ക്രിസ്ത്യാനികളായി ജീവിക്കാം
യുവജനങ്ങളേ, യഹോവയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്?
നിങ്ങളുടെ കൂട്ടുകാർക്ക് ഏതെല്ലാം ഗുണങ്ങളുണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? വിശ്വസ്തത, ദയ, ഉദാരത ഇതൊക്കെ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കില്ലേ? യഹോവയ്ക്ക് ഈ ഗുണങ്ങളെല്ലാമുണ്ട്. (പുറ 34:6; പ്രവൃ 14:17) നിങ്ങൾ പ്രാർഥിക്കുമ്പോൾ യഹോവ അതു ശ്രദ്ധിച്ച് കേൾക്കുന്നു. നിങ്ങൾക്ക് ഒരു ആവശ്യം വന്നാൽ യഹോവ നിങ്ങളെ സഹായിക്കും. (സങ്ക 18:19, 35) യഹോവ നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും. (1യോഹ 1:9) ശരിക്കും എത്ര നല്ല ഒരു സുഹൃത്താണ് യഹോവ, അല്ലേ?
അതെ, യഹോവ നിങ്ങളുടെ ഒരു നല്ല സുഹൃത്താണ്. പക്ഷേ തിരിച്ച് നിങ്ങൾ യഹോവയുടെ ഒരു നല്ല സുഹൃത്താണോ? അങ്ങനെയാകാൻ എന്തു ചെയ്യാം? ദൈവവചനത്തിൽനിന്ന് യഹോവയെക്കുറിച്ച് പഠിക്കുക. ഉള്ളിലുള്ളതെല്ലാം യഹോവയോടു പറയുക. (സങ്ക 62:8; 142:2) യഹോവയ്ക്കു പ്രധാനപ്പെട്ടതെല്ലാം നിങ്ങൾക്കും പ്രധാനപ്പെട്ടതാണെന്നു കാണിക്കുക. അതിൽ യേശുക്രിസ്തുവും ദൈവരാജ്യവും ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളും ഉൾപ്പെടുന്നു. ഇനി, യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയുക. (ആവ 32:3) യഹോവയുമായി ഒരു അടുത്ത സൗഹൃദം സ്ഥാപിക്കുന്നെങ്കിൽ, യഹോവ എന്നെന്നും നിങ്ങളുടെ ഒരു സുഹൃത്തായിരിക്കും.—സങ്ക 73:25, 26, 28.
യുവജനങ്ങളേ—“യഹോവ നല്ലവനെന്നു രുചിച്ചറിയൂ!” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
നിങ്ങൾക്ക് എങ്ങനെ സമർപ്പണത്തിനും സ്നാനത്തിനും ഒരുങ്ങാം?
-
യഹോവയെ സേവിക്കാൻ സഭയിലെ മറ്റുള്ളവർക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
-
ശുശ്രൂഷ എങ്ങനെ യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം കൂടുതൽ ശക്തമാക്കും?
-
ദൈവസേവനത്തിന്റെ ഏതെല്ലാം വാതിലുകളാണു നിങ്ങൾക്കു മുമ്പിലുള്ളത്?
-
ഏതു കാര്യത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് നിങ്ങൾക്ക് യഹോവയോട് ഒരു പ്രത്യേകസ്നേഹം തോന്നുന്നത്?