വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇത്രയധികം ദുരിതങ്ങൾ എന്തുകൊണ്ട്‌?

ഇത്രയധികം ദുരിതങ്ങൾ എന്തുകൊണ്ട്‌?

ഇത്രയധികം ദുരിതങ്ങൾ എന്തുകൊണ്ട്‌? അവ ഇല്ലാതാക്കാനുള്ള മനുഷ്യശ്രമങ്ങൾ പരാജയപ്പെടുന്നത്‌ എന്തുകൊണ്ട്‌? കാരണങ്ങൾ പലതാണ്‌, അവയാകട്ടെ സങ്കീർണവും. എന്നാൽ അവ തിരിച്ചറിയാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. അഞ്ച്‌ അടിസ്ഥാനകാരണങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കും. കാണുന്നതിന്‌ അപ്പുറത്തേക്ക്‌ നോക്കി പ്രശ്‌നങ്ങളുടെ യഥാർഥകാരണങ്ങൾ തിരിച്ചറിയാൻ ദൈവവചനം നമ്മെ സഹായിക്കുന്നു. അത്‌ എങ്ങനെയെന്നു പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. —2 തിമൊഥെയൊസ്‌ 3:16.

ദുർഭരണത്തിന്റെ ദൂഷ്യഫലങ്ങൾ

“ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു” എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 29:2.

ക്രൂരമായി ഭരണം നടത്തിയ സ്വേച്ഛാധിപതികൾ ചരിത്രത്തിൽ ഉടനീളം ഉണ്ടായിരുന്നിട്ടുണ്ട്‌. പറഞ്ഞറിയിക്കാനാവാത്തത്ര ദുരിതങ്ങൾ അവർ പ്രജകൾക്ക്‌ വരുത്തിവെച്ചിരിക്കുന്നു. എന്നാൽ എല്ലാ ഭരണാധികാരികളും അങ്ങനെയല്ല. സഹമനുഷ്യരെ സഹായിക്കാൻ ചിലർക്ക്‌ ആഗ്രഹമുണ്ടെങ്കിലും ഉൾപ്പോരും അധികാരത്തിനുവേണ്ടിയുള്ള മത്സരവും നിമിത്തം അവരുടെ ശ്രമങ്ങൾ മിക്കപ്പോഴും പരാജയപ്പെടുന്നു. മറ്റു ചിലർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്‌ത്‌ നേട്ടമുണ്ടാക്കുകയും പ്രജകൾക്കു നഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. മുൻ യു.എസ്‌. സ്റ്റേറ്റ്‌ സെക്രട്ടറി ആയിരുന്ന ഹെൻറി കിസ്സിങ്ങർ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “പരാജയപ്പെട്ട ശ്രമങ്ങളുടെയും പൂവണിയാത്ത സ്വപ്‌നങ്ങളുടെയും ഒരു തുടർക്കഥയാണ്‌ ചരിത്രം.”

‘മനുഷ്യനു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്നും ബൈബിൾ പറയുന്നു. (യിരെമ്യാവു 10:23) തങ്ങളുടെതന്നെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ആവശ്യമായ ജ്ഞാനമോ ദീർഘവീക്ഷണമോ അപൂർണരായ മനുഷ്യർക്കില്ല. സ്വന്തം കാലടികളെ നയിക്കാൻ കഴിവില്ലാത്തവർക്ക്‌ ഒരു രാജ്യത്തെ നയിക്കാൻ എങ്ങനെ കഴിയും? ദുരിതങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള മനുഷ്യശ്രമങ്ങൾ പരാജയപ്പെടുന്നതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക്‌ മനസ്സിലാകുന്നുണ്ടോ? യഥാർഥത്തിൽ, മോശം ഗവണ്മെന്റുകളാണ്‌ മിക്കപ്പോഴും കഷ്ടപ്പാടുകൾക്കു പിന്നിൽ!

വ്യാജമതങ്ങളുടെ സ്വാധീനം

“നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്ന്‌ യേശു പറഞ്ഞു.—യോഹന്നാൻ 13:35.

എല്ലാ വിഭാഗത്തിലുംപെട്ട മതനേതാക്കൾ സ്‌നേഹത്തെയും ഐക്യത്തെയും കുറിച്ചു പ്രസംഗിക്കാറുണ്ട്‌. എന്നാൽ മുൻവിധി ഇല്ലാതാക്കാൻപോന്ന തീവ്രമായ സ്‌നേഹം തങ്ങളുടെ അനുയായികളിൽ ഉൾനടാൻ അവർക്കു കഴിയുന്നില്ല എന്നതാണു യാഥാർഥ്യം. പകരം വിഭാഗീയത, മതഭ്രാന്ത്‌, ആളുകൾക്കും ദേശീയവിഭാഗങ്ങൾക്കും ഇടയിലുള്ള ശത്രുത തുടങ്ങിയവ ഊട്ടിവളർത്തുകയാണ്‌ അവർ. ക്രിസ്‌ത്യാനിത്വവും ലോകമതങ്ങളും എന്ന തന്റെ പുസ്‌തകത്തിന്റെ ഉപസംഹാരത്തിൽ ദൈവശാസ്‌ത്രജ്ഞനായ ഹാൻസ്‌ ക്യുങ്‌ ഇങ്ങനെ എഴുതി: “ഇന്നോളം അരങ്ങേറിയിട്ടുള്ള അതിക്രൂരമായ മിക്ക രാഷ്‌ട്രീയസംഘട്ടനങ്ങൾക്കും ആളിക്കത്തിയിട്ടുള്ള മതവിദ്വേഷത്തിനും, നിറം പകർന്നതും പ്രചോദനമേകിയതും അംഗീകാരം നൽകിയതും മതമാണ്‌.”

കൂടാതെ, സ്വവർഗരതിക്കും അവിഹിതലൈംഗികബന്ധങ്ങൾക്കും നേരെ മിക്ക മതങ്ങളിലെയും നേതാക്കന്മാർ കണ്ണടച്ചിരിക്കുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ, ഗർഭച്ഛിദ്രം, ആഗ്രഹിക്കാത്ത ഗർഭധാരണം, കുടുംബത്തകർച്ച എന്നിവയെല്ലാം ഇതിന്റെ ദാരുണഫലങ്ങളാണ്‌. ഇത്‌ കടുത്ത വൈകാരികവേദനയ്‌ക്കും ഉത്‌കണ്‌ഠയ്‌ക്കും വഴിവെച്ചിരിക്കുന്നു.

മനുഷ്യരുടെ അപൂർണതയും സ്വാർഥമായ ആഗ്രഹങ്ങളും

“ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത്‌ സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. മോഹം ഗർഭംധരിച്ച്‌ പാപത്തെ പ്രസവിക്കുന്നു.” —യാക്കോബ്‌ 1:14, 15.

പാരമ്പര്യമായി കൈമാറിക്കിട്ടിയ അപൂർണത നിമിത്തം തെറ്റു ചെയ്യാനാണ്‌ നമുക്കെല്ലാം കൂടുതൽ ചായ്‌വ്‌. അതുകൊണ്ട്‌ “ജഡമോഹങ്ങൾ അനുസരിച്ചു” നടക്കാനുള്ള ആഗ്രഹത്തിനെതിരെ നാം ചെറുത്തുനിൽക്കേണ്ടിവരുന്നു. (എഫെസ്യർ 2:3) തെറ്റായ ആഗ്രഹങ്ങളോടൊപ്പം സാഹചര്യവും ഒത്തുവരുമ്പോൾ ആ ചെറുത്തുനിൽപ്പ്‌ പ്രയാസകരമാകും. ദോഷകരമായ ഇത്തരം ആഗ്രഹങ്ങൾക്കു നാം വഴിപ്പെടുന്നെങ്കിൽ പരിണതഫലം ദാരുണമായിരിക്കും.

എഴുത്തുകാരനായ പി. ഡി. മേഹ്‌ത്ത ഇങ്ങനെ എഴുതി: “നമ്മുടെതന്നെ തീവ്രമായ ആഗ്രഹങ്ങളും സുഖലോലുപതയ്‌ക്കായുള്ള നെട്ടോട്ടവും അത്യാഗ്രഹവും ഭൗതികാസക്തിയും സ്ഥാനമോഹവും ആണ്‌ മിക്ക ദുരിതങ്ങൾക്കും കാരണം.” മദ്യം, മയക്കുമരുന്നുകൾ, ചൂതാട്ടം, ലൈംഗികത മുതലായവയോടുള്ള അത്യാർത്തിയും ആസക്തിയും നിമിത്തം സമൂഹത്തിലെ ‘ആദരണീയരായ വ്യക്തികൾ’പോലും ജീവിതം നശിപ്പിക്കുന്നു. അത്‌ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും വലിയ വേദന വരുത്തിവെക്കുന്നു. മനുഷ്യവർഗത്തിന്റെ അപൂർണത പരിഗണിക്കുമ്പോൾ ബൈബിൾ പറയുന്ന ഇക്കാര്യത്തോടു നാം യോജിക്കുന്നു: “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.”—റോമർ 8:22.

ശക്തരായ ദുഷ്ടദൂതന്മാരുടെ പ്രവർത്തനം

“ഈ ലോകത്തിന്റെ ദൈവം” സാത്താനാണെന്നും ഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്ന ശക്തരായ ദുഷ്ടദൂതന്മാർ അവനോടു ചേർന്നു പ്രവർത്തിക്കുന്നെന്നും ബൈബിൾ വെളിപ്പെടുത്തുന്നു.—2 കൊരിന്ത്യർ 4:4; വെളിപാട്‌ 12:9.

സാത്താനെപ്പോലെ ഭൂതങ്ങളും മനുഷ്യരെ വഴിതെറ്റിക്കാനും നിയന്ത്രിക്കാനും വേണ്ടി അവിരാമം പ്രവർത്തിക്കുന്നു. ഇതു തിരിച്ചറിഞ്ഞ അപ്പൊസ്‌തലനായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നമുക്കു പോരാട്ടമുള്ളത്‌ മാംസരക്തങ്ങളോടല്ല, വാഴ്‌ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമത്രേ.”—എഫെസ്യർ 6:12.

ഭൂതങ്ങൾ ആളുകളെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിലും അവരുടെ പ്രധാനലക്ഷ്യം അതല്ല; അത്യുന്നതദൈവമായ യഹോവയിൽനിന്ന്‌ ആളുകളെ അകറ്റുക എന്നതാണ്‌. (സങ്കീർത്തനം 83:18) ജ്യോതിഷം, മന്ത്രവാദം, മാജിക്ക്‌, ഭാഗ്യം പറച്ചിൽ എന്നിവ മനുഷ്യരെ കബളിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ടി ഭൂതങ്ങൾ ഉപയോഗിക്കുന്ന ഏതാനും ചില കെണികളാണ്‌. അതുകൊണ്ടാണ്‌ ഇത്തരം കെണികൾക്കെതിരെ ജാഗ്രത പുലർത്താൻ ദൈവം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. ഒപ്പം, സാത്താനെയും ഭൂതങ്ങളെയും എതിർക്കുന്നവർക്ക്‌ അവൻ സംരക്ഷണവും വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.—യാക്കോബ്‌ 4:7.

“അന്ത്യകാലത്ത്‌” ആണ്‌ നാം ജീവിക്കുന്നത്‌

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌ ബൈബിളിൽ ഇങ്ങനെ രേഖപ്പെടുത്തി: “അന്ത്യകാലത്ത്‌ വിശേഷാൽ ദുഷ്‌കരമായ സമയങ്ങൾ വരും എന്നറിഞ്ഞുകൊള്ളുക.”

അന്ത്യകാലത്തെ ദുഷ്‌കരമാക്കുന്നത്‌ എന്താണെന്നു ശ്രദ്ധിക്കുക: “മനുഷ്യർ സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും . . . സഹജസ്‌നേഹമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്‌ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും.” അതെ, നാം ജീവിക്കുന്നത്‌ “അന്ത്യകാലത്ത്‌” ആണ്‌. അതാണ്‌ ഇന്നത്തെ എല്ലാ ദുരിതങ്ങളുടെയും പ്രധാനകാരണം.—2 തിമൊഥെയൊസ്‌ 3:1-4.

മേൽപ്പറഞ്ഞ കാരണങ്ങളുടെ വെളിച്ചത്തിൽ, ദുരിതങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും മനുഷ്യർക്ക്‌ അതിനു കഴിയാത്തത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസ്സിലായോ? അങ്ങനെയെങ്കിൽ, സഹായത്തിനായി എവിടേക്കു തിരിയാനാകും? നമ്മുടെ സ്രഷ്ടാവിലേക്ക്‌. അവൻ ‘പിശാചിന്റെ (അവന്റെ അനുയായികളുടെയും) പ്രവൃത്തികളെ തകർക്കും’ എന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (1 യോഹന്നാൻ 3:8) ദുരിതങ്ങളുടെ സകല കാരണങ്ങളും ദൈവം എങ്ങനെ അവസാനിപ്പിക്കുമെന്ന്‌ അടുത്ത ലേഖനം വ്യക്തമാക്കും. (w13-E 09/01)