പുരാതനജ്ഞാനം ആധുനികജീവിതത്തിന്
ഉദാരമായി ക്ഷമിക്കുക
ബൈബിൾതത്ത്വം: ‘ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ ഉദാരമായി ക്ഷമിക്കുവിൻ. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ.’—കൊലോസ്യർ 3:13.
എന്താണ് ഇതിന്റെ അർഥം? ബൈബിളിൽ, പാപത്തെ ഒരു വായ്പ്പയോടും അത് ക്ഷമിക്കുന്നതിനെ ആ വായ്പ്പ എഴുതിത്തള്ളുന്നതിനോടും താരതമ്യപ്പെടുത്തുന്നു. (ലൂക്കോസ് 11:4) തിരുവെഴുത്തുകളിൽ “ക്ഷമിക്കുക” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തെക്കുറിച്ച് ഒരു പരാമർശഗ്രന്ഥം പറയുന്നത്, “ഒരു കടം തിരികെത്തരാൻ ആവശ്യപ്പെടാതെ അത് വേണ്ടെന്നുവെക്കുക” എന്നാണ്. അങ്ങനെ, നമ്മെ വേദനിപ്പിച്ച ഒരു വ്യക്തിയിൽനിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ അയാളോട് ക്ഷമിക്കുകയാണ് ചെയ്യുന്നത്. ക്ഷമിക്കാനുള്ള നമ്മുടെ മനസ്സൊരുക്കം ആ തെറ്റായ പ്രവൃത്തിയെ നമ്മൾ അംഗീകരിക്കുന്നെന്നോ അതുണ്ടാക്കിയ വേദന ചെറുതാണെന്നോ അർഥമാക്കുന്നില്ല. പകരം, ന്യായമായി “പരാതിക്കു കാരണമുണ്ടായാൽത്തന്നെ” നീരസം ഒഴിവാക്കാൻ നമ്മൾ തീരുമാനിക്കുന്നു.
ഇത് ഇന്ന് പ്രായോഗികമാണോ? അപൂർണരായതിനാൽ നമ്മളെല്ലാം പാപം ചെയ്യുന്നു. (റോമർ 3:23) അതുകൊണ്ട്, മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നത് ജ്ഞാനമാണ്. കാരണം, ഇന്ന് അല്ലെങ്കിൽ നാളെ അവരുടെ ക്ഷമ നമുക്ക് ആവശ്യമായി വന്നേക്കാം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നെങ്കിൽ അതിന്റെ പ്രയോജനം എന്താണ്?
കോപവും നീരസവും വെച്ചുപുലർത്തുകയും ക്ഷമിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ നമ്മൾ നമ്മളെത്തന്നെയാണ് ദ്രോഹിക്കുന്നത്. അത്തരം മോശമായ വികാരങ്ങൾ നമ്മുടെ സന്തോഷം കവർന്നെടുക്കുകയും ആയുർദൈർഘ്യം കുറയ്ക്കുകയും ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്യും. മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അത് വഴിവെച്ചേക്കാം. ഒരു വാർത്താപത്രികയിൽ (Journal of the American College of Cardiology) ഡോക്ടർ യോയ്ചി ചിഡയും മനഃശാസ്ത്രവിദഗ്ധനായ പ്രൊഫസർ ആൻഡ്രൂ സ്റ്റെപ്റ്റോയും ഇങ്ങനെ അഭിപ്രായപ്പെട്ടു: “സിഎച്ച്ഡി എന്ന രോഗത്തിന് (coronary heart disease) കോപശീലവും ശത്രുതാമനോഭാവവും ആയി ബന്ധമുണ്ടെന്ന് ആധുനിക കണ്ടുപിടിത്തങ്ങൾ തെളിയിക്കുന്നു.”
എന്നാൽ, ക്ഷമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ ഐക്യവും സമാധാനവും നമ്മൾ കാത്തുസൂക്ഷിക്കും, അതിലൂടെ ആളുകൾ തമ്മിലുള്ള ബന്ധം സുദൃഢമായിത്തീരും. അതിനെക്കാൾ പ്രധാനമായി, അനുതാപമുള്ള പാപികളോട് സൗജന്യമായി ക്ഷമിക്കുകയും അങ്ങനെ ചെയ്യാൻ നമ്മിൽനിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അനുകാരികളാണ് നമ്മൾ എന്ന് തെളിയിക്കുകകൂടിയായിരിക്കും ചെയ്യുന്നത്.—മർക്കോസ് 11:25; എഫെസ്യർ 4:32; 5:1. (w15-E 10/01)