ക്രിസ്ത്യാനികളായി ജീവിക്കാം
ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
ദൃശ്യാവിഷ്കാരം വ്യക്തികളുടെ ശ്രദ്ധ ആകർഷിക്കുകയും പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഓർത്തിരിക്കാനും സഹായിക്കുകയും ചെയ്യും. പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കാൻ നമ്മുടെ മഹാനായ ഉപദേഷ്ടാവായ യഹോവ അത് ഉപയോഗിച്ചിട്ടുണ്ട്. (ഉൽ 15:5; യിര 18:1-6) ദൃശ്യാവിഷ്കാരം മഹാനായ അധ്യാപകനായ യേശുവും ഉപയോഗിച്ചിട്ടുണ്ട്. (മത്ത 18:2-6; 22:19-21) അടുത്ത കാലത്ത് ഏറ്റവും പ്രയോജനപ്രദമെന്നു കണ്ടെത്തിയിരിക്കുന്ന ദൃശ്യാവിഷ്കാരമാണു വീഡിയോകൾ. ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ നിങ്ങൾ വീഡിയോകൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?
ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയിലെ പാഠങ്ങൾ പഠിപ്പിക്കാൻ സഹായിക്കുന്ന പത്തു വീഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്. ലഘുപത്രികയിൽ തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന ഒരു ചോദ്യത്തിന് ഏതാണ്ടു സമാനമാണു വീഡിയോയുടെ പേര്. ലഘുപത്രികയുടെ ഇലക്ട്രോണിക് പതിപ്പിൽ, ഓരോ വീഡിയോയും എപ്പോഴാണു കാണിക്കേണ്ടതെന്ന് ഓർമിപ്പിക്കാൻ ലിങ്കുകൾ കൊടുത്തിട്ടുണ്ട്. കൂടാതെ, പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്തെ മറ്റു പ്രസിദ്ധീകരണങ്ങളിൽ കാണുന്ന വിവരങ്ങളെക്കുറിച്ചുള്ള വീഡിയോകളുമുണ്ട്.
നിങ്ങളുടെ വിദ്യാർഥിക്കു മനസ്സിലാക്കാൻ വിഷമമുള്ള ഒരു ബൈബിൾഭാഗം അദ്ദേഹവുമായി ചർച്ച ചെയ്യുകയാണോ? അതോ നിങ്ങളുടെ വിദ്യാർഥി എന്തെങ്കിലും പ്രത്യേകപരിശോധന നേരിടുന്നുണ്ടോ? ആ വിദ്യാർഥിക്കു പ്രയോജനം ചെയ്യുന്ന വീഡിയോകൾക്കായി jw.org-ലും JW പ്രക്ഷേപണത്തിലും അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്കും വിദ്യാർഥിക്കും ഒരുമിച്ചിരുന്ന് ഏതെങ്കിലും ഒരു വീഡിയോ കാണാനും അതെപ്പറ്റി ചർച്ച ചെയ്യാനും കഴിഞ്ഞേക്കും.
ഓരോ മാസവും പുതിയപുതിയ വീഡിയോകൾ പുറത്തിറക്കുന്നുണ്ട്. അവ കാണുമ്പോൾ മറ്റുള്ളവരെ പഠിപ്പിക്കാൻ അവ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുക.