കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നെങ്കിൽ കിട്ടുന്നത് തുച്ഛമായ വരുമാനമാണെങ്കിലും കുടുംബത്തിലെ അത്യാവശ്യ കാര്യങ്ങൾക്ക് മുട്ടുണ്ടാകുകയില്ല.
ജീവിതശൈലിയിൽ മാറ്റംവരുത്തുക. ജീവിതനിലവാരം താഴേക്ക് കൊണ്ടുവരിക അത്ര എളുപ്പമല്ല; പക്ഷേ അത് ഒരു ആവശ്യമാണ്. ഒരു ബൈബിൾ പഴമൊഴി പറയുന്നത് ഇങ്ങനെയാണ്: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) സ്റ്റീഫൻ പറയുന്നു: “പാഴ്ചെലവ് ഒഴിവാക്കാൻ സൗകര്യങ്ങൾ കുറഞ്ഞ ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് മാറിത്താമസിക്കേണ്ടിയിരുന്നു. മാത്രമല്ല, കുട്ടികളെ ചെലവുകുറഞ്ഞ അതേസമയം നല്ല നിലവാരമുള്ള സ്കൂളിൽ ചേർക്കുകയും വേണമായിരുന്നു.”
പുതിയ ജീവിതരീതി വിജയകരമായി മുന്നോട്ടുപോകണമെങ്കിൽ കുടുംബാംഗങ്ങൾക്കിടയിൽ നല്ല ആശയവിനിമയം വേണം. ഒരു ധനകാര്യ സ്ഥാപനത്തിൽ ഒമ്പതുവർഷം ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട ഓസ്റ്റിൻ പറയുന്നു: “ഞാനും ഭാര്യയും ഒരുമിച്ചിരുന്ന് അത്യാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുമായിരുന്നു. വിലകൂടിയ ഭക്ഷണസാധനങ്ങളും ചെലവേറിയ അവധിക്കാലയാത്രകളും ഞങ്ങൾ ഒഴിവാക്കണമായിരുന്നു; അനാവശ്യമായി വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്ന രീതിയും മാറ്റേണ്ടിയിരുന്നു. ഈ മാറ്റങ്ങളോട് കുടുംബാംഗങ്ങളെല്ലാം സഹകരിച്ചു.” കുട്ടികൾക്ക് പക്ഷേ ഇതൊന്നും ഉൾക്കൊള്ളാനായെന്നു വരില്ല; മാതാപിതാക്കൾ വേണം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ.
പുതിയ ജോലി സ്വീകരിക്കാൻ മനസ്സുകാണിക്കുക. ഓഫീസ് ജോലി ചെയ്താണ് ശീലമെങ്കിൽ ശാരീരിക അധ്വാനമുള്ള ജോലി ഏറ്റെടുക്കാൻ നിങ്ങൾക്ക് വൈമനസ്യം തോന്നിയേക്കാം. “വലിയൊരു സ്ഥാപനത്തിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന എനിക്ക് താണതരം ജോലികൾ സ്വീകരിക്കാൻ മാനസികമായി വലിയ ബുദ്ധിമുട്ടായിരുന്നു,” ഓസ്റ്റിൻ പറയുന്നു. ഇതിൽ അതിശയിക്കാനൊന്നുമില്ലെന്ന് സദൃശവാക്യങ്ങൾ 29:25 വ്യക്തമാക്കുന്നു. “മാനുഷഭയം ഒരു കെണി ആകുന്നു” എന്നാണ് അവിടെ പറയുന്നത്. അതായത്, മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ചിന്തിച്ചുകൊണ്ടിരുന്നാൽ അടുപ്പിൽ തീ പുകയില്ല എന്നു സാരം. ഇത്തരം നിഷേധചിന്തകളെ എങ്ങനെ മറികടക്കാനാകും?
അതിന് ആവശ്യം താഴ്മയാണ്. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടപ്പോൾ ഓബേദ് പഴയൊരു സഹപ്രവർത്തകനോടൊപ്പം കൂടി; അദ്ദേഹത്തിന് വാഹനങ്ങൾ നന്നാക്കുന്ന ഒരു കട സ്വന്തമായുണ്ടായിരുന്നു. ജോലിയുടെ ഭാഗമായി വാഹനങ്ങളുടെ പെയിന്റുകളും മറ്റു സാധനങ്ങളും വാങ്ങാൻ പൊടിനിറഞ്ഞ നിരത്തിലൂടെ ദീർഘദൂരം നടക്കേണ്ടിയിരുന്നു. ഓബേദ് പറയുന്നു: “ഈ ജോലിയിൽനിന്നു പുറത്തുകടക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും എല്ലാ വഴികളും എന്റെ മുമ്പിൽ അടഞ്ഞിരുന്നു. പഴയ ശമ്പളത്തിന്റെ നാലിലൊന്നുപോലും കിട്ടിയിരുന്നില്ലെങ്കിലും ആ ജോലിയിൽത്തന്നെ തുടരാൻ താഴ്മ എന്നെ സഹായിച്ചു. കുടുംബകാര്യങ്ങളൊക്കെ നടത്താൻ അതു ധാരാളമായിരുന്നു.” ഈ ഒരു മനോഭാവം നിങ്ങൾക്കു പ്രയോജനം ചെയ്യുമോ?
ഉള്ളതിൽ തൃപ്തരായിരിക്കുക. സാമ്പത്തികമായി തകർന്ന ഒരു വ്യക്തിക്ക് ഇത് പ്രായോഗികമല്ലെന്നു തോന്നിയേക്കാം. എന്നാൽ ഉള്ളതിൽ തൃപ്തരായിരിക്കുക എന്നാൽ എന്താണെന്ന് ഒന്നാം നൂറ്റാണ്ടിലെ ഒരു മിഷനറിയായിരുന്ന പൗലോസ് അപ്പൊസ്തലന് നന്നായി അറിയാമായിരുന്നു. അവൻ എഴുതി: “ഏതു സാഹചര്യത്തിലും തൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. ഇല്ലായ്മയിൽ കഴിയാനും സമൃദ്ധിയിൽ കഴിയാനും എനിക്കറിയാം.”—ഫിലിപ്പിയർ 4:11, 12.
നമ്മുടെ അവസ്ഥ ഒരുപക്ഷേ മെച്ചപ്പെട്ടേക്കാം, പക്ഷേ സാഹചര്യങ്ങൾ മാറിമറിയുമ്പോൾ അത് കൂടുതൽ മോശമാകാനും മതി. പൗലോസിന്റെ നിശ്വസ്ത വാക്കുകൾക്ക് ചെവികൊടുക്കുന്നത് നമുക്കു പ്രയോജനം ചെയ്യും: “ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു ആദായംതന്നെ. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്തിപ്പെടാം.” ഇവിടെ പൗലോസ് അലസതയെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല; പകരം, ഭൗതിക ആവശ്യങ്ങൾ അതാതിന്റെ സ്ഥാനത്ത് നിറുത്തണം എന്നു പറയുകയായിരുന്നു.—1 തിമൊഥെയൊസ് 6:6, 8.
യഥാർഥ സന്തോഷത്തിന്
ആഗ്രഹിച്ചതെല്ലാം വാങ്ങിക്കൂട്ടുന്നതിൽനിന്നോ ആഡംബരപൂർണമായ ജീവിതം നയിക്കുന്നതിൽനിന്നോ ലഭിക്കുന്നതല്ല യഥാർഥ സന്തോഷം. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ” എന്നാണ് യേശു പറഞ്ഞത്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും നമുക്കുള്ളതുകൊണ്ട് അവരെ സഹായിക്കുകയും ചെയ്യുന്നതാണ് യഥാർഥ സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നത്.—പ്രവൃത്തികൾ 20:35.
നമ്മുടെ എല്ലാ ആവശ്യങ്ങളെയും കുറിച്ച് വളരെയധികം ചിന്തയുള്ളവനാണ് സ്രഷ്ടാവായ യഹോവയാംദൈവം. തന്റെ വചനമായ ബൈബിളിലൂടെ പ്രായോഗികമായ പല നിർദേശങ്ങളും അവൻ നൽകിയിട്ടുണ്ട്. ജീവിതം മെച്ചപ്പെടുത്തുന്നതിനും അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കുന്നതിനും ആ നിർദേശങ്ങൾ അനേകരെ സഹായിച്ചിരിക്കുന്നു. അതിനർഥം ഒരു സുപ്രഭാതത്തിൽ ഒരാളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അവസാനിക്കും എന്നല്ല. എന്നിരുന്നാലും “ഒന്നാമത് രാജ്യവും (ദൈവത്തിന്റെ) നീതിയും അന്വേഷിക്കു”ന്നവരുടെ അനുദിന ആവശ്യങ്ങൾ നിറവേറ്റപ്പെടും എന്ന് യേശു ഉറപ്പുനൽകി.—മത്തായി 6:33. (w12-E 06/01)