ക്രിസ്ത്യാനികളായി ജീവിക്കാം
ഭാവിയിലെ സ്വാതന്ത്ര്യത്തിനു നമ്മൾ ദൈവത്തോടും ക്രിസ്തുവിനോടും കടപ്പെട്ടിരിക്കുന്നു
നിങ്ങൾ ദിവസവും എന്തെല്ലാം ബുദ്ധിമുട്ടുകളാണു നേരിടുന്നത്? പലപല ഉത്തരവാദിത്വങ്ങളുള്ള ഒരു കുടുംബനാഥനാണോ നിങ്ങൾ? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ആണോ നിങ്ങൾ? സ്കൂളിൽ സമപ്രായക്കാരിൽനിന്ന് മോശമായ പെരുമാറ്റം നേരിടുന്ന ഒരു ചെറുപ്പക്കാരനാണോ? നിങ്ങൾ രോഗിയാണോ, പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നയാളാണോ? എല്ലാവർക്കും ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നമുണ്ട്. ചില ക്രിസ്ത്യാനികൾക്ക് ഒരേ സമയം പലപല പരിശോധനകൾ നേരിടേണ്ടിവരുന്നു. എന്നാൽ ഈ പരിശോധനകളിൽനിന്നെല്ലാം നമ്മൾ പെട്ടെന്നുതന്നെ മോചിതരാകുമെന്നു നമുക്ക് അറിയാം.—2കൊ 4:16-18.
ആ സമയം വരുന്നതുവരെ, യഹോവ നമ്മുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ടെന്നും നമ്മുടെ വിശ്വസ്തതയും നമ്മൾ സഹിച്ചുനിൽക്കുന്നതും യഹോവ വിലമതിക്കുന്നുണ്ടെന്നും നമുക്കായി മഹത്തായ അനുഗ്രഹങ്ങൾ കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കുക, അതു നമുക്ക് ആശ്വാസം തരും. (യിര 29:11, 12) നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ യേശുവിനും താത്പര്യമുണ്ട്. യേശു നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ, “ഞാൻ നിങ്ങളുടെകൂടെയുണ്ട്” എന്ന യേശുവിന്റെ ഉറപ്പു നമുക്കു ധൈര്യം പകരുന്നു. (മത്ത 28:20) ഒരു നിമിഷം ഒന്ന് നിന്ന്, ദൈവരാജ്യത്തിൽ നമുക്കു ലഭിക്കാൻപോകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ, നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമാകും, ഇപ്പോഴത്തെ പരിശോധനകൾ സഹിച്ചുനിൽക്കാനുള്ള നമ്മുടെ തീരുമാനം കൂടുതൽ ദൃഢമാകുകയും ചെയ്യും.—റോമ 8:19-21.
കൊടുങ്കാറ്റ് അടുത്തുവരവെ, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക! എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എങ്ങനെയാണ് മനുഷ്യവർഗം ദൈവത്തിൽനിന്ന് അകന്നുപോയത്, എന്തായിരുന്നു അതിന്റെ ഫലം?
-
യഹോവയോട് എന്നും വിശ്വസ്തരായിരിക്കുന്നവർക്ക് എങ്ങനെയുള്ള ഒരു ഭാവിയാണ് ലഭിക്കാൻപോകുന്നത്?
-
ഭാസുരമായ ഈ ഭാവി നമുക്ക് എങ്ങനെയാണു സാധ്യമാകുന്നത്?
-
പുതിയ ലോകത്തിൽ എന്തിനെല്ലാംവേണ്ടിയാണ് നിങ്ങൾ കാത്തിരിക്കുന്നത്?