ക്രിസ്ത്യാനികളായി ജീവിക്കാം
ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക—എങ്ങനെ?
നിങ്ങൾ ഇപ്പോൾ യേശുവിന്റെ കാലത്താണു ജീവിക്കുന്നതെന്നു സങ്കൽപ്പിക്കുക. കൂടാരോത്സവം ആഘോഷിക്കാനായി നിങ്ങൾ ഗലീലയിൽനിന്ന് യരുശലേമിലേക്കു വന്നിരിക്കുകയാണ്. അടുത്തുനിന്നും അകലെനിന്നും യഹോവയെ ആരാധിക്കാനായി അവിടെ ധാരാളം പേർ എത്തിയിട്ടുണ്ട്. ആകെ ശബ്ദമുഖരിതമായ അന്തരീക്ഷം! യഹോവയ്ക്ക് ഒരു യാഗമർപ്പിക്കാനായി തിങ്ങിനിറഞ്ഞ ഇടവഴികളിലെ ആളുകൾക്കിടയിലൂടെ ഒരാടിനെയുംകൊണ്ട് നിങ്ങൾ ഇപ്പോൾ ആലയത്തിലേക്കു പോകുകയാണ്. അവിടെ എത്തിയപ്പോഴോ? യാഗവസ്തുക്കളുമായി വലിയൊരു കൂട്ടംതന്നെ അവിടെയുണ്ട്. അവസാനം നിങ്ങളുടെ ആടിനെ പുരോഹിതന്മാരെ ഏൽപ്പിക്കാനുള്ള ഊഴം വന്നു. അപ്പോഴാണു നിങ്ങൾ ഓർത്തത്, നിങ്ങളുടെ സഹോദരനു നിങ്ങളോട് എന്തോ പിണക്കമുണ്ടെന്ന്. ആ വ്യക്തി ഇപ്പോൾ പട്ടണത്തിലോ ജനക്കൂട്ടത്തിന് ഇടയിൽ എവിടെയെങ്കിലുമോ ആയിരിക്കും. നിങ്ങൾ ഇപ്പോൾ എന്തു ചെയ്യും? എന്തു ചെയ്യണമെന്നു യേശു പറഞ്ഞു. (മത്തായി 5:24 വായിക്കുക.) നിങ്ങൾക്കും നിങ്ങളോടു പിണക്കത്തിലായ സഹോദരനും യേശു നിർദേശിച്ചതുപോലെ എങ്ങനെ സമാധാനത്തിലാകാം? താഴെക്കൊടുത്തിരിക്കുന്ന ചതുരങ്ങളിലെ ശരിയായ ഉത്തരങ്ങൾക്കു നേരെ അടയാളമിടുക.
നിങ്ങൾ ചെയ്യേണ്ടത്. . .
-
പിണക്കമുണ്ടാകാൻ ന്യായമായ കാരണമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ മാത്രം സഹോദരനോടു സംസാരിക്കുക
-
അദ്ദേഹം ആവശ്യമില്ലാതെ പിണങ്ങിയിരിക്കുകയാണെന്നോ പ്രശ്നത്തിന് അദ്ദേഹംകൂടി ഉത്തരവാദിയാണെന്നോ തോന്നുന്നെങ്കിൽ സഹോദരനെ തിരുത്തുക
-
സഹോദരൻ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുക, അദ്ദേഹം പറയുന്നതു പൂർണമായും മനസ്സിലാകുന്നില്ലെങ്കിലും. അദ്ദേഹത്തിനുണ്ടായ വിഷമത്തിനോ അല്ലെങ്കിൽ നിങ്ങൾ ചെയ്ത ഏതെങ്കിലും കാര്യം അറിയാതെ അദ്ദേഹത്തെ വേദനിപ്പിച്ചതിനോ ആത്മാർഥമായി ക്ഷമ ചോദിക്കുക
നിങ്ങളുടെ സഹോദരൻ ചെയ്യേണ്ടത്. . .
-
നിങ്ങൾ ചെയ്ത തെറ്റു സഭയിലെ മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് അവരെ തന്റെ പക്ഷത്താക്കാൻ ശ്രമിക്കുക
-
നിങ്ങളെ വിമർശിക്കുക, നിങ്ങൾ ചെയ്ത തെറ്റു തലനാരിഴകീറി നിങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുക
-
അദ്ദേഹത്തോടു സംസാരിക്കാൻ നിങ്ങൾ കാണിച്ച താഴ്മയും ധൈര്യവും തിരിച്ചറിയുകയും ഹൃദയപൂർവം ക്ഷമിക്കുകയും ചെയ്യുക
ഇന്ന് ആരാധനയിൽ നമ്മൾ മൃഗബലികൾ അർപ്പിക്കാറില്ലെങ്കിലും സഹോദരനുമായി സമാധാനത്തിലാകുന്നതും ദൈവത്തിനു സ്വീകാര്യമായ ആരാധന അർപ്പിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യേശു എന്താണു പഠിപ്പിച്ചത്?