ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം വിലയേറിയതായി കാണുക
യഹോവയുടെ സാക്ഷികൾക്ക് ഒരു പ്രത്യേകപദവിയുണ്ട്, പരമാധികാരിയാം കർത്താവായ യഹോവയുമായി അടുത്ത, വ്യക്തിപരമായ ബന്ധം ആസ്വദിക്കാനുള്ള പദവി. സമർപ്പിച്ച്, സ്നാനമേറ്റ ക്രിസ്ത്യാനികളെന്ന നിലയിൽ ആ ബന്ധം നമുക്ക് കൂടുതൽക്കൂടുതൽ ശക്തമാക്കാനും കഴിയും. യഹോവ തന്റെ പുത്രനിലൂടെ നമ്മളെ തന്നിലേക്ക് ആകർഷിച്ചു. (യോഹ 6:44) യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുകയും ചെയ്യുന്നു.—സങ്ക 34:15.
ദൈവവുമായി നമുക്കുള്ള അമൂല്യമായ ആ ബന്ധം നമുക്ക് എങ്ങനെ സംരക്ഷിക്കാം? ഇസ്രായേല്യർ ചെയ്തതുപോലുള്ള തെറ്റായ കാര്യങ്ങൾ നമ്മൾ ഒഴിവാക്കണം എന്നതാണ് ഒരു കാര്യം. യഹോവയുമായി ഒരു ഉടമ്പടിബന്ധത്തിലേക്കു വന്ന് അധികം വൈകാതെ, ഇസ്രായേല്യർ ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കുകയും വിഗ്രഹാരാധികളാകുകയും ചെയ്തു. (പുറ 32:7, 8; 1കൊ 10:7, 11, 14) നമുക്കു സ്വയം ചോദിക്കാം: ‘തെറ്റു ചെയ്യാൻ പ്രലോഭനമുണ്ടാകുമ്പോൾ ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്? യഹോവയുമായുള്ള ബന്ധം ഞാൻ വിലപ്പെട്ടതായി കാണുന്നെന്ന് എന്റെ പ്രവൃത്തികൾ തെളിയിക്കുന്നുണ്ടോ?’ യഹോവയോട് ആഴമായ സ്നേഹമുണ്ടെങ്കിൽ, യഹോവ വെറുക്കുന്ന കാര്യങ്ങൾ വിട്ടോടാൻ നമുക്ക് എളുപ്പമായിരിക്കും.—സങ്ക 97:10.
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കാത്തുകൊള്ളുക (കൊലോ 3:5) എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എന്താണ് അത്യാഗ്രഹം?
-
നമ്മൾ അത്യാഗ്രഹവും വിഗ്രഹാരാധനയും ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
-
വ്യഭിചാരവും വിഗ്രഹാരാധനയും എങ്ങനെയാണു പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്?
-
എല്ലാവരും, പ്രത്യേകിച്ച് സംഘടനയിൽ ഉത്തരവാദിത്വങ്ങളുള്ളവർ, ഇണയുടെ ആവശ്യങ്ങൾക്കായി കരുതുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് എന്തുകൊണ്ട്?