ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ടെലിഫോണിലൂടെ സാക്ഷീകരിക്കുക
എന്തുകൊണ്ട് പ്രധാനം: ‘സന്തോഷവാർത്ത സമഗ്രമായി അറിയിക്കാനുള്ള’ പ്രധാനപ്പെട്ട ഒരു വിധമാണ് ടെലിഫോൺ സാക്ഷീകരണം. (പ്രവൃ 20:24) * വ്യത്യസ്തസാഹചര്യങ്ങൾ കാരണം ഒരാളെ നേരിട്ട് ചെന്ന് കണ്ട് സംസാരിക്കാൻ കഴിയാത്ത അവസരങ്ങളിൽ നമുക്ക് ആ വ്യക്തിയോടു ടെലിഫോണിലൂടെ സാക്ഷീകരിക്കാൻ കഴിയും.
എങ്ങനെ ചെയ്യാം:
-
തയ്യാറാകുക. ഉചിതമായ ഒരു വിഷയം തിരഞ്ഞെടുക്കുക. എന്നിട്ട് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു കുറിപ്പ് തയ്യാറാക്കുക. വിളിച്ചയാൾ ഫോൺ എടുക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു ശബ്ദസന്ദേശം നൽകേണ്ടിവന്നേക്കാം. അതിനുവേണ്ടി, നിങ്ങൾ വിളിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന ഹ്രസ്വമായ ഒരു സന്ദേശവും എഴുതിവെക്കാനായേക്കും. നിങ്ങൾ തയ്യാറാക്കിയ കുറിപ്പ്, JW ലൈബ്രറിയോ jw.org® വെബ്സൈറ്റോ എടുക്കാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് ഉപകരണം, എന്നിങ്ങനെ നിങ്ങൾക്ക് ആവശ്യം വന്നേക്കാവുന്ന കാര്യങ്ങൾ ഒരു മേശയിൽ വെച്ചിട്ട് അതിന് അടുത്തിരുന്ന് സംസാരിക്കുന്നതാണു നല്ലത്.
-
ശാന്തമായി സംസാരിക്കുക. വീട്ടുകാരൻ നിങ്ങളെ കാണുമായിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ ഇടപെടുമായിരുന്നോ, അതേപോലെ പുഞ്ചിരിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുക. സാധാരണ സംസാരിക്കുന്നതുപോലെ സംസാരിക്കുക. അനാവശ്യമായ നിറുത്തലുകൾ ഒഴിവാക്കി, ഒഴുക്കോടെ കാര്യം അവതരിപ്പിക്കുക. ഒറ്റയ്ക്കു വിളിക്കുന്നതിനെക്കാൾ മറ്റുള്ളവരെയും കൂടെക്കൂട്ടുന്നത് നല്ലതാണ്. വീട്ടുകാരൻ ഒരു ചോദ്യം ചോദിച്ചാൽ, നിങ്ങൾ ആ ചോദ്യം ഒന്ന് ആവർത്തിക്കുക, അപ്പോൾ നിങ്ങളുടെ കൂടെയിരിക്കുന്ന സഹോദരനു ചോദ്യം കേൾക്കാനും ഉത്തരം കണ്ടുപിടിക്കുന്നതിനു നിങ്ങളെ സഹായിക്കാനും കഴിയും
-
മടക്കസന്ദർശനത്തിന് അടിത്തറയിടുക. വീട്ടുകാരൻ താത്പര്യം കാണിച്ചാൽ, ഒരു ചോദ്യം ചോദിച്ചിട്ട് അടുത്ത പ്രാവശ്യം വിളിക്കുമ്പോൾ ഉത്തരം തരാമെന്നു പറയുക. ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിന്റെ പേര് പറഞ്ഞിട്ട് അതു നേരിട്ടോ ഇ-മെയിലായോ പോസ്റ്റു വഴിയോ നൽകാമെന്നു പറയുക. അല്ലെങ്കിൽ നമ്മുടെ ഒരു വീഡിയോയോ ലേഖനമോ ഇ-മെയിലായോ, മെസ്സേജായോ അയച്ചുതരാമെന്നു പറയുക. ഉചിതമെങ്കിൽ, നമ്മുടെ വെബ്സൈറ്റിലെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് പറയാം
^ ഖ. 3 നിങ്ങളുടെ പ്രദേശത്ത് ടെലിഫോൺ സാക്ഷീകരണം നടത്തുന്നതിനു കുഴപ്പമില്ലെങ്കിൽ, ബന്ധപ്പെട്ട വിവരസംരക്ഷണ നിയമങ്ങൾക്ക് അനുസരിച്ചുവേണം അതു ചെയ്യാൻ.