ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—സന്തോഷവാർത്തയിലേക്കു നയിക്കാൻ ഇടയാക്കുന്ന സംഭാഷണങ്ങൾ ആരംഭിക്കുക
ശമര്യസ്ത്രീയുമായി സംഭാഷണത്തിനു തുടക്കമിട്ടതുകൊണ്ടാണു സാക്ഷീകരിക്കാൻ യേശുവിനു കഴിഞ്ഞത്. അപരിചിതരോടു സംസാരിച്ചുതുടങ്ങാനുള്ള വൈദഗ്ധ്യം നമുക്ക് എങ്ങനെ നേടിയെടുക്കാം?
-
പ്രസന്നതയുള്ളവരായിരിക്കുക, ആളുകളോടു സംസാരിക്കുക. ക്ഷീണിതനായിരുന്നെങ്കിലും കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് യേശു സംഭാഷണം ആരംഭിച്ചു. നിങ്ങൾക്കും അങ്ങനെ എന്തെങ്കിലും ചെയ്യാം. ഒരു പുഞ്ചിരിയോടെ തുടങ്ങുക. എന്നിട്ട് കാലാവസ്ഥയെക്കുറിച്ചോ അടുത്തിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചോ സംസാരിച്ചുതുടങ്ങാവുന്നതാണ്. ഓർക്കുക: തുടക്കത്തിൽ നമ്മുടെ ലക്ഷ്യം ഒരു സംഭാഷണം ആരംഭിക്കുക എന്നതു മാത്രമാണ്. അതുകൊണ്ട് ആ വ്യക്തിക്കു താത്പര്യമുണ്ടെന്നു നമുക്കു തോന്നുന്ന ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. ആ വ്യക്തിക്കു സംസാരിക്കാൻ താത്പര്യമില്ലെങ്കിലും നമുക്കു നഷ്ടപ്പെടാൻ ഒന്നുമില്ല. മറ്റാരോടെങ്കിലും സംസാരിക്കുക. ധൈര്യത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക.—നെഹ 2:4; പ്രവൃ 4:29.
-
സംഭാഷണത്തിനിടെ സന്തോഷവാർത്തയിലേക്കു നയിക്കാനുള്ള എന്തെങ്കിലും കിട്ടുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടിരിക്കുക. പക്ഷേ തിരക്കുകൂട്ടരുത്. സംഭാഷണം സ്വാഭാവികമായിത്തന്നെ മുന്നോട്ടുപോകട്ടെ. സന്തോഷവാർത്തയെക്കുറിച്ച് പറയാൻ നിങ്ങൾ തിടുക്കം കൂട്ടിയാൽ മറ്റേ വ്യക്തിക്ക് അസ്വസ്ഥത തോന്നിയേക്കാം, സംഭാഷണം നിറുത്തുകയും ചെയ്തേക്കാം. രാജ്യസന്ദേശം അറിയിക്കുന്നതിനു മുമ്പ് സംഭാഷണം നിന്നുപോയാലും നിരാശപ്പെടേണ്ടതില്ല. സംഭാഷണത്തിനിടെ സന്തോഷവാർത്തയെക്കുറിച്ച് പറയാൻ നിങ്ങൾക്കു പേടിയാണെങ്കിൽ, ആളുകളോടു വെറുതേ സംസാരിച്ച് ശീലിക്കുക. (വീഡിയോ 1 പ്ലേ ചെയ്ത് ചർച്ച ചെയ്യുക.)
-
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ആത്മാർഥമായി എന്തെങ്കിലും പറഞ്ഞുകൊണ്ട് സാക്ഷീകരിക്കാനുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിക്കുക. കൂടുതൽ ചോദിച്ചറിയാൻ അതു കേൾവിക്കാരനെ പ്രചോദിപ്പിച്ചേക്കാം. യേശു ജിജ്ഞാസ ഉണർത്തുന്ന ചില കാര്യങ്ങൾ പറഞ്ഞപ്പോൾ ആ സ്ത്രീ ചില ചോദ്യങ്ങൾ ചോദിച്ചെന്ന് ഓർക്കുക. യേശു ആ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു. അവസാനം സന്തോഷവാർത്തയെക്കുറിച്ച് യേശു പറഞ്ഞതെല്ലാം ആ സ്ത്രീയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ്. (വീഡിയോ 2 പ്ലേ ചെയ്ത് ചർച്ച ചെയ്യുക. അതിനു ശേഷം വീഡിയോ 3-ഉം പ്ലേ ചെയ്ത് ചർച്ച ചെയ്യുക.)