ക്രിസ്ത്യാനികളായി ജീവിക്കാം
‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായിയുടെ പുറംതാളിൽ, 2018 ജനുവരി ലക്കം മുതൽ സംഭാഷണത്തിനുള്ള മാതൃകകൾ വരാൻ തുടങ്ങി. അത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
വിദ്യാർഥിനിയമനങ്ങൾ നടത്തുമ്പോൾ: മാതൃകാസംഭാഷണത്തിൽ കൊടുത്തിട്ടുള്ള ചോദ്യവും തിരുവെഴുത്തും മടക്കസന്ദർശനത്തിനുള്ള ചോദ്യവും നിങ്ങൾ ഉപയോഗിക്കണം. എന്നാൽ മാതൃകാസംഭാഷണത്തിന്റെ വീഡിയോയിലെ അവതരണം അതേപടി പകർത്തണം എന്നല്ല ഇതിനർഥം. നിങ്ങൾക്കു വേറൊരു സെറ്റിങ്ങും മുഖവുരയും ഒക്കെ ഉപയോഗിക്കാം, വേറൊരു രീതിയിൽ ആശയങ്ങൾ വികസിപ്പിക്കാം. ഇനി, പരിപാടിക്കുള്ള നിർദേശങ്ങളിൽ പ്രസിദ്ധീകരണം കൊടുക്കാൻ പറഞ്ഞിട്ടില്ലെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കാം.
ശുശ്രൂഷയിൽ: പ്രചാരകർക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാൻ പറ്റുന്ന ചില ആശയങ്ങൾ കൊടുക്കാനാണ് മാതൃകാസംഭാഷണങ്ങൾ തയ്യാറാക്കുന്നത്. വീട്ടുകാരൻ കൂടുതൽ അറിയാൻ നല്ല താത്പര്യം കാണിക്കുന്നെങ്കിലോ? നിങ്ങൾക്കു സംഭാഷണം തുടരാവുന്നതാണ്. വേണമെങ്കിൽ, മടക്കസന്ദർശനത്തിനു തന്നിരിക്കുന്ന വിവരങ്ങളും ഉപയോഗിക്കാം. നിങ്ങൾക്ക് മാതൃകാസംഭാഷണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാനും കഴിയും. അതുപോലെ, തികച്ചും വ്യത്യസ്തമായ അവതരണങ്ങളും ആകാം. ഒരു മുൻമാസത്തെ വിഷയമോ മറ്റൊരു തിരുവെഴുത്തോ ആണോ നിങ്ങളുടെ പ്രദേശത്തെ ആളുകളെ കൂടുതൽ ആകർഷിക്കുക? അല്ലെങ്കിൽ, ഏതെങ്കിലും ആനുകാലികസംഭവങ്ങളോ വാർത്തകളോ ആണോ? സംഭാഷണത്തിനുള്ള മാതൃകകൾ എങ്ങനെ ഉപയോഗിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിലും ‘എല്ലാം സന്തോഷവാർത്തയ്ക്കുവേണ്ടി, അതു മറ്റുള്ളവരെ അറിയിക്കാൻവേണ്ടി’ നമുക്ക് ചെയ്യാം.—1കൊ 9:22, 23.