അവരുടെ വിശ്വാസം അനുകരിക്കുക | മറിയ
അവൾ വാൾ അതിജീവിച്ചു
മറിയ അനുഭവിക്കുന്ന മനോവേദന വാക്കുകൾകൊണ്ടു വർണിക്കാനാവില്ല. നിവർന്നുനിൽക്കാൻ കഴിയാതെ അവൾ മുട്ടുകുത്തി. മണിക്കൂറുകൾ നീണ്ട പീഡനങ്ങൾക്കു ശേഷം മരണത്തിനു വിധേയനായ തന്റെ പുത്രന്റെ അവസാനനിലവിളി ഇപ്പോഴും അവളുടെ കാതുകളിൽ മാറ്റൊലികൊള്ളുന്നു. നട്ടുച്ചയ്ക്കു ദേശമെങ്ങും ഇരുട്ടുപരന്നു. ഭൂമി ശക്തമായി കുലുങ്ങി. (മത്തായി 27:45, 51) ഹൃദയഭേദകമായ ഈ നിമിഷത്തിൽ മറ്റാരെക്കാളും അധികം യേശുക്രിസ്തുവിന്റെ മരണത്തിൽ ഹൃദയവ്യഥ അനുഭവിച്ചതു താനാണെന്നു യഹോവ ഭൂലോകരെ അറിയിക്കുകയായിരുന്നെന്നു മറിയയ്ക്ക് തോന്നിയിട്ടുണ്ടാകും.
ഉച്ചതിരിഞ്ഞുള്ള സൂര്യപ്രഭ ഗൊൽഗോഥ എന്നു വിളിക്കപ്പെടുന്ന തലയോടിടത്തുണ്ടായ ഇരുൾമറ നീക്കിയപ്പോൾ മറിയ തന്റെ പുത്രനെപ്രതി വിലപിക്കുകയായിരുന്നു. (യോഹന്നാൻ 19:17, 25) ഒരായിരം ഓർമകൾ അവളുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അതിലൊന്ന് 33 വർഷം മുമ്പു നടന്ന ഒരു സംഭവമായിരുന്നു. അവളും യോസേഫും തങ്ങളുടെ അരുമപൈതലിനെ യെരുശലേമിലെ ആലയത്തിൽ യഹോവയ്ക്കു സമർപ്പിച്ച് മടങ്ങിവരവെ വൃദ്ധനായ ശിമെയോൻ നിശ്വസ്തതയിൽ ഉച്ചരിച്ച വാക്കുകൾ. യേശുവിനെക്കുറിച്ചു മഹനീയമായ കാര്യങ്ങൾ പ്രവചിച്ചതിനോടൊപ്പം അവളുടെ പ്രാണനിൽക്കൂടി ഒരു ദിവസം ഒരു വാൾ തുളച്ചുകയറുന്നതുപോലുള്ള അനുഭവം അവൾക്കുണ്ടാകുമെന്നും പ്രവാചകൻ കൂട്ടിച്ചേർത്തിരുന്നു. (ലൂക്കോസ് 2:25-35) ഈ ദുരന്തനിമിഷത്തിലായിരിക്കാം ആ വാക്കുകളുടെ അർഥവ്യാപ്തി അവൾക്കു ബോധ്യമായത്.
സ്വന്തം മകന്റെയോ മകളുടെയോ മരണം കാണേണ്ടിവരിക എന്നതാണ് ഒരു മനുഷ്യൻ നേരിട്ടേക്കാവുന്നതിലേക്കും ഏറ്റവും വേദനാകരമായ അനുഭവമെന്നു പറയപ്പെടുന്നു. മരണം ഒരു ഭീകരശത്രുവാണ്, നമ്മെ എല്ലാവരെയും അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വേദനിപ്പിക്കുന്നു. (റോമർ 5:12; 1 കൊരിന്ത്യർ 15:26) മരണം കൈവരുത്തുന്ന കഠോരവേദന തരണം ചെയ്യുക സാധ്യമാണോ? യേശു ശുശ്രൂഷ ആരംഭിച്ചപ്പോൾമുതൽ അവന്റെ മരണംവരെയും അതിനു തൊട്ടുപിന്നാലെയും മറിയ ജീവിച്ച വിധം നമുക്കൊന്നു പരിശോധിക്കാം. അവൾ അനുഭവിച്ച ദുഃഖത്തിന്റെ വാൾ തരണം ചെയ്യാൻ അവളെ സഹായിച്ച വിശ്വാസത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും.
“അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക”
നമുക്ക് ഇപ്പോൾ മൂന്നരവർഷം പുറകോട്ടു പോകാം. ഒരു മാറ്റം ആസന്നമാണെന്ന് അവൾ മനസ്സിലാക്കി. ചെറിയ പട്ടണമായിരുന്ന നസറെത്തിൽപ്പോലും യോഹന്നാൻ സ്നാപകനെക്കുറിച്ചും മാനസാന്തരപ്പെടാനുള്ള അവന്റെ ആവേശജനകമായ സന്ദേശത്തെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ടായിരുന്നു. ഈ വർത്തമാനം തന്റെ മൂത്ത മകൻ ഒരു അടയാളമായി കാണുന്നെന്നു മറിയ മനസ്സിലാക്കി; അവനു ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള സമയമായി. (മത്തായി 3:1, 13) എന്നാൽ മറിയയെയും അവളുടെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം യേശുവിന്റെ അഭാവം വീട്ടുകാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാകാൻ ഇടയാക്കുമായിരുന്നു. എന്തുകൊണ്ട്?
സാധ്യതയനുസരിച്ച്, മറിയയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള നഷ്ടം ആദ്യമായിട്ടല്ലായിരുന്നു. കാരണം ഭർത്താവായ യോസേഫ് അതിനോടകം മരിച്ചുപോയിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. * ഇപ്പോൾ യേശു “തച്ചന്റെ മകൻ” എന്ന നിലയിൽ മാത്രമല്ല ഒരു ‘തച്ചനായും’ അറിയപ്പെട്ടുതുടങ്ങിയിരുന്നു. തെളിവനുസരിച്ച് യേശു പിതാവിന്റെ തൊഴിലും കുടുംബത്തിനുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വവും ഏറ്റെടുത്തു. ഇതിൽ തനിക്കു ശേഷം ജനിച്ച ആറു പേർക്കുവേണ്ടി കരുതുന്നതും ഉൾപ്പെട്ടിരുന്നു. (മത്തായി 13:55, 56; മർക്കോസ് 6:3) സാധ്യതയനുസരിച്ച്, യാക്കോബായിരുന്നു മറിയയുടെ രണ്ടാമത്തെ മകൻ. തന്റെ അഭാവത്തിൽ മൂത്ത പുത്രന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തൊഴിൽ ചെയ്യാൻ യേശു അവനെ പരിശീലിപ്പിച്ചിട്ടുണ്ടാകാം. എങ്കിലും, മൂത്ത മകനായ തന്റെ അസാന്നിധ്യം കുടുംബത്തിനു താങ്ങാനാകുമായിരുന്നില്ല. ഇപ്പോൾത്തന്നെ വലിയൊരു ഭാരം പേറുന്ന മറിയയ്ക്ക് ഈ മാറ്റം ഉൾക്കൊള്ളാനാകുമായിരുന്നോ? നമുക്ക് അത് കൃത്യമായി അറിയില്ല. എന്നാൽ ഏറെ പ്രധാനമായ ചോദ്യം ഇതാണ്: നസറെത്തിലെ യേശു വാഗ്ദത്തമിശിഹായായ യേശുക്രിസ്തുവായിത്തീർന്നപ്പോൾ അവൾ അതിനോടു എങ്ങനെ പ്രതികരിക്കുമായിരുന്നു? ഇതിനോടുള്ള ബന്ധത്തിൽ ഒരു ബൈബിൾവിവരണം ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു.—യോഹന്നാൻ 2:1-12.
യേശു സ്നാനമേൽക്കുന്നതിനു യോഹന്നാന്റെ അടുക്കലേക്കു പോകുകയും ദൈവത്തിന്റെ അഭിഷിക്തൻ അഥവാ മിശിഹാ ലൂക്കോസ് 3:21, 22) അതിനു ശേഷം അവൻ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കാൻ തുടങ്ങി. അവന്റെ വേല അടിയന്തിരമായിരുന്നെങ്കിലും, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷകരമായ വേളകൾ ആസ്വദിക്കാൻ അവൻ സമയം കണ്ടെത്തി. തന്റെ അമ്മയോടും ശിഷ്യന്മാരോടും ജഡികസഹോദരങ്ങളോടും ഒപ്പം കാനായിൽ ഒരു കല്യാണവിരുന്നിനു പോയി. നസറെത്തിൽനിന്ന് 13 കിലോമീറ്റർ അകലെയുള്ള കുന്നിൻമുകളിലെ ഒരു പട്ടണമായിരുന്നിരിക്കണം അത്. വിരുന്നു സത്കാരവേളയിൽ അവിടെയുണ്ടായ ഒരു പ്രശ്നം മറിയയുടെ ശ്രദ്ധയിൽപ്പെട്ടു. ഒരുപക്ഷേ ദമ്പതികളുടെ കുടുംബാംഗങ്ങൾ വെപ്രാളത്തോടെ നോക്കുന്നതും പരസ്പരം കുശുകുശുക്കുന്നതും അവൾ ശ്രദ്ധിച്ചിരിക്കാം. സത്കരിക്കാനുള്ള വീഞ്ഞു തീർന്നുപോയിരുന്നു. അവരുടെ സംസ്കാരം അനുസരിച്ച് അത്തരം സത്കാരകർമങ്ങളിൽ വീഴ്ച്ചവരുന്നത് കുടുംബത്തിനു മാനക്കേടുണ്ടാക്കുമായിരുന്നു. മാത്രമല്ല, ആ സന്തോഷവേളയുടെ എല്ലാ രസവും കെടുത്തുമായിരുന്നു. മറിയയ്ക്ക് അവരോടു സഹതാപം തോന്നി, അവൾ യേശുവിന്റെ അടുക്കലേക്കു ചെന്നു.
ആയിത്തീരുകയും ചെയ്തു. (“അവർക്കു വീഞ്ഞില്ല,” അവൾ മകനോടു പറഞ്ഞു. അവൻ എന്തു ചെയ്തുകാണാനാണ് അവൾ പ്രതീക്ഷിച്ചത്? നമുക്കു ഊഹിക്കാനേ കഴിയൂ. എന്നാൽ തന്റെ പുത്രൻ മഹാനാണെന്നും വലിയ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാണെന്നും അവൾക്ക് അറിയാമായിരുന്നു. ഈ സന്ദർഭത്തിൽത്തന്നെ അവൻ അതു ചെയ്തുതുടങ്ങുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കാം. ഫലത്തിൽ മറിയ പറഞ്ഞത് ഇതാണ്: “മകനേ, ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യുക!” യേശുവിന്റെ പ്രതികരണം മറിയയെ അതിശയിപ്പിച്ചിട്ടുണ്ടാകാം. “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്?” എന്നാണ് യേശു പറഞ്ഞത്. യേശു അനാദരവോടെയാണ് സംസാരിച്ചതെന്നു ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നെങ്കിലും യഥാർഥത്തിൽ അവന്റെ വാക്കുകൾ അതല്ല അർഥമാക്കിയത്. മൂലഭാഷയിൽ ഈ വാക്കുകൾ കേവലം ഒരു വിയോജിപ്പിനെയാണ് സൂചിപ്പിക്കുന്നത്. യേശു തന്റെ അമ്മയെ മൃദുവായി ശാസിക്കുകയായിരുന്നു. തന്റെ ശുശ്രൂഷ എങ്ങനെ നിർവഹിക്കണം എന്നതു സംബന്ധിച്ച നിർദേശങ്ങൾ അമ്മ നൽകേണ്ടതില്ലെന്നും മറിച്ച് അത് നൽകാനുള്ള അവകാശം തന്റെ പിതാവായ യഹോവയ്ക്കു മാത്രമാണുള്ളതെന്നും അവൻ അമ്മയെ ഓർമിപ്പിക്കുകയായിരുന്നു.
കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കുന്നവളും താഴ്മയുള്ളവളും ആയിരുന്നതിനാൽ മകന്റെ തിരുത്തൽ അവൾ സ്വീകരിച്ചു. അതിനാൽ പരിചാരകരോട് അവൾ ഇങ്ങനെ പറഞ്ഞു: “അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.” മേലാൽ തന്റെ പുത്രനു താൻ നിർദേശങ്ങൾ നൽകേണ്ടതില്ലെന്നും മറിച്ച് താൻ ഉൾപ്പെടെ എല്ലാവരും അവനിൽനിന്നു നിർദേശങ്ങൾ കൈക്കൊള്ളേണ്ടതാണെന്നും അവൾ മസസ്സിലാക്കി. യേശുവാകട്ടെ, ഈ നവദമ്പതികളോടു മറിയയ്ക്കുണ്ടായിരുന്ന സഹാനുഭൂതി തനിക്കുമുണ്ടെന്നു കാണിക്കുകയും ചെയ്തു. വെള്ളത്തെ മുന്തിയതരം വീഞ്ഞാക്കിമാറ്റിക്കൊണ്ട് അവൻ തന്റെ ആദ്യത്തെ അത്ഭുതപ്രവൃത്തി ചെയ്തു. ഫലം എന്തായിരുന്നു? “അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” മറിയയും അവനിൽ വിശ്വസിച്ചു. കേവലം തന്റെ പുത്രനായിട്ടല്ല പകരം തന്റെ കർത്താവും രക്ഷിതാവും ആയി അവൾ അവനെ കണ്ടു.
ഇന്നത്തെ മാതാപിതാക്കൾക്ക് മറിയയുടെ വിശ്വാസത്തിൽനിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനാകും. യേശുവിനെപ്പോലുള്ള ഒരു കുട്ടിയെ ആരും ഇതുവരെ വളർത്തിയിട്ടില്ല എന്നതു സത്യമാണ്. എന്നിരുന്നാലും, ഏതൊരു കുട്ടിയും വളർന്ന് പ്രായപൂർത്തിയിലേക്ക് എത്തുമ്പോൾ, ഈ മാറ്റം മാതാപിതാക്കൾക്കു പലവിധത്തിലുള്ള വെല്ലുവിളികൾ ഉയർത്തിയേക്കാം. തുടർന്നും അവനെയോ അവളെയോ ഒരു കൊച്ചുകുട്ടിയായിത്തന്നെ വീക്ഷിക്കാൻ മാതാപിതാക്കൾ ചായ്വു കാണിച്ചേക്കാം, അങ്ങനെ പെരുമാറുന്നത് മേലാൽ ഉചിതമല്ലായിരിക്കാമെങ്കിൽക്കൂടി. (1 കൊരിന്ത്യർ 13:11) പ്രായപൂർത്തിയായ തങ്ങളുടെ കുട്ടിക്ക് സഹായകമായ വിധത്തിൽ മാതാപിതാക്കൾക്ക് എങ്ങനെ പെരുമാറാനാകും? ഒരു വിധം, വിശ്വസ്തരായ മകനോ മകളോ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിൽ തുടരുമെന്നും അതിന്റെ ഫലമായി അവർക്ക് യഹോവയിൽനിന്ന് അനുഗ്രഹങ്ങൾ ലഭിക്കുമെന്നും ഉറപ്പുള്ളവരായിരിക്കുക എന്നതാണ്; അത് അവരുടെ സംസാരത്തിൽ വ്യക്തമായിരിക്കണം. മാതാപിതാക്കൾക്ക് കുട്ടികളിൽ ഉറപ്പും വിശ്വാസവും ഉണ്ടെന്ന് വാക്കുകളിലൂടെ പ്രകടമാക്കുന്നതു പ്രായപൂർത്തിയായ മക്കൾക്കു ഗുണം ചെയ്തേക്കാം. യേശു കടന്നുപോയ തുടർന്നുള്ള സംഭവബഹുലമായ വർഷങ്ങളിൽ അവൻ മറിയയുടെ പിന്തുണ വിലപ്പെട്ടതായി കരുതി എന്നതിൽ യാതൊരു സംശയവുമില്ല.
“അവന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നില്ല”
യേശുവിന്റെ മൂന്നര വർഷത്തെ ശുശ്രൂഷയുടെ കാലയളവിൽ സുവിശേഷവിവരണങ്ങൾ മറിയയെക്കുറിച്ചു വളരെക്കുറച്ചു മാത്രമേ പറയുന്നുള്ളൂ. അവളൊരു വിധവയായിരുന്നിരിക്കണം എന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഒരുപക്ഷേ കൊച്ചുകുട്ടികളുണ്ടായിരുന്ന ഒറ്റയ്ക്കുള്ള ഒരു മാതാവ്. ദേശത്തുടനീളം യേശു പ്രസംഗപര്യടനം നടത്തിയപ്പോൾ അവൾക്കു യേശുവിനോടൊപ്പം പോകാൻ കഴിയാഞ്ഞതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. (1 തിമൊഥെയൊസ് 5:8) എന്നിട്ടും മിശിഹായെക്കുറിച്ചു പഠിച്ച കാര്യങ്ങൾ ധ്യാനിക്കുകയും തന്റെ കുടുംബം പതിവായി ചെയ്തിരുന്നതുപോലെ അവിടത്തെ സിനഗോഗിൽ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നതിൽ അവൾ തുടർന്നു.—ലൂക്കോസ് 2:19, 51; 4:16.
അങ്ങനെയെങ്കിൽ, നസറെത്തിലെ സിനഗോഗിൽ യേശു സംസാരിച്ചപ്പോൾ ആ സദസ്സിൽ മറിയ സന്നിഹിതയായിരിക്കാൻ സാധ്യതയില്ലേ? നൂറ്റാണ്ടുകൾ പഴക്കമുള്ള മിശിഹൈകപ്രവചനം അവനിൽ നിറവേറിയിരിക്കുന്നെന്നു യേശു പ്രഖ്യാപിച്ചത് കേട്ടപ്പോൾ അവൾക്ക് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും! എന്നാൽ, നസറായരായ അവിടെയുള്ള ആളുകൾ തന്റെ പുത്രനെ അംഗീകരിക്കാഞ്ഞത് അവളെ വേദനിപ്പിച്ചിട്ടുണ്ടാകും. അവർ അവനെ കൊല്ലാൻ ശ്രമിക്കുകപോലും ചെയ്തു!—ലൂക്കോസ് 4:17-30.
മറിയയ്ക്കു വേദന ഉളവാക്കിയ മറ്റൊരു സംഗതി തന്റെ മറ്റു പുത്രന്മാർ യേശുവിനോടു പ്രതികരിച്ച വിധമാണ്. യോഹന്നാൻ 7:5-ൽ യേശുവിന്റെ നാലു സഹോദരങ്ങൾ തങ്ങളുടെ അമ്മയുടെ വിശ്വാസം അനുകരിച്ചില്ലെന്നു നാം കാണുന്നു. അവിടെ ഇങ്ങനെ വായിക്കുന്നു: “അവന്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചിരുന്നില്ല.” യേശുവിന്റെ സഹോദരിമാരെക്കുറിച്ച്—കുറഞ്ഞത് രണ്ടു പേർ—ബൈബിൾ ഒന്നും പറയുന്നില്ല. * എന്തുതന്നെയായാലും, വ്യത്യസ്തമതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ഒരു വിഭജിതകുടുംബത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന വേദന മറിയ നന്നായി അറിഞ്ഞിരുന്നു. അവൾ ദിവ്യസത്യത്തോടു വിശ്വസ്തയായി നിലകൊള്ളേണ്ടതുണ്ടായിരുന്നു. അതേസമയം തന്റെ കുടുംബാംഗങ്ങളെ നിർബന്ധിക്കുകയോ അവരോടു തർക്കിക്കുകയോ ചെയ്യാതെ അവരെ നേടുന്നതിനായി പ്രവർത്തിക്കേണ്ടതുമുണ്ടായിരുന്നു. ഇവ രണ്ടും സമനിലയിൽ കൊണ്ടുപോകാൻ മറിയ കഠിനശ്രമം ചെയ്തു എന്നതിൽ സംശയമില്ല.
ഒരവസരത്തിൽ, അവന്റെ ചില ബന്ധുക്കൾ—നിസ്സംശയമായും യേശുവിന്റെ സഹോദരങ്ങൾ ഉൾപ്പെടെ—ഒത്തുചേർന്ന് യേശുവിനെ ‘പിടികൂടാൻ’ പുറപ്പെട്ടു. “അവനു ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു” എന്നാണ് അവർ പറഞ്ഞത്. (മർക്കോസ് 3:21, 31) മറിയയും അവരുടെ കൂടെ പോയി എന്നതു ശരിയാണ്. എന്നാൽ ഇങ്ങനെയൊന്നും ചിന്തിച്ചുകൊണ്ടായിരുന്നില്ല അവൾ അവരോടൊപ്പം ചെന്നത്. മറിച്ച് വിശ്വാസത്തിൽ വളരാൻ അവരെ സഹായിക്കുന്ന എന്തെങ്കിലും പഠിക്കാനുള്ള അവസരം അവർക്ക് ലഭ്യമായേക്കാമെന്ന് അവൾ പ്രതീക്ഷിച്ചുകാണും. എന്നാൽ അവർ എന്തെങ്കിലും പഠിച്ചോ? ഇല്ല. വിസ്മയാവഹമായ കാര്യങ്ങൾ പ്രവർത്തിക്കുകയും ശ്രേഷ്ഠമായ സത്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നതിൽ യേശു തുടർന്നെങ്കിലും മറിയയുടെ മറ്റ് പുത്രന്മാർ അപ്പോഴും അവനിൽ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇനി അവരുടെ ഹൃദയങ്ങളിൽ എങ്ങനെ എത്തിച്ചേരാനാകുമെന്ന് അവൾ നിരാശയോടെ ചിന്തിച്ചുകാണുമോ?
മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിലാണോ നിങ്ങൾ ജീവിക്കുന്നത്? മറിയയുടെ വിശ്വാസത്തിന് നിങ്ങളെ അനേകം കാര്യങ്ങൾ പഠിപ്പിക്കാനാകും. വിശ്വാസത്തിലില്ലാഞ്ഞ തന്റെ ബന്ധുക്കളിലുള്ള പ്രതീക്ഷ അവൾ ഉപേക്ഷിച്ചില്ല. മറിച്ച്, തന്റെ വിശ്വാസം തനിക്കു സന്തോഷവും മനസ്സമാധാനവും നേടിത്തന്നിരിക്കുന്നെന്ന് ബന്ധുക്കൾ കണ്ട് മനസ്സിലാക്കാൻ അവൾ ആഗ്രഹിച്ചു. അതേസമയം, അവൾ തന്റെ വിശ്വസ്തപുത്രനു പിന്തുണ നൽകുന്നതിൽ തുടരുകയും ചെയ്തു. യേശു തന്റെ കൂടെയില്ലാത്തതിൽ അവൾക്കു വിഷമമുണ്ടായിരുന്നോ? അവൻ തന്നോടും തന്റെ കുടുംബത്തോടും കൂടെയായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും അവൾ ആഗ്രഹിച്ചിട്ടുണ്ടാകുമോ? എന്നാൽ അങ്ങനെയുള്ള വികാരങ്ങൾ അവൾ നിയന്ത്രിക്കുകതന്നെ ചെയ്തു. യേശുവിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു പദവിയായി അവൾ വീക്ഷിച്ചു. സമാനമായി നിങ്ങൾക്കും, ദൈവത്തെ ഒന്നാമത് വെക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കാനാകുമോ?
‘നിന്റെ പ്രാണനിൽക്കൂടി ഒരു വാൾ തുളച്ചുകയറും’
യേശുവിലുള്ള മറിയയുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചോ? യഹോവ എല്ലായ്പോഴും വിശ്വാസത്തിനു പ്രതിഫലം നൽകുന്നു, മറിയയുടെ കാര്യത്തിലും അതു സത്യമായി. (എബ്രായർ 11:6) തന്റെ പുത്രൻ പ്രസംഗിക്കുന്നതു കേൾക്കുന്നതും അവൻ നടത്തിയ പ്രഭാഷണങ്ങൾ നേരിട്ടുകേട്ടവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും അവൾക്ക് എങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാകുമെന്നു ചിന്തിക്കുക.
നസറെത്തിൽ യേശു ബാല്യകാലത്ത് കണ്ടതും കേട്ടതുമായ കാര്യങ്ങൾ, അവൻ തന്റെ ദൃഷ്ടാന്തങ്ങളിൽ ഉൾപ്പെടുത്തിയതായി മറിയയുടെ ശ്രദ്ധയിൽപ്പെട്ടോ? കളഞ്ഞുപോയ ഒരു നാണയം കണ്ടെത്താനായി ഒരു സ്ത്രീ തന്റെ വീട് അടിച്ചുവാരുന്നതിനെക്കുറിച്ചും അപ്പത്തിനായി ധാന്യം പൊടിക്കുന്നതിനെക്കുറിച്ചും വിളക്കു കത്തിച്ച് തണ്ടിന്മേൽ വെക്കുന്നതിനെക്കുറിച്ചും ഒക്കെ യേശു സംസാരിച്ചപ്പോൾ, താൻ അനുദിനകാര്യാദികളിൽ മുഴുകവെ തന്റെ അരികെ നിന്നിരുന്ന ആ കൊച്ചു ബാലനെക്കുറിച്ച് മറിയ ചിന്തിച്ചിട്ടുണ്ടാകുമോ? (ലൂക്കോസ് 11:33; 15:8, 9; 17:35) എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു എന്ന് യേശു പറഞ്ഞപ്പോൾ, ഒരു മൃഗത്തിന് സുഖകരമായി വഹിക്കാനാകുന്നവിധം നുകം ഉണ്ടാക്കാൻ യോസേഫ് ബാലനായ യേശുവിനെ പഠിപ്പിക്കുന്ന മനോഹരമായ ഒരു സായാഹ്നം മറിയയുടെ ഓർമയിൽ വന്നിട്ടുണ്ടാകുമോ? (മത്തായി 11:30) മിശിഹായാകുമായിരുന്ന തന്റെ പുത്രനെ വളർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആയി യഹോവയിൽനിന്നു തനിക്കു ലഭിച്ച ആ മഹത്തായ പദവിയെക്കുറിച്ച് ഓർക്കുന്നതിൽ മറിയ അതിയായ സന്തോഷം കണ്ടെത്തി. വളരെ സാധാരണമായ വസ്തുക്കളും ദൃശ്യങ്ങളും ഉപയോഗിച്ചു ഗഹനമേറിയ പാഠങ്ങൾ പഠിപ്പിച്ച മനുഷ്യരുടെ ഇടയിലെ ഏറ്റവും മഹാനായ അധ്യാപകനിൽനിന്നു കേൾക്കുന്നതിൽ മറിയ മറ്റാരും അനുഭവിക്കാത്ത ഒരുതരം സന്തോഷം അനുഭവിച്ചിരുന്നിരിക്കണം!
എന്നിരുന്നാലും മറിയ താഴ്മയുള്ളവളായി നിലകൊണ്ടു. പുത്രൻ അവളെ ആരാധനാപാത്രമായി ചിത്രീകരിച്ചില്ലെന്നു മാത്രമല്ല ബഹുമാന്യസ്ഥാനം കല്പിച്ച് സ്തുതിച്ച് സംസാരിക്കുകപോലും ചെയ്തില്ല. ശുശ്രൂഷയിലായിരിക്കെ, ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, യേശുവിനു ജന്മം നൽകാനായതിനാൽ അവന്റെ അമ്മ അതീവ സന്തുഷ്ടയായിരിക്കുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. എന്നാൽ അതിനു യേശു ഇങ്ങനെ മറുപടി നൽകി: “അല്ല, ദൈവത്തിന്റെ വചനം കേൾക്കുകയും പ്രമാണിക്കുകയും ചെയ്യുന്നവരത്രേ അനുഗ്രഹിക്കപ്പെട്ടവർ.” (ലൂക്കോസ് 11:27, 28) കൂടാതെ, യേശുവിനെ കാണാൻ അവന്റെ അമ്മയും സഹോദരന്മാരും കാത്തുനിൽക്കുന്നെന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ പറഞ്ഞപ്പോൾ, വിശ്വസിക്കുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരും എന്നു അവൻ പറഞ്ഞു. മുറിപ്പെടുന്നതിനു പകരം യേശു പറഞ്ഞതിന്റെ അർഥമെന്താണെന്ന് അവൾ മനസ്സിലാക്കി; അതായത്, ആത്മീയബന്ധങ്ങളാണ് ജഡികബന്ധങ്ങളെക്കാൾ പ്രാധാനമെന്ന കാര്യം.—മർക്കോസ് 3:32-35.
തന്റെ പുത്രൻ സ്തംഭത്തിൽ കിടന്ന് യാതനകൾ അനുഭവിച്ച് മരിക്കുന്നതു കാണേണ്ടിവന്ന മറിയയുടെ വേദന ഏതു വാക്കുകൾക്കാണ് വിവരിക്കാനാകുക? ഈ വധനിർവഹണത്തിനു സാക്ഷ്യം വഹിച്ച അപ്പൊസ്തലനായ യോഹന്നാൻ തന്റെ വിവരണത്തിൽ പിന്നീട് ഇതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി. ഈ വിഷമകരമായ സാഹചര്യത്തിൽ യേശുവിന്റെ “ദണ്ഡനസ്തംഭത്തിനരികെ” അമ്മയായ മറിയയുണ്ടായിരുന്നു. അവസാനനിമിഷംവരെ മകന്റെ അരികെ നിൽക്കുന്നതിൽനിന്ന് സ്നേഹവതിയും വിശ്വസ്തയുമായ ആ അമ്മയെ തടയാൻ യാതൊന്നിനും കഴിയുമായിരുന്നില്ല. അവിടെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ, താൻ വലിക്കുന്ന ഓരോ ശ്വാസവും താൻ ഉച്ചരിക്കുന്ന ഓരോ വാക്കും അവന് വളരെ വിഷമകരമായിരുന്നെങ്കിലും, അവൻ അവളോടു സംസാരിച്ചു. തന്റെ അമ്മയെ അരുമശിഷ്യനായ യോഹന്നാന്റെ പരിചരണയിൽ ഏൽപ്പിക്കുകയും ചെയ്തു. തന്റെ ജഡികസഹോദരങ്ങൾ അപ്പോഴും വിശ്വാസികളല്ലാതിരുന്നതിനാലാണ് മറിയയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം യേശു വിശ്വസ്തനായ തന്റെ അനുഗാമിയെ ഭരമേൽപ്പിച്ചത്. പ്രിയപ്പെട്ടവരുടെ സംരക്ഷണം, വിശേഷിച്ച് അവരുടെ ആത്മീയകാര്യങ്ങൾക്കായി കരുതുന്നത്, ഒരു വിശ്വാസിക്ക് എത്ര പ്രധാനമാണെന്ന് യേശു അങ്ങനെ കാണിച്ചു.—യോഹന്നാൻ 19:25-27.
വളരെക്കാലം മുമ്പ് മുൻകൂട്ടിപ്പറഞ്ഞ പ്രാണനിൽക്കൂടി വാൾ തുളച്ചുകയറുന്ന ദുഃഖം ഒടുവിൽ യേശു മരിച്ചപ്പോൾ മറിയ അനുഭവിച്ചു. അവളുടെ ദുഃഖത്തിന്റെ ആഴം നമുക്കു വിഭാവന ചെയ്യാൻ കഴിയില്ലെങ്കിൽ മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള അവളുടെ സന്തോഷത്തിന്റെ ആധിക്യം അത്രയുംപോലും ഉൾക്കൊള്ളാനാവില്ല! ഏറ്റവും വലിയ അത്ഭുതം നടന്നതായി മറിയ മനസ്സിലാക്കി—യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നു! പിന്നീട് തന്റെ അർധസഹോദരനായ യാക്കോബിന് യേശു സ്വകാര്യമായി പ്രത്യക്ഷപ്പെട്ടതു മറിയയുടെ സന്തോഷം അനേകം മടങ്ങു വർധിപ്പിച്ചു. (1 കൊരിന്ത്യർ 15:7) ആ കൂടിക്കാഴ്ച്ച യാക്കോബിനെയും യേശുവിന്റെ മറ്റ് അർധസഹോദരങ്ങളെയും സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. ഇവർ യേശുവിനെ ക്രിസ്തുവായി തിരിച്ചറിഞ്ഞെന്ന് ഇവരുടെ പിൽക്കാലചരിത്രത്തിൽനിന്നു നാം മനസ്സിലാക്കുന്നു. താമസിയാതെ, ഇവരെല്ലാം അവരുടെ അമ്മയായ മറിയയോടൊപ്പം ക്രിസ്തീയയോഗങ്ങളിൽ കൂടിവരികയും ‘പ്രാർഥനയിൽ ഉറ്റിരിക്കയും’ ചെയ്തതായി വായിക്കാനാകും. (പ്രവൃത്തികൾ 1:14) അവരിൽ രണ്ടു പേരായ യാക്കോബും യൂദായും പിന്നീട് ബൈബിൾപുസ്തകങ്ങൾ എഴുതുകയുണ്ടായി.
തന്റെ പുത്രന്മാരോടൊത്തു പ്രാർഥനയിൽ ഏർപ്പെട്ടിരിക്കുന്ന മറിയയെക്കുറിച്ചുള്ള ചിത്രത്തോടെയാണ് അവളെക്കുറിച്ചുള്ള ബൈബിൾപരാമർശം അവസാനിക്കുന്നത്. മറിയയുടെ ചരിത്രരേഖയ്ക്ക് എത്ര ഉചിതമായ ഒരു പര്യവസാനം! എത്ര മികച്ച ഒരു മാതൃക അവശേഷിപ്പിച്ചാണ് അവൾ കടന്നുപോയത്! ശക്തമായ വിശ്വാസമുണ്ടായിരുന്നതിനാലാണ് മറിയയ്ക്കു ദുഃഖത്തിന്റെ വാൾ അതിജീവിക്കാനായത്. ഒടുവിൽ ഒരു മഹത്തായ പ്രതിഫലം അവൾക്കു ലഭിക്കുകയും ചെയ്തു. അവളുടെ വിശ്വാസം അനുകരിക്കുന്നെങ്കിൽ, നമുക്കും ഈ മർദകലോകം അടിച്ചേൽപ്പിക്കുന്ന ഏതൊരു മുറിവുകളെയും അതിജീവിക്കാനും, നമ്മുടെ പ്രതീക്ഷയ്ക്കപ്പുറമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനും സാധിക്കും. ▪ (w14-E 05/01)
^ ഖ. 8 യേശുവിനു 12 വയസ്സായപ്പോൾ നടന്ന ഒരു സംഭവത്തിൽ യോസേഫിനെക്കുറിച്ച് പരാമർശം കാണാം. അതിനു ശേഷമുള്ള സുവിശേഷവിവരണങ്ങളിൽ യോസേഫിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. അതിനെ തുടർന്ന്, യേശുവിന്റെ അമ്മയെയും മറ്റു കുട്ടികളെയും കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും യോസെഫിനെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. യോസേഫിനെക്കുറിച്ചു യാതൊരു പരാമർശവുമില്ലാതെ ‘മറിയയുടെ മകൻ’ എന്ന് ഒരിക്കൽ യേശുവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.—മർക്കോസ് 6:3.
^ ഖ. 16 യേശുവിന്റെ യഥാർഥപിതാവായിരുന്നില്ല യോസേഫ്. അതുകൊണ്ട്, വാസ്തവത്തിൽ ഈ കൂടെപ്പിറപ്പുകൾ അവന്റെ അർധസഹോദരന്മാരും അർധസഹോദരിമാരും ആണ്.—മത്തായി 1:20.