വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു

“ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്‌ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി”

“ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്‌ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി”
  • ജനനം: 1941

  • രാജ്യം: ഓസ്‌ട്രേലിയ

  • മുൻകാല ശീലങ്ങൾ: പുകവലി, അമിതമദ്യപാനം

മുൻകാല ജീവിതം:

ന്യൂസൗത്ത്‌ വെയ്‌ൽസിലെ വൊറിയാൾഡ എന്ന കൊച്ചുപട്ടണത്തിലാണ്‌ ഞാൻ വളർന്നുവന്നത്‌. ധാന്യങ്ങളും മറ്റു ചെറിയ വിളകളും കൃഷി ചെയ്യുകയും ആടുമാടുകളെ വളർത്തുകയും ചെയ്‌തിരുന്ന ഒരു കർഷകഗ്രാമമായിരുന്നു വൊറിയാൾഡ. കുറ്റകൃത്യങ്ങളൊന്നും ഇല്ലാത്ത ശാന്തസുന്ദരമായ ഒരു സ്ഥലം.

പത്തു മക്കളിൽ മൂത്തയാളായിരുന്നു ഞാൻ. അതുകൊണ്ട്‌ 13-ാമത്തെ വയസ്സിൽ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി ഞാൻ ജോലി ചെയ്യാൻ തുടങ്ങി. എനിക്ക്‌ വിദ്യാഭ്യാസം കുറവായിരുന്നതിനാൽ കൃഷിയിടങ്ങളിലായിരുന്നു ജോലി. 15 വയസ്സായപ്പോൾ കുതിരകളെ പരിപാലിക്കുന്ന ഒരു സ്ഥലത്ത്‌ ജോലി കിട്ടി.

എന്റെ ജോലികൊണ്ട്‌ എനിക്കു ഗുണവും ദോഷവും ഉണ്ടായി. ജോലിയും ചുറ്റുപാടുകളും ഞാൻ വളരെയധികം ആസ്വദിച്ചു. ഇളങ്കാറ്റിലൂടെ ഒഴുകിവരുന്ന കാട്ടുപൂക്കളുടെ സുഗന്ധവും ആസ്വദിച്ച്‌, രാത്രികാലങ്ങളിൽ തീ കാഞ്ഞുകൊണ്ട്‌ ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിയിരിക്കുന്നത്‌ എന്റെ പതിവായിരുന്നു. ഈ വിസ്‌മയകരമായ സൃഷ്ടികൾക്കു പിന്നിൽ എന്തായാലും ഒരാളുണ്ടെന്നു ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ, ജോലിസ്ഥലത്ത്‌ ചില മോശമായ സ്വാധീനങ്ങളും ഉണ്ടായിരുന്നു എന്നതാണു വസ്‌തുത. സഹജോലിക്കാരുടെ ഇടയിൽ അസഭ്യസംസാരം പതിവായിരുന്നു, സിഗരറ്റ്‌ അവിടെ സുലഭവുമായിരുന്നു. പെട്ടെന്നുതന്നെ ഇവ രണ്ടും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

18 വയസ്സായപ്പോൾ ഞാൻ സിഡ്‌നിയിലേക്കു പോയി. പട്ടാളത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസം കുറവായിരുന്നതിനാൽ അതു നടന്നില്ല. മറ്റൊരു ജോലി ലഭിച്ച ഞാൻ ഒരു വർഷം അവിടെ താമസിച്ചു. ആ സമയത്താണ്‌ ആദ്യമായി യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയത്‌. അവരുടെ ക്ഷണം സ്വീകരിച്ച്‌ ഞാൻ ഒരു യോഗത്തിനു പോയി. അവർ പഠിപ്പിക്കുന്നതു സത്യമാണെന്ന്‌ പെട്ടെന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞു.

കുറച്ചുനാൾ കഴിഞ്ഞ്‌ എന്റെ പഴയ സ്ഥലത്തേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. അവസാനം ക്വീൻസ്‌ലാൻഡിലെ ഗൂൺഡിവിൺഡിയിൽ എത്തിയ എനിക്കു ഒരു ജോലി ലഭിച്ചു. അവിടെവെച്ച്‌ ഞാൻ വിവാഹിതനായി. നിർഭാഗ്യകരമെന്നു പറയട്ടെ, ഞാൻ മദ്യപാനവും തുടങ്ങി.

ഞങ്ങൾക്കു രണ്ട്‌ ആൺകുട്ടികൾ ഉണ്ടായി. അതിനു ശേഷമാണ്‌ എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന്‌ ഞാൻ ഗൗരവത്തോടെ ചിന്തിക്കാൻ തുടങ്ങിയത്‌. സിഡ്‌നിയിൽവെച്ച്‌ യഹോവയുടെ സാക്ഷികളുടെ യോഗത്തിൽനിന്നു കേട്ട കാര്യങ്ങൾ എന്റെ മനസ്സിലേക്കു വരുകയും എന്തെങ്കിലുമൊന്ന്‌ ചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്‌തു.

വീക്ഷാഗോപുരത്തിന്റെ ഒരു പഴയ ലക്കം ഞാൻ കണ്ടെത്തി. അതിൽ യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയയിലെ ബ്രാഞ്ചോഫീസിന്റെ മേൽവിലാസം ഉണ്ടായിരുന്നു. സഹായം ആവശ്യപ്പെട്ടുകൊണ്ട്‌ ഞാൻ ഒരു കത്ത്‌ അയച്ചു. അതേത്തുടർന്ന്‌, സ്‌നേഹനിധിയും ദയാലുവും ആയ ഒരു സഹോദരൻ എന്നെ സന്ദർശിച്ചു. പെട്ടെന്നുതന്നെ അദ്ദേഹത്തോടൊപ്പം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി.

ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:

ഞാൻ ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു മനസ്സിലായി. എന്റെ ഹൃദയത്തെ ഏറെ സ്‌പർശിച്ച ഒരു തിരുവെഴുത്താണ്‌ 2 കൊരിന്ത്യർ 7:1. ‘ജഡത്തെ മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാൻ’ ആ വാക്യം പ്രോത്സാഹിപ്പിക്കുന്നു.

പുകവലിയും അമിതമദ്യപാനവും നിറുത്താൻ ഞാൻ തീരുമാനിച്ചു. ദീർഘകാലമായി അവ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ മാറ്റം വരുത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിൽ ജീവിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്‌തു. റോമർ 12:2-ലെ പിൻവരുന്ന തത്ത്വം ബാധകമാക്കിയതായിരുന്നു എന്നെ ഏറെ സഹായിച്ചത്‌: “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ . . . മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” എന്റെ ദുശ്ശീലങ്ങൾ മാറ്റണമെങ്കിൽ എന്റെ ചിന്താഗതിക്കു മാറ്റം വരുത്തേണ്ടതുണ്ടെന്നും യഹോവ വീക്ഷിക്കുന്നതുപോലെ എന്റെ ശീലങ്ങളെ വീക്ഷിക്കേണ്ടതുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. അവന്റെ സഹായത്താൽ ഹാനികരമായ ഈ ശീലങ്ങൾ ഉപേക്ഷിക്കുന്നതിൽ ഞാൻ വിജയിച്ചു.

“എന്റെ ദുശ്ശീലങ്ങൾ മാറ്റണമെങ്കിൽ എന്റെ ചിന്താഗതിക്കു മാറ്റം വരുത്തേണ്ടതുണ്ടെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു”

അസഭ്യസംസാരം നിറുത്തുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം. “ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌” എന്ന എഫെസ്യർ 4:29-ലെ ബൈബിൾതത്ത്വം ഞാൻ മനസ്സിലാക്കിയെങ്കിലും അത്ര പെട്ടെന്നൊന്നും മാറ്റം വരുത്താൻ എനിക്കു കഴിഞ്ഞില്ല. യെശയ്യാവു 40:26-ലെ വാക്കുകൾ ധ്യാനിച്ചത്‌ എന്നെ വളരെയേറെ സഹായിച്ചു. കണ്ട്‌ ആസ്വദിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന താരനിബിഡമായ ആകാശത്തെക്കുറിച്ച്‌ ആ വാക്യം ഇങ്ങനെ പറയുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിക്കാൻ കഴിവുള്ള ദൈവത്തിന്‌, മാറ്റങ്ങൾ വരുത്താൻ ആവശ്യമായ ശക്തി പ്രദാനം ചെയ്യാൻ കഴിയുമെന്നു ഞാൻ എന്നോടുതന്നെ ന്യായവാദം ചെയ്‌തു. വളരെയധികം ശ്രമങ്ങൾക്കും പ്രാർഥനയ്‌ക്കും ഒടുവിൽ ക്രമേണ നാവിനു കടിഞ്ഞാണിടാൻ എനിക്കു കഴിഞ്ഞു.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ: കുതിരകളെ പരിപാലിച്ചിരുന്ന എനിക്ക്‌ സംസാരിക്കാൻ അധികം അവസരം ലഭിച്ചിരുന്നില്ല.

കാരണം കുറച്ച്‌ ആളുകളേ അവിടെയുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽനിന്നു ലഭിച്ച പരിശീലനം, എങ്ങനെ സംസാരിക്കണമെന്ന്‌ എന്നെ പഠിപ്പിച്ചു. മറ്റു പല കാര്യങ്ങളോടുമൊപ്പം, ആ പരിശീലനം ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരോടു പറയാൻ എന്നെ പ്രാപ്‌തനാക്കി.—മത്തായി 6:9, 10; 24:14.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നതിന്റെ സന്തോഷം ഞാൻ ആസ്വദിക്കുന്നു. എന്റെ സഹവിശ്വാസികൾക്കുവേണ്ടി ചെയ്യുന്ന ഓരോ കാര്യവും ഞാൻ ഒരു പദവിയായി വീക്ഷിക്കുന്നു.

വിദ്യാഭ്യാസം നന്നേ കുറവായ എന്നെപ്പോലുള്ള ഒരാൾക്ക്‌ യഹോവയാൽ പഠിപ്പിക്കപ്പെടാൻ അവസരം നൽകിയതിൽ ഞാൻ അവനോട്‌ അങ്ങേയറ്റം നന്ദിയുള്ളവനാണ്‌. (യെശയ്യാവു 54:13) സദൃശവാക്യങ്ങൾ 10:22-ലെ വാക്കുകളോട്‌ ഞാൻ പൂർണമായും യോജിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു.”▪ (w13-E 08/01)