ക്രിസ്ത്യാനികളായി ജീവിക്കാം
വർഷംതോറുമുള്ള കൺവെൻഷനുകൾ—സ്നേഹം പ്രകടമാക്കാനുള്ള അവസരങ്ങൾ
നമ്മൾ എന്തുകൊണ്ടാണ് നമ്മുടെ കൺവെൻഷനുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നത്? പുരാതന ഇസ്രായേലിലേതുപോലെ, ഇന്നും നൂറുകണക്കിന്, ചിലപ്പോൾ ആയിരക്കണക്കിന് സഹോദരങ്ങളോടൊപ്പം യഹോവയെ ആരാധിക്കാനുള്ള അവസരമാണ് കൺവെൻഷനിലൂടെ ലഭിക്കുന്നത്. ആത്മീയാഹാരത്തിന്റെ വിഭവസമൃദ്ധമായ വിരുന്ന് നമ്മൾ അവിടെ ആസ്വദിക്കുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമായിരിക്കുന്ന നല്ലനല്ല നിമിഷങ്ങൾ അതു നമുക്കു തരുന്നു. ഇതെല്ലാം ഓർക്കുമ്പോൾ മൂന്നു ദിവസവും കൺവെൻഷൻ കൂടാൻ നമ്മൾ ആഗ്രഹിക്കുന്നു.
ഒരുമിച്ച് കൂടിവരുന്ന അവസരങ്ങളിൽ, നമുക്ക് എന്തെല്ലാം കിട്ടുമെന്ന് മാത്രം ചിന്തിക്കാതെ, മറ്റുള്ളവരോട് എങ്ങനെ സ്നേഹം കാണിക്കാമെന്നും ചിന്തിക്കണം. (ഗല 6:10; എബ്ര 10:24, 25) ഒരു സഹോദരനോ സഹോദരിക്കോ വേണ്ടി കതക് തുറന്ന് പിടിക്കുകയും നമുക്ക് ആവശ്യമുള്ള സീറ്റുകൾ മാത്രം പിടിച്ചുവെക്കുകയും ഒക്കെ ചെയ്യുമ്പോൾ, നമ്മൾ മറ്റുള്ളവരുടെ താത്പര്യംകൂടെ നോക്കുകയാണ്. (ഫിലി 2:3, 4) പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള നല്ല അവസരങ്ങളാണ് കൺവെൻഷനുകൾ. പരിപാടി തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും അതുപോലെ ഉച്ചയ്ക്കത്തെ ഇടവേളയുടെ സമയത്തും നമുക്ക് അറിയില്ലാത്ത ഒരു സഹോദരനെ പരിചയപ്പെടാൻ ഒരു ലക്ഷ്യംവെക്കാം. (2കൊ 6:13) അതു ചിലപ്പോൾ എന്നെന്നും നിലനിൽക്കുന്ന സൗഹൃദത്തിന്റെ തുടക്കമായേക്കാം. ഏറ്റവും പ്രധാനമായി, മറ്റുള്ളവർ നമുക്കിടയിലെ സ്നേഹം കാണുമ്പോൾ നമ്മളോടൊപ്പം യഹോവയെ സേവിക്കാൻ അവർ തീരുമാനിച്ചേക്കാം.—യോഹ 13:35.
“സ്നേഹം ഒരിക്കലും നിലച്ചുപോകില്ല!” അന്താരാഷ്ട്രകൺവെൻഷനുകൾ എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
2019-ലെ അന്താരാഷ്ട്രകൺവെൻഷനുകൾ കൂടാൻ മറ്റു രാജ്യങ്ങളിൽനിന്ന് വന്നവരോട് ആതിഥേയർ എങ്ങനെയാണ് സ്നേഹം കാണിച്ചത്?
-
യഹോവയുടെ ജനത്തിന് ഇടയിലെ ഐക്യവും സ്നേഹവും ഇത്ര ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
-
ക്രിസ്തീയസ്നേഹത്തെക്കുറിച്ച് ഭരണസംഘാംഗങ്ങൾ എടുത്തുപറഞ്ഞ ചില ആശയങ്ങൾ എന്തൊക്കെയാണ്?
-
ജർമനിയിലും ദക്ഷിണ കൊറിയയിലും ക്രിസ്തീയസ്നേഹം എങ്ങനെയാണ് അന്തിമവിജയം നേടിയത്?
-
എന്തായിരിക്കണം നമ്മുടെ ഉറച്ച തീരുമാനം?