ക്രിസ്ത്യാനികളായി ജീവിക്കാം
യുവജനങ്ങളേ—‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുക’
തീത്തോസിനുള്ള കത്തിൽ, തീത്തോസ് ഉൾപ്പെടെയുള്ള യുവജനങ്ങൾ “എല്ലാ വിധത്തിലും ഒരു മാതൃകയായിരിക്കണം” എന്നു പൗലോസ് എഴുതി. (തീത്ത 2:6, 7) തുടർന്ന് അതേ അധ്യായത്തിൽ, ‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരാകാൻ’ യഹോവയുടെ ജനം ശുദ്ധീകരിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. (തീത്ത 2:14) ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഒരു ‘നല്ല കാര്യം.’ നിങ്ങൾ ചെറുപ്പമാണെങ്കിൽ, ഒരു സഹായ മുൻനിരസേവകനോ സാധാരണ മുൻനിരസേവകനോ ആയി പ്രവർത്തിക്കാൻ നിങ്ങളുടെ കഴിവും പ്രാപ്തികളും ഉപയോഗിക്കുമോ?—സുഭ 20:29.
മുൻനിരസേവനം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അതിനുവേണ്ടി നിങ്ങളുടെ ജീവിതകാര്യാദികൾ എങ്ങനെ ക്രമീകരിക്കാമെന്നു ചിന്തിക്കുക. (ലൂക്ക 14:28-30) ഉദാഹരണത്തിന്, മുഴുസമയസേവനം ചെയ്യുമ്പോൾ നിങ്ങളുടെ ചെലവുകൾ എങ്ങനെ നടക്കും? നിങ്ങൾക്ക് എങ്ങനെ മണിക്കൂർ വ്യവസ്ഥയിൽ എത്താൻ കഴിയും? നിങ്ങളുടെ സാഹചര്യം ഒരു പ്രാർഥനാവിഷയമാക്കുക. (സങ്ക 37:5) നിങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളോടും മുൻനിരസേവനത്തിൽ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നവരോടും ചർച്ച ചെയ്യുക. എന്നിട്ട് നിങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ വേണ്ട പടികൾ സ്വീകരിക്കുക. ദൈവസേവനത്തിലെ നിങ്ങളുടെ ഉത്സാഹത്തോടെയുള്ള ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും!
യഹോവയെ ബഹുമാനിക്കുന്ന യുവജനങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
മുൻനിരസേവനം തുടങ്ങുന്നതിനു ചിലർ എന്തെല്ലാം തടസ്സങ്ങളാണു മറികടന്നത്, അവർ എങ്ങനെയാണ് അതു ചെയ്തത്?
-
സാധാരണ മുൻനിരസേവകരാകാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം?
-
പ്രസംഗപ്രവർത്തനത്തിന് ഒരു പട്ടികയുണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം എന്താണ്?
-
സഭയിലെ സഹോദരങ്ങൾക്ക് എങ്ങനെ ഒരു മുൻനിരസേവകനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം?
-
മുൻനിരസേവകർക്കു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ എന്തെല്ലാം?