ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എന്റെ എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകി!
-
ജനനം: 1950
-
രാജ്യം: സ്പെയ്ൻ
-
മുമ്പ്: കത്തോലിക്കാകന്യാസ്ത്രീ
മുൻകാലജീവിതം:
ഞാൻ ജനിച്ചത് വടക്കുപടിഞ്ഞാറൻ സ്പെയ്നിലുള്ള ഗലീസ്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ്. അവിടെ എന്റെ മാതാപിതാക്കൾക്കു ചെറിയൊരു കൃഷിയിടമുണ്ടായിരുന്നു. എട്ടു മക്കളിൽ നാലാമത്തെ ആളായിരുന്നു ഞാൻ. ഒരു സന്തുഷ്ടകുടുംബമായിരുന്നു ഞങ്ങളുടേത്. കുട്ടികളിൽ ഒരാളെങ്കിലും സെമിനാരിയിലോ മഠത്തിലോ ചേരുന്നത് അക്കാലത്ത് സ്പെയ്നിൽ സാധാരണമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും മൂന്നു പേർ അങ്ങനെയൊരു തീരുമാനമെടുത്തു.
എന്റെ 13-ാം വയസ്സിൽ ഞാൻ ചേച്ചിയോടൊപ്പം മാഡ്രിഡിലുള്ള ഒരു മഠത്തിൽ ചേർന്നു. വളരെ വിരസമായ അന്തരീക്ഷമായിരുന്നു മഠത്തിൽ. അവിടെ സൗഹൃദങ്ങൾക്കു സ്ഥാനമില്ലായിരുന്നു, കേവലം നിയമങ്ങളും പ്രാർഥനകളും കർശനമായ നിഷ്ഠകളും മാത്രം. അതിരാവിലെ ഞങ്ങൾ പ്രാർഥനാഹാളിൽ ദൈവത്തെക്കുറിച്ചു ധ്യാനിക്കുന്നതിനായി കൂടിവരുമായിരുന്നു. എങ്കിലും മിക്കപ്പോഴും എന്റെ മനസ്സ് ശൂന്യമായിരുന്നു. തുടർന്ന് ഞങ്ങൾ കുർബാനയിൽ പങ്കുകൊള്ളുകയും ഗീതങ്ങൾ പാടുകയും ചെയ്യുമായിരുന്നു, ഇവയെല്ലാം ലത്തീൻ ഭാഷയിലാണ് നടന്നിരുന്നത്. വാസ്തവത്തിൽ അവിടെ നടക്കുന്ന ഒന്നുംതന്നെ എനിക്കു മനസ്സിലാകുന്നില്ലായിരുന്നു. ദൈവം എന്നിൽനിന്നു വളരെ അകലെയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ശോകമൂകമായ ദിനരാത്രങ്ങളായിരുന്നു ഞാൻ അവിടെ കഴിച്ചുകൂട്ടിയത്. എന്റെ ചേച്ചിയെ കണ്ടുമുട്ടിയാൽത്തന്നെ “വിശുദ്ധമറിയത്തിനു സ്തുതി” എന്ന വാക്കുകളിൽ ഞങ്ങളുടെ സംസാരം ഒതുങ്ങുമായിരുന്നു. ഭക്ഷണത്തിനു ശേഷം ആകെ അര മണിക്കൂർ മാത്രമേ കന്യാസ്ത്രീകൾ ഞങ്ങളെ സംസാരിക്കാൻ അനുവദിക്കുമായിരുന്നുള്ളൂ. കുടുംബത്തിൽ ഞാൻ ആസ്വദിച്ചിരുന്ന സന്തോഷകരമായ ജീവിതത്തിൽനിന്ന് എത്ര വ്യത്യസ്തമായിരുന്നു ഇത്! പലപ്പോഴും എനിക്ക് ഏകാന്തത അനുഭവപ്പെടുകയും എന്റെ കണ്ണുകൾ ഈറനണിയുകയും ചെയ്തിരുന്നു.
ദൈവവുമായി എനിക്ക് യാതൊരു അടുപ്പവും തോന്നിയിരുന്നില്ലെങ്കിലും 17-ാം വയസ്സിൽ ഞാൻ ഒരു കന്യാസ്ത്രീയായി. എന്നിൽനിന്നു മറ്റുള്ളവർ പ്രതീക്ഷിച്ചതു ഞാൻ ചെയ്തു. എന്നാൽ യഥാർഥത്തിൽ എനിക്ക് ദൈവവിളിയുണ്ടായിരുന്നോ എന്ന് എനിക്കു സംശയം തോന്നിത്തുടങ്ങി. ഇത്തരം സംശയങ്ങൾ വെച്ചുപുലർത്തുന്നവർ നരകത്തിൽ ചെന്നേ അവസാനിക്കുകയുള്ളൂ എന്ന് കന്യാസ്ത്രീകൾ ഇടയ്ക്കിടെ സൂചിപ്പിക്കുമായിരുന്നു. എന്നിട്ടും എന്റെ സംശയങ്ങൾ എന്നെ വിട്ടുമാറിയില്ല. യേശുക്രിസ്തു തന്നെത്തന്നെ ഒറ്റപെടുത്തിയിരുന്നില്ലെന്നും അവൻ മറ്റുള്ളവരെ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന കാര്യത്തിൽ തിരക്കോടെ ഏർപ്പെട്ടിരുന്നെന്നും എനിക്ക് അറിയാമായിരുന്നു. (മത്തായി 4:23-25) 20 വയസ്സായപ്പോഴേക്കും ഒരു കന്യാസ്ത്രീയായി തുടരുന്നതിൽ എനിക്കു യാതൊരു അർഥവും തോന്നിയില്ല. അതിശയകരമെന്നു പറയട്ടെ, അവിടെ തുടരുന്നതാണോ നല്ലതെന്ന് എനിക്ക് ഉറപ്പില്ലെങ്കിൽ എത്രയും പെട്ടെന്ന് അവിടെനിന്നു പോകുന്നതായിരിക്കും നല്ലതെന്നു മഠാധ്യക്ഷ എന്നോടു പറഞ്ഞു. ഞാൻ മറ്റുള്ളവരെയും വഴിതെറ്റിക്കുമോ എന്ന് അവർ ഭയന്നിരുന്നതായി തോന്നുന്നു. അതുകൊണ്ടു ഞാൻ മഠം വിട്ടുപോന്നു.
ഞാൻ വീട്ടിലേക്കു മടങ്ങിയെങ്കിലും എന്റെ മാതാപിതാക്കൾ എന്നോടു
വളരെ പരിഗണനയോടെയാണ് ഇടപെട്ടത്. എന്നാൽ ഞങ്ങളുടെ ഗ്രാമത്തിൽ തൊഴിൽ ലഭ്യമല്ലാതിരുന്നതിനാൽ എന്റെ അനുജൻ താമസിച്ചിരുന്ന ജർമനിയിലേക്ക് ഞാൻ കുടിയേറി. വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ് കൂട്ടത്തിലെ അംഗമായിരുന്നു അവൻ. അവരെല്ലാവരും നാടു വിട്ടുപോന്ന സ്പെയ്ൻകാരായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയും സ്ത്രീസമത്വത്തിനുവേണ്ടിയും പോരാടിയിരുന്ന അവരോടൊപ്പം ജീവിക്കുക എനിക്ക് എളുപ്പമായി തോന്നി. അങ്ങനെ ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരിയായിത്തീരുകയും അവരിൽ ഒരംഗത്തെ വിവാഹം കഴിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അനുകൂലിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ ഞാൻ അർഥവത്തായ ഒരു കാര്യത്തിൽ ഏർപ്പെടുകയാണെന്നാണ് വിചാരിച്ചത്.കാലം കടന്നുപോകവെ, ഞാൻ പിന്നെയും നിരുത്സാഹിതയായി. കമ്മ്യൂണിസ്റ്റുകാർ പലപ്പോഴും പറയുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് എനിക്കു തോന്നി. 1971-ൽ ഞങ്ങളുടെ കൂട്ടത്തിലെ ചില ചെറുപ്പക്കാർ ഫ്രാങ്ക്ഫർട്ടിലുള്ള സ്പാനിഷ് സ്ഥാനപതികാര്യാലയം തീയ്ക്ക് ഇരയാക്കിയപ്പോൾ എന്റെ സംശയത്തിന് ആക്കം കൂടി. സ്പെയ്നിലെ ഏകാധിപത്യഭരണത്തിന്റെ അനീതിക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് അവർ അങ്ങനെ ചെയ്തത്. എന്നാൽ ധാർമികരോഷം പ്രകടിപ്പിക്കേണ്ട ഉചിതമായ വിധം അതല്ലായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഞങ്ങൾക്ക് ഒരു മകൻ ജനിച്ചപ്പോൾ, കമ്മ്യൂണിസ്റ്റ് യോഗങ്ങളിൽ സംബന്ധിക്കുന്നതു നിറുത്താൻ പോകുകയാണെന്ന് ഞാൻ എന്റെ ഭർത്താവിനോടു പറഞ്ഞു. എന്നെയും എന്റെ കുഞ്ഞിനെയും കാണാൻ സുഹൃത്തുക്കളിൽ ആരുംതന്നെ വരാത്തതിനാൽ ഞാൻ ഒറ്റപ്പെട്ടതായി എനിക്കു തോന്നി. എന്താണ് ജീവിതത്തിന്റെ ഉദ്ദേശം, സാമൂഹിക ഉന്നമനത്തിനായി യത്നിക്കുന്നത് യഥാർഥത്തിൽ മൂല്യവത്താണോ എന്നൊക്കെ ഞാൻ ചിന്തിച്ചു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
അങ്ങനെയിരിക്കെ 1976-ൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്പാനിഷ് ദമ്പതികൾ എന്റെ വീട് സന്ദർശിക്കാൻ ഇടയായി. അവർ ചില ബൈബിൾസാഹിത്യങ്ങൾ നൽകുകയും ചെയ്തു. കഷ്ടപ്പാടും അസമത്വവും അനീതിയും സംബന്ധിച്ച് എനിക്ക് അനേകം ചോദ്യങ്ങളുണ്ടായിരുന്നു. അവരുടെ രണ്ടാം സന്ദർശനത്തിൽ അവ ഒന്നൊന്നായി അവർക്കു നേരെ ഞാൻ തൊടുത്തുവിട്ടു. എന്നാൽ എന്റെ ഓരോ ചോദ്യങ്ങൾക്കും അവർ ബൈബിൾ ഉപയോഗിച്ചു ഉത്തരം നൽകിയത് എന്നെ അത്ഭുതപ്പെടുത്തി. അപ്പോൾത്തന്നെ ഞാൻ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു.
തുടക്കത്തിൽ, വസ്തുതകൾ മനസ്സിലാക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശം. എന്നാൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ ഞാനും ഭർത്താവും സംബന്ധിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ആ സമയമായപ്പോഴേക്കും ഞങ്ങൾക്കു രണ്ടു കുട്ടികളുണ്ടായിരുന്നു. സാക്ഷികൾ യോഗങ്ങൾക്കായി ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുകയും പരിപാടികൾ നടക്കവെ കുട്ടികളെ നോക്കുകയും ചെയ്യുമായിരുന്നു. ഇതുനിമിത്തം, സാക്ഷികളോടുള്ള എന്റെ അടുപ്പം വർധിച്ചു.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, വിശ്വാസപരമായ ചില സംശയങ്ങൾ എന്നിൽ അവശേഷിച്ചു. അങ്ങനെയിരിക്കെ, സ്പെയ്നിലുള്ള എന്റെ കുടുംബത്തെ ചെന്ന് കാണാൻ ഞാൻ തീരുമാനിച്ചു. ഒരു പുരോഹിതനായിരുന്ന എന്റെ ചെറിയച്ഛൻ എന്റെ ബൈബിൾപഠനം നിരുത്സാഹിപ്പിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്ന സാക്ഷികൾ എന്നെ വളരെയധികം സഹായിച്ചു. ജർമനിയിലെ സാക്ഷികളെപ്പോലെ ഇവരും എന്റെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്നാണ് ഉത്തരം നൽകിയത്. ജർമനിയിൽ തിരികെ എത്തിയപ്പോഴേക്കും എന്റെ ബൈബിൾപഠനം പുനരാരംഭിക്കാൻ ഞാൻ തീരുമാനിച്ചുറച്ചിരുന്നു. ഭർത്താവ് ബൈബിൾപഠനം നിറുത്തിയെങ്കിലും ഞാൻ എന്റെ തീരുമാനത്തിനു ചേർച്ചയിൽ പഠനം തുടർന്നു. അങ്ങനെ 1978-ൽ ഞാൻ യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ബൈബിൾസത്യത്തെ സംബന്ധിച്ച സൂക്ഷമപരിജ്ഞാനം എന്റെ ജീവിതത്തിനു വ്യക്തമായ ഉദ്ദേശവും ദിശാബോധവും നൽകി. ഉദാഹരണത്തിന്, 1 പത്രോസ് 3:1-4, “ഭയാദരവോടെ” ഭർത്താക്കന്മാർക്ക് ‘കീഴ്പെട്ടിരിക്കാനും’ ദൈവസന്നിധിയിൽ വിലയേറിയ ‘സൗമ്യതയുള്ള മനസ്സ്’ നട്ടുവളർത്താനും ഭാര്യമാരെ ഉദ്ബോധിപ്പിക്കുന്നു. ഇത്തരം തത്ത്വങ്ങൾ നല്ലൊരു ക്രിസ്തീയഭാര്യയും അമ്മയും ആയിരിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.
ഞാൻ ഒരു സാക്ഷിയായിത്തീർന്നിട്ട് ഇപ്പോൾ 35 വർഷം പിന്നിട്ടിരിക്കുന്നു. ഗോളവ്യാപകമായ ഒരു ആത്മീയസഹോദരവർഗത്തിന്റെ ഭാഗമെന്ന നിലയിൽ ദൈവത്തെ സേവിക്കുന്നതിൽ ഞാൻ അതീവസന്തുഷ്ടയാണ്. എന്റെ അഞ്ച് മക്കളിൽ നാലു പേരും അങ്ങനെ ചെയ്തു കാണുന്നതിൽ ഞാൻ അതിയായി ആനന്ദിക്കുന്നു. ▪ (w14-E 04/01)